ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ശാലിനി ജയ്‌സന്‍ എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


വിത്ത്

ഒരു കറുത്ത വിത്ത് തേടി
ഇന്നലെ മുഴുവന്‍
ശവപ്പറമ്പിലൂടെ
അലയുകയായിരുന്നു ഞാന്‍.
ആ വിത്തിനുള്ളില്‍
എന്റെ കവിതയെ മുളപ്പിക്കാന്‍.

കാമുകിയെ നഷ്ടപ്പെട്ട്
ആത്മഹത്യ ചെയ്തവരെ
അടക്കം ചെയ്തിടത്ത്
വെളുത്ത പൂക്കള്‍ വിരിഞ്ഞിരുന്നു
സ്വപ്നങ്ങളെല്ലാം
മേഘങ്ങളാവഹിച്ച വെളുത്ത പൂക്കള്‍..
കടംകേറി തൂങ്ങി ചത്തവര്‍ക്കും
വണ്ടിയിടിച്ച് മരിച്ചവര്‍ക്കും മുകളില്‍
ചെമ്പരത്തി പൂക്കള്‍ നിറഞ്ഞിരുന്നു.

കിട്ടിയ സ്ത്രീധനത്തില്‍ ആര്‍ത്തി തീരാത്തവന്‍
കൊന്നു തീര്‍ത്ത
പെണ്ണിനെ പുതച്ച മണ്ണില്‍ വിരിഞ്ഞു നിന്നത്
ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന 
സര്‍പ്പഗന്ധി പൂക്കളായിരുന്നു 

കാമവെറിയന്മാര്‍ ഇടവഴിയില്‍ വച്ച്
ഇതളുകള്‍ വലിച്ചു കീറി
ചോര വലിച്ചു കുടിച്ച
പെണ്‍കുട്ടിയുടെ കുഴിമാടത്തിനടുത്ത്
സൂര്യകാന്തി പൂ വിരിഞ്ഞു നിന്നിരുന്നു.

സൂര്യനോളം ആവാഹിച്ച
സ്വപ്നങ്ങള്‍ കരിഞ്ഞവള്‍, 
വീണ്ടും കരിഞ്ഞു, 
കറുത്ത വിത്താവുന്നതും കാത്ത്.

ഇനിയാ കറുത്ത വിത്തെടുത്ത്
എന്റെ കണ്ണുനീരാഴങ്ങള്‍ ചേര്‍ക്കണം.
വ്യഥയുടെ, വേവലാതികളുടെ
ആഴമെടുത്തതില്‍ പാകണം.
ഇനിയും കെടാത്ത 
സ്വപ്നങ്ങളുടെ ചൂട് നല്‍കണം.
ഉള്ളുലഞ്ഞു നെഞ്ചുപൊട്ടി
വേലിക്കെട്ടുകള്‍ തകര്‍ത്ത്
പതുക്കെ പുറത്തേക്കു വളരണം.
ഇനിയും പകുക്കാത്ത
മതിലുകള്‍ക്കപ്പുറത്തേക്ക്
വളര്‍ന്നു കൊണ്ടേയിരിക്കണം.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...