ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സരിത മോഹന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

രണ്ട് പെണ്ണുങ്ങള്‍
രണ്ടു പെണ്ണുങ്ങള്‍ 
രണ്ട് തരം വിചിത്ര സ്വഭാവക്കാര്‍!
ഒരുത്തി വടക്കന്‍ കാറ്റേറി വന്ന 
താഴമ്പൂ മണത്തെ തെരുത്ത് 
ചേല ചുറ്റി 
ചുറ്റുമുള്ള സ്‌നേഹത്തെ 
കാന്തം പോലെ തന്നിലേക്ക് 
വരിഞ്ഞു ചുറ്റി 
അവനിലേക്കെത്തിച്ചവള്‍. 

മറ്റൊരുത്തി 
ഒരു പ്രളയകാലത്ത് 
പ്രണയം വറ്റിയിരിക്കെ 
കുലം കുത്തിയൊഴുകിയ 
പെരിയാറിനൊപ്പം 
അവന്റെ കരക്കടിഞ്ഞവള്‍.

രണ്ട് പെണ്ണുങ്ങള്‍ 
അവന്‍ ഇരുട്ടത്ത് 
തനിച്ചാക്കിപ്പോയിട്ടും 
ഉറക്കം നഷ്ടപ്പെടാത്ത 
അവളുമാര്‍,
പതിവിലും നേരത്തേ 
ഉറങ്ങിയും മുറിയാത്ത 
സുഷുപ്തിയില്‍ ആനന്ദം 
കണ്ടെത്തുകയും ചെയ്യുന്ന 
എരണം കെട്ടവളുമാര്‍. 

ഈ പാവം ആണുങ്ങള്‍ക്ക് 
എങ്ങിനെയാണിത്ര 
താന്തോന്നികളായ 
പെണ്ണുങ്ങളെ കിട്ടുന്നത്!
ഈ പെണ്ണുങ്ങളാലെന്താണ് 
ഒരുവനിങ്ങനെ നിരന്തരം 
ഉപേക്ഷിക്കപ്പെടുന്നത്! 

കെട്ടപെണ്ണുങ്ങളാല്‍ 
ഭൂമി നിറഞ്ഞു, 
കുറ്റിയും കയറും 
കൊണ്ട് പെണ്ണിനെ 
തിരഞ്ഞിറങ്ങി മടുത്ത 
പാവം ആണുങ്ങള്‍ പ്രാകിപ്പ്രാകി 
മണ്ണ് നനഞ്ഞു, വിത്തുകള്‍ 
മുളച്ചു, അതും 
നിറയെ പെണ്‍ ചെടികള്‍ 
നൃത്തം ചെയ്യുന്നവ 
പാട്ടുപാടുന്നവ,
'ഭൂമി പെണ്ണാണ് 
പെണ്‍ പക്ഷമേ പറയൂ', 
വീണ്ടും നിറയെ പ്രാക്ക്

ഭൂമി നിറയെ പെണ്ണുങ്ങള്‍ 
വിചിത്ര സ്വഭാവക്കാര്‍.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...