ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് തസ്‌നി വി എഴുതിയ കവിത. Asianet News Chilla literary space. malayalam Poem by Thasni v
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ചിറകടികള്‍
ചിറകുമുളക്കുമ്പോള്‍ അമ്മക്കിളി
കുഞ്ഞിക്കിളികളെ പറക്കാന്‍ പഠിപ്പിക്കുന്നു
ചില്ലകളില്‍ നിന്നും ചില്ലകളിലേക്ക്
താഴ്‌വാരങ്ങളില്‍ നിന്നും പര്‍വ്വതങ്ങളിലേക്ക്
മണ്ണില്‍ നിന്നും വിണ്ണിലേക്ക്.
ഒരിക്കലും അവ
പരുന്തു റാഞ്ചുമെന്ന് ഭയപ്പെടുത്തുന്നില്ല
വൈദ്യുതിക്കമ്പിയില്‍ പിടഞ്ഞുവീഴുമെന്നോര്‍മ്മിക്കുന്നില്ല
തളര്‍ന്ന് താഴെ വീഴുമെന്ന് തടഞ്ഞു നിര്‍ത്തുന്നില്ല.
കൂടുണ്ടാക്കി പാര്‍ക്കാന്‍ ഒരിക്കലും
അവ പരിശീലിപ്പിക്കുന്നില്ല
അടങ്ങിയൊതുങ്ങി അടയിരിക്കാന്‍
ചിറകുകള്‍ കെട്ടിവെക്കുന്നില്ല.
പറന്നു പോകാതിരിക്കാന്‍
തൂവലുകള്‍ കൊത്തിക്കൊഴിക്കുന്നില്ല
അവയൊരിക്കലും പ്രതിഫലം പ്രതീക്ഷിക്കുന്നില്ല.
പകരം കുഞ്ഞുചിറകുകള്‍ക്ക് ശക്തി പകരുന്നു.
ചിറകടിനാദത്തില്‍ അഭിമാനം കൊളളുന്നു.
ഉയരങ്ങളില്‍ കുഞ്ഞുങ്ങള്‍
ചിറകുകളില്‍ ആത്മവിശ്വാസം,
ആഹ്‌ളാ ദത്തിന്റെ കൂജനങ്ങള്‍.
കാറ്റിനോടൊപ്പം അവ പറക്കുന്നു,
സ്വാതന്ത്ര്യത്തെ തൊടുന്നു.
കൂടിനുള്ളില്‍ മരിച്ചു ജീവിക്കുന്നതിലും ഭേദം
ഒറ്റ നിമിഷത്തെ ഉയര്‍ന്നു പറന്നു ജീവിച്ചു മരിക്കുകയെന്നല്ലേ
കിളികളെല്ലാം ചിറകിനാല്‍ വാനില്‍ എഴുതിവെക്കുന്നത്?


