ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വിലീന പി വിനയന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

പഴയ കാമുകന്റെ ചുണ്ടുകള്‍

പഴയ കാമുകന്റെ ചുണ്ടുകള്‍,
കാലമത്രയും, 
തമ്മില്‍ വിഴുങ്ങിയ നാവുകളുടെ സ്മാരകമായിരുന്നു.

പുകയേറ്റ് കറുത്ത, 
ആ രണ്ട് അല്ലികളെ,
അല്പം അക്ഷരങ്ങള്‍ നല്‍കി ഞാന്‍ വിലക്ക് മേടിച്ചു.

ആ ചുണ്ടിലെ ചിരി ചിലപ്പോഴൊക്കെ, 
എന്റെ ആത്മാവിനെ ആവരണം ചെയ്തുവെന്ന തത്വം,
അവന്റെ കറുപ്പില്‍ കോറിയിട്ടിരുന്നു. 

ശ്വാസം വലിച്ചെടുത്ത ചുംബനങ്ങള്‍,
എന്നില്‍ പലതും കുറിച്ചിട്ടു.
കുറിച്ചിട്ടവയില്‍ പലതും കുഴിച്ചു മൂടാന്‍, കഴിഞ്ഞില്ല.

ഒരു കുഴിയെടുത്ത്,
വാക്കുകള്‍ കോരി നിറച്ചു മൂടിയതും,
കയ്പ്പിക്കുന്ന കണ്ണീര്‍,
ചിന്തകളെ നനച്ചു കുതിര്‍ത്തി.

ഒടുവില്‍ എനിക്കെന്റെ വാക്കുകള്‍ നഷ്ട്ടപ്പെട്ടു,
വിടവുകള്‍ ശൂന്യതയില്‍ ചത്തു.
വറ്റിയ വാക്കുകള്‍ ബാക്കിയായി!

അവന്റെ ചുണ്ടുകള്‍ 
എന്റെ ചുണ്ടുകളെ നോക്കി ചിരിച്ച ചിരികളെല്ലാം
കറുത്ത ചില്ലുകുപ്പായത്തില്‍ ചുവരില്‍ ചാരി മിഴിച്ചു നില്‍പ്പുണ്ട്.

അത് കാണുന്ന ക്ഷണം, 
കണ്ണില്‍ മിന്നുന്ന വെള്ളം തളം കെട്ടുന്നു.
ഇന്നും,
നെഞ്ചുവരെ അത് ഓടി പെയ്ത്,
ഒടുവില്‍ മനോഹരമായി നിലക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...