Malayalam Short Story : നാദിയ, ഇ ബി ജോണ്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇ ബി ജോണ്‍ എഴുതിയ ചെറുകഥ

chilla Malayalam short story by EB John

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla Malayalam short story by EB John

 

റെസ്റ്റോറന്റിലെ തിരക്കുകുറഞ്ഞ ഒരു കോണില്‍ വേണു പുറത്തെ രാത്രിക്കാഴ്ചകള്‍ നോക്കിയിരുന്നു. നഗരത്തിലെ പ്രശസ്തമായ ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ മൂന്നു വശത്തും ചില്ലിട്ട വലിയ ജാലകങ്ങളുള്ള റെസ്റ്റോറന്റ്. അവിടെയിരുന്നു നോക്കിയാല്‍ നോക്കെത്താത്ത ദൂരത്തോളം പടര്‍ന്നു കിടക്കുന്ന നഗരത്തിന്റെ ദൂരെക്കാഴ്ച്ചകള്‍. ഇടത്ത്, പ്രകാശത്തില്‍ കുളിച്ചു നില്‍ക്കുന്ന നഗരം. ശോഭ നിറഞ്ഞ ജീവിതം താളത്തില്‍ ഒഴുകുന്ന നഗരം. മറുവശത്തു ജീവിക്കാന്‍ വേണ്ടി കിതക്കുന്ന നഗരത്തിന്റെ മുഖം ആകെ ഇരുണ്ടു കിടക്കുന്നു. വൈദ്യുതി വിളക്കുകളുടെ സാന്ദ്രതക്കുറവ് വ്യക്തമായി കാണാം. അങ്ങുമിങ്ങും മാത്രമായി ചെറു പൊട്ടുകള്‍ പോലെ  ചിതറിക്കിടക്കുന്ന തെളിച്ചം കുറഞ്ഞ കുറെ വിളറിയ വിളക്കുകള്‍.  

ഒരു ഗ്ലാസില്‍ ഐസ് ക്യൂബുകളിട്ട്  സോഡ ചേര്‍ത്ത വിസ്‌കിയും മട്ടന്‍ കബാബിന്റെയും കശുവണ്ടിയുടെയും ഓരോ പ്ലേറ്റുകളും  മുന്നില്‍ വച്ചിട്ട് പരിചയമുള്ള വെയ്റ്റര്‍ ചോദിച്ചു: 'ഇനി വേറെ എന്താ വേണ്ടത് സാര്‍?'  

'ഇതു തീരട്ടെ. അപ്പോള്‍ പറയാം'
 
'ശരി സാര്‍'

ഏകാന്തതയുടെ പിരിമുറുക്കം കൂടുമ്പോള്‍ നിയന്ത്രണം വിട്ടുപോകുന്ന മനസ്സിന്റെ ചലനങ്ങള്‍ ശാന്തമാക്കാന്‍ ഒരു ഗ്ലാസ് സ്‌കോച്ചിനു മുന്നില്‍ വന്നിരിക്കുന്നു. ഒറ്റപ്പെട്ട പക്ഷിയുടെ വിഷാദാര്‍ദ്രമായ ഗാനം മറക്കാന്‍ വേണ്ടിയുള്ള വിഫല ശ്രമം. ഒരു കവിള്‍ സ്‌കോച്ച് നുകര്‍ന്നു. തണുത്ത വിസ്‌കി താഴോട്ട് ഊര്‍ന്നിറങ്ങുന്നതറിഞ്ഞു.

റെസ്റ്റോറന്റിലെ സ്പീക്കറില്‍ നിന്നു ഒഴുകി വരുന്ന നേര്‍ത്ത സംഗീതം കേട്ടിരിക്കൂമ്പോള്‍ ബാര്‍ കൗണ്ടറിനരുകില്‍ ബാര്‍ടെന്‍ഡറോട് സംസാരിച്ചു നില്‍ക്കുന്ന ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച സുന്ദരിയായ പെണ്‍കുട്ടിയുടെ നോട്ടങ്ങള്‍ ഇടക്കിടെ നീണ്ടു വരുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. അറിയാതെ മുഖത്ത് വിരലോടിച്ചു. കറുപ്പും വെളുപ്പും കലര്‍ന്ന കുറ്റിരോമങ്ങള്‍. ഷേവ് ചെയ്തിട്ട് മൂന്നു നാലു ദിവസങ്ങളയിട്ടുണ്ടാവും. പകുതിയോളം തീര്‍ന്ന ഗ്ലാസില്‍ നിന്ന് ഒരു കവിള്‍ വിസ്‌കി കൂടി നുകര്‍ന്നു. മനസ്സിലെ പിരിമുറുക്കം അയഞ്ഞു വരുന്നു. ഒറ്റപ്പെട്ട പക്ഷിയുടെ ശോകവേണുഗാനം അകന്നകന്നു പോകുന്നു. മദ്യത്തിന്റെ കെട്ട് അയയുമ്പോള്‍ ആ ഗാനം പിന്നെയും കേള്‍ക്കുമെന്ന് ദുഖത്തോടെ ഓര്‍ക്കുന്നു.

മൊബൈല്‍ ഫോണില്‍ എസ്. എം. എസ്. വന്ന ശബ്ദം പരിസരത്തിലേക്കു തിരിച്ചു കൊണ്ടു വന്നു. 
ഫോണെടുത്തു നോക്കി.

'ഗുഡ് ഈവനിംഗ് സര്‍. '

പരിചയമില്ലാത്ത നമ്പര്‍. അറിയുന്ന ആരുടേയുമല്ല. എന്ത് വ്യാഖ്യാനമാണ് ഇതിനു നല്‍കേണ്ടതെന്ന് ഓര്‍ത്തിരിക്കുമ്പോള്‍ അടുത്ത മെസേജ് വന്നു.

'സര്‍, ഐ ആം അറ്റ് ദി ബാര്‍ കൗണ്ടര്‍.'

അയാള്‍ ബാര്‍ കൗണ്ടറിലേക്കു നോക്കി. ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച സുന്ദരിയായ പെണ്‍കുട്ടി  ചിരിച്ചു. അയാള്‍ ഒരു ചെറുചിരി വരുത്തി. ഇവള്‍ക്ക് തന്റെ മൊബൈല്‍ നമ്പര്‍ എവിടെ നിന്ന് കിട്ടിയെന്നോര്‍ത്തു് അയാള്‍ അത്ഭുതപ്പെട്ടു. ഹോട്ടലിലെ റിസപ്ഷന്‍ ഡെസ്‌കില്‍ ഇവള്‍ക്ക് പരിചയക്കാരുണ്ടാവാം. 

'മേ ഐ ജോയിന്‍ യു സര്‍?' അവളുടെ അടുത്ത എസ്. എം. എസ്. 

ഇണ വേറെ കൂടന്വേഷിച്ചു പോയതു കാരണം ഒറ്റപ്പെട്ടുപോയ പക്ഷിയുടെ ദുഃഖം മറക്കാന്‍ വന്നിരിക്കുന്നത് വേറൊരു ഇണയെ തേടാന്‍ അല്ലായെന്നോര്‍ത്തു. പിന്നെ വൈമുഖ്യത്തോടെ അയാള്‍ മെസേജ് അയച്ചു:
'സേര്‍ട്ടെന്‍ലി'

ഹാന്‍ഡ് ബാഗ് ഇടതു തോളില്‍ തൂക്കി അയാള്‍ ഇരിക്കുന്നിടത്തേക്ക് അവള്‍ നടന്നടുത്തു. ഇറ്റാലിയന്‍ ഗ്രാനൈറ്റ് ടൈല്‍ പാകിയ തറയില്‍ അവളുടെ ഹൈ ഹീല്‍ഡ് ഷൂസ് താളത്തില്‍ പതിയുന്ന ശബ്ദം റെസ്റ്റോറെന്റിലെ നേര്‍ത്ത സംഗീതത്തില്‍ നിന്നു വേറിട്ടുനിന്നു. അയാളുടെ മുന്നില്‍ വന്നു നിന്ന്,  കൈ നീട്ടി, പ്രകാശം ചൊരിയുന്ന മന്ദസ്മിതത്തോടെ മധുരിക്കുന്ന സ്വരത്തില്‍ അവള്‍ സ്വയം പരിചയപ്പെടുത്തി.

'ഹലോ സര്‍, ഐ ആം സുനീത'

അവളുടെ നീട്ടിയ കരം ഗ്രഹിച്ചു് അയാള്‍ പറഞ്ഞു: 'ഐ ആം വേണുഗോപാല്‍. നൈസ് ടു മീറ്റ് യു.'

'നൈസ് ടു മീറ്റ് യു, സര്‍' വശ്യതയോടെ, ഭവ്യതയോടെ അവള്‍ പറഞ്ഞു.

അവള്‍ അയാള്‍ക്കെതിരെയുള്ള കസേരയിലിരുന്നു. പരിചയമില്ലാത്ത രണ്ടുപേര്‍ തമ്മില്‍ ആദ്യമായി കാണുമ്പോള്‍ ചോദിക്കുന്ന വെറും ചോദ്യങ്ങള്‍ ചോദിച്ചിരിക്കുമ്പോള്‍ മനസ്സിനുള്ളില്‍ നിറഞ്ഞു നിന്നത് മുന്നിലിരിക്കുന്ന പെണ്‍കുട്ടി ആരാണെന്ന ചോദ്യമായിരുന്നു. ചടുലതയോടെ അവള്‍ ഓരോന്ന് പറഞ്ഞിരുന്നപ്പോള്‍ എന്താണ് ഇവളുടെ ഉദ്ദേശം എന്നറിയാന്‍ മനസ്സ് വെമ്പല്‍ കൊണ്ടു. ദുരുദ്ദേശത്തോടെ ആരെങ്കിലും ഇവളെ പറഞ്ഞു വിട്ടതാകാം. ഹണി ട്രാപ്പില്‍ കുടുക്കാനുള്ള ശ്രമമാകാം. മനസ്സില്‍ സംശയത്തിന്റെ നിഴലുകള്‍ വീണു തുടങ്ങിയിരുന്നു. കുറെ നിമിഷങ്ങളുടെ ഒടുവില്‍ ദുരൂഹതയുടെ മറ നീക്കി ഒരു കൂസലുമില്ലാതെ പതിഞ്ഞ സ്വരത്തില്‍ അവള്‍ ചോദിച്ചു:

'സര്‍, ടു യു നീഡ് എനി എസ്‌കോര്‍ട്ട് സര്‍വ്വിസ് ടു നൈറ്റ്?'
 
അവള്‍ എന്താണുദ്ദേശിക്കുന്നതെന്നു അയാള്‍ക്കു മനസ്സിലായി. അവളുടെ കൂലസലില്ലായ്മ അയാള്‍ക്കിഷ്ടപ്പെട്ടു. നീണ്ട ഒരു നിമിഷത്തിനു ശേഷം അയാള്‍ പറഞ്ഞു:
'യു ആര്‍ വെരി ബ്യൂട്ടിഫുള്‍. ബട്ട്, നോട്ട് ടു നൈറ്റ്. ഐ ആം സോറി.'

അവളെ നിരാശപ്പെടുത്തേണ്ടിവന്നതില്‍ വിഷമത തോന്നി. മനസ്സില്‍ ഇപ്പോള്‍ അങ്ങനത്തെ ഒരാഗ്രഹത്തിനായുള്ള ദാഹം തീരെയില്ല. ഒരു മുഷിച്ചിലും കൂടാതെ പ്രസന്നതയോടെ അവള്‍ പറഞ്ഞു:
'ഓക്കേ സര്‍. ഇഫ് യു ചേഞ്ച് യുവര്‍ മൈന്‍ഡ്, പ്‌ളീസ് ടെക്സ്റ്റ് മി.'

അവള്‍ യാത്ര പറഞ്ഞു തിരിച്ചു നടന്നു. സമൃദ്ധമായ നിതംബം ആകര്‍ഷകമായി ചലിപ്പിച്ചുകൊണ്ട് അവള്‍ നടന്നകലുന്നത് നോക്കിയിരുന്നു. അവള്‍ പോയിക്കഴിഞ്ഞിട്ടും അവളുടെ മേനിയുടെ നേര്‍ത്ത സുഖകരമായ ഗന്ധം ചുറ്റും തങ്ങി നിന്നിരുന്നു.

ഒരു കവിള്‍ വിസ്‌കി കൂടി നുകര്‍ന്ന് പുറത്തെ ദൂരകാഴ്ചകള്‍ നോക്കിയിരുന്നു. അറിയാതെ ഓര്‍മ്മകള്‍ ആംസ്റ്റര്‍ഡാമില്‍ ചെന്നു നിന്നു. പിന്നെ നാദിയയിലും. 

ആദ്യത്തെ വിദേശ അസ്സൈന്‍മെന്റിന് കമ്പനി അയച്ചത് ആംസ്റ്റര്‍ഡാമിലേക്കായിരുന്നു.  ഒരു വലിയ പ്രോജക്റ്റ്. മൂന്ന് കൊല്ലം അവിടെയുണ്ടാവണം. കോണ്‍ട്രാക്ട് നെഗോസിയേഷന്‍ സമയത്തു ഇന്ത്യയില്‍ വന്നിരുന്ന തോമസ് ആയിരുന്നു കമ്പനിയിലെ സുഹൃത്തുക്കളില്‍ ഒരാള്‍. വളരെ ഫ്രണ്ട്ലി ആണ് തോമസ്. ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന ഡച്ചുകാരന്‍. 

ഒത്തിരി പ്രത്യേകതകള്‍ ഉള്ള ഒരു നഗരമാണ് ആംസ്റ്റര്‍ഡാം. ടൂറിസ്റ്റുകള്‍ ഏറെ വരുന്ന ഒരു പുരാതന നഗരം. നിറയെ  കനാലുകള്‍. കനാലുകള്‍ക്കിരുവശവും ഡച്ച് രീതിയില്‍ പണിത കെട്ടിടങ്ങള്‍. നെതെര്‍ലന്ഡ്‌സിന്റെ മൂന്നിലൊരു ഭാഗം സമുദ്രനിരപ്പിനു താഴെയാണ്. ആംസ്റ്റര്‍ഡാം നഗരം തന്നെ പൂര്‍ണമായും സമുദ്രനിരപ്പിനു താഴെയാണ്. 'നെതെര്‍ലന്‍ഡ്‌സ്' എന്ന പേരിലെ  'നെതെര്‍' എന്ന വാക്കിനര്‍ത്ഥം  'താഴ്ന്ന' എന്നാണെന്ന് തോമസ് പറഞ്ഞു തന്നിരുന്നു. ആദ്യ ദിവസം ഓഫീസിലെത്തി ലോബിയിലെ ഭിത്തിയില്‍ കണ്ണുനിരപ്പിന് ഒരടി മുകളിലായി 'സീ ലെവല്‍ ' എന്ന് രേഖപ്പെടുത്തിയ ചുവന്ന രേഖ കണ്ടപ്പോള്‍ ചെറിയൊരു പരിഭ്രമം തോന്നാതിരുന്നില്ല. 'പേടിക്കണ്ട, എണ്ണൂറ് വര്‍ഷങ്ങളായി ഈ നഗരം ഇവിടെയുണ്ട്' കൂടെയുണ്ടായിരുന്ന തോമസ് ചെറു ചിരിയോടെ പറഞ്ഞു.  

തോമസിന്റെ അപ്പാര്‍ട്‌മെന്റിലെ ഒരു പാര്‍ട്ടിയില്‍ വച്ചാണ് ആദ്യമായി നാദിയയെ കാണുന്നത്. 

ആംസ്റ്റെര്‍ഡാമില്‍ എത്തിയിട്ട് കഷ്ടിച് നാലു മാസം ആകുന്ന വേള. മലയാളികളും  നോര്‍ത്ത് ഇന്ത്യക്കാരും നടത്തിയ പാര്‍ട്ടികള്‍ക്ക് പോയിട്ടുണ്ട്. ആദ്യമായാണ് ഒരു ഡച്ചുകാരന്റെ പാര്‍ട്ടിക്ക് പോകുന്നത്. തോമസും അവന്റെ ഗേള്‍ ഫ്രണ്ട് എമ്മയും അവരുടെ അപ്പാര്‍ട്‌മെന്റില്‍ സുഹൃത്തുക്കള്‍ക്കായി ഒരുക്കുന്ന പാര്‍ട്ടിയിലേക്ക് തോമസ് ക്ഷണിച്ചു: ''അടുത്ത വെള്ളിയാഴ്ച എന്റെ അപ്പാര്‍ട്‌മെന്റില്‍ ഒരു പാര്‍ട്ടിയുണ്ട്. വേറെ പ്രോഗ്രാം ഒന്നുമില്ലെങ്കില്‍ വേണു വരണം''-ക്ഷണത്തേക്കാളേറെ അതൊരു അഭ്യര്‍ഥനപോലെ തോന്നിച്ചു. വേറെ ഒരു പ്ലാനും ഇല്ലാതിരുന്നതുകൊണ്ടു അപ്പോള്‍ തന്നെ സമ്മതിച്ചു.  

ആംസ്റ്റര്‍ഡാം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇറങ്ങി തൊട്ടടുത്തുള്ള ട്രാം സ്റ്റോപ്പില്‍ നിന്ന് പന്ത്രണ്ടാം നമ്പര്‍ ട്രാമില്‍ കയറി തോമസിന്റെ അപ്പാര്‍ട്‌മെന്റില്‍ എത്തി.  തോമസിന്റെയും എമ്മയുടെയും ഫ്രണ്ട്‌സിനെയാണ് പാര്‍ട്ടിക്ക് ക്ഷണിച്ചിട്ടുള്ളത്. ആകെ പത്തു പന്ത്രണ്ടു പേര്‍. അധികം വലിപ്പമില്ലാത്ത സിംഗിള്‍ ബെഡ്റൂം അപ്പാര്‍ട്‌മെന്റില്‍ ഇത്രയും പേര്‍ ഒത്തു കൂടിയപ്പോള്‍ ആകെ ഒരു തിരക്ക്. പരിചയപ്പെടുത്തലും സ്‌നാക്കും ഒക്കെ കഴിഞ്ഞപ്പോള്‍ രണ്ടുമൂന്നു പേര്‍ സിഗരറ്റിനു തീ കൊളുത്തി. വേറെ രണ്ടു പേര്‍ കടലാസ്സില്‍ എന്തോ ചുരുട്ടി കത്തിച്ചു വലിക്കാന്‍ തുടങ്ങി. കഞ്ചാവിന്റെ ഗന്ധം ചുറ്റും പടര്‍ന്നു. ഇങ്ങനെ ഒരു കാര്യം ഉണ്ടായേക്കാമെന്നു തോമസ് നേരത്തെ പറഞ്ഞിരുന്നു. പുകവലിക്കാറില്ല എന്നു  പറഞ്ഞപ്പോള്‍ 'സാരമില്ല വലിക്കണ്ട' എന്നായിരുന്നു ആശ്വസിപ്പിച്ചുകൊണ്ടുള്ള മറുപടി. മുറി പുക കൊണ്ട് നിറഞ്ഞപ്പോള്‍ വിമ്മിഷ്ടം തോന്നി. ലിവിങ് റൂമിന്റെ പുറകിലുള്ള സ്ലൈഡിങ് ഗ്ലാസ്സ് ഡോര്‍ നീക്കി പുറകുവശത്തെ ബാല്‍ക്കണിയിലേക്കിറങ്ങി. അവിടെയിട്ടുള്ള മൂന്നു നാലു കസേരകളില്‍ ഒന്നില്‍ ഇരുന്നു. ഇളം തണുപ്പുള്ള ചെറു കാറ്റ് മുഖത്തുരുമ്മി കടന്നു പോയപ്പോള്‍ ആശ്വാസം തോന്നി. കനാലിന്റെ തീരത്തുള്ള നാലാം നിലയിലെ ബാല്കണിയിലിരുന്നുകൊണ്ടു നോക്കിയാല്‍ മനോഹരമായ കാഴ്ചകള്‍ കാണാം.

ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ നേരത്തെ പരിചയപ്പെട്ട റുമേനിയാക്കാരി നാദിയയും ബാല്‍ക്കണിയിലേക്ക് വന്നു. ചിരിച്ചുകൊണ്ട് തൊട്ടടുത്തുള്ള കസേരയിലിരുന്നിട്ട് അവള്‍ ചോദിച്ചു:
'ജോയിന്റ് ഇഷ്ടമില്ലേ?'
'ഇല്ല. ഞാന്‍ പുകവലിക്കാറുപോലുമില്ല.' 
'ഞാനും അങ്ങിനെയാണ്. പുക വലിക്കാറില്ല. പുകയുടെ സ്‌മെല്ലും ഇഷ്ടമില്ല.'
അപ്പോഴാണ് അവളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സുന്ദരിയായ പെണ്‍കുട്ടി. അടക്കവും ഒതുക്കവുമുള്ള വസ്ത്രധാരണം. മനോഹരമായ ചിരി. തിളക്കമുള്ള നീണ്ട കറുത്ത മുടി.

'ഇന്ത്യയില്‍ നിന്നാണോ?'
'അതെ'
'എനിക്ക് ഇന്ത്യന്‍ ഫുഡ്സ് ഇഷ്ടമാണ്'

ബുക്കാറസ്റ്റിനടുത്തുള്ള ഒരു ചെറിയ പട്ടണത്തിലാണ് നാദിയയുടെ വീട്. എമ്മയുടെ ക്ലാസ്സ്‌മേറ്റ്. അവസാന വര്‍ഷ നിയമവിദ്യാര്‍ഥിനി. പഠിത്തം കഴിഞ്ഞാല്‍ തിരിച്ചു നാട്ടില്‍ പോയി നിയമം പ്രാക്ടീസ് ചെയ്യണം. അതാണ് നാദിയയുടെ സ്വപ്നം. പലതിനെക്കുറിച്ചും സംസാരിച്ചിരുന്നു. ലോകകാര്യങ്ങളെക്കുറിച്ചു അവള്‍ക്കുള്ള അറിവ് അത്ഭുതപ്പെടുത്തി. യൂറോപ്പ് നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അവള്‍ക്കു അവളുടേതായ അഭിപ്രായങ്ങളുണ്ട്. വിരസതയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന സായാഹ്‌നത്തിനു പൊടുന്നനെ ജീവന്‍ വച്ചു. ദൂരെ കാണുന്ന അന്തിച്ചക്രവാളത്തിന് വര്‍ണപ്പകിട്ടേറിയതുപോലെ. നാദിയ ചടുലതയോടെ ഓരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. ഇടക്കു ഒന്നു രണ്ടു തവണ എമ്മ ബാല്‍ക്കണിയിലേക്ക് വന്നു എന്തെങ്കിലും  വേണമോയെന്നു ചോദിച്ചു. തോമസും ഇടക്കൊരിക്കല്‍ വന്നു ''എവെരിതിങ് ഓക്കേ?'' എന്നു ചോദിച്ചു മടങ്ങി. എത്ര പെട്ടെന്നാണ് സമയം പോയതെന്നറിഞ്ഞില്ല. പണ്ട് ഫിസിക്‌സ് ക്ലാസ്സില്‍ ഫിലിപ്പ് സാര്‍ റിലേറ്റിവിറ്റി എക്‌സ്‌പ്ലെയിന്‍ ചെയ്തതു ഓര്‍മ്മ വന്നു. ഇഷ്ടമുള്ള സുന്ദരിയായ പെണ്‍കുട്ടിയുമായി സംസാരിച്ചിരിക്കുമ്പോള്‍ മണിക്കൂറുകള്‍ നിമിഷങ്ങള്‍ പോലെ തോന്നും. മറിച്ചു ചൂടുള്ള ഒരു കാരാഗൃഹത്തില്‍ അടക്കപ്പെട്ടാല്‍ നിമിഷങ്ങള്‍ യുഗങ്ങള്‍ പോലെ തോന്നും. എത്ര ശരിയാണതെന്ന് ഓര്‍ത്തു. 

ജീവിതത്തില്‍ വര്‍ക്ക് ലൈഫ് ബാലന്‍സ് വേണമെന്ന് അഭിപ്രായമുള്ളവരാണ് തോമസും എമ്മയും. അതിന്റെ കൊച്ചൊരു ഭാഗമായി എത്ര തിരക്കുണ്ടെങ്കിലും ബുധനാഴ്ച്ചകളില്‍ അവര്‍ ഒരുമിച്ചു ലഞ്ചിനു പോകും. തോമസിന്റെ ഓഫീസിനും എമ്മയുടെ യൂണിവേഴ്‌സിറ്റിക്കും മധ്യദൂരത്തിലുള്ള ഏതെങ്കിലും കഫെറ്റീരിയയില്‍. ഒരു ബുധനാഴ്ച തോമസ് ചോദിച്ചു: ''വേണു ലഞ്ചിനു വരുന്നോ? എമ്മയുടെ കൂടെ നാദിയയും വരുന്നുണ്ട്.'' ഉള്ളില്‍ ഒരു കുളിര്‍മഴ. നാദിയയെ എങ്ങിനെ ഒന്നു കൂടി കാണും എന്ന് ഓര്‍ത്തിരിക്കുമ്പോഴാണ് ലഞ്ചിന് പോകാന്‍ തോമസിന്റെ ക്ഷണം. അന്നു തൊട്ട് എല്ലാ ബുധനാഴ്ചകളിലും ലഞ്ചിന് പോകുമ്പോള്‍ തോമസ് വിളിക്കും. എമ്മയുടെ കൂടെ മിക്കവാറും നാദിയായും ഉണ്ടാകും. ഒരു ഡബിള്‍ ഡേറ്റിംഗ് പോലെ. റ്റേബിളിന്റെ മറുവശത്തിരുന്നു മണികിലുക്കം പോലെ ചിരിച്ചുകൊണ്ടു സംസാരിക്കുന്ന പെണ്‍കുട്ടി മനസ്സില്‍ മോഹങ്ങള്‍ വിരിയിക്കാന്‍ തുടങ്ങി. ദൂരെ കാണുമ്പോള്‍ തന്നെ അവളുടെ വിടര്‍ന്ന കണ്ണുകള്‍ ഒന്നുകൂടി വിടരും. അപ്പോഴൊക്കെ ആ കണ്ണുകള്‍ക്ക് തിളക്കമേറും. പകല്‍ക്കിനാവുകള്‍ക്ക് നിറപ്പകിട്ടേറി വന്നു. അവളെയും കൂട്ടി പറവകള്‍ പോലെ പാടി പറക്കാന്‍ മോഹം. എന്നാല്‍ പെണ്‍കിളിക്ക് അത് ഇഷ്ടമാണോയെന്നറിയില്ല. ബുധനാഴ്ചകള്‍ ഏറെ കൊഴിഞ്ഞു വീണിട്ടും തമ്മിലുള്ള അടുപ്പം ബുധനാഴ്ച്ച ലഞ്ച് നേരത്തുള്ള സംസാരത്തിനപ്പുറത്തേക്ക് നീണ്ടില്ല. കാണുമ്പോള്‍ വിടരുന്ന ചിരിയില്‍ എന്തൊക്കെയോ രഹസ്യങ്ങള്‍ ഒളിച്ചിരിക്കുന്നതുപോലെ. അവള്‍ ആകെ ഒരു അകലം പാലിക്കുന്നതുപോലെ. രണ്ടു പ്രാവശ്യം ഡിന്നറിനു ക്ഷണിച്ചപ്പോള്‍ ആ ദിവസങ്ങളില്‍ തിരക്കാണെന്നും പിന്നൊരിക്കലാകാമെന്നും പറഞ്ഞവള്‍ ഒഴിഞ്ഞു മാറി. എങ്കിലും അടുത്തു കാണുമ്പോള്‍ അവളുടെ മുഖത്തു വിരിയുന്ന നാണം പ്രതീക്ഷക്ക് വക നല്‍കി. 

ബുധനാഴ്ചകളില്‍ ലഞ്ചിന് പോകുമ്പോള്‍ നാദിയായോട് കാണിക്കുന്ന അടുപ്പം തോമസിന്റെ കണ്ണില്‍ പെടുന്നുണ്ടായിരുന്നു. ഒരു ദിവസം തോമസിനോട് നാദിയയെ കുറിച്ചു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ''വേണുവിന് നാദിയയെ ഇഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. എന്നാല്‍ വേണു ഒരു കാര്യം അറിഞ്ഞിരിക്കണം''. അവന്റെ മുഖത്തു സാധാരണയില്ലാത്ത ഒരു ഗൗരവഭാവം. സ്വരത്തിലും ഒരു സീരിയസ്‌നസ് നിറഞ്ഞു നിന്നു. അവന്‍ തുടര്‍ന്നു: ''നാദിയ വളരെ നല്ല കുട്ടിയാണ്. പഠിക്കാനും മിടുക്കിയാണ്. ഡ്രഗ്‌സ് ഒന്നും ഉപയോഗിക്കാറില്ല. റുമേനിയയിലെ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഇവിടത്തെ ചിലവിനും യൂണിവേഴ്‌സിറ്റിയിലെ ഫീസിനുമൊക്കെയായി ഒത്തിരി കാശു വേണം. ആദ്യമൊക്കെ ചെറു ജോലികള്‍ ചെയ്തു രണ്ടറ്റവും മുട്ടിക്കാന്‍ നോക്കി. ആംസ്റ്റര്‍ഡാം വളരെ എക്‌സ്‌പെന്‍സിവ് സിറ്റിയാണ്. അതുകൊണ്ടു ഹോട്ടലിലെ വെയ്‌ട്രെസ്സ് പോലുള്ള ജോലികള്‍ ചെയ്താല്‍ ആവശ്യത്തിനുള്ള കാശു കിട്ടുകില്ല. ഒടുവില്‍ വേറെ നിവര്‍ത്തിയൊന്നുമില്ലാതെ നാദിയ ഇപ്പോള്‍ റെഡ് ലൈറ്റ് ഡിസ്ട്രിക്ടില്‍ ജോലി ചെയ്യുന്നു.'' 

തികച്ചും അപ്രീതീക്ഷിതമായ ആ വാക്കുകള്‍ ഒരു നടുക്കത്തോടെയാണ് കേട്ടത്. തോമസ് തുടര്‍ന്നു: ''ഒരു സുഹൃത്തെന്നനിലയില്‍ ഇത് വേണുവിനോട് പറയേണ്ടത് എന്റെ കടമയാണെന്ന് തോന്നി. അതുകൊണ്ടു പറഞ്ഞുവെന്നുമാത്രം. കൂടുതല്‍ അടുത്തതിനുശേഷം ഇതറിഞ്ഞാല്‍ വളരെ വിഷമമായിരിക്കും. എമ്മക്കും എനിക്കും ഇതിനെ കുറിച്ചു അറിയാമെങ്കിലും ഞങ്ങള്‍ അക്കാര്യംആരോടും സംസാരിക്കാറില്ല.'' തോമസ് പറഞ്ഞ കാര്യം മനസ്സില്‍ ആകെ ഒരു അസ്വാസ്ഥ്യം പടര്‍ത്തി. തല പുകയുന്നു. ഹൃദയം നീറുന്നു. മനസ്സു വിങ്ങുന്നു. നീണ്ട ഒരു നിശ്ശബ്ദതക്കു ശേഷം അവന്‍ തുടര്‍ന്നു: ''വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമാണെന്ന് അറിയാം. ഈ ശനിയാഴ്ച്ച അവിടെ വരെ പോയി ഞാന്‍ കാട്ടിത്തരാം. പിന്നെ വേണുവിന്റെ ഇഷ്ടം പോലെ. '. റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിനെ കുറിച്ചു കേട്ടിട്ടേയുള്ളു. യൂ ട്യൂബില്‍ ഒന്നു രണ്ടു ഡോക്യൂമെന്ററികളും കണ്ടിട്ടുണ്ട്. അത്ര മാത്രം. കൂടുതലൊന്നുമറിയില്ല.

ശനിയാഴ്ച്ച ആംസ്റ്റര്‍ഡാം സെന്‍ട്രലില്‍ ഇറങ്ങി തോമസിനോടൊപ്പം നടന്നു. അവിടെ നിന്ന് പത്തിരുപത് മിനിറ്റ് നടക്കണം റെഡ് ലൈറ്റ് ഡിസ്ട്രിക്ടില്‍ എത്താന്‍. ജനുവരിയിലെ  തണുപ്പുള്ള രാത്രി. ജാക്കറ്റിന്റെ ഹുഡ് തലയ്ക്കു മുകളിലൂടെ വലിച്ചിട്ടു. അവിടത്തെ കാഴ്ചകള്‍ കാണാന്‍ ടൂറിസ്റ്റുകളും ധാരാളമായി വരാറുണ്ടെന്ന് തോമസ് പറഞ്ഞു. റെഡ് ലൈറ്റ് ഡിസ്ട്രിക്ടിനെ കുറച്ചൊരു വിവരണം നേരത്തെ തന്നെ തോമസ് തന്നിരുന്നു. പെണ്‍കുട്ടികള്‍ ഗ്ലാസ് ബൂത്തും അതിനോടു ചേര്‍ന്നൊരു മുറിയും ദിവസ വാടകക്ക് എടുക്കുന്നു. ഗ്ലാസ് ബൂത്തുകള്‍ക്കകത്തു അവര്‍ അല്പവസ്ത്രധാരിണികളായി ആകാരഭംഗി പ്രദര്‍ശിപ്പിച്ചു ആളെ കാത്തു നില്‍ക്കുന്നു. ഇവിടെ ഈ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തു ലൈസന്‍സ് എടുത്തിട്ടുണ്ടായിരിക്കണം. റെഡ് ലൈറ്റ് ഡിസ്ട്രിക്ടില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടികള്‍ ഏറെയും ഈസ്റ്റേണ്‍ യൂറോപ്പില്‍ നിന്നുള്ളവരാണ്. ഡച്ചുകാരികളായ പെണ്‍കുട്ടികള്‍ വളരെ കുറവാണ്. 

കനാലിനരികിലൂടെയുള്ള റോഡിലൂടെ നടന്നു. തോമസ് ചുറ്റുമുള്ള കാഴ്ചകള്‍ വിശദീകരിച്ചുകൊണ്ടിരുന്നു. കുറെ നേരത്തിനൊടുവില്‍ അവന്‍ പറഞ്ഞു: 'ഇനി രണ്ടു മിനിറ്റ് കൂടി മതി De Wallen-നിലെത്താന്‍'. ആംസ്റ്റര്‍ഡാമില്‍ റെഡ് ലൈറ്റ് ഡിസ്ട്രിക്ട് ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ പേരാണ് De Wallen. കനാലിലെ വെള്ളത്തെ തഴുകി ഇളം തണുപ്പുള്ള കാറ്റ് ഒഴുകി എത്തി. കുറെ കഴിഞ്ഞു ഒരു വളവുതിരിഞ്ഞപ്പോള്‍ തോമസ് പറഞ്ഞു: ''നമ്മള്‍ ഇപ്പോള്‍ De Wallen-ല്‍ ആണ്. ഈ നഗരത്തിന്റെ ആരംഭകാലം മുതല്‍ തന്നെ ഇതിവിടെയുണ്ട്''. ഹൃദയമിടിപ്പിന് വേഗത ഏറിയതുപോലെ. വലുതു വശത്തെ ഒരു പഴയ കെട്ടിടം ശ്രദ്ധയില്‍പ്പെട്ടു. അതില്‍ നിരയായി ഇളം ചുവപ്പു ലൈറ്റിട്ട ഗ്ലാസ് ബൂത്തുകള്‍. അതിനകത്തു അര്‍ദ്ധ നഗ്‌നകളായ പെണ്‍കുട്ടികള്‍. റെഡ് ലൈറ്റ് ഡിസ്ട്രിക്ടിലെ ആദ്യത്തെ കാഴ്ച. 

പെണ്‍കുട്ടികളുടെ ഗ്ലാസ് ബൂത്തുകള്‍ മാത്രല്ല റെഡ് ലൈറ്റ് ഡിസ്ട്രിക്ടില്‍ ഉള്ളതെന്ന കാര്യമാണ് ഏറെ അതിശയിപ്പിച്ചത്. ആംസ്റ്റര്‍ഡാമിലെ മറ്റെല്ലാ  തെരുവുകളെയും പോലെ തന്നെയാണ് De Wallen-നിലെ തെരുവുകളും. പെണ്‍കുട്ടികള്‍ക്ക് മുറികള്‍ വാടകക്ക് കൊടുക്കുന്ന കെട്ടിടത്തിനടുത്തു സാധാരണ കടകള്‍. കഫെറ്റീരിയ, മെഡിക്കല്‍ സ്റ്റോറുകള്‍, സുവനീര്‍ ഷോപ്പുകള്‍, തുണിക്കടകള്‍, ബാര്‍ബര്‍ഷോപ്പ് അങ്ങനെ എല്ലാതരം സാധാരണ കടകള്‍. കൂട്ടത്തില്‍ കഞ്ചാവും കഞ്ചാവുല്പന്നങ്ങളും വില്‍ക്കുന്ന കടകള്‍. കഞ്ചാവ് ലീഗലൈസ് ചെയ്ത ആദ്യ കാല രാജ്യങ്ങളിലൊന്നാണ് നെതെര്‍ലന്‍ഡ്‌സ്. ആംസ്റ്റര്‍ഡാമില്‍ 'കോഫി ഷോപ്പ്' എന്നു പറഞ്ഞാല്‍ കഞ്ചാവുകട എന്നാണ് മനസ്സിലാക്കേണ്ടതെന്നു തോമസ് പറഞ്ഞു. സാധാരണ കാപ്പി വില്‍ക്കുന്ന കടകള്‍ കോഫി ഹൗസ് എന്നോ അല്ലെങ്കില്‍ കഫേ എന്നോ അറിയപ്പെടുന്നു. നഗരത്തില്‍ പുതുതായി വരുന്നവര്‍ അറിയാതെ 'കോഫി ഷോപ്പില്‍' പോയാല്‍ അമ്പരന്നുപോകും. കഞ്ചാവും അതുമായി ബന്ധപ്പെട്ട പ്രോഡക്ട്‌സും വില്‍ക്കുന്ന സ്ഥലം. 

പുരാതനമായ ഒരു പള്ളിയുടെ തൊട്ടടുത്ത കെട്ടിടത്തില്‍ നിരനിരയായി വലിയ ഗ്ലാസ് വാതിലുകള്‍. ഓരോ വാതിലിനും പുറകില്‍ അര്‍ദ്ധനഗ്‌നകളായ ഓരോ പെണ്‍കുട്ടികള്‍.  നാട്ടില്‍ തുണിക്കടകളുടെ മുന്നിലെ കണ്ണാടിക്കൂടുകളില്‍ വസ്ത്രങ്ങളണിയിച്ചു നിറുത്തിയ പ്രതിമകളെ ഓര്‍മ്മ വന്നു.  ഇളം ചുവപ്പു നിറമുള്ള ലൈറ്റ് ആണ് മിക്കവാറും എല്ലാ ഗ്ലാസ് മുറികളിലും. നിരത്തില്‍ നിന്നു നോക്കി കണ്ണാടിക്കൂട്ടിനകത്തെ പെണ്‍കുട്ടിയെ ഇഷ്ടപെട്ടാല്‍ രാത്രികാമുകന്മാര്‍ വാതിലില്‍ പതിയെ മുട്ടുന്നു. ആള്‍ അപകടകാരിയല്ലന്നു തോന്നിയാല്‍ പെണ്‍കുട്ടി വാതില്‍ ഒരല്പം തുറക്കുന്നു. പിന്നെ വിലപേശല്‍. ഒരു ധാരണയായാല്‍ അവള്‍ ആ അപരിചിതനെ അകത്തേക്ക് ക്ഷണിക്കുന്നു. ആ വലിയ ഗ്ലാസ് ജാലകം കര്‍ട്ടന്‍ ഇട്ടു മറക്കുന്നു. അവിടത്തെ പെണ്‍കുട്ടി അവൈലബിള്‍ അല്ല എന്നതിന്റെ സൂചന. പിന്നെ ഗ്ലാസ് റൂമിന്റെ പുറകിലുള്ള മുറിയിലേക്ക്. ഒടുവില്‍ ഇതിന്റെ ആവര്‍ത്തനം.  

തോമസ് അവിടത്തെ സെറ്റ്അപ്പിനെ കുറിച്ചു വിശദീകരിച്ചുകൊണ്ടിരുന്നു. കാമം അന്വേഷിച്ചു വരുന്ന ആരെയും കാരണമൊന്നുമില്ലാതെ തിരസ്‌കരിക്കാനുള്ള അവകാശം പെണ്‍കുട്ടികള്‍ക്കുണ്ട്. പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി ശക്തമായ പോലീസ് സാന്നിദ്ധ്യമുണ്ട്. യൂണിഫോമിലും യൂണിഫോമിലല്ലാതെയുമുള്ള പോലീസ്. അവന്‍ വാചാലനായി. തെരുവുകളിലെല്ലാം ആകെ ഒരു തിരക്ക്. നല്ലൊരു ശതമാനം ആള്‍ക്കാരും ഈ കാഴ്ച കാണാന്‍ വന്ന ടൂറിസ്റ്റുകളാണ്. പെണ്‍കുട്ടികളുടെ ഫോട്ടോയോ വീഡിയോയോ എടുക്കാന്‍ പാടില്ലായെന്ന് ഒരു അലിഖിത നിയമമുണ്ടെന്ന് തോമസ് പറഞ്ഞു. ഒട്ടു മിക്കപേരും സെല്‍ഫി എടുക്കുന്ന തിരക്കില്‍. ഇവിടെ മാംസക്കച്ചവടം നടക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഈ തിരക്കിനിടയില്‍, ഇത്രയും ആള്‍ക്കാരുടെ മുന്നില്‍ വച്ചു വേണം നിശാകാമുകന്മാര്‍ താത്കാലിക ഇണയെ കണ്ടുപിടിക്കാന്‍. ഇതിനിടയില്‍ ഗൈഡഡ് വാക്കിങ് ടൂറുകളുമുണ്ട്. പത്തു പന്ത്രണ്ടു പേരുള്ള ഗ്രൂപ്പുകള്‍. റെഡ് ലൈറ്റ് ഡിസ്ട്രിക്ടിനെക്കുറിച്ചാഴത്തില്‍ അറിവുള്ള ടൂര്‍ ഗൈഡ് ആദ്യകാല ചരിത്രം മുതല്‍ എല്ലാം വിശദമായി വിവരിക്കുന്നു. ഒരു ഗ്ലാസ്സ് ബൂത്തിന്റെ ഡോറില്‍ ഒരാള്‍ പതിയെ മുട്ടുന്നത് തോമസ് ശ്രദ്ധയില്‍ പെടുത്തി. ഗ്ലാസ് മുറിക്കകത്തുള്ള പെണ്‍കുട്ടി വാതില്‍ ഒരല്പം  തുറന്ന് അയാളോട് സംസാരിക്കുന്നു. ഉള്ളില്‍ പ്രത്യേകിച്ചു വികാരങ്ങളൊന്നുമില്ലാതെ അതു നോക്കി നിന്നു. ഇത്തിരി നേരത്തുനുശേഷം പെണ്‍കുട്ടി വാതില്‍ പൂര്‍ണമായും തുറന്ന് അയാളെ അകത്തേക്ക് ക്ഷണിക്കുന്നു. അവര്‍ക്ക് പുറകില്‍ ആ വാതില്‍ പതിയെ അടയുന്നു. 

ആകെ ഒരു അസ്വസ്ഥത. ഒരു വിമ്മിഷ്ടം. അന്തരീക്ഷത്തില്‍ കഞ്ചാവിന്റെ ഗന്ധം. അവിടെ നിന്ന് ഓടി രക്ഷപ്പെടണമെന്നു തോന്നി. നാദിയയുടെ ബൂത്ത് കണ്ടുപിടിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടി. ഒരല്പം മാറി തെരുവ് വിളക്കുകളുടെ വെളിച്ചം അധികമില്ലാത്ത ഒരിടത്തു നിന്നു. എന്തുകൊണ്ടാണ് ഇത്ര പരസ്യമായി ഇതനുവദിക്കുന്നതെന്നു തോമസിനോടു  ചോദിച്ചു. അവന്റ മറുപടിക്ക് വ്യക്തത ഉണ്ടായിരുന്നു. ''നിരോധിച്ചാലും ഇത് നടക്കും. Time immemorial ഉള്ള കാര്യമാണ്. നിരോധിച്ചാല്‍ പിന്നെ ഇത് അധോലോകത്തിന്റെ നിയന്ത്രണത്തിലാവും. പിമ്പുകളും ഗുണ്ടകളും പെണ്‍കുട്ടികളെ ചൂഷണം ചെയ്യും. ഇഷ്ടമില്ലാത്തവരോടൊത്തു കിടക്ക പങ്കിടാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാവും. ഏതൊക്കെ ദിവസങ്ങളില്‍ വരണമെന്നോ അല്ലെങ്കില്‍ അസുഖമാണെങ്കില്‍ വരാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്കു നഷ്ടപ്പെടും. മിഡില്‍മാന്‍ കാശ് കൊണ്ടുപോകും. ഇപ്പോഴത്തെ ഈ സെറ്റപ്പില്‍ പെണ്‍കുട്ടികള്‍ക്കാണ് പൂര്‍ണ്ണസ്വാതന്ത്ര്യം. ഇഷ്ടമുള്ളവരുമായി കിടക്ക പങ്കിട്ടാല്‍ മതി. ഇഷ്ടമുള്ള ദിവസങ്ങളില്‍ മതി.  മിഡില്‍മാന്‍ ഇല്ല''. ഒരു നിശ്ശബ്ദതക്കു ശേഷം അവന്‍ തുടര്‍ന്നു: ''ആംസ്റ്റര്‍ഡാമിലെ ഭൂരിഭാഗം  നഗരവാസികളും ഇതിനെതിരാണ്. എന്നാല്‍ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്ന സംഘടനകളുമുണ്ട്. എല്ലാവര്‍ക്കും സമ്മതമായ വേറെ ബദല്‍ മാര്‍ഗ്ഗങ്ങള്‍  ഒന്നും ഇല്ലാത്തതുകൊണ്ടു ഇതു തുടരുന്നു.'' അവന്‍ ഒരു സിഗരറ്റിനു തീ കൊളുത്തി. ഒരു വാക്കിങ് ടൂര്‍ ഗ്രൂപ്പ് അടുത്തായി വന്നു നിന്നു. കനാലിന്റെ മറുകരയിലെ ഒരു പഴയ കെട്ടിടത്തിന്റെ ചരിത്രത്തെ കുറിച്ചു ടൂര്‍ ഗൈഡ് വാചാലനായി.   

നാദിയ അര്‍ദ്ധനഗ്‌നയായി ഗ്ലാസ് ബൂത്തിനകത്തു നില്‍ക്കുന്നു - പല പല പോസുകളില്‍. നൊമ്പരം നിറഞ്ഞ മനസ്സുമായി ഇടയ്ക്കിടെ അവളെ നോക്കി നിന്നു. പെണ്‍കുട്ടികളെ തുറിച്ചു നോക്കരുതെന്ന് തോമസ് നേരത്ത പറഞ്ഞിരുന്നു. മിഴികളില്‍ പ്രണയ ദാഹവുമായി അവള്‍ നോക്കുന്നതു സ്വപ്നം കണ്ടിരുന്നു. ഇപ്പോള്‍ അവളുടെ മനസ്സില്‍ ഇന്നത്തെ റൂം റെന്റ്  കൊടുക്കുന്നതിനെക്കുറിച്ചുള്ള ചിന്തകളാവും. അവളുടെ  നോട്ടങ്ങള്‍ നിരത്തില്‍ നില്‍ക്കുന്നവരിലേക്ക്  നീളുന്നു. ഇടയ്ക്കിടെ അവള്‍ മന്ദഹസിക്കാന്‍ ശ്രമിക്കുന്നുണ്ട്. ജാക്കറ്റിന്റെ ഹുഡ് ഒന്നു കൂടി തലക്ക് മുകളിലൂടെ വലിച്ചു നേരെയിട്ടു. അവള്‍ കാണാന്‍ പാടില്ല. ജീന്‍സും ഹുഡുള്ള കറുത്ത സ്വെറ്റ് ഷര്‍ട്ടും ധരിച്ച ഒരു മനുഷ്യന്‍ പടികള്‍ കയറി അവളുടെ വാതിലില്‍ പതിയെ മുട്ടി. നാദിയ വാതില്‍ ഒരല്പം തുറന്നു. സംസാരം അധിക നേരം നീണ്ടു നിന്നില്ല. അവള്‍ വാതില്‍ പൂര്‍ണ്ണമായും തുറന്നു. ആ മനുഷ്യന്‍ അകത്തു കയറി. വാതില്‍ അടഞ്ഞു. നൊമ്പരം നിറഞ്ഞ മനസ്സോടെ അടഞ്ഞ വാതിലിനെ നോക്കി നിന്നു. നൊമ്പരത്തെക്കാളേറെ മനസ്സില്‍ ഒരു മരവിപ്പ്. പ്രത്യേകിച്ചൊന്നും പറയാതെ സിഗരറ്റ് പുകയൂതി തോമസ് നിന്നു. ആരോടൊക്കെയോ വെറുപ്പും ദേഷ്യവും തോന്നി. ''നമുക്ക് തിരികെ പോകാം'' തോമസിനോട് പറഞ്ഞു. അവന്‍ തല കുലുക്കി. തിരികെ നടക്കുമ്പോള്‍ ഗ്ലാസ് ബൂത്തുകള്‍ക്കകത്തു നില്‍ക്കുന്ന പെണ്‍കുട്ടികളോട് സഹതാപം തോന്നി. ആംസ്റ്റര്‍ഡാമിന്റെ ഇരുണ്ട വശത്തിന്റെ പ്രതീകങ്ങളായ പെണ്‍കുട്ടികള്‍. ആംസ്റ്റര്‍ഡാമിന്റെ നൊമ്പരങ്ങള്‍. 

ഏഴു വര്‍ഷം മുന്‍പുള്ള ജനുവരിയിലെ തണുപ്പുള്ള ആ രാത്രിയുടെ ഓര്‍മ്മ മനസ്സില്‍ ഇപ്പോഴും പച്ചയായി നില്‍ക്കുന്നു. ആറുമാസത്തിനുള്ളില്‍ നാദിയ പഠിത്തം പൂര്‍ത്തിയാക്കി റുമേനിയയിലേക്ക് തിരികെ പോയി. കുറെകാലത്തേക്ക് ആംസ്റ്റര്‍ഡാമിലുള്ള ആരുമായും അവള്‍ക്ക് ഒരു കോണ്ടാക്ട്‌സും ഉണ്ടായിരുന്നില്ല. എമ്മയുമായിട്ടുപോലും. വേദനിപ്പിക്കുന്ന ഓര്‍മ്മകളില്‍ നിന്ന് രക്ഷപ്പെടാനുളള ശ്രമമായിരുന്നിരിക്കാം.  പ്രോജെക്ട് പൂര്‍ത്തിയാക്കി നാട്ടിലെത്തിയിട്ടും ഇടയ്ക്കിടെ തോമസുമായി വിശേഷങ്ങള്‍ കൈമാറിയിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് നാദിയയുടെ കാര്യങ്ങള്‍ തോമസ് വാട്ട്‌സാപ്പില്‍ അയച്ചത്. റുമേനിയക്ക് തിരിച്ചു പോയ നാദിയ ഇപ്പോള്‍ ബുക്കാറെസ്റ്റില്‍ നിയമം പ്രാക്ടീസ് ചെയ്യുന്നു. വിവാഹിതയായി. രണ്ടു കുട്ടികളുടെ അമ്മയാണ്. അങ്ങനെ ജീവിത പുസ്തകത്തിലെ വേദനിപ്പിക്കുന്ന കറുത്ത അദ്ധ്യായം അവസാനിപ്പിച്ചു പുതിയ അദ്ധ്യായത്തിലേക്ക് അവളുടെ ജീവിതം തുടരുന്നു. അവള്‍ ഇതു വരെ ഒരിക്കല്‍പോലും തിരിച്ചു ആംസ്റ്റര്‍ഡാമില്‍ പോയിട്ടില്ല. ആംസ്റ്റര്‍ഡാം മറ്റ് യൂറോപ്യന്‍ നഗരങ്ങളെപോലെയല്ലെന്നും ആംസ്റ്റര്‍ഡാമിന് ഒരു പ്രത്യേക ഉള്‍ തുടിപ്പുണ്ടെന്നും പലപ്പോഴും തോന്നിയിട്ടുണ്ട്. ആംസ്റ്റര്‍ഡാമിനെ കുറിച്ചോര്‍ക്കുമ്പോഴൊക്ക നാദിയയെയും ഓര്‍ക്കും. ആംസ്റ്റര്‍ഡാമും നാദിയായും ഇപ്പോഴും മനസ്സില്‍ ഒരു നൊമ്പരമായി നിറഞ്ഞു നില്‍ക്കുന്നു. 

ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച പെണ്‍കുട്ടി ബാര്‍ കൗണ്ടറിനരുകില്‍ മെലിഞ്ഞു നീണ്ട ഒരു മനുഷ്യനോട് സംസാരിച്ചു നില്‍ക്കുന്നത് കണ്ണില്‍പ്പെട്ടു. നര കയറിത്തുടങ്ങിയ ആ മനുഷ്യനോടൊത്തു് റെസ്റ്റോറെന്റിനു പുറത്തേക്കു പോകുമ്പോള്‍ അവള്‍ തിരിഞ്ഞു നോക്കി ചിരിച്ചു. ഇവള്‍ക്കും നാദിയയുടേതു  പോലൊരു കഥയുണ്ടാവാമെന്ന് നേര്‍ത്ത നൊമ്പരത്തോടെ ഓര്‍ത്തിരിക്കുമ്പോള്‍ അവളുടെ ഒരു എസ്. എം. എസ്. കൂടി വന്നു: 'ഗുഡ് നൈറ്റ് സര്‍.' 

എവിടെ നിന്നോ തുടങ്ങി എവിടേക്കോ പോകുന്ന സമാന്തരങ്ങളല്ലാത്ത രണ്ടു രേഖകള്‍. ഏതോ ഒരജ്ഞാത നിമിത്തം മൂലം അവ രണ്ടും ഒരു നിമിഷനേരത്തേക്കു കൂട്ടിമുട്ടുന്നു. കര്‍മ്മബന്ധത്തിന്റെ ഇത്തിരി നേരത്തെ പരിചയം ഉടലെടുക്കുന്നു. പിന്നെ രണ്ടു ദിശകളിലേക്കായി അനന്തതയിലേക്ക് നീളുന്നു. ഇനി ഒരിക്കലും കൂട്ടിമുട്ടാന്‍ സാദ്ധ്യതയില്ലാത്ത രണ്ടു രേഖകള്‍.  

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios