Asianet News MalayalamAsianet News Malayalam

അരോമക്കോളജി -ഗന്ധങ്ങളെപ്പറ്റിയുള്ള ഒരു പഠനം, പ്രിന്‍സ് പാങ്ങാടന്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. പ്രിന്‍സ് പാങ്ങാടന്‍  എഴുതിയ ചെറുകഥ

chilla malayalam short story by prince pangadan
Author
First Published Aug 21, 2024, 7:58 PM IST | Last Updated Aug 21, 2024, 7:58 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by prince pangadan

1.
അതൊരു പുതിയ പരീക്ഷണമായിരുന്നു. ഒരു ചൈനീസ് കമ്പനിയുടേത്.

2.

പതിവ് പത്രവായനക്കിടയിലാണ് അതിന്റെ പരസ്യം അച്ഛന്‍ കണ്ടത്. പട്ടാളക്കാരനായിരുന്ന, ഗോവിന്ദന്‍ മേനോന്‍ എന്ന അച്ഛന്‍ വിരമിച്ച് നാട്ടിലെത്തിയിട്ട് മൂന്നാല് മാസമേ ആയിട്ടുണ്ടായിരുന്നുള്ളു. പട്ടാളത്തില്‍ എഞ്ചിനീയറായിരുന്ന അച്ഛന് പുതിയ പുതിയ കാര്യങ്ങളോട് എന്നും വലിയ ഇഷ്ടമായിരുന്നു താനും. അതുകൊണ്ടാണ് അങ്ങനെയൊരു പരസ്യം കണ്ടപ്പോള്‍ അച്ഛന് അതിനോട് കൗതുകം തോന്നിയത്. പണം ഇത്തിരി കൂടുതലായിരുന്നിട്ടും, ചൈനക്കാരന്റെ കണ്ടുപിടുത്തം ആയിട്ടും പട്ടാളക്കാരനായിരുന്നിട്ടും അത് ബുക്ക് ചെയ്യാന്‍ അച്ഛനെ പ്രേരിപ്പിച്ചതിന് ഒറ്റക്കാരണമേ ഉണ്ടായിരുന്നുള്ളൂ-പുതിയ പുതിയ കാര്യങ്ങളോടുള്ള ആ കൗതുകം.

ആരോടും ചോദിക്കാതെയും അമ്മയോട് പോലും പറയാതെയുമാണ് അച്ഛന്‍ അത് ഓര്‍ഡര്‍ ചെയ്തത്. അല്ലെങ്കിലും ഓര്‍ഡറുകള്‍ മാത്രം നല്‍കി ശീലമുണ്ടായിരുന്ന അച്ഛന് വീടിനുളളില്‍ പോലും ജനാധിപത്യപരമായി ഒരു തീരുമാനമെടുക്കുന്നത് ചിന്തിക്കുന്നതിനും അപ്പുറമായിരുന്നു. പിരിഞ്ഞ് പോന്നിട്ടും വീട്ടിലും പട്ടാളച്ചിട്ട തന്നെ.

അങ്ങനെയിരിക്കെ ഒരു ദിവസം, കൃത്യമായി പറഞ്ഞാല്‍ അച്ഛന്‍ പരസ്യം കണ്ട് ഓര്‍ഡര്‍ കൊടുത്തതിന് മൂന്ന് മാസം തികയുന്ന അന്നാണ് ആ മെലിഞ്ഞ, എന്നാല്‍ വലിയ പാഴ്‌സല്‍ വീട്ടിലെത്തിയത്.കമ്പനിയുടെ നഗരത്തിലെ പ്രതിനിധികള്‍ നേരിട്ടാണ് അതുമായി വീട്ടിലേക്ക് എത്തിയത്. അങ്ങനെ പുതിയ സാധനങ്ങളൊന്നും വീട്ടില്‍ വാങ്ങേണ്ട സാഹചര്യം ഇല്ലാതിരുന്ന സമയത്ത് വീട്ടിലേക്ക് വലിയ പാഴ്‌സലുമായി നന്നായി വേഷം ധരിച്ച രണ്ട് ചെറുപ്പക്കാര്‍ എത്തിയത് എല്ലാവരിലും വലിയ അമ്പരപ്പാണ് ആദ്യം ഉണ്ടാക്കിയത്. അമ്പരപ്പ് പിന്നീട് എല്ലാവരെയും നിഗമനങ്ങളിലേക്ക് എത്തിച്ചു. പട്ടാളത്തില്‍ നിന്ന് പോരുമ്പോള്‍ അച്ഛന്‍ കൂടെ കൊണ്ടുവരാതിരുന്ന സാധനങ്ങള്‍ അവിടെ നിന്ന് പാഴ്‌സല്‍ അയച്ചതാകും.

കൊപ്ര ഉണങ്ങാനിട്ടത് കാക്ക കൊത്തിക്കൊണ്ട് പോകാതിരിക്കാനായി മുറ്റത്ത് കാവല്‍ നിന്ന അമ്മയാണ് പാഴ്‌സലുമായി വന്നവരെ ആദ്യം കണ്ടത്. വന്ന ചെറുപ്പക്കാരാവട്ടെ ഗോവിന്ദന്‍ മേനോന്റെ വീടല്ലേയെന്ന് ചോദിച്ചു. അമ്മ അതെയെന്ന് ഉത്തരം പറഞ്ഞു. പിന്നാലെ വീട്ടുപേരും ചോദിച്ച് പാഴ്‌സല്‍ നല്‍കേണ്ട വീട് അത് തന്നെയെന്ന് ചെറുപ്പക്കാരന്‍ ഉറപ്പിച്ചു. രാവിലെ ഏതാണ്ട് പത്തര പതിനൊന്ന് മണിയായിക്കാണും അന്നേരം. വെറുതെ പുറത്തേക്ക് പോകാന്‍ ബൈക്കിന്റെ താക്കോലുമെടുത്ത് വരുന്നതിനിടെയാണ് വലിയൊരു പാഴ്‌സലുമായി രണ്ട് ചെറുപ്പക്കാര്‍ അമ്മയോട് സംസാരിച്ച് നില്‍ക്കുന്നത് ഞാന്‍ കണ്ടത്. 'എടാ നീയൊന്ന് അച്ഛനെ വിളിക്ക്...' അമ്മ ഉമ്മറത്തേക്കെത്തിയ എന്നെക്കണ്ട് പറഞ്ഞു. ഞാന്‍ അകത്തേക്ക് നോക്കി 'സ്വാതീ, അച്ഛനെ അന്വേഷിച്ച് ആരോ വന്നിരിക്കുന്നു' എന്ന് പെങ്ങളോട് പറഞ്ഞു.

ഉള്ളില്‍ നിന്ന് 'അച്ഛാ, അച്ഛാ ...അച്ഛനെ തിരക്കി ആരോ വന്നിരിക്കുന്നു' എന്ന് സ്വാതി പറയുന്നതും കേട്ട് ഞാന്‍ മുറ്റത്തേക്കിറങ്ങി. അമ്മ ഒന്നും മനസിലാകാതെ വന്നവരെയും പാഴ്‌സലും മാറി മാറി നോക്കി നിന്നു. അതിനിടയില്‍ അച്ഛന്‍ മുന്നിലും സ്വാതി പിന്നാലെയുമായി പുറത്തേക്ക് വന്നു. പാഴ്‌സല്‍ ചന്ദന കളറുള്ള പേപ്പര്‍ കൊണ്ട് പൊതിഞ്ഞിരുന്നു. അതില്‍ ചൈനീസ് ഭാഷയില്‍ എന്തോ എഴുതിയിരുന്നു താനും.

'രണ്ട് മൂന്ന് ദിവസമായി കാത്തിരിക്കുകയായിരുന്നു. ഇന്നുകൂടി കണ്ടില്ലെങ്കില്‍ നിങ്ങളുടെ ഓഫീസിലേക്ക് വന്ന് അന്വേഷിക്കാമെന്ന് കരുതിയിരിക്കുകയായിരുന്നു...എന്താണ് താമസിച്ചത്...?'

 വന്നപാടെ അച്ഛന്‍ ചെറുപ്പക്കാരെ നോക്കി ചോദിച്ചു.

'അത്...സാര്‍....ഇന്നലെയാണ് കസ്റ്റംസ് ഓഫീസില്‍ നിന്ന് ഇത് റിലീസായി കിട്ടിയത്. പുതിയ പ്രൊഡക്ട് ആയത് കൊണ്ട് അവര്‍ക്ക് ചില സംശയങ്ങള്‍.രണ്ട് ദിവസം അവിടെ താമസം വന്നു.  വൈകുന്നേരത്തോടെയാണ് ഇവിടുത്തെ മേല്‍വിലാസം ഞങ്ങള്‍ക്ക് കിട്ടിയത്. അതാണ്...'

വന്നവരില്‍ ഒരു ചെറുപ്പക്കാരന്‍ അച്ഛനോടായി പറഞ്ഞു.
-
'മ്...ശരി, ശരി അകത്തേക്ക് കൊണ്ടുവരൂ...'-പറഞ്ഞിട്ട്അച്ഛന്‍ തിരികെ നടന്നു. പിന്നാലെ പാഴ്‌സലും താങ്ങിയെടുത്ത് ചെറുപ്പക്കാരും ഉള്ളിലേക്ക് കയറി. എന്താകും പാഴസലില്‍ എന്ന് വിചാരിച്ച് ഞാനും സ്വാതിയും അവര്‍ക്ക് പിന്നാലെ വീടിനുള്ളിലേക്ക് കയറി. അമ്മ കാക്കത്തൂവല്‍ ഒന്നു കൂടി നേരെയാക്കി വെച്ചിട്ട് ഞങ്ങള്‍ക്ക് പിന്നാലെ വീടിനുള്ളിലേക്ക് വന്നു.

'ദാ...അവിടെ വെച്ചേക്കൂ...' അച്ഛന്‍ ചെറുപ്പക്കാരെ നോക്കി പറഞ്ഞു. അവിടെക്കിടന്ന തടികൊണ്ടുള്ള ടീപ്പോയ്ക്ക് മുകളിലേക്ക് ചെറുപ്പക്കാര്‍ പാഴ്‌സല്‍ ഇറക്കി വെച്ചു.

'എവിടെയാണ് സാര്‍ ഇത് ഫിക്‌സ് ചെയ്യേണ്ടത്...?'

'അത് മാറ്റി അവിടെത്തന്നെ വെച്ചേക്കൂ...' അച്ഛന്‍ ടിവി ചൂണ്ടിക്കാട്ടി പറഞ്ഞു.അവിടെ നില്‍ക്കുന്ന ആറ് പേരില്‍ എനിക്കും അമ്മയ്ക്കും സ്വാതിക്കും ഒന്നും മനസിലായില്ല. വന്നവരില്‍ ഒരു ചെറുപ്പക്കാരനാവട്ടെ ഞങ്ങളുടെ വീട്ടിലെ ടിവിയില്‍ നിന്ന് കേബിള്‍ ഡിസ്‌കണക്ട് ചെയ്തു. പ്ലഗില്‍ നിന്ന് കണക്ഷന്‍ വയറും ഊരിയെടുത്തു. ടിവി പൊക്കിയെടുത്ത് താഴേക്ക് വെച്ചു. എനിക്കാകെ സങ്കടം തോന്നി.

അച്ഛന്‍ നാട്ടിലെത്തിയ ഒരു അവധിക്കാലത്ത് നഗരത്തില്‍ പോയി വാങ്ങിക്കൊണ്ട് വന്നതാണ് ആ ടിവി. എട്ട് പത്ത് വര്‍ഷം ആയിക്കാണും .അതിന് ഇപ്പോഴും ഒരു കുഴപ്പവുമില്ല. കേബിളില്‍ ചാനലിന്റെ എണ്ണം കൂടിയെങ്കിലും നൂറ് ചാനല്‍ മാത്രമാണ് ആ ടിവിയില്‍ കിട്ടിയിരുന്നത് എന്ന് മാത്രം. അല്ലെങ്കില്‍ തന്നെ അതില്‍കൂടുതലൊക്കെ എന്ത് കാണാനാണ്. എങ്കിലും അതെടുത്ത് താഴെ വെച്ചപ്പോള്‍ ആകെ സങ്കടം തോന്നി.

അപ്പോഴേക്കും വന്നവരില്‍ മറ്റേ ചെറുപ്പക്കാരന്‍ പാഴ്‌സല്‍ പൊട്ടിച്ചു. രണ്ടാമത്തെയാള്‍ കൂടി സഹായത്തിനെത്തിയപ്പോള്‍ ആ മെലിഞ്ഞ കവറില്‍ നിന്ന് സാധനം പുറത്തെടുത്തു. ഞെക്കിപ്പൊട്ടിച്ച് കളിക്കുന്ന ബബിള്‍ കവറിനുളളിലിരിക്കുന്ന സാധനം ആദ്യം തിരിച്ചറിഞ്ഞത് സ്വാതിയാണ്.

അയ്യോ....പുതിയ ടിവി!

സ്വാതിയില്‍ നിന്ന് ആഹ്‌ളാദത്തിന്റെ ശബ്ദം ഇത്തിരി ഒച്ച പൊങ്ങി പുറത്തേക്ക് വന്നു. അച്ഛന്‍ അവളെ രൂക്ഷമായി നോക്കി. സ്വാതി പെട്ടെന്ന് വായ പൂട്ടി. സ്വാതിയുടെ അത്ഭുതം കണ്ട ചെറുപ്പക്കാര്‍ പരസ്പരം നോക്കിച്ചിരിച്ചു. ചെറുപ്പക്കാര്‍ ടിവി പുറത്തെടുത്ത് സെറ്റിയില്‍ ചാരിവെച്ചു.

'നോക്കി നില്‍ക്കാതെ അതിലൊന്ന് പിടിക്കെടാ..' അച്ഛന്‍ എന്നെനോക്കി ഉത്തരവിട്ടു.

'ആ ഭിത്തിയില്‍ പിടിപ്പിച്ചോളൂ..' അച്ഛന്‍ ചെറുപ്പക്കാരോടായി പറഞ്ഞു. അതില്‍പ്പോലും ആജ്ഞാ സ്വരം മുഴച്ച് നിന്നു.

വന്ന ചെറുപ്പക്കാരില്‍ ഒരാള്‍ ഭിത്തി തുളയ്ക്കുന്നതിനായി ഡ്രില്ലറുമായി പോയി. മറ്റേയാള്‍ പാഴ്‌സല്‍ പെട്ടിയില്‍ നിന്ന് കുറേ സാധനങ്ങള്‍ എടുത്ത് പുറത്തേക്ക് വെച്ചു. സാധാരണ ടിവിക്കൊപ്പം വരുന്ന കേബിളുകളും റിമോട്ടും എല്ലാം അതിലുമുണ്ട്. അതൊന്നുമല്ലാതെയും രണ്ട് കൂട്ടം ചെറിയ ബോക്‌സുകള്‍ക്കൂടി അയാള്‍ പുറത്തെടുത്തു വെച്ചു. എന്നിട്ട് അച്ഛനെ നോക്കിപ്പറഞ്ഞു.

'സാര്‍, ഇതിനാണ് സാര്‍ വില, ഇതിലൂടെയാണ് ഇനി അത്ഭുതം സംഭവിക്കാന്‍ പോകുന്നത്.'

അതെന്താണ് ആ അത്ഭുതമെന്ന അത്ഭുതത്തോടെ ഞാനും അമ്മയും സ്വാതിയും പിന്നെയും പരസ്പരം നോക്കി.

അച്ഛന്‍ കൂസലൊന്നും ഇല്ലാതെ തന്നെ നില്‍ക്കുന്നു. അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളക്കാരുടെ മുന്നില്‍ നില്‍ക്കും പോലെ തന്നെ.

ചെറുപ്പക്കാരന്‍ തുടര്‍ന്നു.. 'ഇതൊരിക്കല്‍ കണക്ട് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ മാറ്റാനാകില്ല. മാറ്റിയാല്‍ ടിവി വര്‍ക്ക് ചെയ്യില്ല. അല്ല, അല്ലെങ്കിലും ആ രീതിയില്‍ കാണാനാണല്ലോ ഇത്ര വിലകൊടുത്ത് ഈ ടിവി തന്നെ വാങ്ങിയത്. പിന്നെ ലോകത്ത് ഇത് ആയിരം പീസ് മാത്രമേയുള്ളൂ. ഇന്ത്യയില്‍ ഇത് രണ്ടാമത്തേതും. ഇനിയൊരണ്ണം പഞ്ചാബിലാണ്.

എനിക്കാകെ പന്തികേട് തോന്നി. എന്താണ് ഈ ടിവിയുടെ രഹസ്യം?

ഒന്നും മനസിലാകാതെ അമ്മയും സ്വാതിയും അന്തം വിട്ട് നില്‍ക്കുകയാണ്. രണ്ട് പേരുടെയും വായ അല്‍പം തുറന്ന നിലയിലുമാണ്.

എല്ലാം ഫിക്‌സ് ചെയ്ത് ചെറുപ്പക്കാരന്‍ ടിവി ഓണ്‍ചെയ്തു. നാപ്‌ടോളിന്റെ കിടക്ക വിരിപ്പിന്റെ പരസ്യമായിരുന്നു അപ്പോള്‍. വീടിനുള്ളില്‍ പുത്തന്‍തുണിയുടെ മണം നിറഞ്ഞു. എന്താണ് പുതിയൊരു മണമെന്നോര്‍ത്തു ഞാന്‍. പുതിയ ടിവിയല്ലേ, അതിന്റെ പാഴ്‌സല്‍ കവറിന്റെ മണമാകുമെന്ന് കരുതി സമാധാനിച്ചു.

ചെറുപ്പക്കാരില്‍ ഒരാള്‍ പോക്കറ്റില്‍ നിന്ന് വിസിറ്റിങ് കാര്‍ഡെടുത്ത് അതിലെ ഒരു നമ്പര്‍ പ്രത്യേകം ടിക്ക് ചെയ്ത് അച്ഛനെ ഏല്‍പ്പിച്ചു....'സാര്‍, എന്തെങ്കിലും ആവശ്യം വന്നാല്‍ ഈ നമ്പരില്‍ വിളിച്ചാല്‍ മതി.'

അത് പറഞ്ഞിട്ട് അയാള്‍ സ്വാതിയെ ഒന്ന് നോക്കിയോ എന്ന് എനിക്ക് സംശയം തോന്നി. എല്ലാവരെയും നോക്കി ഓള്‍ ദ ബെസ്റ്റ് പറഞ്ഞ് ചെറുപ്പക്കാര്‍ വീട്ടില്‍ നിന്നിറങ്ങി. അവര്‍ വന്ന വാഹനത്തിന്റെ ഒച്ച അകന്നു പോയി.

3.

വീട്ടില്‍ ടിവി വെക്കുന്നത് കുറവാണ്. പുലര്‍കാല പരിപാടിയും  ഉച്ചയ്ക്കും വൈകിട്ടുമുള്ള റൗണ്ട് അപ് വാര്‍ത്തകളുമാണ് പതിവായി വെക്കാറുള്ളത്. പിന്നെ വല്ലപ്പോഴും വരുന്ന ക്രിക്കറ്റ് മാച്ച്. സച്ചിന്‍ വിരമിച്ചതില്‍ പിന്നെ അതും കാണാന്‍ താത്പര്യം തോന്നാറില്ല. എഞ്ചിനിയറിംങിന് പഠിക്കുന്ന അനിയന്‍ നാട്ടിലെത്തുമ്പോള്‍ മാത്രമാണ് കൂടുതല്‍ സമയം വീട്ടില്‍ ടിവി പ്രവര്‍ത്തിക്കുക. അവന്‍ ചിലപ്പോള്‍ രാത്രി ഏറെ വൈകിയും പുലര്‍ച്ചെ വരെയുമൊക്കെ ടിവി കണ്ടിരിക്കും. അവനോട് മാത്രം അച്ഛന്‍ പട്ടാളച്ചിട്ട കാണിക്കാറില്ല. കാണിച്ചിട്ടും കാര്യമില്ല. അച്ഛനാണെങ്കില്‍ എല്ലാ ചാനലിലും വരുന്ന ക്രൈം വാര്‍ത്തകള്‍ കാണും. സ്വാതി ഇടയ്ക്കിടെ പാട്ട് ചാനലുകളും കുക്കറിഷോകളും കണ്ടിരിക്കുന്നത് കാണാം, അതും അച്ഛന്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ മാത്രം.

അന്നും പതിവു പോലെ അച്ഛന്‍ പത്തരയോടെ ടിവിക്ക് മുന്നിലെത്തി. തലക്കെട്ടുകളിലേക്ക് കടക്കുന്നതേയുള്ളൂ. കൊലയും കൊള്ളിവെപ്പും മോഷണവും മാത്രം വാര്‍ത്തയില്‍ നിറയുന്നത് എങ്ങനെയാണ് ഉറങ്ങുന്നതിന് മുന്‍പ് അച്ഛന്‍ കാണുന്നതെന്ന് പലവട്ടം അത്ഭുതം തോന്നിയിട്ടുണ്ട്. പക്ഷേ ചോദിക്കാന്‍ ധൈര്യം ഇല്ലാത്തത് കൊണ്ട് ചോദിച്ചിട്ടില്ലെന്ന് മാത്രം.

സ്വാതി മുറിയിലാണ്.ഏതോ പുതിയ തമിഴ്പടത്തിലെ പാട്ട് ചെറിയ ശബ്ദത്തില്‍ അവളുടെ മുറിയില്‍ നിന്ന് കേള്‍ക്കാം. വാട്‌സ് ആപ്പിലൂടെ കണ്ണോടിച്ചും ചില ഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ തമാശ പറഞ്ഞ് ഞാനുമിരിക്കുന്നു. കിടക്ക വിരിക്കുന്ന തിരക്കില്‍ അപ്പുറത്തെ മുറിയിലാണ് അമ്മ.

പെട്ടന്ന് വീടിനുള്ളില്‍ ചീഞ്ഞളിഞ്ഞ ശവത്തിന്റെ മണം നിറഞ്ഞു.

അമ്മയ്ക്കാണ് ആദ്യം മണം കിട്ടിയത്. അമ്മ യ്യോ...എന്തൊരു നാറ്റമാണിതെന്ന് പറഞ്ഞ് മുറിയില്‍ നിന്ന് പുറത്തേക്ക് ഓടിയിറങ്ങി. വീടിനുള്ളില്‍ മൊത്തം അഴുകി അളിഞ്ഞ ശവത്തിന്റെ മണം. സ്വാതി ഛര്‍ദ്ദിക്കാനായി ബാത്ത് റൂമിലേക്ക് കയറി. എനിക്ക് ആകെ അസ്വസ്ഥത തോന്നി. അച്ഛന്‍ മാത്രം ആസ്വദിച്ചിരുന്ന് ക്രൈംവാര്‍ത്ത കാണുകയാണ്.

ആ പന്ന പൂച്ചയെ തല്ലിക്കൊല്ലണം, എവിടുന്നേലും ചത്ത എലിയെ വലിച്ചോണ്ട് വീടിനകത്ത് കൊണ്ട് വന്നിട്ടുകാണും. അതിനി ഈ രാത്രിയില്‍ എവിടെ നിന്ന് കണ്ടുപിടിക്കും ദൈവമേയെന്ന് അമ്മ ആവലാതിപ്പെട്ടു.

ഛര്‍ദ്ദി കഴിഞ്ഞ് സ്വാതി ടിവിയിരിക്കുന്ന ഹാളിലേക്ക് ഇറങ്ങി വന്നു. അമ്മയും ഞാനും അതേ സമയം ഹാളിലേക്ക് എത്തി.ഇപ്പോ ചോരയുടെ മണമാണ് വീടാകെ. എല്ലാവരും ഹാളിലേക്ക് എത്തിയതും അച്ഛന്‍ ടിവി ഓഫാക്കി. ഇത്തിരി നേരം കൂടി അളിഞ്ഞ ശവത്തിന്റെയും ചോരയുടെയും മണം വീടാകെ നിറഞ്ഞു നിന്നു. അമ്മ ജനാലകള്‍ തുറന്നിട്ടു. ഇത്തിരി നേരം കഴിഞ്ഞപ്പോഴേക്കും ആ മണമെല്ലാം വീട്ടില്‍ നിന്ന് ഇല്ലാതെയായി. വീട്ടിലെ സ്വാഭാവിക മണം തിരികെ വന്നു.

'അയ്യത്തെങ്ങാണ്ടാന്ന് തോന്നുന്നു. കാറ്റടിച്ചപ്പോ മണം കേറിയതാ. ജനല് തുറന്നപ്പോ അതങ്ങ് പോവുകേം ചെയ്തു...'

അമ്മ എന്നെ നോക്കി പറഞ്ഞു. ഡൈനിങ് ടേബിളിലിരുന്ന ജഗ്ഗില്‍ നിന്ന് വെള്ളം എടുത്ത് കുടിച്ചിട്ട് സ്വാതി മുറിയിലേക്ക് പോയി.അവളുടെ മുറിയില്‍ നിന്ന് പിന്നെയും തമിഴ് റൊമാന്റിക് പാട്ട് ഒഴുകി വന്നു. ലൈറ്റും ഫാനും ഓഫാക്കി അമ്മയും അച്ഛനും മുറിയിലേക്ക് പോയി. ഞാനും  മുറിയിലേക്ക് മടങ്ങി.

പിറ്റേന്ന് രാവിലെ വീടാകെ കര്‍പ്പൂരത്തിന്റെ മണം പരന്നു. നെയ് വിളക്കിന്റെയും എണ്ണത്തിരിയുടെയും മണം. ടിവിയില്‍ നിന്ന് ഏതോ കൃഷ്ണഭക്തിഗാനം കേട്ടു. തോന്നലാകാമെന്ന് കരുതി.അല്ലെങ്കില്‍ അമ്മ പൂജാമുറിയില്‍ തിരിവെച്ചതില്‍ നിന്നാകാം. ഞായറാഴ്ച ആയതിനാല്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാല്‍ പിന്നെയും മൂടിപ്പുതച്ച് തന്നെ ഞാന്‍ കിടന്നു. ഏതാണ്ട് പത്തുമണിവരെ കിടന്നുറങ്ങുകയും ചെയ്തു. 

എണീറ്റ് വന്നപ്പോഴേക്കും അച്ഛന്‍ ആരെയോ കാണാന്‍ പുറത്തേക്ക് പോയിരുന്നു. ടിവിയില്‍ നിന്ന് തമിഴ് പാട്ട് കേട്ടു. വീടിനുള്ളില്‍ ചെണ്ടുമല്ലിപ്പൂവിന്റെ മണം നിറയുന്നു. അത് മാറി വേറെന്തോ മണമാകുന്നു. പിന്നെയും മാറി മറ്റെന്തോ. എല്ലാം തോന്നലാണെന്ന് കരുതി ഞാന്‍ ചായകുടിക്കാനിരുന്നു. പിന്നെ വായനശാലയിലേക്ക് ഇറങ്ങി. വീടിനുള്ളില്‍ പിന്നെയും പിന്നെയും മണങ്ങള്‍ മാറിമാറി നിറഞ്ഞുകൊണ്ടേയിരുന്നു.

ഉച്ചയോടെ വീട്ടില്‍ നിന്ന് പലജാതി ഭക്ഷണങ്ങളുടെ മണം പുറത്തേക്ക് പരന്നു. ആര്‍ട്ട് പേപ്പറിന്റെയും പശയുടെയും മണവും പലപ്പോഴും നിറഞ്ഞു. ആകെ മൊത്തം വീട്ടില്‍ മണങ്ങളുടെ പെരുന്നാളും ഉത്സവവും ഒന്നിച്ച് കൊടിയേറി പോലെ. ഇത്തിരി നേരത്തേക്കെ ഉള്ളെങ്കിലും ഉള്ള നേരത്ത് മനംപുരട്ടന്നതും അറപ്പുണ്ടാക്കുന്നതും കൊതി നിറയ്ക്കുന്നതും ഇഷ്ടം തോന്നുന്നതുമായ മണങ്ങള്‍ വീട്ടില്‍ പലപ്പോഴായി നിറഞ്ഞു.

മനംപുരട്ടന്ന മണം വന്നപ്പോഴൊക്കെ സ്വാതി ബാത്ത്‌റൂമിലേക്കോ, അവിടെവരെ എത്തിയില്ലെങ്കില്‍ വാഷ്‌ബെയ്‌സനടുത്തേക്കോ ഓടി. അമ്മ ചത്ത എലിയെ നോക്കി വീടുമൊത്തം അരിച്ചുപെറുക്കി കഴുകിത്തുടച്ചു. പോരാത്തതിന് പറമ്പില്‍ വരെ പലവട്ടം സൂക്ഷ്മപരിശോധന നടത്തി. ഓമനിച്ച് വളര്‍ത്തിയ പൂച്ച പലവട്ടം പിരാക്ക് കേട്ടു. അവള്‍ക്കിപ്പോള്‍ പാല്‍ കൊടുക്കാതെയായി.

പകലൊന്നും വീട്ടിലില്ലാത്തതിനാല്‍ എനിക്കതൊന്നും അത്ര പ്രശ്‌നമായി അനുഭവപ്പെട്ടില്ല. അച്ഛന്‍ മാത്രം ഒരു കൂസലും ഇല്ലാതെയിരുന്നു. ആരെങ്കിലും അപ്പോഴത്തെ മണമോ നാറ്റമോ കൊണ്ട് അസ്വസ്ഥരായി പുറത്തേക്ക് വന്നാല്‍ അച്ഛന്‍ ടിവി ഓഫ് ചെയ്ത് സ്വന്തം മുറിയിലേക്ക് മടങ്ങുക മാത്രം ചെയ്തു.

എഞ്ചിനിയറിങിന് പഠിക്കുന്ന അനിയന്‍ സതീഷ് ചന്ദ്രന്‍ വീട്ടില്‍ വന്ന് നിന്ന ഒരാഴ്ച വീടിനാകെ കഞ്ചാവ് പുകയുടെ മത്ത് പിടിപ്പിക്കുന്ന മണമായിരുന്നു. വിദേശ സ്‌പ്രേകളുടെ മണവും വീട്ടില്‍ നിറഞ്ഞു. ഇതിനൊക്കെയൊപ്പം ഇംഗ്ലീഷ് പാട്ടുകളും ടിവിയില്‍ നിന്ന് കേട്ടതോടെ അവന്‍ രാത്രിയും പകലും കഞ്ചാവ് വലിക്കുകയാണോയെന്ന് എനിക്ക് പലവട്ടം സംശയം തോന്നി. എങ്കിലും മുറിയില്‍ നിന്ന് പുറത്തിറങ്ങി നോക്കിയില്ല. അച്ഛന്‍ പുറത്തേക്കും അമ്മയും സ്വാതിയും അമ്പലത്തിലേക്കും പോയ വൈകുന്നേരം വീടുനിറയെ സ്ത്രീകളുടെ മൈല്‍ഡ് പെര്‍ഫ്യൂം മണം പരന്നു. അവന്‍ വന്ന അന്നു മുതല്‍ രാത്രിയില്‍ വീടിനുള്ളില്‍ പെണ്ണുങ്ങളുടെ മണമായിരുന്നു. ടിവി ഓണായിരുന്നെങ്കിലും ശബ്ദം തീരെയില്ലായിരുന്നു. പക്ഷേ മണം, അത് എന്നെയും മത്ത് പിടിപ്പിച്ചു. മുറിയില്‍ നിന്ന് പുറത്തേക്ക് പോയി നോക്കാന്‍ ധൈര്യം കിട്ടാത്തതുകൊണ്ട് മൂടിപ്പുതച്ച് കട്ടിലില്‍ തന്നെ കിടന്നു.

തന്റേതല്ലാതെ ആരുടെ പെര്‍ഫ്യൂമിന്റെ മണമാണ് ഈ രാത്രിയില്‍ പരക്കുന്നതെന്ന് സ്വാതി ഉറപ്പായും സന്ദേഹപ്പെട്ടിട്ടുണ്ടാകും. തീര്‍ച്ചയാണ്. പക്ഷേ അവളും രാത്രി വൈകിയതിനാല്‍ മുറിക്ക് പുറത്തിറങ്ങാന്‍ മടിച്ചു. അല്ലെങ്കില്‍ കട്ടിലില്‍ മെത്തയുടെ ചൂടില്‍ നിന്ന് എണീക്കാന്‍ അവള്‍ മടി കാണിച്ചു. പുതപ്പ് നല്‍കിയ സുഖവും അപ്പോള്‍ വേണ്ടെന്ന് വെക്കാന്‍ അവള്‍ക്കായിട്ടുണ്ടാകില്ല.

അതേ സമയം മണം ശ്വസിച്ച് മുറിക്കുള്ളില്‍ അമ്മയ്ക്ക് വല്ലാതെ വീര്‍പ്പുമുട്ടി. എവിടെ നിന്നാണ് തനിക്കറിയാത്ത പെണ്‍മണം വീടിനുള്ളിലിലെന്ന് അമ്മ ആശങ്കപ്പെട്ടു. ഏറെക്കാലമായി ഇല്ലാതിരുന്ന മണമാണ്. പക്ഷേ സതീഷ് വരുന്ന ദിവസങ്ങളില്‍ മാത്രമാണ് ഈ മണമെന്നത് അവരെ ഭയപ്പെടുത്തി. അവനൊപ്പം വല്ല യക്ഷിയും കൂടിയിട്ടുണ്ടോയെന്ന് അവര്‍ സംശയിച്ചു. അതിനും കാരണമുണ്ട്. പഴയ തറവാടാണ്. ആ വീടിന്റെ മുകള്‍ നിലയില്‍ ഇപ്പോഴും തുറക്കാത്ത , ഇന്നുവരെ ഉപയോഗിക്കാത്ത മുറികളുണ്ട്. കെട്ടിക്കൊണ്ട് വരുന്ന കാലം മുതല്‍ ഉപയോഗിക്കാതെ അടച്ചിട്ടിരുന്ന മുറികള്‍. അതിലൊന്ന് എന്തോ ശബ്ദം കേട്ടെന്ന് പറഞ്ഞ് കഴിഞ്ഞ വരവില്‍ സതീഷ് തുറന്നു നോക്കിയിരുന്നു. അതിനു ശേഷമാണ് അവന്‍ വന്നു കഴിഞ്ഞാല്‍, രാത്രിയില്‍ എല്ലാവരും കിടന്നുകഴിഞ്ഞാല്‍ വീട്ടീല്‍ നിന്ന് പെണ്‍മണം ഉയരുന്നതെന്ന് അമ്മ സങ്കടപ്പെട്ടു .പക്ഷേ അവരും ഒന്നും പരിശോധിക്കാന്‍ പോയില്ല. ആരോടും ഒന്നും പറഞ്ഞതുമില്ല. മച്ചിന്‍പുറത്ത് കുടികൊണ്ടിരുന്ന ഏതോ യക്ഷി സതീശനൊപ്പം കൂടിയതാണെന്ന് അമ്മ വിശ്വസിച്ചു.

അച്ഛന്‍ മാത്രം ഒന്നും സംഭവിക്കാത്തതുപോലെ ആ വീട്ടീല്‍ കഴിഞ്ഞു. അച്ഛന് ഈ മണമൊന്നും അനുഭവിക്കാനാവുന്നില്ലേ എന്നതായിരുന്നു എന്നെ അസ്വസ്ഥപ്പെടുത്തിയ ചോദ്യം. പക്ഷേ അതെങ്ങനെ അച്ഛനോട് ചോദിക്കും. അതോ എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ അച്ഛന്‍ കഴിയുകയോണോ? ഇങ്ങനെ പല പല ചോദ്യങ്ങളാണ് ഈ ദിവസങ്ങളില്‍ എന്നെ വല്ലാതെ ശല്യപ്പെടുത്തിയത്. ഉത്തരമൊന്നും കിട്ടിയതുമില്ല.

4.
വീട്ടില്‍ പുതിയ ടിവി വാങ്ങിയ കാര്യം പറഞ്ഞപ്പോഴാണ് കൂട്ടുകാരന്‍ മാത്യൂസ് അവന്റെ വീട്ടിലേക്കും ഒന്ന് വാങ്ങിയാല്‍ കൊള്ളാമെന്ന പറഞ്ഞത്. അവന് കൊടുക്കാനായാണ് വീട്ടിലേക്ക് ടിവിയുമായി വന്ന ചെറുപ്പക്കാരന്റെ നമ്പര്‍ തെരഞ്ഞത്. വിസിറ്റിംങ് കാര്‍ഡ് തന്നിട്ടാണല്ലോ അന്നയാള്‍ പോയത്. അച്ഛന്‍ അത് വെച്ചിരുന്നത് ടിവി പിടിപ്പിച്ചിരുന്നതിന് താഴെ മേശയിലായിരുന്നു. പക്ഷേ അതവിടെ കണ്ടില്ല. കുറെ തെരഞ്ഞു. തെരച്ചില്‍ സ്വാതിയുടെ മുറിയിലേക്ക് നീണ്ടു. അവളുടെ മുറിയില്‍ ,കട്ടിലിന് താഴെ നിലത്ത് നിന്നാണ് ആ വിസിറ്റിങ് കാര്‍ഡ് കണ്ടെത്താനായത്. അത് അലക്ഷ്യമായി വെച്ചിരുന്നിടത്ത് നിന്ന് പറന്ന് വന്ന് അവിടെ വീണതാകാം. നമ്പര്‍ മൊബൈലില്‍ ഡയല്‍ ചെയ്തിട്ട് വിസിറ്റിംങ് കാര്‍ഡ് ടിവിക്ക് താഴെയിരിക്കുന്ന ടീപ്പോയിലേക്ക് തന്നെയിട്ടു.

ദിവസങ്ങള്‍ ആഴ്ചകള്‍ക്ക് വഴിമാറി. അതിനിടെ വീട്ടില്‍ പലതരം മണങ്ങള്‍ മാറിമാറി നിറഞ്ഞൊഴിഞ്ഞു. അച്ഛനെ മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത പോലെ എന്തോ ഒരു അസ്വസ്ഥത പിടികൂടിയിട്ടുള്ളതായി എനിക്ക് തോന്നി.

അമ്മേ...അമ്പലത്തിലേക്ക് പോവാണേയെന്ന് വിളിച്ച് പറഞ്ഞിട്ട് സ്വാതി വീടിനു പുറത്തേക്കിറങ്ങി. ഇവള്‍ക്കെന്താണ് ഈയിടയായി ഇത്ര ഭക്തിയെന്ന് ഞാന്‍ വെറുതേ ആലോചിച്ചു. വായനശാലയില്‍ നിന്ന് തിരികെ പോരും വഴി ആല്‍ത്തറയില്‍ ഇരുന്ന് ചങ്ങാതിമാര്‍ക്കൊപ്പം വര്‍ത്തമാനം പറയുന്നത് മാത്രമാണ് ആകെ അമ്പലവുമായുള്ള എന്റെ ബന്ധം. അല്ലാതെ പിറന്നാളിനോ മറ്റോ നിര്‍ബന്ധം സഹിക്കവയ്യാതെ അമ്മയുടെ കൂടെ പോയാലായി. അത്രമാത്രം.

സ്വാതി അമ്പലത്തിലേക്ക് പോയതിന് തൊട്ടുപിന്നലെ അച്ഛനും പുറത്തേക്ക് പോയി. സാധാരണ ആ സമയത്ത് അങ്ങനെയൊരു പോക്ക് പതിവില്ലാത്തതാണ്.

സ്വാതി തിരികെ വരുമ്പോള്‍ ഞാന്‍ പുറത്ത് വരാന്തയുടെ ഓരത്ത് ലൈറ്റിനു താഴെ അന്ന് വായനശാലയില്‍ നിന്ന് എടുത്ത ഇന്ദുഗോപന്റെ കഥകളെന്ന തടിയന്‍ പുസ്തകം വായിക്കാനുള്ള ശ്രമത്തിലായിരുന്നു. ബി മുരളിയുടെ മുഖക്കുറിപ്പിലേക്ക് കടന്നയുടനെയാണ് അവള്‍ വീട്ടിലേക്ക് കയറിപ്പോയത്. ഞാന്‍ പുസ്തകത്തിലേക്ക് തന്നെ കണ്ണെറിഞ്ഞു.

അച്ഛന്‍ വീട്ടിലേക്കെത്താന്‍ അന്ന് പതിവിലും വൈകി. അമ്മ ഇടയ്ക്കിടെ വരാന്തയിലെത്തി ഗേറ്റിലേക്ക് നോക്കി. അന്നാരും വീട്ടില്‍ ടിവി വെച്ചില്ല. സ്വാതിയുടെ മുറിയില്‍ നിന്ന് അന്നും തമിഴ് പ്രണയഗാനം നേരിയ ശബ്ദത്തില്‍ പുറത്തേക്ക് കേള്‍ക്കാമായിരുന്നു. അവള്‍ ആരുമായെങ്കിലും പ്രണയത്തിലായിരിക്കും. എനിക്ക് ചിരി വന്നു. ബി മുരളിയുടെ മുഖക്കുറിപ്പ് അവസാനിപ്പിച്ച് പഠനം കഥകള്‍ വായിച്ച ശേഷം നോക്കാമെന്ന് വെച്ച് കഥകളിലേക്ക് കടന്നു. 'പാശം' നേരത്തെ വായിച്ചതാണ്. രണ്ടാമത്തെ കഥയിലേക്ക് കടന്നു, 'ബീജബാങ്കിലെ പെണ്‍കുട്ടി.' സുജനയുടെ ചോദ്യക്കയത്തില്‍പ്പെട്ട് കിടന്ന ഞാന്‍ തല മെല്ല കസേരയുടെ തോള്‍പ്പടിയിലേക്ക് ചാരി കണ്ണടച്ചു. എത്ര നേരം സുജനക്കും അവരുടെ ഭര്‍ത്താവിനും സ്വപ്നക്കുമൊപ്പം യാത്ര ചെയ്‌തെന്നറിയില്ല. പതിയെ കണ്ണ് തുറന്നു.

മൂന്നാമത്തെ കഥയിലേക്ക് കണ്ണെറിഞ്ഞു. 'ഒരു കൊലയുടെ ചുരുള്‍.' വേലാണ്ടിക്കൊപ്പം ഞാന്‍ കൊച്ചിയിലെ പല തെരുവുകളിലൂടെ നടന്നു. അയാളെ വിളിച്ചുകൊണ്ടുപോയ കാറില്‍ കയറി. അതീവ സുന്ദരിയായ സ്ത്രീയെ അനുഭവിച്ചു. 

അത്രയുമെത്തിയപ്പോള്‍ അച്ഛന്‍ വീടിനുള്ളിലേക്ക് കയറിപ്പോയി. വേലാണ്ടിക്കൊപ്പം പേരറിയാത്ത ആഢ്യയായ ആ സ്ത്രീക്കൊപ്പം ശയിച്ചിരുന്ന എനിക്ക് അച്ഛന്‍ ഗേറ്റ് കടന്ന് വന്നതോ വീടിന്റെ പടികയറിയതോ അറിയാനായില്ല. വിലകൂടിയ കാറില്‍ വന്ന് വേലാണ്ടിയെ കൂട്ടിക്കൊണ്ട് പോയ സ്ത്രീക്കൊപ്പം ഞാനും അവരുടെ വീട്ടിലേക്ക് പോയിരുന്നു. വേലാണ്ടിയെ രണ്ടാമതും കൂട്ടിക്കൊണ്ട് പോയി തനിക്കിനി രഹസ്യങ്ങളില്ലെന്ന് പ്രഖ്യാപിക്കുന്ന അവരുടെ കൂടെപ്പോയിട്ടാണ് ഞാന്‍ കസേരയില്‍ നിന്ന് എണീറ്റത്. 

അന്നത്തെ വായന പൂര്‍ത്തിയാക്കി വീടിനുള്ളിലേക്ക് ഞാനെത്തുമ്പോഴേക്കും അച്ഛന്‍ കിടന്നിരുന്നു. പുറത്തെയും ഹാളിലെയും ലൈറ്റുകളണച്ച് ഞാന്‍ മുറിയിലേക്ക് നടന്നു.

അച്ഛന്‍ രാവിലെ പത്രവുമായി ഇരിക്കുന്നത് കണ്ടാണ് ഞാന്‍ വരാന്തയിലേക്ക് ഇറങ്ങി വന്നത്. സാധാരണ പത്രം ഒന്ന് ഓടിച്ചു നോക്കുന്ന പതിവുമാത്രമേ ഉള്ളൂ അച്ഛന്. പക്ഷേ കഴിഞ്ഞ കുറേ ദിവസമായി പത്രം വിശദമായി വായിക്കുന്നുണ്ട്. എന്റെ കുത്തകയായിരുന്ന രാവിലത്തെ പത്രം വായന അങ്ങനെ നഷ്ടമായി.

അന്നത്തേതില്‍ പിന്നെ രണ്ടാഴ്ച കഴിഞ്ഞാണ് മാത്യൂസിനെ വായനശാലയില്‍ വെച്ച് കണ്ടത്. ഇടയ്ക്ക് ഒരുവട്ടം അയാള്‍ വിളിച്ചിരുന്നെങ്കിലും ബൈക്കിലായതിനാല്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വായനശാലയില്‍ വെച്ച് കണ്ടപ്പോള്‍ ടിവിയുമായി വന്ന ചെറുപ്പക്കാരന്റെ നമ്പരില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് മാത്യൂസ് പറഞ്ഞു. വീട്ടിലെത്തിയിട്ട് വിസിറ്റിംങ് കാര്‍ഡ് നോക്കി മറ്റേതെങ്കിലും നമ്പര്‍ തരാമെന്ന് പറഞ്ഞ് അന്നത്തെ കൂടിക്കാഴ്ച അവസാനിപ്പിച്ചു.

 

chilla malayalam short story by prince pangadan

('സൈന്ധവ ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന 'പേരയ്ക്കാ പറമ്പ്' എന്ന സമാഹാരത്തില്‍നിന്നുള്ള ചെറുകഥ.) 

 

5.
പിന്നെയും രണ്ട് ദിവസം കൂടി കടന്നു പോയി. വെറുതെയിരുന്ന ഒരു ഉച്ച നേരത്താണ് അമ്പലത്തിനടുത്ത് കാവിനപ്പുറത്ത് പാടത്ത് ഒരു ശവം കിടക്കുന്നുവെന്ന് മാത്യൂസ് വിളിച്ചു പറഞ്ഞത്. ബൈക്കുമെടുത്ത് അങ്ങോട്ട് എത്തുമ്പോഴുണ്ട് അവിടെ ഉത്സവത്തിനുള്ള ആള്‍ക്കൂട്ടം. റോഡിലൂടെ നേരെ പോയാല്‍ ഏതാണ്ട് രണ്ട് രണ്ടര കിലോമീറ്റര്‍ ദൂരം വരും അമ്പലപ്പറമ്പിലേക്ക്. പാടം മുറിച്ച് കടന്നുപോയാല്‍ ഒരു കിലോമീറ്ററും. ഓരോന്നാലോചിച്ച് ആല്‍ത്തറയിലെത്തിയതും ആകെ ആള്‍ക്കൂട്ടം. അങ്ങോട്ടും ഇങ്ങോട്ടും ധൃതിയില്‍ പായുന്നവര്‍, പൊലീസുകാര്‍.ആകെ ബഹളം.

'ആളെത്തിരിച്ചറിഞ്ഞോ..?'

ആല്‍ത്തറയ്ക്കടുത്ത് ബൈക്ക് ഒതുക്കിവെക്കുന്നതിനിടയില്‍ പാടത്ത് നിന്ന് തിരികെ വന്നയാളോട് ചോദിച്ചു.

'എങ്ങനെ തിരിച്ചറിയാനാ, അഴുകിപ്പോയില്ലിയോ, കുറേ ദിവസം ആയിട്ടുണ്ടെന്നാ പൊലീസുകാര് പറയുന്നത് കേട്ടോ.. മുഖമൊന്നുമില്ല. ചെളീല്‍ കെടന്നിട്ട് എറച്ചിയൊക്കെ ഇറുന്നുപോയി. കണ്ണുമില്ല. എന്തായാലും രണ്ട് ദിവസമായിട്ട് ഇവിടൊക്കെ ഒരു വല്ലാത്ത നാറ്റമുണ്ടായിരുന്നു...'

അയാള്‍ അതും പറഞ്ഞ് മൂക്കും പൊത്തി വേഗത്തില്‍ നടന്നു പോയി. അയാള്‍ മൂക്കുപൊത്തുന്നത് കണ്ടപ്പോഴാണ് അവിടമാകെ ഒരു വല്ലാത്ത നാറ്റം പരന്നു കിടപ്പുണ്ടെന്ന് എനിക്കും തോന്നിയത്. ഉടുത്തിരുന്ന മുണ്ടിന്റെ അറ്റം പിടിച്ചുയര്‍ത്തി മൂക്കും വായും പൊത്തി ഞാന്‍ പാടത്തേക്ക് വേഗത്തില്‍ നടന്നു.

കാവിനടുത്ത് മുതല്‍ പാടംവരെ അന്നാട്ടിലെ എല്ലാ ആണുങ്ങളും നിരന്നു നില്‍പ്പുണ്ട്. കാഴ്ച കാണാന്‍ വന്ന കുട്ടികളെ ആരോക്കെയോ മുതിര്‍ന്നവര്‍ തിരികെ ഓടിച്ചു.

ശവം പൊലീസുകാര്‍ നാട്ടുകാരിലൊരാളുടെ സഹായത്തോടെ ചെളിയില്‍ നിന്ന് പൊക്കിയെടുത്ത് വരമ്പില്‍ കിടത്തിയിട്ടുണ്ട്. ചില പൊലീസുകാര്‍ ടേപ്പുകൊണ്ട് ശവം കിടന്ന സ്ഥലം വരെയുള്ള അളവെടുക്കുന്നു. അത് എഴുതിക്കൊണ്ടിരിക്കുന്ന പൊലീസുകാരനോട് പറയുന്നു. പിന്നെ ശവത്തിന്റെ അളവെടുക്കുന്നു. അതും പറഞ്ഞുകൊടുക്കുന്നു. അവിടെ നിന്ന് പിന്നെയും എന്തൊക്കെയോ അളവെടുക്കുകയും എഴുതുകയും ഒക്കെ ചെയ്യുന്നു. പാടത്തും വരമ്പിലുമായി നാല് കമ്പുകള്‍ കുത്തിനിര്‍ത്തി പൊലീസുകാര്‍ അതിനുചുറ്റും ക്രൈംസീന്‍ ടേപ്പ് വലിച്ചുകെട്ടി.

എത്തിവലിഞ്ഞ് ഒന്നു നോക്കിയിട്ട് തിരികെ ആല്‍ത്തറയിലേക്ക് നടന്നു. ചത്തത് ആരാണെന്ന് ആര്‍ക്കും ഒരു എത്തും പിടിയും കിട്ടിയിട്ടില്ല. പതിയെപ്പതിയെ ആളുകള്‍ കുറേപ്പേര്‍ പിരിഞ്ഞുപോയി. ചത്തതാരെന്ന് ഉറപ്പാക്കിയിട്ടേ പോകൂ എന്ന് തീരുമാനിച്ചുറച്ച കുറേപ്പേര്‍ അപ്പോഴും പാടത്തിന്റെ കരയില്‍ തന്നെ കൂടി നിന്നു. അപ്പോഴേക്കും ചാനലുകാരും പത്രക്കാരുമെല്ലാം വന്നു.വാര്‍ത്ത ലൈവായി. ചീഞ്ഞളിഞ്ഞ ശവത്തിന്റെ നല്ല ദൃശ്യങ്ങള്‍ക്കായി ക്യാമറമാന്മാര്‍ തിക്കിത്തിരക്കി. 

പൊലീസ് നായ ഇപ്പോള്‍ വരുമെന്ന് ആരൊക്കെയോ പറയുന്നത് കേട്ടു. കുറേ നേരം കാത്തിരുന്നെങ്കിലും നായയെയും കൊണ്ട് പൊലീസുകാര്‍ എത്തിയില്ല. സന്ധ്യമയങ്ങാറായി. ബൈക്കെടുടുത്ത് ഞാന്‍ വീട്ടിലേക്ക് മടങ്ങി.

വീട്ടിലെത്തുമ്പോള്‍ അച്ഛന്‍ ടീവിക്ക് മുന്നിലായിരുന്നു. അമ്പലപ്പാടത്തെ ചീഞ്ഞ ശവത്തിന്റെ മണം വീട്ടിലാകെ നിറഞ്ഞു നിന്നു. അമ്പലപ്പറമ്പില്‍ നിന്ന് തിരികെ വന്നത് കൊണ്ട് തോന്നുന്നതാണ് ആ മണമെന്നാണ് ആദ്യം കരുതിയത്. ചേറും അളിഞ്ഞ വെള്ളവും ചീഞ്ഞ ശവത്തിന്റെയും എല്ലാം ചേര്‍ന്നൊരു വല്ലാത്ത മണം.

സന്ധ്യകഴിഞ്ഞു. ഏതാണ്ട് ഏഴരമണിയോളം ആയിട്ടുണ്ട്. അച്ഛന്‍ ചാനലുകള്‍ മാറ്റിമാറ്റി നോക്കി. ലോക്കല്‍ ചാനലില്‍ അമ്പലപ്പറമ്പില്‍ നിന്നുള്ള ലൈവുണ്ട്. ശവം പൊലീസുകാര്‍ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞുകെട്ടി ആംബുലന്‍സിലേക്ക് കയറ്റി. പൊലീസ് നായ അവിടെയൊക്കെ മണം പിടിച്ച് നില്‍ക്കുന്നു. വീട്ടില്‍ പിന്നെയും ആ ചീഞ്ഞളിഞ്ഞ മണം പടര്‍ന്നു. അച്ഛനുമാത്രം ആ ഈ മണത്തില്‍ യാതൊരു ഭാവ വ്യത്യാസവും കണ്ടില്ല. സ്വാതിയുടെ മുറിയില്‍ നിന്ന് കുറച്ചായി തമിഴ് പ്രണയഗാനമൊന്നും കേട്ടതേയില്ലെന്ന് ഞാനോര്‍ത്തു. അവളിപ്പോഴും മുറിക്കുള്ളില്‍ തന്നെയാണ്.

ചാരുകസേരയില്‍ നീണ്ടുനിവര്‍ന്ന് കിടന്നാണ് അച്ഛന്‍ ടി.വി കാണാറ്. ആ കസേരയില്‍ വേറെയാരും ഇരിക്കാറുമില്ല. വല്ലപ്പോഴും സ്വതിയാണ് ആ പതിവ് തെറ്റിക്കുന്നത്. അച്ഛന്‍ വീട്ടിലില്ലാത്ത തക്കം നോക്കി അവള്‍ അതിലേക്ക് പാഞ്ഞുകയറിക്കിടക്കും. അപ്പോഴൊക്കെ അമ്മയുടെ നോട്ടം അടുക്കളപ്പുറത്ത് നിന്ന് പുറത്ത് ഗേറ്റിലേക്കായിരിക്കും. അച്ഛനെങ്ങാനും ഗേറ്റ് കടന്ന് വരുന്നുണ്ടോയെന്ന്. ഒരിക്കല്‍ അമ്മയുടെ നോട്ടം തെറ്റിയ നേരത്ത് അച്ഛന്‍ വീടിനുള്ളിലേക്ക് കയറിവന്നു. അപ്പോഴുണ്ട് ചെവിയില്‍ ഇയര്‍ഫോണ്‍ തിരുകി സ്വാതി പാട്ടുംകേട്ട് കണ്ണടച്ച് ചാരുകസേരയില്‍ വിശാലമായ കിടക്കുന്നു. ആരോ വന്ന ശബ്ദം കേട്ട് അമ്മ ഓടിയെത്തിയതും അച്ഛന്‍ സ്വാതിയെ നോക്കി നില്‍ക്കുന്നു. എന്നിട്ട് ചെറിയൊരു പുഞ്ചിരിയോടെ മുറിക്കുള്ളിലേക്ക് കയറിപ്പോയി. അപ്പോഴേക്കും അമ്മ ഓടിയെത്തി അവളെ തട്ടിവിളിച്ചു. സ്വാതി എണീറ്റ് മുറിക്കുള്ളിലേക്ക് ഓടിക്കളഞ്ഞു. ഏറ്റവും ഇളയവളായതിനാല്‍ എല്ലാവര്‍ക്കും അവളോട് ഇത്തിരി വാത്സല്യം കൂടുതലാണ്. പ്രത്യേകിച്ചും മകളായതിനാല്‍ അച്ഛന്.

ലോക്കല്‍ ചാനലില്‍ ശവക്കാഴ്ചയും വിവരണവും തുടരുകയാണ്. അവര്‍ക്ക് വല്ലപ്പോഴും വീണുകിട്ടുന്ന ഒന്നാണ് അത്തരം സന്ദര്‍ഭങ്ങള്‍. സ്ഥലത്ത് തന്നെ രണ്ടോ മൂന്നോ റിപ്പോര്‍ട്ടര്‍മാരെ നിര്‍ത്തിയാണ് വിവരണം. ആല്‍ത്തറയില്‍ ഒരാള്‍, മൈതാനത്തിന്റെ ഗേറ്റിനടുത്ത് ഒരാള്‍, ലോക്കല്‍ പൊലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പറയാന്‍ ഒരാള്‍. പിന്നെ സംഭവ സ്ഥലത്ത് നിന്ന് മറ്റൊരാള്‍. ഇതൊന്നും പോരാഞ്ഞ് പൊലീസ് നായക്കൊപ്പം ഓടിക്കൊണ്ട് ഫോണില്‍ തത്സമയ റിപ്പോര്‍ട്ടുമായി മറ്റൊരാളും. എന്തായാലും ലോക്കല്‍ ചാനലുകാര്‍ വീണുകിട്ടിയ അവസരം ആഘോഷിക്കുക തന്നെയാണ്.

പെട്ടന്ന് മുറ്റത്ത് ഒരു നായയുടെ കുര കേട്ടു. മുറ്റത്ത് വിരിച്ചിരിക്കുന്ന മണല്‍ ഞെരിയുന്ന ശബ്ദവും. ടിവിയില്‍ ആകുമെന്നാണ് ഞാന്‍ കരുതിയത്. നായ പിന്നെയും കുരക്കുന്നു. ഇപ്പോള്‍ കൂടുതല്‍ ആളുകളുടെ കാല്‍പ്പെരുമാറ്റമുണ്ട് മുറ്റത്ത്. നായ മുരളുകയും വാതിലില്‍ കാല്‍ക്കൊണ്ട് മാന്തുകയും ചെയ്യുന്ന ശബ്ദം.

ഞാന്‍ ചെന്ന് വാതില്‍ തുറന്നു. മുറ്റം നിറയെ ആളുകള്‍. കാക്കിപാന്റും നീല ടീഷര്‍ട്ടും ധരിച്ച രണ്ടുമൂന്ന് പൊലീസുകാര്‍. അവരില്‍ ഒരാളുടെ കൈയ്യില്‍ നായയുടെ റോപ്പ്. കൂട്ടത്തില്‍ യൂണിഫോമില്‍ തന്നെയുള്ള പൊലീസുകാര്‍. അവരില്‍ ചിലര്‍ എനിക്കറിയാവുന്നവരാണ്. നാട്ടുകാരില്‍ ചിലരും കൂട്ടത്തിലുണ്ട്. അവരെന്തൊക്കെയോ അടക്കം പറയുന്നുണ്ട്. പതിയെപ്പതിയെ വീടിനു പുറത്ത് ആളുകള്‍ കൂടിക്കൂടി വന്നു. അമ്പലപ്പാടത്തെ സംഭവസ്ഥലത്ത് നിന്നിരുന്നവരില്‍ പലരും വീടിനു പുറത്തും എത്തിയിട്ടുണ്ട്. നായ മണലില്‍ പറ്റിക്കിടന്നു. ഇത്രനേരം ഓടിയതിന്റെ ക്ഷീണം തീര്‍ക്കാനെന്ന പോലെ.

ഞാന്‍ വരാന്തയിലേക്കിറങ്ങി. നായ കിടന്നിടത്ത് നിന്ന് എണീറ്റു. വരാന്തയിലേക്ക് കയറാനുളള പടിയിലെത്തി. അവിടെ ആകെ മണം പിടിച്ചു. തലയൊന്ന് കുടഞ്ഞു. തലപൊക്കി ചുറ്റും നോക്കി. മൂക്ക് ചീറ്റി, എന്നിട്ട് വീണ്ടും പടിയില്‍ മണം പിടിച്ചു. മൂന്നാമത്തെ പടിയില്‍ കിടന്നിരുന്ന അച്ഛന്റെ ചെരുപ്പില്‍ വീണ്ടും വീണ്ടും മണം പിടിച്ചു. എന്നിട്ട് വലിയ ശബ്ദത്തില്‍ കുരച്ചു. പിന്നെ അത് വീടിനുള്ളിലേക്ക് ഒരു കുതിപ്പായിരുന്നു. നായ കുതിച്ച് വരുന്നത് കണ്ട ഞാന്‍ പേടിച്ച് വാതിലില്‍ ഒരു വശത്തേക്ക് ഒതുങ്ങിപ്പോയി.

'ആരുടേതാണീ ചെരുപ്പ്...' നായക്കൊപ്പം വന്ന പൊലീസുകാരന്‍ ചോദിച്ചു.

'അച്ഛന്റേതാണ്..'

'ആള്‍ ഇവിടെയുണ്ടോ...' അടുത്ത ചോദ്യമെത്തി.

അകത്തുണ്ടെന്ന് ഞാന്‍ പറഞ്ഞതും യൂണിഫോമില്‍ നിന്ന പൊലീസുകാര്‍ വരാന്തയിലേക്ക് കയറി.

അതോടെ അവര്‍ക്കും ചീഞ്ഞ ശവത്തിന്റെ മണമടിച്ചു. അമ്പലപ്പാടത്തെ ശവത്തിന്റെ അതേ ചീഞ്ഞ മണം. പൊലീസുകാര്‍ പോക്കറ്റിലിരുന്ന തുവാലകളെടുത്ത് മുഖം പൊത്തി. എന്നിട്ട് അകത്തേക്ക് കയറി.

ടിവിയില്‍ അപ്പോഴും ലോക്കല്‍ ചാനലിലെ കൊലപാതക റിപ്പോര്‍ട്ടിങ് തുടരുകയാണ്. നായ പതിയെ നടന്ന് അച്ഛനിരിക്കുന്ന കസേരയ്ക്കടുത്തുവന്ന് മണം പിടിച്ചു. അച്ഛന്‍ അപ്പോഴും ഒന്നും സംഭവിക്കാത്തതുപോലെ, അല്ലെങ്കില്‍ ഇതൊക്കെ പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ ഇരിക്കുകയാണ്. നായ അച്ഛനെ നോക്കി കുരച്ചു. പിന്നെ പൊലീസ് നായ ടിവിയിലേക്ക് നോക്കി. ടിവിക്ക് താഴെയുള്ള ടീപ്പോയില്‍ മുന്‍കാലുകള്‍ ഉയര്‍ത്തിച്ചവിട്ടി തലയെത്തിച്ച് ടിവിയില്‍ നിന്ന് മണം പിടിച്ചു. പിന്നെ തലവെട്ടിച്ച് ഇഷ്ടപ്പെടാത്ത പോലെ പിന്മാറി. പതിയെ പിന്നോട്ട് നടന്ന് നിലത്ത് ഇരിപ്പുറപ്പിച്ചു.

എന്നിട്ട് ടിവിയിലേക്ക് നോക്കി ആ നായ നിര്‍ത്താതെ കുരച്ചു.


 

Latest Videos
Follow Us:
Download App:
  • android
  • ios