ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് സത്യന്‍ കല്ലുരുട്ടി എഴുതിയ ചെറുകഥ. Asianet News Chilla literary space. malayalam Short Story by Sathyan kallurutty 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

അടി ഇടി പാതാളം

അടി ഇടി പാതാളത്തിലേക്ക് പതിനൊന്നു വഴികളുണ്ടായിരുന്നു. അതിലൊന്നായിരുന്നു ചെറിയ മാര്‍ക്കറ്റ് റോഡ്. ബാക്കിയുള്ളവ പാതാളത്തിലെ ചെറുപ്പക്കാര്‍ കണ്ടുപിടിച്ചു വരുന്നതേയുള്ളൂ.

അവിടെ ചെറിയ കനാലിന്റെ സമീപത്തുള്ള സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് ജൂനിയര്‍ വക്കീല്‍ അശോക് മേനോന് കുത്തേല്‍ക്കുന്നത്. പെട്ടെന്നൊരു മിന്നല്‍പിണര്‍ പോലെയാണ് അശോക് മേനോന് തോന്നിയത്. വാരിയെല്ലിന് കീഴെ ഒരു കീറ്. രക്തം ചാലിട്ട വഴികള്‍ അശോക് മേനോന്‍ കണ്ടില്ല. അപ്പോഴേക്കും അയാള്‍ മനസിന്റെ കുയ്പ്പര്‍ ബെല്‍റ്റും പിന്നിട്ട് ബോധ സൗരയൂഥത്തിന്റെ അതിര്‍ത്തിയോളമെത്തിയിരുന്നു

വേദന കൊണ്ടു പുളയുന്ന അശോക് മേനോന്റെ കഴുത്തില്‍ വലിയ ഞരമ്പ് എഴുന്ന് നില്‍ക്കുന്നത് കണ്ടപ്പോള്‍ അസീം ചേരാനെല്ലൂര്‍ സുല്‍ത്താന്‍ മുഹമ്മദിനെ തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വിളിച്ചു.

'ഇക്കാ.. അവനെ അങ്ങു കൊന്നേക്കട്ടെ? ഈ പിടച്ചില്‍ കാണാന്‍ വയ്യ!'

സുല്‍ത്താന്‍ മുഹമ്മദ് അപ്പോള്‍ വെണ്ടുരുത്തി പാലത്തിനു സമീപം പഴയ പാത്രങ്ങള്‍ വാങ്ങുന്ന സേവിച്ചന്റെ കടയില്‍ ഒരു കത്തിക്ക് വിലപറഞ്ഞു നില്‍ക്കുകയായിരുന്നു.

'വേണ്ട വേണ്ട, അവനെ ഒരു വെട്ടുവെട്ടാനെ നാടാര് വക്കീല്‍ പറഞ്ഞിട്ടുള്ളു. അതില്‍ കൂടുതല്‍ പറ്റി അവനെങ്ങാന്‍ മേല്‍പ്പോട്ടു പോയാല്‍ പിന്നെ അത്താഴം പൂജപ്പുരേലാവും, എന്റേം നിന്റേം.. അവന്‍ ഇവിടുത്തെ പേരുകേട്ട വക്കീലിന്റെ മരുമോനാ.. മാത്രമല്ല ജൂനിയര്‍ വക്കീലും. കോടതീ കേറി ഇറങ്ങാനേ പിന്നെ നേരം കാണത്തുള്ളു.. നീ അവനെ പൊക്കി വല്ല വണ്ടീ വിളിച്ചു മെഡിക്കല്‍ ട്രസ്റ്റിലോട്ട് വിട്.. എമെര്‍ജന്‍സിയില്‍ ഏറ്റെടുത്തു കഴിഞ്ഞാല്‍ സ്ഥലം വിട്ടോണം..'

കാര്യം കേട്ട് അസീം മിഴിച്ചു.

'അതെന്തിനാ സുല്‍ത്താനിക്കാ? പൊല്ലാപ്പാവും കെട്ടോ..'

സുല്‍ത്താന് ദേഷ്യം വന്നു.

'എടാ അസീമേ.. നീ ആദ്യം ഞാന്‍ പറഞ്ഞതുപോലെ ചെയ്യ്..'

അസീം ഫോണ്‍ കോള്‍ കട്ട് ചെയ്ത് അതേ ഫോണില്‍ നിന്ന് കൂട്ടുകാരന്‍ ലോനപ്പന്‍ ഫിലിപ്പിനെ വിളിച്ചു.

ലോനപ്പനപ്പോള്‍ ഒരു പെണ്ണുകാണിക്കാന്‍ തമ്മനത്ത് ചെന്നതായിരുന്നു. പെണ്ണെന്നു പറഞ്ഞാല്‍ നല്ല കിളി പോലത്തെ പെണ്ണ്. കുടുംബക്കാരും കൊള്ളാം. കല്യാണം ഉറച്ചു എന്ന പരുവത്തില്‍ എത്തിയതായിരുന്നു. അപ്പോഴാണ് പയ്യന്‍ ഡിക്രൂസിനൊരു തോന്നല്‍. ഈ പെണ്ണിനെ താന്‍ കച്ചേരിപ്പടിയില്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്. സംശയം മാത്രമല്ല ഡിക്രൂസ് അവളോടത് ചോദിക്കുകയും ചെയ്തു. അവള്‍ സമ്മതിച്ചു. താന്‍ കച്ചേരിപ്പടിയില്‍ എല്‍ദോസിന്റെ ഓഫീസില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആണെന്ന്. അപ്പോള്‍ തന്നെ ഡിക്രൂസിന് കത്തി. ഇവളാണ് എല്‍ദോസ് തന്നോട് പറഞ്ഞ മരിയ തോമസ്.

മരിയ തോമസ് അവിടെ നിന്നും പോന്നിട്ട് ആറുമാസമായി. എല്‍ദോസിന്റെ സ്വഭാവം ശരിയല്ല. അയാളും അയാളുടെ നാലുകൂട്ടുകാരും ഓഫീസിന്റെ മറവില്‍ 'സീക്രെട്ട് എസ്‌കോര്‍ട്ട്' കൂടി നടത്തുന്നു. അതറിഞ്ഞ അന്ന് അവള്‍ അവിടം വിട്ടതാണ്. എല്‍ദോസ് സുഹൃത്താണെന്ന് പറയേണ്ടിവന്നു ഡിക്രൂസിന്. അതോടെ ഈ ബന്ധം ശരിയാവില്ലെന്ന് മരിയ തോമസ് തീര്‍ത്തുപറഞ്ഞു.

ഡിക്രൂസിന്റെ മുഖമടച്ചു ഒന്നുകൊടുക്കാന്‍ ലോനപ്പന്‍ ഫിലിപ്പിന് തോന്നിയതാണ്. അപ്പോഴാണ് ദൈവവിളി പോലെ അസീമിന്റെ ഫോണെത്തിയത്.

'എടാ നീയെവിടാ? ഞാനിവിടെ മാര്‍ക്കറ്റ് റോഡില്‍ ചെറിയ കനാലിന്റെ മറുകരേല്‍ ഉണ്ട്. സുല്‍ത്താന്‍ പറഞ്ഞിട്ട് ഒരുത്തന്റെ വാരിയെല്ലിന് കീറി. പക്ഷെ ഇപ്പം സുല്‍ത്താന്‍ പറയുന്നു അവനെ എടുത്ത് ആശുപത്രീ കൊണ്ടുപോവാന്‍!'

'അങ്ങേര്‍ക്ക് വട്ടാ..'--ലോനപ്പന്‍ ഫിലിപ്പ് പറഞ്ഞു.

'ഈ നക്കാപ്പിച്ച കാശിനുവേണ്ടി ഇത് ചെയ്തതും പോരാ, വേണ്ടാത്ത ഏടാകൂടങ്ങള് വേറേം.. !'

-അസീം പറഞ്ഞു

'പറഞ്ഞുനില്‍ക്കാന്‍ നേരമില്ല. തമ്മനത്തുനിന്ന് സ്പീഡില്‍ കുറുക്കുവഴിക്ക് പോന്നാല്‍ ഒരു പത്തുമിനിറ്റ്..'

ലോനപ്പന്‍ ഫിലിപ്പ് പല ഒഴികഴിവുകളും പറഞ്ഞുനോക്കി. അസീം സമ്മതിച്ചില്ല. അവസാനം ലോനപ്പന്‍ ഫിലിപ്പ് പറഞ്ഞു.

'ശരി ശരി.. നീ അവന്റെ മുറിവില്‍ വല്ല തോര്‍ത്തോ, കൈലിമുണ്ടോ വച്ചു ചുറ്റ്.. രക്തം പോയാല്‍ അവിടെത്തുമ്പോഴേക്കും ആള് കായും..'

അസീം ഫോണ്‍ വച്ചശേഷം തൊട്ടപ്പുറത്തെ വീട്ടില്‍ കയറി ഒരു പഴയ ലുങ്കി ചോദിച്ചു. ആ വീട്ടില്‍ ഒരു പാവം വൃദ്ധയേ ഉണ്ടായിരുന്നുള്ളു. തന്റെ കൂട്ടുകാരന് ഒരു മുറിവ് പറ്റി, വച്ചുകെട്ടാനാണെന്നേ അസീം പറഞ്ഞുള്ളു.

ഒരു ചുവന്ന ലുങ്കി വൃദ്ധ അകത്തുനിന്നും എടുത്തുകൊണ്ടുവന്നു. അതുവാങ്ങി അസീം ഓടി.

അശോക് മേനോനെ ഉയര്‍ത്തി മുറിവില്‍ വച്ചുകെട്ടി. രക്തം ഒരുപാട് പോയിട്ടുണ്ട്. പുതിയ വാളായിരുന്നു. കഴിഞ്ഞ ദിവസം മൂത്തകുന്നം പെരുംകൊല്ലന്റെ ആലയില്‍ നേരിട്ടുചെന്ന് കാച്ചിച്ചത്.

ഇതിപ്പോ ഇങ്ങനെ ഒരു പൊല്ലാപ്പാവുമെന്ന് അസീം ഓര്‍ത്തില്ല. ആറേഴുമിനിറ്റ് കൊണ്ട് ലോനപ്പന്‍ ഫിലിപ്പ് എത്തി. ഒരു ഓട്ടോറിക്ഷ വിളിച്ചു അതിലേക്ക് അശോക് മേനോനെ എടുത്തു കയറ്റി. അസീമും ലോനപ്പന്‍ ഫിലിപ്പും അവനെ മടിയില്‍ കിടത്തി.

ഓട്ടോറിക്ഷ മെഡിക്കല്‍ ട്രസ്റ്റിലേക്ക് പാഞ്ഞു. വഴിനീളെ ട്രാഫിക് ബ്ലോക്കുകള്‍. ആരെയൊക്കെയോ തന്തയ്ക്ക് വിളിച്ച് ഓട്ടോ ഡ്രൈവറും ലോനപ്പന്‍ ഫിലിപ്പും..

അവസാനം മെഡിക്കല്‍ ട്രസ്റ്റിന്റെ മുറ്റത്തെത്തിയപ്പോള്‍ അശോക് മേനോന് ഒരു മിടിപ്പുണ്ടെന്നേയുള്ളു. വാര്‍ഡന്മാര്‍ കൊണ്ടുവന്ന സ്ട്രെച്ചറിലേക്ക് അശോക് മേനോനെ എടുത്തു കിടത്തി.

എമര്‍ജന്‍സി റൂമില്‍ പരിശോധിക്കാന്‍ വന്ന ഡോക്ടര്‍ എന്തുപറ്റിയതാണെന്ന് ചോദിച്ചപ്പോള്‍ ലോനപ്പന്‍ ഫിലിപ്പ് 'കത്തിക്കുത്താണ് സാറെ 'എന്ന് പറഞ്ഞുപോയി. അസീം എത്രമാത്രം തടയാന്‍ ശ്രമിച്ചിട്ടും ലോനപ്പന്‍ ഫിലിപ്പിനെ തടയാന്‍ കഴിഞ്ഞില്ല.

ഡോക്ടര്‍മാരും നേഴ്സുമാരും അശോക് മേനോന് ചുറ്റും കൂടിയപ്പോള്‍ ഇരുവരും പുറത്തിറങ്ങി.

'വേഗം കടന്നോ'-അസീം പറഞ്ഞു.

'ഇപ്പോള്‍ പോലീസെത്തും!'

അപ്പോള്‍ ഒരു വാര്‍ഡന്‍ വന്നു ചോദിച്ചു

'നിങ്ങളല്ലേ ആ കുത്തേറ്റ ആളെ കൊണ്ടുവന്നത്? ഡോക്ടര്‍ വിളിക്കുന്നു.'

'വരാം' എന്നുപറഞ്ഞിട്ട് അസീം പറഞ്ഞു. 'ഒന്നും നോക്കണ്ട, ചാടിക്കോ'

മെഡിക്കല്‍ ട്രസ്റ്റിനു പിന്നില്‍ ഒരു ഇടവഴി ഉണ്ടെന്നും അതില്‍ നിറയെ നായ്ക്കൂട്ടങ്ങളാണെന്നും അന്നാണ് അസീം ചേരാനല്ലൂരിനും ലോനപ്പന്‍ ഫിലിപ്പിനും മനസിലായത്. ശരിക്കും പറഞ്ഞാല്‍ റോഡുനോക്കി ഒരു പതിനഞ്ചു മിനിട്ട് അവര്‍ പരക്കം പാഞ്ഞു.

ആരുടെയൊക്കെയോ തെറി വിളികേട്ട് ഒടുക്കം വന്നുവീണത് ഒരു ഫോര്‍ട്ടുകൊച്ചി -ബോട്ട് ജെട്ടി ബസ്സിന് മുന്നില്‍. കൈകാണിച്ചില്ലെങ്കിലും ആളുകളെ പ്രതീക്ഷിച്ചു പോകുന്ന ഡ്രൈവര്‍ ബസ് നിര്‍ത്തി. ഒറ്റച്ചാട്ടത്തിന് ലോനപ്പന്‍ ഫിലിപ്പും പിന്നില്‍ അസീമും ബസില്‍ കയറി. തണുത്ത കാറ്റേറ്റ് ആശ്വാസത്തോടെ ഇരിക്കെ അസീം തന്റെ വസ്ത്രത്തിലേക്കൊന്നു നോക്കി -ചോര!

രണ്ട്

'ഇതിപ്പോ ഒരുമാതിരി മഴയത്തു നാളികേരക്കൊലച്ചിലില്‍ നായ്ക്കാട്ടം പറ്റിയതുപോലായല്ലോ അസീമേ.. ആ പൊട്ടന്‍ ലോനപ്പനെയും കൊണ്ടുപോയി അവിടെനിന്നു വേണ്ടാത്തത് മൊഴീപ്പിച്ചിട്ട്.. ഇനി നോക്കണ്ട.. പിടി കൊടുത്തേക്ക്.. നിന്റെ പേര് ആ അശോക് മേനോന്‍ ബോധം തെളിഞ്ഞപ്പോ പറഞ്ഞത്രേ. എസ് ഐ ബാബുസേനന്‍ സാറ് വിളിച്ചിരുന്നു. രണ്ടാഴ്ച റിമാന്റില് വെക്കും. അത് കഴിഞ്ഞാല്‍ ജാമ്യത്തിന് പോവാം. നീ ഇപ്പോഴെവിടാ ഉള്ളതെന്ന് വച്ചാല്‍ ആ എസ് ഐ ബാബുസേനന്‍ സാറിന്റെ നമ്പറില്‍ വിളിച്ചു പറഞ്ഞേക്ക്. അവരവിടെ വന്നു കസ്റ്റഡിയില്‍ എടുത്തോളും.'

സുല്‍ത്താന്‍ പറഞ്ഞു.

'അത് സുല്‍ത്താനെ; ആകെ കുഴപ്പമാകുമല്ലോ..'

അസീം അര്‍ധോക്തിയില്‍ നിര്‍ത്തി.

'എന്താടാ?'

'എന്റെ പെങ്ങളെ കല്യാണം തീരുമാനിച്ചിരിക്കുകയാണ്. നിക്കാഹിനു ഇനി രണ്ടാഴ്ചയേയുള്ളു. ആഭരണം ഒന്നും എടുത്തിട്ടില്ല. എന്റെ കയ്യിലാണെങ്കില്‍ നയാപൈസയുമില്ല. ഞാനീ വര്‍ക്ക് ഏറ്റെടുത്തതുതന്നെ അത് മുന്നില്‍ക്കണ്ടാ..'

സുല്‍ത്താന്‍ മുഹമ്മദ് വിറളിപൂണ്ടു.

'എടാ ഈ സുല്‍ത്താന്‍ ഒരു വാക്ക് പറഞ്ഞാ വാക്കാ.. നിന്റെ പെങ്ങളെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം. പോരേ..?'

'പോരാ!'

മടിച്ചു മടിച്ചു അസീം ചേരാനെല്ലൂര്‍ പറഞ്ഞു.

'ബാപ്പയ്ക്ക് മൂന്നു നാള്‍ ഇടവിട്ട് ഡയാലിസിസ് ഉണ്ട്. ഞാനാ കൊണ്ടുപോകുന്നേ..'-സുല്‍ത്താന്‍ പറഞ്ഞു.

'അതും ഞാനേറ്റു.. ബാപ്പയെ മെഡിക്കല്‍ ട്രസ്റ്റില്‍ കൊണ്ടുപോകാന്‍ നമ്മുടെ പഴയ കമ്പനി പുതുപ്പള്ളി ഫിറോസിനോട് പറയാം.. അവനാണെങ്കില്‍ ഇപ്പോള്‍ തൊഴിലൊന്നുമില്ലാതെ ചൊറീം കുത്തി ഇരിക്കുകയാണ്.'

ഇത്രയും കേട്ടിട്ടും മതിയാവാത്തവനെ പോലെ അസീം നിന്ന് പരുങ്ങുമ്പോള്‍ സുല്‍ത്താന്‍ മുഹമ്മദ് പറഞ്ഞു.

'നീ അതൊക്കെ എനിക്ക് വിട്ടേര്.. എന്റെ വീടുപോലെ നിന്റെ വീട് ഞാന്‍ നോക്കും.. പിന്നെ നീയവിടെ സ്ഥിരതാമസത്തിനൊന്നുമല്ലല്ലോ പോകുന്നത്. വെട്ടുകൊണ്ട പയ്യന് ദോഷമൊന്നും വന്നില്ലെങ്കില്‍ പതിനഞ്ചു ദിവസം കഴിയുമ്പോള്‍ നീ പൊറത്താടാ ഉവ്വേ.. നമ്മുടെ സ്ഥിരം വക്കീല് പടിഞ്ഞാറ്റുമുറി സാറിനോട് ഞാനെല്ലാം പറഞ്ഞു ഏര്‍പ്പാടാക്കിയിട്ടുണ്ട്..'

ആ ഉറപ്പില്‍ അസീം വീട്ടിലേക്കു പോയി, ഉമ്മയോട് മാത്രം കാര്യം പറഞ്ഞു.

ഉമ്മ ചോദിച്ചു, 'നീ അയാളെ ശരിക്കും വെട്ടിയോ?'

'ഉം'

ഉമ്മ ഉറക്കെ കരയാന്‍ തുടങ്ങി.

'ന്റെ കുടുംബത്തിലൊരുത്തന്‍ ജയിലില്‍ കിടന്നിട്ടില്ല. നീയായിട്ട് അതും തെറ്റിച്ചല്ലോ അസീമേ.. !'

തൊട്ടടുത്ത വീടുകളിലെ സ്ത്രീകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയപ്പോള്‍ അസീം പുറത്തിറങ്ങി നടന്നു.

വൈകുന്നേരം അസീം ചേരാനല്ലൂര്‍ എസ് ഐ ബാബു സേനനെ ഫോണില്‍ വിളിച്ചു.

'സാറേ ഞാനാ.. ആ അശോക് മേനോനെ വെട്ടിയ അസീം.... സുല്‍ത്താന്‍ പറഞ്ഞിട്ട് വിളിക്ക്യാണ്!'

ആരെയോ പുളിച്ച തെറി പറയുന്നതിനിടെ എസ് ഐ ബാബു സേനന്‍ തിരുവനന്തപുരം സ്‌റ്റൈലില്‍ രണ്ടുമൂന്നു ഡയലോഗ് അസീം ചേരാനല്ലൂരിന്റെ ഫോണിലേക്കും പറഞ്ഞു.

ഇത്രയൊക്കെ പദാവലികള്‍ എസ് ഐ ട്രെയിനിങ് ക്യാമ്പില്‍ വച്ചു പറഞ്ഞു പഠിപ്പിക്കുന്നതാരാണെങ്കിലും അവന്‍ വലിയ പുള്ളിയായിരിക്കണം.

എസ് ഐ ബാബു സേനന്‍ ചോദിച്ചു, 'അസീമേ, താനിപ്പോ എവിടെയാ നില്‍ക്കുന്നത്?'

'പള്ളിമുക്കില് രാജേന്ദ്രമൈതാനത്ത് സാറേ..'

അസീം വിറയലോടെ എന്ന വിധം പറഞ്ഞു.

എസ് ഐ പറഞ്ഞു, 'താനവിടെത്തന്നെ നില്ക്കു. ഒരു പത്തു മിനിട്ട്.. ഞാനിതാ എത്തി'

എസ് ഐ ഫോണ്‍ കട്ട് ചെയ്ത് ശേഷം, ആ വഴി കടന്നു പോയ ടൂറിസ്റ്റ് ബസ്സില്‍ കയറി നാട് വിട്ടാലോ എന്ന് അസീം ആലോചിച്ചു. അങ്ങോട്ടു ചെന്നു കീഴടങ്ങിയത് ആണെങ്കിലും നാളെ പത്രത്തില്‍ വരുമ്പോള്‍ അശോക് മേനോനെ വെട്ടിയ വാടകഗുണ്ട അസീം ചേരാനല്ലൂരിനെ പോലീസ് ഓടിച്ചിട്ടുപിടിച്ചു എന്നൊക്കെയെ പത്രത്തില്‍ വരൂ. പോലീസ് പത്രസമ്മേളനത്തില്‍ അങ്ങനെയേ അവതരിപ്പിക്കൂ.

വീണ്ടും ഫോണടിച്ചപ്പോള്‍ ബാബുസേനന്‍ സാറാണെന്നാണ് അസീം കരുതിയത്. എടുത്തപ്പോള്‍ കൂട്ടുകാരന്‍ ബിനോയിയാണ്.

'എടാ അസീമേ, നീയറിഞ്ഞില്ലേ..നീ വെട്ടിയ ആ അശോക് മേനോനില്ലേ അവന്‍ ചത്തു. നിന്റെ വെട്ട് വാരിയെല്ല് തകര്‍ത്ത് അവന്റെ കരളും കിഡ്‌നീം കുടലും വരെ ചെന്നെത്തിയത്രെ. മൂന്ന് ഓപ്പറേഷന്‍ ചെയ്തു. ഒരുപാട് കുപ്പി ചോര കേറ്റി. ഡോക്ടര്‍മാര്‍ക്ക് രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.. പതിനൊന്നു ദിവസം പ്രായമായ പെണ്‍കൊച്ചിനും അതിന്റെ തള്ളക്കും ആരുമില്ലാണ്ടായി...'

തല മരവിച്ചപോലെ അസീം രാജേന്ദ്രമൈതാനത്തിന്റെ മതില്‍ക്കെട്ടില്‍ പിടിച്ചു നിന്നു.

'എടാ നീയിനി ഇവിടെ നില്‍ക്കണ്ട. വേഗം സ്ഥലം വിട്ടോ. വല്ല ഗോവക്കോ, നൈനിറ്റാളിനോ വിട്ടോ.. പോലീസിന്റെ കയ്യില്‍ കിട്ടിയാല്‍ അവര് നിന്നെ ചതയ്ക്കും. കൊലപാതകക്കേസാ ഇത്.'

ശരീരം തളരുന്നതായി തോന്നിയപ്പോള്‍ അസീം രാജേന്ദ്രമൈതാനത്തെ കരിങ്കല്‍ക്കെട്ടിലേക്ക് ചാരിയിരുന്നു.

തളര്‍ന്ന സ്വരത്തില്‍ അസീം പറഞ്ഞു, 'സുല്‍ത്താന്‍ പറഞ്ഞിട്ട് ഞാനാ എസ് ഐ ബാബുസേനന്‍ സാറിനെ വിളിച്ചു കാര്യം പറഞ്ഞു.. അങ്ങേര് ഇപ്പൊ ഇവിടെത്തും.'

അപ്പുറത്തുനിന്നും ബിനോയ് നല്ല തെറി പറഞ്ഞു.

'ആ ********#***പറഞ്ഞത് കേട്ട് നീ ഏടാകൂടത്തില്‍ ചെന്നു ചാടി. ഇപ്പോള്‍ അവന്‍ പറഞ്ഞിട്ട് തലയും വച്ചുകൊടുത്തിരിക്കുന്നു. എടാ അയാള്‍ക്കൊന്നും പോവാനില്ല. പോവാനുള്ളത് മുഴുവന്‍ നിനക്കാ. നിന്നെ മാത്രം ആശ്രയിക്കുന്ന ഒരു കുടുംബം. നിനക്ക് ഇരുപത്തിനാല് വയസ്സേ ആയിട്ടുള്ളു അസീമേ. ജീവിച്ചു തുടങ്ങിയിട്ടില്ല.. ഇനി നില്‍ക്കണ്ട.. വേഗം രക്ഷപ്പെട്ടോ..'

ബിനോയ് ഫോണ്‍ കട്ട് ചെയ്തതാണോ കട്ടായി പോയതാണോ എന്നൊന്നും അസീം ചേരാനെല്ലൂരിനപ്പോള്‍ മനസ്സിലായില്ല. അതേപ്പറ്റി കൂടുതല്‍ ചിന്തിക്കാനുള്ള സമയവും ഉണ്ടായിരുന്നില്ല.

രക്ഷപ്പെടുന്നതാണ് ബുദ്ധി. എവിടെയെങ്കിലും ചെന്ന് അധ്വാനിച്ചു ജീവിക്കും. ഉമ്മയ്ക്കും ബാപ്പയ്ക്കും പെങ്ങള്‍ക്കും ജീവിക്കാനുള്ള പണം സമ്പാദിച്ചു അയച്ചു കൊടുക്കും.

അസീം ചേരാനല്ലൂര്‍ ഒറ്റ ഓട്ടമായിരുന്നു. രാജേന്ദ്രമൈതാനത്തിന്റെ റോഡിലേക്ക് കയറുന്ന പടികളിലെത്തിയപ്പോള്‍ പോലീസ് ജീപ്പ് മുന്നില്‍. തന്നെ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും എസ് ഐ ബാബുസേനന്‍ സാറ് തന്നെ തിരിച്ചറിഞ്ഞു.

'പിടിയവനെ!'

നാലഞ്ചു പോലീസുകാര്‍ ജീപ്പില്‍ നിന്ന് ചാടിയിറങ്ങി പിറകെ ഓടുന്നത് ഒരു വൈഡ് ആംഗിള്‍ ഷോട്ടുപോലെ അസീം കണ്ടു.

തിരിഞ്ഞു നോക്കാതെ ആളുകള്‍ക്കിടയിലൂടെ, വാഹനങ്ങള്‍ക്കിടയിലൂടെ അസീം ചേരാനല്ലൂര്‍ പാഞ്ഞു.

ആ പാച്ചിലിനിടയില്‍ മഹാരാജാസിലെ ബി കോം വിദ്യാര്‍ത്ഥിനി ഷാനിമോള്‍ അഹമ്മദിനെയും കണ്ടു. കൂട്ടുകാരികള്‍ക്കൊപ്പം റോഡുമുറിച്ചു കടക്കുകയായിരുന്നു അവള്‍. അവളും കണ്ടു ഒരുനോക്ക്.. എന്തിനാണ് അവന്‍ ഓടുന്നതെന്ന് ആദ്യമവള്‍ക്ക് മനസിലാവാത്തതിനാല്‍ 'ഏയ് 'എന്നു വിളിച്ചു. അപ്പോഴേക്കും പിറകെ ഓടിയെത്തിയ പോലീസുകാരന്‍ അവളെ തള്ളിവീഴ്ത്തി. അവള്‍ക്കെന്തെങ്കിലും പറ്റിയോ എന്നു ചോദിക്കാനുള്ള മാന്യത പോലും പോലീസുകാര്‍ കാണിച്ചില്ല. അവളുടെ വലതു കൈമുട്ടില്‍ കുറച്ചു പോറലേറ്റു എന്നതൊഴിച്ചാല്‍ കുഴപ്പമൊന്നുമില്ല.

വല്ല ബസും ഇപ്പോള്‍ വന്ന് തന്നെ ഇടിച്ചെങ്കിലെന്നു ആ ഓട്ടത്തിനിടയില്‍ അസീം ചേരാനല്ലൂര്‍ ആഗ്രഹിച്ചു. പക്ഷെ നേരെ മുന്നില്‍ വന്നുപെട്ടത് ഒരു ബൈക്കാണ്. അതില്‍ മുന്‍സീറ്റില്‍ ഒരു കുട്ടിയും ബാപ്പയും ഉമ്മയും ഉമ്മയുടെ കയ്യില്‍ ഒരു കൈക്കുഞ്ഞും. താനൊന്നുകൂടി വേഗത കൂട്ടിയിരുന്നെങ്കില്‍ തന്റെ ദേഹത്തിടിച്ചു ബൈക്ക് മറിഞ്ഞു വീണേനെ. മുന്നിലിരിക്കുന്ന പെണ്‍കുട്ടിയുടെ മുഖം കണ്ടപ്പോള്‍ അസീം ചേരാനല്ലൂരിന് അനുജത്തിയും താനും ചെറുപ്പമായിരുന്ന കാലമാണ് ഓര്‍മവന്നത്. അതുകൊണ്ട് നേട്ടമുണ്ടായത് പോലീസിനാണ്. പോലീസുകാരന്‍ അസീം ചേരാനല്ലൂരിന്റെ കോളറിന് തന്നെ പിടികൂടി. പള്ളിമുക്ക് ഒരു നിമിഷം കൊണ്ട് ജനസമുദ്രമായി. മൊബൈല്‍ ക്യാമറകള്‍ ശ്വാസമടക്കി ആ കാഴ്ച കണ്ടു.

മൂന്ന്

പതിനാലു ദിവസം റിമാന്റില്‍. കുറച്ചുനാള്‍ കഴിഞ്ഞ് വിചാരണ. കൊലപാതകം വ്യക്തി വിരോധം കാരണം. വിചാരണയില്‍ ജീവിതത്തില്‍ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്തവര്‍ വന്നു സാക്ഷി പറഞ്ഞു. അശോക് മേനോന്‍ കൊലക്കേസില്‍ എട്ടുവര്‍ഷം തടവായിരുന്നു ശിക്ഷ. പ്രായം കണക്കിലെടുത്തു ചെറിയൊരു ഇളവ്.

വിചാരണ ദിവസങ്ങളില്‍ രണ്ടു മൂന്നു തവണ സുല്‍ത്താന്‍ കോടതിയില്‍ ഹാജരായി. ജില്ലാ ജയിലിലായ ശേഷം ഒരിക്കല്‍ വന്നു. അന്ന് സുല്‍ത്താന്റെ കണ്ണു നിറഞ്ഞിരുന്നു. ഇവിടെ ഇന്ന് കിടക്കേണ്ടത് ഞാനാണെന്നൊക്കെ പറഞ്ഞു കരഞ്ഞു. ഒടുവില്‍ അസീം സുല്‍ത്താനെ സമാധാനിപ്പിക്കേണ്ടിവന്നു.

നിന്റെ മുഖം കണ്ടാല്‍ ഞാന്‍ കരഞ്ഞുപോവും എന്നുപറഞ്ഞുപോയ സുല്‍ത്താന്‍ പിന്നീട് ജില്ലാ ജയിലില്‍ വന്നില്ല.

ഒരുതവണ ഉമ്മ വന്ന് ജയിലില്‍ സീനുണ്ടാക്കി. ഇനി ഒരിക്കലും ജയിലിന്റെ പടി കേറിപ്പോകരുതെന്നു പറഞ്ഞു വഴക്കുണ്ടാക്കിയാണ് അസീം ചേരാനല്ലൂര്‍ ഉമ്മയെ പറഞ്ഞയച്ചത്.

ആരും വരാതിരുന്നപ്പോള്‍ അസീമിന് തെല്ലൊരാശ്വാസം തോന്നി.

ജയിലില്‍, സെല്ലില്‍ കിടക്കുന്ന നാലഞ്ചു സുഹൃത്തുക്കളെ കിട്ടി. തൃക്കാക്കരക്കാരന്‍ മുരളി, പാലക്കാടുനിന്ന് റാഫി, സ്വന്തം നാട്ടുകാരന്‍ എന്നു പറയാവുന്ന അടുത്ത ദേശക്കാരന്‍ രാമകൃഷ്ണന്‍. എല്ലാവരും ഏകദേശം സമപ്രായക്കാര്‍. രാമകൃഷ്ണന്‍ ഒരു കുത്തുകേസില്‍ ജയിലില്‍ ആയതാണ്. ഷാനിമോളുടെ കുടുംബത്തെ ഒക്കെ അവനറിയാം. അവളുടെ ബാപ്പ അഹമ്മദ് എന്തിനും പോന്നവനാണ്. ചെറിയ രാഷ്ട്രീയമുള്ള രാമകൃഷ്ണന് ഇടയ്ക്കിടെ പരോള്‍ കിട്ടും. കിട്ടിയാല്‍ നാട്ടില്‍ പോയി അടിച്ചുപൊളിച്ചാണ് അവന്റെ വരവ്.

ഒരു രാത്രി രാമകൃഷ്ണന്‍ പറഞ്ഞു

'എടാ അസീമേ, നീ വിചാരിക്കുന്നതുപോലൊന്നുമല്ല ലോകം. നേരെ നോക്കി നില്‍ക്കുമ്പോഴേ പെണ്ണിന് പ്രണയമുള്ളൂ. നീ അവിടെനിന്നും മാറി നിന്നുനോക്ക്.. ആ ഗ്യാപ്പില്‍ അവള്‍ വേറൊരാളെ കൊണ്ടുവരും. പോരാത്തതിന് ഷാനിമോളുടെ ബാപ്പ കൊച്ചിയിലെ പേരുകേട്ട പണക്കാരന്‍. അയാള്‍ മറ്റൊരുത്തനെ കണ്ടെത്തി അവളുടെ നിക്കാഹിപ്പോ നടത്തിയിട്ടുണ്ടാവും.'

കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ അസീം കിടന്നു.

രാത്രിയായിരുന്നു. വിളക്കണയാത്തതിനാല്‍ ഇരുള്‍ വന്നതും പോയതുമൊന്നും അസീം അറിഞ്ഞില്ല.

രാമകൃഷ്ണന്‍ പറഞ്ഞു.

'എടാ, ഞാന്‍ പറഞ്ഞത് കേട്ട് നീ വിഷമിക്കുകയൊന്നും വേണ്ട. കാര്യങ്ങളുടെ കിടപ്പു പറഞ്ഞെന്നേയുള്ളൂ. നിനക്കവളെ അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ അടുത്ത പ്രാവശ്യം പരോളില്‍ പോകുമ്പോള്‍ ഞാനൊന്നുപോയി തിരക്കാം. നിന്റെ വീട്ടിലും പോവാം. ഉപ്പയുടെയും ഉമ്മയുടെയും കാര്യങ്ങളൊക്കെ ഒന്നറിയാമല്ലോ.'

അന്ന് അസീം ചേരാനല്ലൂര്‍ സമാധാനത്തോടെ ഉറങ്ങി. പുതുതായി പണിയിച്ച വാള്‍. ഒറ്റവെട്ട്. ആശുപത്രി. മരണം. പ്രേതം. നിന്നെ ഞാന്‍ വെറുതെ വിടില്ല. അശോക് മേനോന്‍. ഒരു ഇരുപതുകാരി. കൈക്കുഞ്ഞ്.

ജയിലര്‍ സെല്ലിന് പുറത്തുനിന്നു ആക്രോശിക്കുന്നു.

രാത്രി രണ്ടുമണി കഴിഞ്ഞ നേരത്ത് ചിന്തയെന്ന കനത്ത ചിലന്തിവല പൊട്ടിച്ചു അസീം പുറത്തെ വെളിച്ചത്തിലേക്ക് നോക്കി. ഗാര്‍ഡ് ഷിബു അലക്‌സ് ഉറങ്ങാതെ മുറ്റത്ത് ഉലാത്തുന്നു.

നാല്

മെഡിക്കല്‍ ട്രസ്റ്റിന്റെ മൂന്നാം നിലയില്‍ നിന്ന് പുറപ്പെടുന്ന ലിഫ്റ്റില്‍ കയറി താഴത്തയില്‍ അസൈനാരുടെ മൃതദേഹം താഴെയിറക്കി. താഴെ പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സിലേക്ക് ആളുകള്‍ ശരീരം എടുത്തു കയറ്റി. ഭാര്യ ഖദീജയും മകള്‍ ആഷിയാനയും കയറി.

ഡോക്ടര്‍ എഴുതിക്കൊടുത്ത ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഡ്രൈവര്‍ സുല്‍ഫിക്കര്‍ ഖദീജയുടെ കയ്യില്‍ കൊടുത്തു. അസൈനാര്‍, അറുപത്തിരണ്ടു വയസ്സ്, താഴത്തയില്‍. കോസ് ഫോര്‍ ഡെത്ത്.. കിഡ്‌നി ഫെയ്ല്യര്‍.

ആംബുലന്‍സ് നീങ്ങി.

വൈകുന്നേരം ആറുമണിയോടെ വീട്ടില്‍ നിന്നും ഒരു മൈല്‍ ദൂരെയുള്ള ഖബര്‍സ്ഥാനില്‍ അസൈനാര്‍ ഇടം കണ്ടെത്തി. ജനം പിരിഞ്ഞു പോയി. അയല്‍വീടുകളിലെ ചില ആളുകള്‍ വന്നും പോയുമിരുന്നു.

പിറ്റേന്ന് രാവിലെ ഒരു ഏഴര മണി നേരത്ത് സുല്‍ത്താന്‍ മുഹമ്മദ് പ്രത്യക്ഷപ്പെട്ടു. ആളുകള്‍ ഉണ്ടായിരുന്നതുകൊണ്ട് ഖദീജ അയാളോടൊന്നും പറഞ്ഞില്ല. കുറച്ചു നേരം നിന്നിട്ട് സുല്‍ത്താന്‍ മുഹമ്മദ് തന്റെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്കില്‍ കയറി ഓടിച്ചുപോയി.

ബാപ്പയുടെ മരണം അസീം അറിയുന്നത് ജയില്‍ സൂപ്രണ്ട് രാജപ്പന്‍ നായര്‍ ഔദ്യോഗികമായി വന്നു അറിയിച്ചപ്പോഴാണ്. സുല്‍ത്താന്‍ വിചാരിച്ചിട്ട് ബാപ്പയെ രക്ഷിക്കാന്‍ പറ്റിയിരിക്കില്ല. വാക്കുമാറ്റുന്നവനല്ല സുല്‍ത്താന്‍.

രണ്ടുപേര്‍ മാത്രമായപ്പോള്‍ രാമകൃഷ്ണന്‍ പറഞ്ഞു

'എടാ ഞാനൊരു കാര്യം പറയാം. കൊട്ടെഷന്‍ പാര്‍ട്ടീസിനെ നിനക്കറിയാഞ്ഞിട്ടാ.. ജയിലില്‍ പോകുമ്പോള്‍ നിന്നെ ഞാന്‍ രക്ഷിച്ചോളാമെന്നൊക്കെ വല്ല്യ മൂച്ചു പറയും. പിന്നെ അവന്മാര് തിരിഞ്ഞു നോക്കത്തില്ല. രാഷ്ട്രീയക്കാരുടെ തനി സ്വഭാവം.'

'അങ്ങനെയാണേല്‍ അവനിനി ഫോര്‍ട്ടുകൊച്ചീ പുളയ്ക്കത്തില്ല മച്ചാനെ.'-അസീം ചേരാനല്ലൂര്‍ പറഞ്ഞു.

'ഇവിടെ കിടന്നോണ്ട് നീ എന്തോ ചെയ്യും? കുത്തുവോ? അതോ ക്വട്ടെഷന്‍ കൊടുക്കുവോ? ഏതായാലും കിടന്നോ.. നേരം വെളുക്കട്ടെ.. ഫോര്‍ട്ടിലെന്റെ ഒരു കമ്പനിക്കാരനുണ്ട്. സൈമണ്‍.. അവനെ ഒന്നു വിളിച്ചു നോക്കാം..'

പിറ്റേന്ന് രാമകൃഷ്ണന്‍ ജയില്‍ സൂപ്രണ്ടിന്റെ കാലുപിടിച്ചിട്ടാണ് ഒന്ന് ഫോണ്‍ ചെയ്യാന്‍ സമ്മതിച്ചത്. സത്യം തന്നെ പറഞ്ഞു. അസീമിന്റെ കുടുംബത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയാനാണെന്ന്.

'അറിഞ്ഞിട്ട് നീയൊക്കെ എന്നാ ചെയ്യാനാ. രാത്രി ജയില്‍ ചാടാനോ മറ്റോ ആണ് പരിപാടിയെങ്കില്‍ രണ്ടിനേം തീര്‍ക്കും ഞാന്‍ പറഞ്ഞേക്കാം..!'

സൈമണ്‍ ഫോര്‍ട്ടുകൊച്ചിക്ക് സുല്‍ത്താന്‍ മുഹമ്മദിനെ അറിഞ്ഞുകൂടാ. ബുള്ളറ്റ് നമ്പറും ആളുടെ വയസ്സും നിറവുമൊക്കെ രാമകൃഷ്ണന്‍ വിവരിച്ചു കൊടുത്തു.

നന്ദി പറഞ്ഞു പോരുമ്പോള്‍ സൂപ്രണ്ട് ചോദിച്ചു.

'ജയിലിലെ ഫോണില്‍ നിന്നും വിളിച്ചു കൊട്ടെഷന്‍ കൊടുത്തതിന്റെ പേരില്‍ ചരിത്രത്തില്‍ ആദ്യമായി സൂപ്രണ്ട് തൂങ്ങുവോടോ?'-രാമകൃഷ്ണന്‍ പറഞ്ഞു.

'സാറൊന്ന് ചുമ്മാതിരി സാറേ. ഇതിവന്റെ വീട്ടിലെ വിവരമറിയാന്‍ ഒരു കൂട്ടുകാരനെ ഏല്‍പ്പിച്ചതാ.'

പിന്നെ സൂപ്രണ്ട് ഒന്നും മിണ്ടിയില്ല. അങ്ങനെയുമാകാമല്ലോ.'

അഞ്ച്

അന്നേക്ക് രണ്ടുവര്‍ഷം കഴിഞ്ഞിരുന്നു അസീം ജയിലില്‍ ആയിട്ട്. സൈമണ്‍ സുല്‍ത്താന്‍ മുഹമ്മദിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചിട്ട് ഒരു മാസവും.

സൈമണ്‍ പറഞ്ഞു.

'നീ പറഞ്ഞ സുല്‍ത്താന്‍ ഇപ്പൊ അവിടില്ല. അങ്ങേര് കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണിനേം അടിച്ചോണ്ട് നാടുവിട്ടത്രേ. അങ്ങോര്‍ക്ക് നാല്‍പ്പത്തഞ്ചും പെണ്ണിന് പത്തൊമ്പതുമാണത്രെ. നാട്ടിലുണ്ടെന്നാ കേള്‍ക്കുന്നത്. കുട്ടനാട്ടില്, രാമങ്കരിയില്. അസീമിന്റെ വീട്ടിലെ കാര്യോം തിരക്കി. വല്ല്യ കഷ്ടപ്പാടാ. പെങ്ങടെ കല്യാണം മുടങ്ങി. പെങ്ങള് ഒരു ടെയ്‌ലറിങ് ഷോപ്പില്‍ പണിക്ക് പോകുന്നുണ്ട്. ഉമ്മ വീണ് കൈയൊടിഞ്ഞു വീട്ടീതന്നെ. വീടൊക്കെ ഒരു കാറ്റടിച്ചാല്‍ വീഴും എന്ന നിലയ്ക്കാ..'

പരുന്തുകള്‍ കൂവുന്ന ശബ്ദം ഫോണിലൂടെ കേള്‍ക്കാം. മതി പിന്നെ സംസാരിക്കാം എന്നു പറഞ്ഞു രാമകൃഷ്ണന്‍ ഫോണ്‍ വച്ചു.

രാത്രി കിടക്കുമ്പോഴാണ് രാമകൃഷ്ണന്‍ ഇതെല്ലാം പറഞ്ഞത്.

അസീം ചീറി: 'എന്നെ പറ്റിച്ച ആ പന്നി! അവനെ കുടുംബത്തോടെ തീര്‍ക്കും ഞാന്‍!'

രാമകൃഷ്ണന്‍ പറഞ്ഞു, 'എടാ, അസീമേ, നീയൊന്നടങ്ങ്. നിന്റെ കുടുംബത്തെ വഴിയാധാരമാക്കിയിട്ടാണ് അവന്‍ സുഖിക്കുന്നതെങ്കില് അവന്‍ അധികം സുഖിക്കുകേല നീ കണ്ടോ.'

'ആരാടാ ഒച്ചയെടുക്കുന്നത്?'വാര്‍ഡന്‍ സുനില്‍കുമാര്‍ ശബ്ദം ഉയര്‍ത്തി.

ദൂരെ ആകാശത്ത് മുഴുവട്ടത്തില്‍ ചന്ദ്രന്‍. നിലാവുണ്ടായിരുന്നു.

ഉറക്കം വരാതെ അസീം എഴുന്നേറ്റിരുന്നു. ഒരിക്കലും വൈദ്യുതി അണയാത്ത മുറ്റത്തേക്ക് നോക്കി കുറേനേരമിരുന്നു.

ഒടുവില്‍ രാമകൃഷ്ണന്‍ പറഞ്ഞു.

'അസീമേ, അവന്റെ ഡീറ്റെയില്‍സ് പൊക്കാന്‍ ഞാന്‍ സൈമണിനോട് പറഞ്ഞിട്ടുണ്ട്. അവന്‍ വിവരം തരും വരെ നമുക്ക് കാക്കാം.' അതാണ് ശരിയെന്ന് അസീമിന് തോന്നി.

അവന്‍ വിരിപ്പില്‍ മലര്‍ന്നു കിടന്നു. മുകളിലെ കോണ്‍ക്രീറ്റു ചുമരിലെ പല്ലി തലകീഴായി നടക്കുന്നത് നോക്കി. പുറത്ത് മഴ പെയ്യുന്നു. മിന്നലുകള്‍ മച്ചിന്റെ മുകളിലെ പല്ലികളെ ഭയപ്പെടുത്തി. ഒരു തണുത്ത കാറ്റ് ഉറക്കത്തെ കണ്ണിലേക്കു അടിച്ചുകയറ്റി മുറിവിട്ടുപോയി.

ആറ്

തുടര്‍ച്ചയായുള്ള ഫോണ്‍ വിളികള്‍ ജയില്‍ അധികാരികള്‍ക്ക് സംശയം ഉണ്ടാക്കുമെന്ന ഭയത്താലാവണം സൈമണ്‍ ഫോര്‍ട്ടുകൊച്ചി ഒരു കത്തെഴുതി അയക്കുകയായിരുന്നു. സെല്ലിന് മുന്നിലെ വരാന്തയിലിരുന്നു രാമകൃഷ്ണന്‍ എഴുത്ത് വായിച്ചു.

രാമകൃഷ്ണന്,

നീ പറഞ്ഞതുപോലെ സുല്‍ത്താനൊരു ചതിയനാണ് രാമകൃഷ്ണാ. അയാള്‍ അസീമിനെ ചതിക്കുകയായിരുന്നു. അയാള്‍ ഒരു പത്തൊമ്പതുകാരി പെണ്ണിനെ അടിച്ചോണ്ട് പോയെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ? ആ പെണ്ണ് അസീം പ്രേമിച്ചിരുന്ന ഷാനിമോളാണെടാ. അവളുടെ വീട്ടുകാര് കട്ട എതിരായിരുന്നു. അവളുടെ ബാപ്പയും ആങ്ങളമാരും അയാളെ കൊല്ലാന്‍ ജീപ്പുമെടുത്ത് കുട്ടനാട്ടില്‍ വന്നുപോയി. പക്ഷെ സുല്‍ത്താന്‍ അവരെ കണ്ട് മുങ്ങിക്കളഞ്ഞത്രേ. നേരെ കയ്യില്‍ കിട്ടിയിരുന്നേ ചോര വീഴുമായിരുന്നുമത്രെ. അവളും ചതിയത്തിയാടാ... അയാളെ ഉപേക്ഷിച്ചുവരാന്‍ അവള് തയ്യാറല്ലെന്ന് അവളുടെ ബാപ്പയോടും ആങ്ങളമാരോടും അവള്‍ നേരിട്ട് പറഞ്ഞു. എന്നാല്‍ ഇവളെ ചെനക്കലെ ഖബറില്‍ താഴ്ത്തിയതായി ഞങ്ങള്‍ കരുതിക്കോളാമെന്ന് അവളുടെ ബാപ്പ നാട്ടുകാരുടെ മുന്നില്‍ വച്ചു പറഞ്ഞു. ഒരു കോളനീലെ വച്ചുകെട്ടിയ ഷെഡിലാണത്രെ അവന്റേം അവളുടേം താമസം. നിന്റെ കൂട്ടുകാരനെ ചതിച്ചതിന് അവള്‍ക്ക് ദൈവം കൊടുക്കാന്‍ തുടങ്ങിയതേയുള്ളു.

നിനക്കും കൂട്ടുകാര്‍ക്കും സുഖമെന്ന് കരുതുന്നു.

സ്‌നേഹത്തോടെ

സൈമണ്‍

ഫോര്‍ട്ടുകൊച്ചി

രാമകൃഷ്ണന്‍ പറഞ്ഞു:

'എടാ, നിന്നെ കേസില്‍ കുടുക്കിയത് അയാള് മനപ്പൂര്‍വമാ. അല്ലെങ്കില്‍ വെട്ടിയവനോടുതന്നെ വെട്ടേറ്റവനെയും കൊണ്ട് ആശുപത്രീല്‍ പോവാന്‍ ആരെങ്കിലും പറയുമോ. നീ ജയിലിലായിട്ടു വേണം അയാള്‍ക്ക് നിന്റെ പെണ്ണിനെ തട്ടിയെടുക്കാന്‍. അയാള് പറഞ്ഞതുപോലെ നീ ചെയ്തും കൊടുത്തു. അയാളവിടെ ജയിച്ചു. നിന്നോട് പിടികൊടുക്കാന്‍ പറഞ്ഞതും സുല്‍ത്താനല്ലേ. എസ് ഐ യെ നീ ഉള്ളിടത്തേക്ക് വിളിച്ചു വരുത്താന്‍ നിനക്ക് എസ് ഐ യുടെ മൊബൈല്‍ നമ്പര്‍ തന്നതും അയാള്. ഇതൊക്കെ വച്ച് നോക്കുമ്പോള്‍ ഇതിലെന്തോ ചതിയുണ്ടെന്ന് നിനക്ക് തോന്നണമായിരുന്നു. നിന്റെ മണ്ടന്‍ തലയില് അതെട്ടു ഉദിച്ചതുമില്ല. അല്ല നിന്നേം പറഞ്ഞിട്ട് കാര്യമില്ല. ഇങ്ങനെ ഒക്കെ അഭിനയിച്ചാല്‍ ആരായാലും വിശ്വസിച്ചു പോവും. പക്ഷെ വിടരുതവനെ. മൂന്നുമൂന്നര കൊല്ലം കൂടരഞ്ഞി പള്ളിപ്പെരുന്നാളിന് വിടുന്ന വാണം പോലങ്ങു പോകും. പുറത്തിറങ്ങീട്ട് അവനെ അങ്ങു തീര്‍ത്തേക്കണം.. അപ്പോള്‍ ചെലപ്പോ

അവള്‍ക്കും അവനും നാലോ അഞ്ചോ വയസ്സുള്ള ഒന്നോ രണ്ടോ പിള്ളേരുമായിട്ടുണ്ടാവും. ഒന്നും നോക്കരുത്. അവനെ അങ്ങു വെട്ടിയരിഞ്ഞേക്ക്..'

സൈമണ്‍ ഫോര്‍ട്ടുകൊച്ചി അയച്ച അടുത്ത കത്തില്‍ സുല്‍ത്താന്റെയും ഷാനിമോളുടെയും ജീവിതത്തെപ്പറ്റി കൂടുതല്‍ വിവരങ്ങളുണ്ടായിരുന്നു. സുല്‍ത്താന്റെ അമ്മയുമായി ഷാനിമോള്‍ നിരന്തരം വഴക്കാണത്രെ. കഴിഞ്ഞ മാസം അടുത്ത വീട്ടുകാര്‍ രാത്രി ഒരു നിലവിളി കേട്ട് ഓടിച്ചെന്നു. സുല്‍ത്താനും ഉമ്മയും ചേര്‍ന്ന് ഷാനിമോളെ മര്‍ദ്ദിക്കുകയായിരുന്നു. അവളുടെ കണ്ണൊക്കെ തല്ലുകൊണ്ട് കലങ്ങിയിരുന്നു.. അവരുടെ അയല്‍ക്കാരന്‍ കുര്യാക്കോസ് പറഞ്ഞു കേട്ടതാണ്.

രാമകൃഷ്ണന്‍ പറഞ്ഞു, 'അവള്‍ക്ക് ദൈവം കൊടുത്തു തുടങ്ങിയെടാ, നിന്നോടും നിന്റെ കുടുംബത്തോടും ചെയ്തതിന്.'

അസീം പറഞ്ഞു, 'എന്നാലും അവളൊരു പാവമാ.. അങ്ങേര് എന്തോ പറഞ്ഞു മയക്കിയെടുത്തതായിരിക്കും.'

രാമകൃഷ്ണന് ദേഷ്യം വന്നു.

'എടാ ചങ്കേ. ഇത് ജില്ലാജയിലിന്റെ മുറ്റമാണെന്നും നീ എന്റെ ചങ്കാണെന്നൊന്നും ഞാന്‍ നോക്കുകേല.. കൈക്കോട്ട് തലയ്ക്കു വച്ചു വീക്കും ഞാന്‍. ഒരു സെന്റിമെന്റ്‌സ്. അവള് നശിച്ചവളാടാ.****#** എന്നെയെങ്ങാനുമാണ് അവള് ഇങ്ങനെ ചതിച്ചേച്ചു പോയതെങ്കില്‍ അവളിപ്പോ ജീവിച്ചിരിപ്പുണ്ടാവുകേലാ.!'

അസീം ഒന്നും പറയാന്‍ പോയില്ല. വല്ലതും മറുത്തുപറഞ്ഞാല്‍ രാമകൃഷ്ണന്റെ സ്വഭാവം മാറും. ദേഷ്യം വരുമ്പോള്‍ അവന്റെ ശബ്ദം ഉയരും.. പോലീസുകാര്‍ ശ്രദ്ധിക്കും.

പിറ്റേന്ന് രാമകൃഷ്ണന്‍ സൈമണ്‍ ഫോര്‍ട്ടുകൊച്ചിക്ക് എഴുതി.

സൈമണെ,

കേട്ടതെല്ലാം സത്യമാണോന്ന് ഉറപ്പിക്കണം. കഴിയുമെങ്കില്‍ നീ സുല്‍ത്താന്റെ വീട്ടില്‍ പോകണം. അടുത്ത മാസം ഞാന്‍ പരോളിലിറങ്ങും. അപ്പോള്‍ നമുക്ക് കാണാം.

സ്‌നേഹത്തോടെ

രാമകൃഷ്ണന്‍

പതിനഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ സൈമണിന്റെ മറുപടിക്കത്തും കിട്ടി. അവന്‍ അന്വേഷിച്ചു. രാമങ്കരിയില്‍ നേരിട്ടുചെന്നു. കേട്ടതൊക്കെയും സത്യമാണ്. ആലപ്പുഴ ഫിഷിങ് ഹാര്‍ബറില്‍ അല്ലറ ചില്ലറ പണിയൊക്കെയായി സുല്‍ത്താന്‍ മുഹമ്മദ് കഴിയുകയാണ്. ഷാനിമോളുടെ ജീവിതം ഇപ്പോഴും നരകതുല്യം. അവള്‍ ആറുമാസം ഗര്‍ഭിണിയാണെന്നും കേള്‍ക്കുന്നു.

ഏഴ്

പരോള്‍ കിട്ടിയ ദിവസം തന്നെ രാമകൃഷ്ണന്‍ ആലപ്പുഴ ഫിഷിങ് ഹാര്‍ബറില്‍ എത്തി. അവിടെ ഒരു പരിചയക്കാരനുണ്ടായിരുന്നു. ചാര്‍ലി. ഹാര്‍ബറിനടുത്ത് ഒരു സ്റ്റേഷനറിക്കട നടത്തുന്നു. അടുത്ത പള്ളിയിലെ പെരുന്നാള്‍ ആയതുകൊണ്ട് അവന്റെ സ്റ്റേഷനറിക്കടയ്ക്ക് ചുറ്റും ആള്‍ക്കൂട്ടമായിരുന്നു.

കണ്ടപ്പോള്‍ കച്ചവടം പിതാവിനെ ഏല്‍പ്പിച്ച് ചാര്‍ലി പുറത്തിറങ്ങിവന്നു.

കുറച്ചു ദൂരം ഹാര്‍ബറിലൂടെ നടന്നു. നനഞ്ഞ പരുന്തുകള്‍ ഇരിക്കുന്ന കടല്‍ഭിത്തിയുടെ ഇടിഞ്ഞുപൊളിഞ്ഞ കൈവരിയില്‍ ചെന്നിരുന്നു.

'നീ പറഞ്ഞ ആളെ എനിക്കറിയാം..'- ചാര്‍ലി പറഞ്ഞു.

'അയാളൊരു വരത്തനാ. ഇവിടെ കാണാന്‍ തുടങ്ങിയിട്ട് മൂന്നുനാല് വര്‍ഷമായിക്കാണും. മറ്റു ഡീറ്റൈല്‍സൊന്നും അറിയാന്‍മേലെടാ.. നിനക്ക് കാണണമെങ്കില്‍ കാണാനുള്ള വഴി ഞാനുണ്ടാക്കിത്തരാം..'

'കാണണം!'-രാമകൃഷ്ണന്‍ പറഞ്ഞു.

'ഒരു പാവം പയ്യന്റെ ജീവിതം കളഞ്ഞവനാ ആ നാറി!'

ചാര്‍ലി പറഞ്ഞു: 'നീ ഒന്നുകൂടി ആലോചിക്ക്.. അയാള് പണ്ട് കൊച്ചിയിലെ ഗുണ്ടാപ്രമാണിയായിരുന്നെന്ന് നിനക്കറിയാമല്ലോ. ഞാന്‍ മനസ്സിലാക്കിയിടത്തോളം അയാള്‍ വെട്ടും കുത്തുമൊക്കെ നിര്‍ത്തി കുടുംബത്തോടൊപ്പം സമാധാനമായിട്ട് കഴിയുകയാ...'

രാമകൃഷ്ണന്‍ പൊട്ടിച്ചിരിച്ചു.

'അങ്ങനെ എല്ലാം ചെയ്തിട്ട് അവനു വേണ്ടാത്തപ്പം നിര്‍ത്തിപ്പോയി സമാധാനജീവിതം നയിക്കുക. അതിനു അവനെ ഞങ്ങള്‍ അനുവദിച്ചിട്ടുവേണ്ടേ...? വേദന എന്താണെന്ന് അവനറിയണം.'

'നീ എന്തുചെയ്യാന്‍ പോകുന്നു?'

ചാര്‍ലി ചോദിച്ചു.

എളിയില്‍ നിന്ന് ചെറിയൊരു കത്തി എടുത്തുകാണിച്ചു രാമകൃഷ്ണന്‍ പറഞ്ഞു. 'ഒറ്റക്കുത്ത്. കൊല്ലുകയൊന്നുമില്ല.. ആ പയ്യനും ചോദിക്കാനും പറയാനും ആളുണ്ടെന്ന് ആ പന്നി മനസിലാക്കണം..!'

എട്ട്

വിളക്കിലേക്ക് ആര്‍ത്തലച്ചുവീണ ഒരു പാറ്റയെ പോലെ സുല്‍ത്താന്‍ മുഹമ്മദ് കത്തിപ്പോകുന്നത് സങ്കല്പിച്ചുകൊണ്ട് രാമകൃഷ്ണന്‍ ഹാര്‍ബറിലെ മണലിലിരുന്നു.

നേരം വെളുത്തു വരുന്നതേയുള്ളു. കാറ്റിനു കടല്‍പ്പരുന്തുകളുടെ മണം. എല്ലാം കഴിഞ്ഞ് ഇന്നലെത്തന്നെ മടങ്ങണമെന്ന് കരുതിയതാണ്. ഇന്നലെ രാത്രി ഏറും വരെ രാമകൃഷ്ണന്‍ സുല്‍ത്താന്‍ മുഹമ്മദിനെ കാത്തു. അയാളെത്തിയില്ല. ഒരു പക്ഷെ താന്‍ എത്തിയ കാര്യം ആരെങ്കിലും അയാളെ അറിയിച്ചിരിക്കാം.

മണലിലൂടെ അരക്കിലോമീറ്റര്‍ നടന്നാല്‍ ചാര്‍ലിയുടെ കടയായി. കടല്‍ ഞണ്ടുകള്‍ കടല്‍പ്പക്ഷികളുമായി യുദ്ധം നടത്തുന്ന മണലിലൂടെ അരക്കിലോമീറ്റര്‍ പിന്നിട്ടു.

'താനിന്നലെ പോയില്ലേ?'

ചാര്‍ലി ചോദിച്ചു.

അവന്‍ കട തുറക്കുന്നതേയുള്ളു.

'ഇവിടെ ആളെത്താന്‍ ഒമ്പതര കഴിയും. ഞാന്‍ നേരത്തെ തുറക്കുന്നെന്നേയുള്ളു. ഇന്നലെ നീ എവിടെ കിടന്നു? കടയടച്ചു പോകുമ്പോള്‍ ഞാന്‍ നിന്നെ നോക്കി. കാണാത്തതുകൊണ്ട് ഞാന്‍ കരുതി പോയിക്കാണുമെന്ന്.'

ചാര്‍ലി പുറത്തേക്കിറങ്ങി.

'ഇന്നലെ അയാള് വന്നില്ല അല്ലേ? ഞാന്‍ പറയുന്നത് നീ അയാളുമായി മുട്ടാനൊന്നും നില്‍ക്കേണ്ടെന്നാണ്. അസീമിന് നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ അത് അവന്‍ തീര്‍ത്തുകൊള്ളും.'

ചാര്‍ലി മണലില്‍ ഇരുന്നു. തൊട്ടടുത്തു രാമകൃഷ്ണനും.

'ചാര്‍ലി, ഞാന്‍ അസീമിനെയും നിന്നെയുമൊക്കെ കണ്ടത് എന്റെ കൂടപ്പിറപ്പുകളായിട്ടാ.. നിങ്ങള്‍ക്കൊരു പ്രശ്‌നം വന്നാല്‍ അത് എന്റെ കൂടി പ്രശ്‌നാ. പിന്നെ ആ സുല്‍ത്താന്‍ അവനൊരു ചതിയനാ. ഒരു പാവം പയ്യനെ കൊലപാതക കേസില്‍ കുടുക്കി. അവന്റെ കുടുംബം തകര്‍ത്തു. ഒടുവില്‍ അവന്റെ പെണ്ണിനേയും സ്വന്തമാക്കി. ആ പെണ്ണിനെ സ്വന്തമാക്കാന്‍ അയാളവനെ കൊലക്കേസില്‍ പെടുത്തുകയായിരുന്നു. എന്തു തോന്ന്യാസം ചെയ്താലും ആരും ചോദിക്കാനില്ലെന്ന് കരുതി നടക്കുന്ന ആ നായിന്റെ മോന് ഒരു പണി കൊടുക്കണ്ടേടാ?'

കൂടുതല്‍ സംസാരിച്ചപ്പോള്‍ രാമകൃഷ്ണന്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് ചാര്‍ലിക്കും തോന്നി.

രാമകൃഷ്ണന്‍ പറഞ്ഞു.

'നീ എനിക്കൊരു ഉപകാരം മാത്രം ചെയ്താല്‍ മതി. അവന്‍ ഈ പരിസരത്തെത്തുമ്പോള്‍ എന്നെ ഒന്നു വിളിക്കുക. ബാക്കി കാര്യം ഞാനേറ്റു..'

ചാര്‍ലി എഴുന്നേറ്റു.

'ഏതായാലും അയാളോട് മുട്ടാന്‍ നീ ഒറ്റയ്ക്കു പോകണ്ട. ഞാനും വരാം..'

ഒമ്പത്

സുല്‍ത്താന്‍ മുഹമ്മദ് രാത്രിയോടെയാണ് ഹാര്‍ബറില്‍ എത്തിയത്. കടലിന്റെ, വേരുകള്‍ പൊടിക്കുന്ന തണുപ്പില്‍ തന്റെ മുറിക്കയ്യന്‍ ഷര്‍ട്ടുമിട്ട് ഒരു വാടക ഗുണ്ടയെന്ന് തോന്നിപ്പിക്കുന്ന ശരീരഘടനയോടെ അയാള്‍ തന്റെ പഴയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ ഹാര്‍ബറിലെ മണലിലൂടെ തലങ്ങും വിലങ്ങും വണ്ടിയോടിച്ചു. ആരെയോ തിരക്കുകയാണെന്ന് വ്യക്തം.

അപ്പോള്‍ മൂന്നു നാല് കോളുകള്‍ ചാര്‍ലിയുടെ മൊബൈല്‍ ഫോണിലേക്ക് വന്നു.

കടയടച്ചു പുറത്തിറങ്ങി ചാര്‍ലി രാമകൃഷ്ണനെ വിളിച്ചു. സുല്‍ത്താന്‍ മുഹമ്മദ് ബുള്ളറ്റ് ഓടിച്ചുപോയ തെക്കന്‍ ദിക്ക് ലക്ഷ്യമാക്കി ചാര്‍ലിയുടെ സ്‌കൂട്ടര്‍ പാഞ്ഞു. പിറകില്‍ രാമകൃഷ്ണനും ഉണ്ടായിരുന്നു.

'വേഗം'-രാമകൃഷ്ണന്‍ പറഞ്ഞു.

അവന്‍ നീളന്‍ ചുവന്നപിടിയുള്ള കത്തി എളിയില്‍ നിന്നെടുത്ത് വലതുകൈയ്യില്‍ പിടിച്ചു.

തന്റെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഹാര്‍ബറിലെ ഒരു ചെറിയ വീടിന് സമീപം നിര്‍ത്തി, സുല്‍ത്താന്‍ മുഹമ്മദ് മുറ്റത്തേക്ക് കയറിച്ചെന്നു.

'ആരാ?'

'ഞാനാ സുല്‍ത്താന്‍'

ഒരു സ്ത്രീ മുറ്റത്തേക്കിറങ്ങി വന്നു.

'സുല്‍ത്താനോ? ഡെന്നിസിവിടെ ഇല്ലല്ലോ.'

'എവിടെപ്പോയി?'

'കൊല്ലത്ത് പെരുമണ്ണിന് പോയതാ. സ്റ്റീഫന്‍ മുതലാളീടെ ഒരു വര്‍ക്കുണ്ട്. നാളെ വരും.'--സ്ത്രീ പറഞ്ഞു.

'ആ പരനാറിയോട് ഫോണൊന്നു എടുക്കാന്‍ പറ.. വെറുതെ പത്തു നൂറു കിലോമീറ്റര്‍ ബൈക്കോടിച്ചു..'

'മൊബൈല്‍ ഇവിടെ വച്ചേച്ചാ പോയത്. കോള് വീട്ടിലെടുക്കുന്നത് പുള്ളിക്കിഷ്ടമല്ല..'

'വന്നാ എന്നെ ഒന്നു വിളിക്കാന്‍പറ.. ഞാനിറങ്ങട്ടെ!'

'കേറിയിരി.. കാപ്പിയിട്ടുതരാം.'

'വേണ്ട..'

സുല്‍ത്താന്‍ മുഹമ്മദ് തിരികെ വന്ന് തന്റെ ബുള്ളറ്റില്‍ കയറി.

ഒരു പത്തുമീറ്റര്‍ നീങ്ങിക്കാണും. അപ്പോഴേക്കും ചാര്‍ലിയുടെ സ്‌കൂട്ടര്‍ വന്നു തടഞ്ഞു.

സുല്‍ത്താന്‍ ബൈക്ക് സ്റ്റാന്റിലിട്ടു പുറത്തിറങ്ങി.

'എന്താടാ?'

മുഴുവനാക്കും മുമ്പേ ആദ്യത്തെ കുത്തു വീണു. പൊക്കിളിന്റെ ഇടതു ഭാഗത്ത്. വലിച്ചൂരി ഒരിക്കല്‍ക്കൂടി.

സുല്‍ത്താന്‍ ഉറക്കെ കരഞ്ഞു.

വീടുകളിലെ ആളുകള്‍ ഇറങ്ങി വരുമ്പോഴേക്കും ചാര്‍ലിയും രാമകൃഷ്ണനും സ്‌കൂട്ടറില്‍ കയറി പാഞ്ഞുപോയി.

ഹാര്‍ബറിന്റെ വടക്കു ഭാഗത്തു വന്ന് രക്തം പുരണ്ട കത്തിയെടുത്ത് രാമകൃഷ്ണന്‍ കടലിലേക്ക് വലിച്ചെറിഞ്ഞു. കടലില്‍ ഇറങ്ങി കാലും മുഖവും കഴുകി.

പത്ത്

സുല്‍ത്താന്‍ സംസാരിച്ച് ഇറങ്ങിപ്പോന്ന വീട്ടില്‍ ഉള്ളവര്‍ തന്നെയാണ് സുല്‍ത്താന്റെ കരച്ചില്‍ കേട്ട് ആദ്യമോടിയെത്തിയത്. അപ്പോള്‍ സുല്‍ത്താന്‍ റോഡില്‍ ഇരിക്കുകയായിരുന്നു. വയറില്‍ നിന്ന് ചോര കുടുകുടെ ഒഴുകുന്നുണ്ട്. അവര്‍ വഴിതെറ്റിവന്ന ഒരു ഓട്ടോയില്‍ സുല്‍ത്താനെ കയറ്റി സെഞ്ചുറി ഹോസ്പിറ്റലില്‍ എത്തിച്ചു. കുത്തുകേസായതിനാല്‍ പോലീസില്‍ അറിയിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

ബോധം വീണപ്പോള്‍ സുല്‍ത്താന്‍ കൊടുത്ത നമ്പറില്‍ ഷാനിമോളെ വിവരമറിയിച്ചു.

സുല്‍ത്താന്റെ ഉമ്മയും ഷാനിമോളും നേരം പുലരുമ്പോഴേക്കും എത്തി.

പോലീസെത്തി കുത്തിയവരെ കണ്ടാല്‍ അറിയുമോ എന്നു ചോദിച്ചപ്പോള്‍ താനിതുവരെ അവരെ കണ്ടിട്ടില്ലെന്ന് സുല്‍ത്താന്‍ മറുപടി പറഞ്ഞു. പൂര്‍വ്വവൈരാഗ്യമുള്ള ഏതോ കൊട്ടേഷന്‍ ടീം ആയിരിക്കുമെന്ന് പോലീസ് നിഗമനത്തിലെത്തുകയും ചെയ്തു.

ഇത്രയും കാര്യങ്ങള്‍ രാമകൃഷ്ണന്‍ പുറത്തുനിന്നും കേട്ടതാണ്. നടന്നതെല്ലാം അവന്‍ നേരത്തെതന്നെ അസീമിനെ അറിയിക്കുകയും ചെയ്തു. പിന്നീട് ഒരാഴ്ച്ച കഴിഞ്ഞ് രാമകൃഷ്ണന്‍ ജയിലിലെത്തുകയും ചെയ്തു.

പതിനൊന്ന്

2019 ജൂണ്‍ 7.

കനത്ത മഴയുള്ള ദിവസം. അസീം അന്ന് ജയില്‍ മോചിതനാവുകയാണ്.

ചുവന്ന സിറ്റി ബസ്സിലിരിക്കുമ്പോള്‍ അവന്‍ കുറേ കാര്യങ്ങള്‍ പ്ലാന്‍ ചെയ്തു.

ആദ്യം പള്ളിയില്‍ ബാപ്പയുടെ അടുത്ത്.

ചേരാനെല്ലൂരില്‍ ബസ്സിറങ്ങി കോളനി റോഡിലൂടെ നടക്കുമ്പോള്‍ ചിലര്‍ പരിചയം പുതുക്കി. ചിലര്‍ കണ്ടില്ലെന്നു നടിച്ചു നടന്നു.

വീട് അടച്ചിട്ടിരിക്കുകയായിരുന്നു. അടുത്ത വീട്ടിലെ ചേച്ചിയോട് അന്വേഷിച്ചപ്പോള്‍ പറഞ്ഞു

'അസീമേ, നിന്നെ അറിയിച്ചില്ലേ.. വീട് ജപ്തിയായി.. അവരിവിടുന്നു താമസം മാറ്റിയിട്ടു നാലുകൊല്ലം കഴിഞ്ഞു. ഇപ്പോള്‍ കുട്ടനാട്ടിലെവിടെയോ ആണ്. ആ കൊട്ടെഷന്‍കാരന്‍ സുല്‍ത്താന്‍ മുഹമ്മദിന്റെ ആളുകളാ കൂട്ടിക്കൊണ്ടുപോയത്.'

അസീമിന്റെ നെഞ്ചില്‍ തീയാളി. ആ നായ തന്റെ ഉമ്മയെയും പെങ്ങളെയും....?

പരിചയക്കാരന്‍ സുനില്‍ ജോസിനോട് അവന്റെ ബൈക്ക് ചോദിച്ചു വാങ്ങി പെട്രോളടിച്ച് അസീം കുട്ടനാട്ടിലേക്ക് പറന്നു.

പന്ത്രണ്ട്

'സുല്‍ത്താന്‍ മുഹമ്മദിന്റെ വീടല്ലേ?'

'അതെ.. ആരാ?'

വീടിന്റെ ഇറയത്തു ഒരു മീന്‍വലയുടെ അടുത്ത് മലര്‍ന്നു കിടക്കുകയായിരുന്നു സുല്‍ത്താന്‍. അസീമിനെ കണ്ട് സുല്‍ത്താന്‍ എഴുന്നേറ്റിരുന്നു.

മുഖം നിറയെ നരകയറിയ കുറ്റിരോമങ്ങളുള്ള ഏതോ കറുത്ത മനുഷ്യന്‍ എന്ന് ഒറ്റനോട്ടത്തില്‍ അസീമിന് തോന്നി.

'അസീമോ!'

അയാള്‍ക്ക് തന്നെ ഒറ്റനോട്ടത്തില്‍ തന്നെ മനസിലായതില്‍ അസീം സന്തോഷിച്ചു. പരിചയപ്പെടുത്തേണ്ടി വന്നില്ലല്ലോ.

'നീ എന്നേ ജയിലില്‍ നിന്നിറങ്ങി?'

അസീം മിണ്ടാതെ നിന്നപ്പോള്‍ സുല്‍ത്താന്‍ പറഞ്ഞു.

'മോനെ എടാ, നീ വിചാരിക്കുമ്പോലെ ഞാന്‍ നിന്നെ മനപ്പൂര്‍വം..'

അത് കേള്‍ക്കാന്‍ താല്പര്യമില്ലാതെ അസീം ചോദിച്ചു.

'എവിടെ എന്റുമ്മേം പെങ്ങളും?'

സുല്‍ത്താന്‍ ഇരുന്നിടത്തുനിന്നും എഴുന്നേറ്റുനിന്നു. അയാളുടെ വയറ്റത്ത് ഇപ്പോഴും ഒരു കെട്ടുണ്ട്. അത് അസീം ശ്രദ്ധിക്കുന്നെന്ന് തോന്നിയപ്പോള്‍ സുല്‍ത്താന്‍ പ്രയാസപ്പെട്ടു നില്‍ക്കുന്നതിനിടെ വിശദീകരിച്ചു.

'രണ്ടു കൊല്ലം മുന്‍പ് പണ്ടത്തെ പകവച്ചു രണ്ടു ചെറുപ്പക്കാര് തന്ന പണിയാ.. കിഡ്‌നിയിലേക്കുള്ള ഞരമ്പ് പൊട്ടിപ്പോയി.. ഇപ്പം ഏച്ചുകൂട്ടി വച്ചതാ..!'

അത്രയും വിശദീകരിച്ചിട്ട് അയാള്‍ അകത്തേക്ക് നോക്കി വിളിച്ചു.

'ഖദീജാത്താ ഇതാരാ വന്നതെന്ന് നോക്കിയേ..'

ആ വിളിയില്‍ അസീം കലങ്ങി മറിഞ്ഞുപോയി.

ഉമ്മയ്ക്ക് വലിയ മാറ്റമൊന്നുമില്ല. മുടി കുറച്ചു നരച്ചു.

'എടാ അസീമേ'

ഉമ്മ ഓടി വന്നു.

ഉമ്മയുടെ പിറകെ അവള്‍ ഷാനിമോള്‍.

സുല്‍ത്താന്‍ വന്ന് അവന്റെ കൈകളില്‍ പിടിച്ചു.

'അസീമേ, ഇത്രകാലവും നീ അബദ്ധങ്ങളുടെ ലോകത്തായിരുന്നു. നീ മനസിലാക്കിയതുപോലൊന്നുമല്ല കാര്യങ്ങള്. നിന്നെ ഞാന്‍ വഞ്ചിച്ചിട്ടുമില്ല. നീ ആദ്യം ഇവിടെ എവിടെയെങ്കിലുമൊന്ന് ഇരിക്ക്. എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്.'

വേദനയോടെ, പ്രയാസപ്പെട്ട് സുല്‍ത്താന്‍ ഇരുന്നു.

സുല്‍ത്താനരികില്‍ അസീമും.

'അസീമേ, ഷാനിമോളുടെ വീട്ടുകാര് അവളുടെ കല്യാണം നിശ്ചയിച്ചപ്പോള്‍ അവള് തന്നെയാണ് എന്നോട് സഹായം തേടിയത്. അവളെ അവളുടെ വീട്ടില്‍ നിന്ന് ഇറക്കികൊണ്ടുവന്ന് ഉമ്മയുടെ അടുത്താക്കി. നീ പുറത്തുവരുന്നതും കാത്ത് കഴിയുകയാ ഇപ്പോഴും അവള്‍. പിന്നെ നിന്റെ വീട് ബാങ്കുകാര്‍ ജപ്തി ചെയ്തപ്പോള്‍ ഉമ്മേം പെങ്ങളേം നാലുകൊല്ലം മുമ്പ് ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നു. നിന്റെ വീടുപോലെതന്നെ സുരക്ഷിതമാണ് ഇവിടേം. രണ്ടു കൊല്ലം മുമ്പ് പെങ്ങളെ കല്യാണം കഴിഞ്ഞു. അവളിപ്പോള്‍ ഹാര്‍ബറിനടുത്താ താമസം. ഭര്‍ത്താവ് ദമാമില്..'

സുല്‍ത്താന്‍ വീണ്ടും എഴുന്നേറ്റ് വേദനയോടെ നിന്നു; അസീമും.

'അന്ന് നിന്നെ ആ പയ്യനെ കൊല്ലാന്‍ വിട്ടത് ഞാനാണല്ലോ. ഞാന്‍ പിടികൊടുക്കാന്‍ പറഞ്ഞതുകൊണ്ട് നീ ജയിലിലുമായി. നിന്നോട് പിടികൊടുക്കാന്‍ പറഞ്ഞപ്പോള്‍ ആ പയ്യന്‍ മരിച്ചിട്ടില്ലായിരുന്നു. പതിനഞ്ചു ദിവസം കഴിഞ്ഞാല്‍ നിന്നെ ജാമ്യത്തിലിറക്കാം എന്നാണ് കരുതിയത്. എന്നാല്‍ അതിനിടേല്‍ ആ പയ്യന്‍ മരിക്കുകയും ചെയ്തു!'

വയറിലെ കെട്ടില്‍ തൊട്ട് സുല്‍ത്താന്‍ വിശദീകരിച്ചു.

'ഇതെങ്ങനെ കിട്ടിയതാണെന്ന് ഞാനിതുവരെ ആരോടും പറഞ്ഞിട്ടില്ല. എന്നെ കുത്തിയത് നിന്റെ കൂട്ടുകാരന്‍ രാമകൃഷ്ണനാണെന്ന് പിറ്റേന്നു തന്നെ എനിക്ക് വിവരം കിട്ടിയിരുന്നു.'

ശബ്ദവ്യതിയാനം വരുത്തി സുല്‍ത്താന്‍ ഷാനിമോളോട് പറഞ്ഞു. 'ഇതാ നീ കാത്തിരുന്ന ആള്..'

പുറത്ത് മഴത്തുള്ളികള്‍ വീഴാന്‍ തുടങ്ങിയപ്പോള്‍ അസീം ഇറയത്തേക്ക് ചാരിനിന്നു.

'പുറത്ത് പലതും പറയാനാളുണ്ടാവും അസീമേ, അതൊന്നുമല്ല ജീവിതം. ഉമ്മാനേം ഇവളേം കൂട്ടി നീ പഴയ വീട്ടിലേക്ക് തന്നെ പോകണം. ജപ്തി ചെയ്ത വീടുവാങ്ങിച്ചത് എന്റെ പരിചയക്കാരന്‍ അബ്ദുക്ക ആയിരുന്നു. മൂപ്പര്‍ക്ക് ചെറിയ ലാഭം കൊടുത്ത് ഞാനത് നിന്റെ പേരില്‍ വാങ്ങി. നിനക്കറിയാത്ത ഒരു കാര്യമുണ്ട് എന്റുമ്മ മരിച്ചത് ഞാന്‍ കുത്തുകൊണ്ട് കിടക്കുമ്പോഴാ. ഉമ്മാന്റെ സ്വത്തു വിറ്റ കാശോണ്ടാ ആ വീട് വാങ്ങിയത്..'

സുല്‍ത്താന്‍ വയറിന്മേല്‍ ഒരു മഞ്ഞക്കെട്ടുമായി ഒരു പോരാളിയെ പോലെ അസീമിന് മുന്നില്‍ നിന്നു.

അപ്പുറം വലയ്ക്കുള്ളില്‍ കുടുങ്ങിയ മീനുകളെ കാണാന്‍ കടല്‍പ്പരുന്തുകള്‍ താഴേയ്ക്ക് താഴേയ്ക്ക് ഇറങ്ങിക്കൊണ്ടിരുന്നു..