ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   ശിവ്രപസാദ് ശിവാനന്ദ് എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ഇതൊരു കാല്‍പനികന്റെ കഥയാണ്. മനസ്സിനുള്ളില്‍ കാല്‍പനികത നിറഞ്ഞ ഒരായിരം ഓര്‍മ്മകള്‍ സൂക്ഷിക്കാമായിരുന്നിട്ടും ഒക്കെയും ഡയറിയില്‍ കുറിച്ചിരുന്ന ഗൗതമന്റെ കഥ. 

ഗൗതമന് വയസ്സ് ഇരുപത്താറായി. ചെറുപ്പം മുതലേ ഡയറി എഴുതുക അയാളുടെ ശീലമായിരുന്നു. സ്‌നേഹിക്കാന്‍ ഒരുപാട് പേര്‍ വീട്ടില്‍ ഉണ്ടായിരുന്നിട്ടും ഡയറി സൂക്ഷിച്ചിരുന്ന തന്റെ മുറിക്കുള്ളില്‍ ഗൗതമന്‍ ഏകാന്ത തടവുകാരനായിരുന്നു. അപൂര്‍വമായി മാത്രമേ ഗൗതമന്‍ വീട് വിട്ട് പുറത്തു പോകാറുള്ളൂ. എങ്കിലും ഡയറി എഴുതാന്‍ മാത്രം അയാള്‍ കൃത്യമായി വീട്ടില്‍ തിരിച്ചെത്താറുമുണ്ട്. ഗൗതമന്‍ ഒരു സൗന്ദര്യാരാധകനായിരുന്നു. പ്രേമം തുളുമ്പുന്ന വരികള്‍ കവിതകളായി അയാള്‍ ഡയറിയില്‍ കുറിച്ചിരുന്നു. വാക്കുകള്‍ മാധുര്യമുള്ളതായിരുന്നു. പൊടിപ്പും തൊങ്ങലുമില്ലാത്ത നല്ല മനസ്സിന്റെ വാക്ക്. 

എങ്കിലും ഗൗതമന്‍ ആരെയും പ്രണയിച്ചിരുന്നില്ല.

നിര്‍വചിക്കപ്പെടാന്‍ ആവാത്ത മനസ്സായിരുന്നു ഗൗതമന്‍േറത്. കൊച്ചുകൊച്ചു കാര്യങ്ങള്‍ക്ക് പോലും അയാള്‍ വിഷമിച്ചു. കുഞ്ഞുങ്ങളെപ്പോലെ കരഞ്ഞു. കരച്ചിലിനിടയില്‍ ആയിരിക്കും അയാള്‍ ചിലപ്പോള്‍ ഡയറിയെഴുതുക. അതിനാലാവണം ഗൗതമന്റെ വാക്കുകള്‍ക്ക് കണ്ണുനീരിന്റെ ഉപ്പുരസം. 

ഗൗതമന്‍ എല്ലാവര്‍ക്കും പരിഹാസപാത്രമായിരുന്നു. എല്ലാവരും അയാളെ കളിയാക്കുമായിരുന്നു. ചമ്മല്‍ ഏറ്റുവാങ്ങി തല വെട്ടിച്ചു നടക്കാറുള്ള ഗൗതമന്‍ ചമ്മലിന്റെ പുളിപ്പും കളിയാക്കുന്നവരോടുള്ള ദേഷ്യത്തിന്റെ എരിവും കലര്‍ത്തി ഡയറിയില്‍ കുറിക്കുമായിരുന്നു. ചില നേരങ്ങളില്‍ കുറിക്കുന്നത് എന്തെന്ന് ഗൗതമനു പോലും നിശ്ചയം ഉണ്ടാകില്ല, എങ്കിലും എഴുതും. ഡയറിയെഴുത്തു അത്രയ്ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു അയാള്‍ക്ക്. 

വേണമെങ്കില്‍ അഞ്ചുനാള്‍ കുളിക്കാതിരിക്കും. രണ്ടു നാള്‍ ആഹാരം ഇല്ലാതെ കിടക്കും. എന്നാലും ഡയറിയെഴുത്ത് മുടക്കാറില്ല, അതായിരുന്നു ഗൗതമന്‍. 

ആ ഗൗതമനാണ് മാറിയത്. അതും വളരെ പെട്ടെന്ന്. ചുരുങ്ങിയ സമയത്തിനുള്ളില്‍ അയാളുടെ ജീവിതത്തില്‍ അവിശ്വസനീയമായ പലതും സംഭവിച്ചു. തികച്ചും യാദൃശ്ചികമായ മാറ്റം. 

മാര്‍ച്ച് ചെയ്തു പോകുന്ന പട്ടാളക്കാരെ പോലെ നിരനിരയായി നീങ്ങുന്ന ഉറുമ്പുകളെത്തന്നെ നോക്കിനില്‍ക്കുകയായിരുന്നു ഗൗതമന്‍. മേശയുടെ ഡ്രോയറിലെ വിടവുകളില്‍ തുടങ്ങി, മേശയുടെ മുകളിലൂടെ ക്രമം തെറ്റാതെ, മേശ ചേര്‍ത്തിരുന്ന ചുവരിലേക്ക് പോകുന്നവര്‍. മേശവിരിയായിരുന്നു ചുമരിലേക്കുള്ള പാലം. മേശവിരിയുടെ ചുമരുമായുള്ള ചെറുസ്പര്‍ശം യാത്രയില്‍ വേഗസാധ്യത കൂട്ടി. 

പൂട്ടിയിരുന്ന ഡ്രോയറില്‍ മധുരമുള്ള ആഹാരസാധനങ്ങള്‍ ഒന്നും സൂക്ഷിച്ചിരുന്നില്ല എന്ന് ഗൗതമന്‍ ഓര്‍ത്തു. പുസ്തകങ്ങളും, കാര്‍ഡുകളും, തനിക്കുള്ള കത്തുകളും, തന്റെ പേഴ്‌സണല്‍ ഡയറിയുമല്ലാതെ! ഇനി ബീഡിയോ, സിഗരറ്റോ ചിലപ്പോള്‍? അറിയാതെ ഡ്രോയര്‍ വലിച്ചടയ്ക്കുമ്പോള്‍ അതിന്റെ വക്കുകളില്‍ കുടുങ്ങി പാറ്റയോ മറ്റോ ചത്തു കിടക്കുന്നുണ്ടാവും.

വേണ്ട, തുറക്കേണ്ട. പാവങ്ങള്‍ ആഹാരം കണ്ടെത്തട്ടെ. ഒരു ചേതമില്ലാത്ത ഉപകാരം ചെയ്ത സംതൃപ്തിയായിരുന്നു ഗൗതമന്. മേശ തുറന്നാല്‍ ആ ചത്ത ശരീരം കാണണം. അത് എടുത്ത് പുറത്ത് കളയണം. എങ്കിലും അല്പനേരം അവറ്റകളെ സൂക്ഷിച്ചു നോക്കാന്‍ അയാള്‍ തുനിഞ്ഞു. അങ്ങനെ ഇരുന്നാല്‍ വല്ലതും അവറ്റകളുടെ കുഞ്ഞുവായയില്‍ കണ്ടേക്കാം.

എന്തോ നേടിയ സന്തോഷത്തില്‍ പാഞ്ഞു പോകുന്നതിനിടെ ഉറുമ്പുകള്‍ ഇരട്ടി ഊര്‍ജ്ജസ്വലരായും കാണപ്പെട്ടു. ചിലര്‍ വരിക്ക് കുറുകെ കടന്നുപോകുന്നവരോട് നിന്ന് കുശലം പറയുന്നതുപോലെ. വളരെ നേരം സൂക്ഷിച്ചുനോക്കിയിട്ടും പ്രത്യേകിച്ച് എന്തെങ്കിലും കാണാന്‍ ഗൗതമനു കഴിഞ്ഞില്ല. ചെറിയ അസ്വസ്ഥത അനുഭവപ്പെട്ട ഗൗതമന്‍ തന്റെ മെനക്കെട്ട സമയത്ത് പഴിച്ചുകൊണ്ട് മുറിക്ക് പുറത്തുപോയി.. ഇന്നത്തെ ഡയറിയെടുത്ത് വ്യഥാവില്‍ ആയി. സാരമില്ല ഒന്നിച്ചു നാളെ എഴുതാം എന്ന് ഗൗതമന്‍ സമാധാനിച്ചു.. ഗൗതമന് അങ്ങനെ ചിന്തിക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞു എന്നതിന് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നതാനും..


പിറ്റേന്ന് പുലര്‍ച്ചെ ഉണര്‍ന്ന നേരം മുതല്‍ ഗൗതമന്‍ ഉറുമ്പുകളുടെ നിര കണ്ടു. കഴിഞ്ഞ നാളത്തെക്കാളും വന്‍ സന്നാഹങ്ങള്‍. മേശയ്ക്കുള്ളില്‍ ഒരു ചെറിയ സാധനം അല്ലെന്ന് ഗൗതമന്‍ ഊഹിച്ചു. നല്ല മാംസളമായ പല്ലിയോ മറ്റോ ആയിരിക്കുമെന്ന് ചിന്തിക്കുകയും ചെയ്തു. സന്ധ്യക്കും രാത്രിയിലും തിരക്കൊഴിയാതിരുന്നതിനാല്‍ അയാള്‍ മുറിയില്‍ കടന്നില്ല..

തിരക്കുകളില്ലാത്ത ആളായിരുന്നു ഗൗതമന്‍. അയാള്‍ക്ക് ആ ദിവസം തിരക്ക് എങ്ങനെ വന്നു എന്നത് ഉത്തരം സ്പഷ്ടമായുള്ള ചോദ്യമായിരുന്നു. തന്റെ ശരീര ഭാരം കുറഞ്ഞു വരുന്നതായി ഗൗതമനു തോന്നി. വല്ലാത്ത തളര്‍ച്ചയും അയാള്‍ക്ക് അനുഭവപ്പെട്ടു. അതേ സമയം ഗൗതമന്റെ ഡയറിയില്‍ അക്ഷരങ്ങള്‍ കുറഞ്ഞുവന്നു. ഓരോ വാക്കും വരികളും വള്ളികളും കൊച്ചുബിന്ദുക്കളും രേഖകളും അര്‍ത്ഥപൂര്‍ണ്ണവിരാമങ്ങളും കാണാതായി. അതെ, ഉറുമ്പുകള്‍ അവരുടെ പണി തുടരുകയാണ്.

ഡയറിയിലെ താളുകള്‍ ശൂന്യമാകുന്തോറും ഉറുമ്പുകള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി വന്നു. ഗൗതമന്റെ രോഷവും ദുഃഖവും സന്തോഷങ്ങളും നിറഞ്ഞ ദിനങ്ങളില്‍ നിന്ന് അവര്‍ കട്ട് തിന്നു തുടങ്ങി. ഗൗതമന്‍ ഡയറി എഴുതാറുള്ളപ്പോള്‍, തെറിച്ചുവീഴുന്ന ഉണങ്ങിയ മഷിത്തുള്ളികള്‍ കൊണ്ട് ഉറുമ്പിന്‍ കുഞ്ഞുങ്ങള്‍ ദാഹമകറ്റി.

മൂന്നാം ദിവസവും ഡയറി എഴുതാനാകാതെ ഗൗതമന്‍ വിഷണ്ണനായി. നന്നേ ക്ഷീണിച്ചു. അന്ന് അയാളുടെ ശരീരം നന്നായി ശോഷിച്ച പോലെ തോന്നി. രണ്ടും കല്‍പ്പിച്ചു മേശ തുറന്ന് പരിശോധിക്കുവാന്‍ തുനിഞ്ഞ ഗൗതമന്‍ താക്കോല്‍ കാണാതെ കലി കയറി നിലവിളിച്ചു. താക്കോല്‍ തിരഞ്ഞ് ഗൗതമന്‍ നടക്കുമ്പോളെല്ലാം ഉറുമ്പുകള്‍ ഓരോരോ പേജുകള്‍ ആയി തീര്‍ത്തുകൊണ്ടിരുന്നു. ഗൗതമന്‍ വീടിനുള്ളിലും പുറത്തുമായി മൂന്നുതവണ തലചുറ്റി വീണു. 

മൂന്നാം നാള്‍ പകുതി കഴിഞ്ഞപ്പോള്‍ ഗൗതമന്‍ അനങ്ങാനാവാത്ത സ്ഥിതിയിലായി. ചെറിയൊരു ഓര്‍മ്മയില്‍ താക്കോല്‍ സൂക്ഷിച്ചിരുന്ന സ്ഥാനം ഗൗതമനറിഞ്ഞു. പക്ഷേ ഒന്ന് എഴുന്നേല്‍ക്കാനോ, താക്കോലെടുത്ത് മേശ തുറക്കുവാനോ കഴിയാത്ത വിധം ഗൗതമന്‍ കിടക്കയില്‍ ആയി കഴിഞ്ഞിരുന്നു.

നാലാം നാള്‍ പുലര്‍ച്ചയോടെ ഉറുമ്പുകള്‍ ഗൗതമന്‍ ഡയറികളില്‍ എഴുതിയ ഭാഗങ്ങള്‍ പൂര്‍ണമായുംതിന്നു കഴിഞ്ഞു.. ആദ്യനാള്‍ കണ്ട ഉറുമ്പുകള്‍ ആയിരുന്നില്ല അവറ്റകള്‍ അപ്പോള്‍. നാലുനാള്‍ കൊണ്ട് പരസ്പരം അംഗസംഖ്യ എണ്ണമറ്റതായി.

മേശയില്‍ നിന്നും ഉറുമ്പുകള്‍ ഒന്നൊന്നായി വിടവാങ്ങുമ്പോള്‍ ഗൗതമന്റെ വീട്ടില്‍ നിന്നും കൂട്ടനിലവിളി ഉയര്‍ന്നു കേട്ടു. മുറ്റത്തെ മാങ്കൊമ്പിലിരുന്ന് കാക്കകള്‍ കൂട്ടംകൂട്ടമായി കരഞ്ഞു. ആകാശം കാര്‍മേഘക്കെട്ടുകളാല്‍ മൂടി. തങ്ങള്‍ ശേഖരിച്ച അക്ഷരങ്ങള്‍ ക്രമം തെറ്റാതെ അടുക്കിവയ്ക്കുന്ന തിരക്കിലായിരുന്നു ഉറുമ്പുകള്‍ അപ്പോള്‍. ഒമ്പതാം നാള്‍ കഥ പൂര്‍ണ്ണമാകുമ്പോള്‍ ചാത്തമുണ്ണാന്‍ ബന്ധുക്കള്‍ ഗൗതമന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു.

ഒരുനാള്‍ കൂടി കഴിഞ്ഞു. 

ഉറുമ്പുകള്‍ ഗൗതമിന്റെ വീടും മുറ്റവും പിന്നിട്ട് തെക്കേപ്പറമ്പിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു. നിരനിരയായി.. വരിവരിയായി. 

പറമ്പിലെ പാതയോരത്ത്, കൊമ്പ് മുറിച്ച മാവിന്‍ മുകളിലിരുന്ന് ഇതെല്ലാം നോക്കിക്കൊണ്ട് ഒരു കാക്ക നീട്ടി കരഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...