ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് രവീന്ദ്രന്‍ എന്‍പി എഴുതിയ ചെറുകഥ. Asianet News Chilla Literary Space. Malayalam Short Story by Raveendran NP 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

പരിണാമം

രണ്ടെണ്ണം വീശി, അല്പം തത്വജ്ഞാനം തലയില്‍ കയറുമ്പോള്‍, ജോസഫ് പറയാറുണ്ട് പാപ്പാത്തിയില്‍ നിന്നും പത്മാവതി അമ്മയിലേക്കും, അനന്തനില്‍ നിന്നും അന്തോണിയിലേക്കും ഉള്ള പരിണാമം സമാന്തരമായി അനന്തതയിലേക്ക് നീളുന്ന റെയിലുകള്‍ പോലെയാണെന്ന്. ചില സന്ധികളില്‍ അവരെ വഴിതിരിച്ചു വിടാന്‍ താന്‍ ജോസഫ് പുലാക്കനും ആയി.

ആ പറഞ്ഞത് ശരിയായിരിക്കാനാണ് ന്യായം. കാരണം പാപ്പാത്തിയും, അനന്തനും, ജോസഫും ബാല്യകാല സുഹൃത്തുക്കളും കളിക്കൂട്ടുകാരും ആയിരുന്നു. ഒരു വേലി കൊണ്ട് പകുക്കപ്പെട്ട രണ്ട് കുടുംബങ്ങള്‍. കാലം കടന്നു പോകവേ അവരെല്ലാം സ്വന്തം വഴികള്‍ വെട്ടി നടന്നവരായി മാറി.

അമ്മയുടെ മരണത്തോടെ മാഞ്ഞു പോയി അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പാപ്പാത്തിയുടെ ബാല്യം. ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഏറ്റെടുത്ത് അടുക്കളയില്‍ കയറിയ അവള്‍ക്ക് ഒരു പിന്‍നടത്തം സാധ്യമല്ലായിരുന്നു. പാരമ്പര്യ വൈദ്യനായ അച്ഛനുവേണ്ടി, മരുന്നരക്കല്‍, കഷായം, കുഴമ്പ്, എണ്ണ എല്ലാം ഉണ്ടാക്കേണ്ടത് അവളുടെ ചുമതലയായി. കൂടാതെ ഭക്ഷണം പാകം ചെയ്യല്‍, രണ്ട് വയസ്സിന്റെ ഇളപ്പമുള്ള അനന്തന്റെ സംരക്ഷണം എല്ലാം ചേര്‍ന്ന് പെട്ടെന്ന് അവള്‍ കാര്യശേഷിയുള്ള ഒരു യുവതിയായി.

മുട്ടയില്‍ നിന്നും നേരിട്ട് മുതിര്‍ന്ന ശലഭമായവളാണ് പാപ്പാത്തി. ഇല്ലാതെ പോയതോ അവളുടെ ബാല്യവും.

ജന്മനാ ബുദ്ധിപരമായി അല്‍പ്പം പുറകിലായിരുന്നു അനന്തന്‍. വേനലവധികളില്‍ തൊടിയില്‍ നിന്നും മാങ്ങപെറുക്കി കടിച്ചീമ്പുന്ന കുട്ടികളില്‍ ആരെങ്കിലും പെട്ടെന്ന് വിളിക്കും, 'അനന്താ'.

'ഉം' എന്നുത്തരം മൂളിയാല്‍, 'ഈ മാങ്ങാണ്ടിക്കൊന്ന് തൊണ പോവോ പൊട്ടാ' എന്ന് അനന്തനോട് ചോദിച്ച് അണ്ടി ദൂരേക്ക് വലിച്ചെറിഞ്ഞ് കൂട്ടാളികള്‍ ആര്‍ത്ത് ചിരിക്കും. അപ്പോള്‍ രക്ഷകനായി അവിടെ എത്തുന്ന ജോസഫ് തലക്ക് കിഴുക്കാന്‍ അവരുടെ പിറകേ ഓടും. ജോസഫിനെ പേടിച്ച് കുട്ടികള്‍ അനന്തനോടൊപ്പം കളിക്കാന്‍ കൂട്ടാക്കില്ല. ഒറ്റപ്പെട്ട, നിറമില്ലാത്ത ബാല്യമായിരുന്നു അനന്തന്.

ജോസഫ് ഏത് കൂട്ടത്തിലും നേതാവായിരുന്നു. അറിവും തിരിച്ചറിവും തമ്മിലുള്ള അന്തരം ബാല്യത്തിലേ മനസ്സിലാക്കിയ ജോസഫ്, അത്യാവശ്യം പഠിക്കുകയും ബാക്കി സമയം കളികള്‍ക്കായി നീക്കി വെക്കുകയും ചെയ്തു. ഉയര്‍ന്ന ക്ലാസുകളിലെത്തുമ്പോഴേക്കും അവന്‍ ഒരു കായിക താരമായി. സ്വന്തം ആരാധകവൃന്ദത്തില്‍ പെണ്‍കുട്ടികളുടെ അഭാവം അവനെ അസ്വസ്ഥനാക്കി. അത് പരിഹരിക്കാന്‍ പ്രേമലേഖനം എഴുതി ചില പെണ്‍കുട്ടികള്‍ക്ക് കൊടുക്കുക എന്ന മാര്‍ഗമാണ് അവന്‍ കണ്ടത്.

സമയത്തിന്റെ മൂല്യം കൃത്യമായി അറിയുന്നതിനാല്‍, ആ പ്രേമലേഖനം കാലാതീതവും, തന്റെ ജീവിതം മുഴുവന്‍ ഉപകരിക്കുന്നതും ആയിരിക്കണം എന്നും അവന് നിര്‍ബന്ധമായിരുന്നു. അതിനായി സൃഷ്ടിയുടെ പണിപ്പുരയില്‍ ദിവസങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി തയ്യാറാക്കിയ കുറിപ്പ് മലയാളം പണ്ഡിറ്റിനെ കാണിച്ച് കുറ തീര്‍ക്കണമെന്ന് ആഗ്രഹിച്ചെങ്കിലും അടി പേടിച്ച് അതിന് മുതിര്‍ന്നില്ല. പകരം ഒരു പരീക്ഷണമായി അവന്‍ കുറിപ്പ് പാപ്പാത്തിക്ക് കൊടുത്തു.

അത് വായിച്ച പാപ്പാത്തി, മകന്‍ തന്നെ കുറിപ്പാണ് എന്ന മുഖവുരയോടെ, കത്ത് ജോസഫിന്റെ അമ്മക്ക് കൈമാറി. അതില്‍ നിറയെ അക്ഷരത്തെറ്റുകളും വ്യാകരണ പ്പിഴവുകളും ഉണ്ടെന്ന് കൂട്ടിച്ചേര്‍ക്കാനും അവള്‍ മറന്നില്ല.

ആ സംഭവത്തോടെ മക്കള്‍ വളര്‍ന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് രണ്ടു കുടുംബങ്ങളെയും കൊണ്ടുവന്നു. അച്ഛന്‍ ഓര്‍ത്തു, അമ്മയില്ലാതെ വളരുന്ന കുട്ടികള്‍ നൂലുപൊട്ടിയ പട്ടം പോലെയാണ്, വന്‍ വൃക്ഷങ്ങളുടെ ചില്ലയിലെവിടെയോ കുരുങ്ങി, അതിശക്തമായ ഒരു കാറ്റില്‍ മേലോട്ട് പൊങ്ങി മറ്റൊരു വൃക്ഷ ശാഖയില്‍ തങ്ങുന്നു. വെയിലും, മഴയും കൊണ്ട് കാലം ചെല്ലവേ ദ്രവിച്ച് ഇല്ലാതാകുന്നു.

തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ അയാള്‍ മകള്‍ക്കായി ഒരു ചെക്കനെ തേടാന്‍ തുടങ്ങി.ഏതാണ്ട് അതേസമയത്താണ് പഠനം നിര്‍ത്തിയ അനന്തന്‍ അടുത്തുള്ള ഒരു തീപ്പെട്ടിക്കമ്പനിയില്‍ ജോലിക്ക് പോകാന്‍ തുടങ്ങിയത്. അവന്റെ ആഴ്ച്ച കൂലിയില്‍ പകുതി കണക്കപ്പിള്ള അടിച്ച് മാറ്റുന്നത് അറിഞ്ഞ് എല്ലാ ശനിയാഴ്ചയും ജോസഫ് തീപ്പെട്ടിക്കമ്പനിയിലെത്തി ശരിയായ വേതനം ലഭിക്കുന്നത് ഉറപ്പ് വരുത്തി. പിന്നീടവന്‍ ആ പൈസ പോത്തിറച്ചി, ചാരായം എന്നീ മരുന്നുകളുടെ സഹായത്തോടെ അനന്തന്റെ ബുദ്ധി ഉറപ്പിക്കാനുള്ള ചികിത്സയ്ക്കുപയോഗിച്ചു.

ദല്ലാള്‍ വഴി പാപ്പാത്തിക്ക് ഒരു മാരനെ അവളുടെ അച്ഛന്‍ കണ്ടെത്തി. ബോംബെയില്‍ ജോലിയാണ് വരന്. അവിടെ താമസസൗകര്യങ്ങള്‍ക്കുള്ള ബുദ്ധിമുട്ടും, പണച്ചിലവും പറഞ്ഞ് അയാള്‍ തല്‍ക്കാലം വധു നാട്ടില്‍ത്തന്നെ നില്‍ക്കേണ്ടി വരുമെന്ന വ്യവസ്ഥയില്‍ കല്യാണം നടത്തി. പുതുമോടി മായും മുന്‍പേ അയാള്‍ ബോംബേയിലേക്ക് വണ്ടി കയറിയതോടെ അവളുടെ ജീവിതം ഒരു നീണ്ട കാത്തിരിപ്പായി മാറി. അയച്ച കത്തുകള്‍ തിരിച്ചു വന്നപ്പോള്‍ നാട്ടുകാര്‍ വിധിയെഴുതി, അയാള്‍ക്കവിടെ വേറെ ഭാര്യയും മക്കളും ഉണ്ട്. ഒരു വന്‍ ചതിയില്‍ പെട്ടു എന്ന അറിവില്‍ ജീവിതം തകര്‍ന്നടിയുമ്പോള്‍, തന്നെ ഒരു ഉപഭോഗ വസ്തുവാക്കിയ അയാളോട് പ്രതികാരം ചെയ്യാന്‍ അവള്‍ നിശ്ചയിച്ചു.

ആദ്യം കരുനീക്കം, അനന്തനെക്കൊണ്ട് ബോംബേക്കാരന്റെ അനുജത്തിയെ കല്യാണം കഴിപ്പിക്കുക എന്നതായിരുന്നു. മകളുടെ നിര്‍ബന്ധം മൂലം അച്ഛന്‍ അത് നടത്തിക്കൊടുത്തു. കല്ല്യാണത്തിന് അയാള്‍ വരുമെന്ന ഒരു നേരിയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും വന്നില്ല. നാത്തൂന്‍ പോരില്‍ അനന്തന്റെ ഭാര്യയെ തളര്‍ത്തുക എന്നതായി പാപ്പാത്തിയുടെ പിന്നത്തെ മുഖ്യവിനോദം. ആധിയും വ്യാധിയും മൂത്ത് അച്ഛന്‍ പോയതോടെ അവള്‍ സ്വതന്ത്രയായി.

മഴ തിമിര്‍ത്തു പെയ്യുന്ന കര്‍ക്കിടകത്തില്‍ മകരസംക്രമത്തിന് വീട് വൃത്തിയാക്കുമ്പോള്‍ പാപ്പാത്തിക്ക് മച്ചകത്ത് അച്ഛന്‍ സൂക്ഷിച്ചുവെച്ച ഒരു താളിയോാല ഗ്രന്ഥം കിട്ടി. സംക്രാന്തി ദിവസം സ്ഥിരം ചേട്ടയുടെ അവസ്ഥയിലായിരുന്നു അനന്തന്റെ ഭാര്യ. 'ശീപോതി അകത്ത്, ചേട്ട പുറത്ത് ' എന്ന് ഉറക്കെ പറഞ്ഞ്, മുറത്തില്‍ അടിക്കാട്ടും, ചൂലുമായി നില്‍ക്കുന്ന അനന്തന്റെ ഭാര്യയെ വീടിന്റെ പുറത്താക്കുന്ന കര്‍മം ഭാവനയില്‍ കണ്ട് അഭിരമിക്കുന്ന പാപ്പാത്തിക്ക് ആ ഗ്രന്ഥം തന്റെ ജീവിതത്തിലെ വഴിത്തിരിവായിരിക്കുമെന്ന് അറിയാതെ പോയി.

പിന്നീട് എപ്പോഴോ ആ താളിയോലകള്‍ പാപ്പാത്തി ശ്രദ്ധാപൂര്‍വ്വം വായിച്ചു. 'കര്‍ക്കരോഗസംഹാരി' എന്ന കാന്‍സറിന് ഉള്ള സിദ്ധൗഷധം ഉണ്ടാക്കുന്ന വിധം, ചേരുവകള്‍, ആസവം വായു കടക്കാതെ കല്‍ഭരണികളില്‍ അടച്ച് പുളിപ്പിക്കാനുള്ള കാലാവധി എല്ലാം ആ ഓലകളില്‍ വിശദീകരിച്ചിരുന്നു. ജോസഫുമായുള്ള ചര്‍ച്ചയില്‍ ആസവത്തിന്റെ വിപണന സാധ്യതകള്‍ മനസ്സിലാക്കിയ അവള്‍ അത് വിപണിയില്‍ ഇറക്കാന്‍ തീരുമാനിച്ചു. ഉല്പാദനം പാപ്പാത്തി, വിപണനം ജോസഫ് എന്ന കരാറും അവര്‍ ഉണ്ടാക്കി.

ശീപോതിയെ കുടിയിരുത്തിയ മച്ചകത്ത് ധന്വന്തരിയുടെ പടം വെച്ച് പൂജ, ഹവനം എന്നീ പവിത്ര കര്‍മ്മങ്ങളിലൂടെ വൈദ്യരത്‌നം പത്മാവതി അമ്മ തന്റെ പുതിയ സംരംഭം തുടങ്ങി. വീട്ടുവളപ്പില്‍ വളര്‍ത്തിയ ഔഷധ സസ്യങ്ങള്‍ അരച്ചു ചേര്‍ത്ത് നെടുമ്പുരയില്‍ വിറകടുപ്പുകള്‍ക്കു മുകളില്‍ ഓട്ടുരുളിയില്‍ വെന്ത് പാകമായ ആസവം കല്‍ഭരണികളിലേക്ക് പകര്‍ന്ന് പുളിപ്പിക്കാന്‍ വെച്ചു. പിന്നെ കുപ്പികളില്‍ എല്ലാവിധ അര്‍ബുദങ്ങള്‍ക്കും ഉള്ള സിദ്ധൗഷധം എന്ന ലേബലില്‍ കര്‍ക്കരോഗസംഹാരി വിപണിയില്‍ ഇറങ്ങി.

ഏറെ പഴക്കമുള്ള അര്‍ബുദം പത്മാവതി അമ്മയുടെ ചികിത്സ കൊണ്ട് ഭേദമായതിന് സാക്ഷ്യപത്രങ്ങളുണ്ടായി. ആസവത്തില്‍ ചാരായത്തിന്റെ തോത് കൂടുന്നതിനനുസരിച്ച് വില്പനയും കൂടി.

ലക്ഷ്മിയുടെ സാന്നിധ്യം മച്ചകത്ത് വന്നതോടെ പാപ്പാത്തിയില്‍നിന്നും പത്മാവതി അമ്മയിലേക്കുള്ള പകര്‍ന്നാട്ടം പൂര്‍ത്തിയായി. ആസവത്തിന് ആവശ്യക്കാര്‍ ഏറിയതോടെ അനന്തന്‍ വൈദ്യശാലയിലെ ആദ്യത്തെ ജോലിക്കാരനായി. തീപ്പെട്ടി കമ്പനിയില്‍ കിട്ടിയ വേതനത്തേക്കാള്‍ ഉയര്‍ന്ന വേതനം ജോസഫ് അവനായി നിശ്ചയിച്ചു.

കാലം ചെല്ലവേ അനന്തന്റെ ഭാര്യ ഗര്‍ഭിണിയായി. അത് ഒരു അവസരമായി കണ്ട്, ഇവിടെ ഗര്‍ഭശുശ്രൂഷക്കൊന്നും സമയം കിട്ടില്ലെന്ന് പറഞ്ഞ് അവളെ സ്വന്തം വീട്ടില്‍ കൊണ്ടാക്കാന്‍ പത്മാവതി അമ്മ നിര്‍ദേശിച്ചു. പിന്നെയവര്‍ വലിയ സ്‌നേഹത്തോടെ അനന്തനോട് പെരുമാറുകയും ഭാര്യ വീട്ടില്‍ പോകുന്നത് വിലക്കുകയും ഒരു ഘട്ടത്തില്‍ ഭാര്യയെ ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു..

അതിനു വഴങ്ങാനല്ലാതെ, അവന്റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നും ഇല്ലായിരുന്നു. അങ്ങിനെ പത്മാവതി അമ്മ തന്റെ പ്രതികാരം പൂര്‍ത്തിയാക്കി. പകരത്തിനു പകരം എന്നതായിരുന്നു ന്യായീകരണം. ഒരു ഉറപ്പിനായി മച്ചകത്ത് ഇരുത്തി പരദേവതകള്‍ക്കു മുന്നില്‍ വെച്ച് ഇനി ഭാര്യയെ കാണില്ലെന്ന് അവനെക്കൊണ്ട് ആണ ഇടീക്കുകയും ചെയ്തു. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഉള്ള ശേഷി ബാല്യം തൊട്ടേ ഇല്ലാത്ത അനന്തന്‍ പെങ്ങള്‍ പറഞ്ഞതെല്ലാം അനുസരിച്ചു.

ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നിയ അനന്തന്‍ ബന്ധം പുന:സ്ഥാപിക്കാന്‍ ജോസഫിന്റെ സഹായം തേടി. പത്മാവതി അമ്മയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് മോചനം നേടണം, സ്വതന്ത്രനാകണം എന്നതായിരുന്നു ജോസഫിന്റെ ആദ്യ ഉപദേശം.

അങ്ങനെ തനിക്ക് തരാമെന്ന് പറഞ്ഞ വേതനം, കുടുംബ സ്വത്ത് ഭാഗം വെക്കല്‍ എന്നിങ്ങനെ ആവശ്യങ്ങള്‍ അവന്‍ പത്മാവതി അമ്മക്ക് മുന്‍പില്‍ അവതരിപ്പിച്ചു. ഒന്നും തരില്ലെന്നായിരുന്നു മറുപടി. അത് അനന്തനെ ചൊടിപ്പിച്ചു. തര്‍ക്കം മൂത്ത് കേസും കൂട്ടവും ആയപ്പോള്‍ അനന്തനെ പെങ്ങള്‍ വീട്ടില്‍ നിന്നും അടിച്ചിറക്കി.

ലൂര്‍ദ് പള്ളിക്ക് സമീപം വില്‍ക്കാനായി വെച്ച തങ്ങളുടെ കുടുംബ സ്വത്തായ, കളയും പുല്ലും നിറഞ്ഞ ഒരു തുണ്ട് ഭൂമിയില്‍ അനന്തന് ജോസഫ് കുടുംബം അഭയം നല്‍കി. ഇടിഞ്ഞുപൊളിഞ്ഞ വീടും, ചുറ്റുവട്ടവും വൃത്തിയാക്കുമ്പോള്‍ പറമ്പിന്റെ മൂലയില്‍ ഒരു പൊട്ടക്കിണര്‍ അനന്തന്‍ കണ്ടു. കിണറ്റില്‍ വെള്ളമുണ്ടോ എന്നറിയാനായി എത്തിനോക്കിയപ്പോള്‍ കിണറിന്റെ വളയങ്ങളില്‍ തട്ടി ഒരു അശരീരി മുഴങ്ങി. 'നീ ഈ കിണര്‍ വൃത്തിയാക്കുക. വൃത്തിയാക്കിയ കിണറില്‍ മൂന്നാം ദിവസം ഉറവ പൊടിയും. ആ ജലം നിനക്ക് ജീവിതോപാധിയാകും.'

അപ്പോള്‍ ആരോ പിന്നില്‍നിന്ന് തള്ളിയിട്ടപോലെ അനന്തന്‍ കിണറ്റിലേക്ക് കൂപ്പുകുത്തി. മൂന്നാം ദിവസമാണ് ജോസഫും സംഘവും നടത്തിയ തിരച്ചിലില്‍ അവനെ കിണറ്റില്‍ നിന്ന് പൊക്കിയത്. അപ്പോള്‍ അയാള്‍ 'ഞാന്‍ അന്തോണിയാണ്' എന്ന് പിച്ചുംപേയും പറഞ്ഞിരുന്നു. സംഘത്തിലുണ്ടായിരുന്ന ജോസഫിന്റെ അച്ഛന് പെട്ടെന്ന് കാര്യം പിടികിട്ടി. ആ കിണറ്റില്‍ വീണ് മരിച്ച അന്തോണി എന്ന തന്റെ അപ്പന്റെ ആത്മാവ് അനന്തനില്‍ ബാധ കയറിയിരിക്കുന്നു.

അടുത്ത ഏതാനും ദിവസങ്ങള്‍ കൊണ്ട് ജോസഫ് കുടുംബം കിണറിന്റെ നെല്ലിപ്പലക വരെ വൃത്തിയാക്കി. ഒരാഴ്ച കൊണ്ട് കിണറിന്റെ മൂന്ന് വളയങ്ങള്‍ക്ക് മുകളില്‍ വെള്ളമായി. ഒരു ഞായറാഴ്ച പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ്, അന്തോണിയുടെ കുടിലില്‍ ഒരു കല്‍പ്പണിക്കാരനെത്തി, വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി അപ്പന്‍ കുടലിന്റെ കാന്‍സര്‍ വന്ന് കിടപ്പിലാണ്. കൂടുതല്‍ ചികിത്സക്ക് പാങ്ങില്ല. കര്‍ക്കരോഗസംഹാരി കുറെ കൊടുത്തു. ഭേദമായില്ല. ഭാര്യക്ക് മലവും, മൂത്രവും കോരി മടുത്തു. അപ്പനൊന്ന് പോയിക്കിട്ടിയാല്‍ മതി എന്നായി. രക്ഷിക്കണം.

ഇത് കേട്ട് യോഗനിദ്രയിലായ അന്തോണി കിണറ്റിന്‍പള്ളക്ക് ചെന്ന് ഏതോ ഭാഷയില്‍ ചില മന്ത്രങ്ങള്‍ ചൊല്ലി. അതോടെ, കിണറില്‍ ദൃഷ്ടാന്തമായി ഒരു തവണ വെള്ളം ഉയര്‍ന്ന് കയ്യെത്തും നിലയില്‍ എത്തി പൂര്‍വസ്ഥിതി പ്രാപിച്ചു. അന്തോണി കര്‍ക്കരോഗസംഹാരിയുടെ കാലിക്കുപ്പിയില്‍ വെള്ളം നിറച്ച് ജപിച്ച്, ഊതി കല്‍പ്പണിക്കാരന് കൊടുത്തു.

പിന്നെ സംഭവിച്ചത് അയാളുടെ വാക്കുകളില്‍ ഇങ്ങിനെയാണ്: വീട്ടിലെത്തി അപ്പനെ കിടക്കയില്‍ ചാരി ഇരുത്തി ഒരു കവിള്‍ വെള്ളം കൊടുത്തു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അപ്പന്‍ ഒരു കവിള്‍ വെള്ളം കൂടി ചോദിച്ചു വാങ്ങി. പിന്നെ സ്വയം കിടക്കയില്‍ നിവര്‍ന്നു കിടന്ന്, ഒറ്റത്തവണ ഊര്‍ദ്ധ്വന്‍ വലിച്ചു. ഡിം! അപ്പന്‍ പോയി.

ഈ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. പിന്നെ അന്തോണി യുടെ കുടിലിലേക്ക് ആവശ്യക്കാരുടെ ഒരു പ്രവാഹമായിരുന്നു. ദീര്‍ഘകാലമായി മരണക്കിടക്കിയിലായിരുന്നവര്‍ക്ക് അന്തോണിയുടെ ദിവ്യജലശുശ്രൂഷ ഒരു അനുഗ്രഹമായി. അതോടൊപ്പം മാന്യരെന്നു ധരിച്ചിരുന്നവരുടെ ഉള്ളിലിരിപ്പ് അന്തോണിയെ അമ്പരപ്പിച്ചു. മരുമകള്‍ക്ക് അമ്മായി അമ്മയെ തട്ടണം, മകന് അച്ഛനെ തട്ടി സ്വത്ത് കൈക്കലാക്കണം, അതിനായി പല നുണകളും, കെട്ടുകഥകളുമായി അവര്‍ കാണാന്‍ എത്തി.

പക്ഷേ പറയുന്നത് നുണയാണ് എന്ന് തോന്നിയാല്‍, അന്തോണി വിടില്ല. സത്യത്തിന്റെ പക്ഷത്ത് മാത്രമേ നില്‍ക്കൂ എന്ന് പറഞ്ഞ് അവന്‍ അവരെ തിരിച്ചയക്കും. മനുഷ്യമനസ്സ് പലതരം നീചവൃത്തികളുടേയും, ക്രൂരതയുടെയും അരങ്ങാണെന്ന അറിവ്, തന്റെയോ, ബോംബെക്കാരന്റെയോ ചെയ്തികള്‍ ക്ഷമിക്കാവുന്നതേ ഉള്ളൂ എന്ന മനസമാധാനം അവന് നല്‍കി. ഉദ്ദിഷ്ട കാര്യ ലബ്ധിയില്‍ ആളുകള്‍ കാണിക്കയായി എന്തെങ്കിലും സമര്‍പ്പിക്കും. ചിലര്‍ വീട്ടിലെ ഭക്ഷണം, കായ്കനികള്‍, മറ്റു ചിലര്‍ പണം, ചാരായം അങ്ങനെ പലതും. ഒരു പുഞ്ചിരിയോടെ അവന്‍ എല്ലാം വാങ്ങും, എന്നാല്‍ സ്വന്തമായി ആവശ്യങ്ങള്‍ ഒന്നും പറയില്ല.

ദിവ്യജലം വാങ്ങാന്‍ വരുന്നവര്‍ കുപ്പി കൊണ്ടുവരണമെന്ന ഒരു നിബന്ധന മാത്രം.

അങ്ങിനെപോയി അന്തോണി രോഗശുശ്രൂഷ നല്‍കുന്ന നാളുകള്‍. കാലം കടന്നു പോവുകയായിരുന്ന ഒരു പുലര്‍ച്ചെ അന്തോണിയുടെ കുടിലില്‍ കൗമാരം വിടാത്ത ഒരു കുട്ടി എത്തി. എവിടേയോ കണ്ടു മറന്ന മുഖമാണല്ലോ എന്ന് അന്തോണി ഓര്‍ക്കുമ്പോള്‍ മുഖവുരയൊന്നുമില്ലാതെ അവന്‍ പറഞ്ഞു.

അമ്മ പറഞ്ഞയച്ചിട്ട് വന്നതാണ്. അമ്മക്ക് വന്‍കുടലില്‍ കാന്‍സര്‍ ആണ്. കിടപ്പായിട്ട് നാലഞ്ചു കൊല്ലമായി. കഠിനമായ വേദന കൊണ്ട് ഇരിക്കപ്പൊറുതി ഇല്ല. എനിക്ക് അമ്മാവന്‍ ബോംബെയില്‍ ജോലി ശരിയാക്കിയിട്ടുണ്ട്. അടുത്ത ആഴ്ച പോണം. അമ്മ ഒറ്റക്കാവും. അമ്മയ്ക്ക് ജപിച്ചൂതിയ വെള്ളം വേണം. അത് വാങ്ങിക്കാനാണ് ഞാന്‍ വന്നത്.

കണ്ണുകള്‍ നിറഞ്ഞ് കിണറ്റിന്‍ വക്കില്‍ മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ അന്തോണി ക്ക് പലതവണ പിഴച്ചു. കുപ്പിയില്‍ നിറച്ച വെള്ളത്തില്‍ തന്റെ കണ്ണീരിന്റെ രണ്ടു തുള്ളി ചേര്‍ത്ത് അവന് നല്‍കി. ഒരു യാത്ര പോലും പറയാതെ അവന്‍ തിരിച്ചു നടന്നപ്പോള്‍ കുറച്ചു നേരം സ്തബ്ധനായി ഇരുന്ന് ഒരലര്‍ച്ചയോടെ അന്തോണി പുറകോട്ട് മറിഞ്ഞു.

ബോധം തെളിഞ്ഞപ്പോള്‍ ജോസഫ് അടുത്തിരിപ്പുണ്ടായിരുന്നു.

കരഞ്ഞു കൊണ്ട് തന്റെ മന്ത്രങ്ങള്‍ എല്ലാം ആ കുപ്പിയിലെ വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്നതും, ആ വാക്കുകള്‍ മനസ്സില്‍ നിന്നും മാഞ്ഞു പോയതും ഇനി ഇവിടെ തുടരാന്‍ അര്‍ഹതയില്ലെന്നും അന്തോണി പറഞ്ഞു. ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്ന് ജോസഫ് രണ്ട് ഗ്ലാസുകളില്‍ മദ്യം പകര്‍ന്നു. മൗനത്തിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം ജോസഫ് തത്വജ്ഞാനം പറഞ്ഞു.

ബന്ധങ്ങളും, സൗഹൃദങ്ങളും ജീവിതത്തിലെ ചെറിയ തണലുകള്‍ മാത്രമാണ്. എന്നെങ്കിലും അതുപേക്ഷിച്ച് പോയേ പറ്റൂ, വിട സുഹൃത്തേ. പിന്നെ ഒരു കാര്യം. ഞാന്‍ ഇവിടെത്തന്നെ ഉണ്ടാകും. ഈ കിണറും വെച്ച് കുടിവെള്ളം കുപ്പിയില്‍ വില്‍ക്കുന്ന പദ്ധതി തുടങ്ങും. പാതാളം വരെ നീളുന്ന കുഴലുകള്‍ കൊണ്ട് ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ മുഴുവന്‍ ഞാന്‍ ഊറ്റിയെടുക്കും. ജോസഫ് പുലാക്കന്‍ എന്ന പേരില്‍ ഞാന്‍ അറിയപ്പെടും.

പില്‍ക്കാലത്ത് ജലത്തിനായുള്ള യുദ്ധങ്ങളും, ദയാവധത്തിന് ഉള്ള നിയമപോരാട്ടങ്ങളും നടക്കുമ്പോള്‍ ഈ മൂന്ന് പേരും ചരിത്രത്താളുകളില്‍ ഇടം പിടിച്ചു.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...