ചില്ല. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സാഹിത്യ വിഭാഗത്തില്‍ ഇന്ന് ജയചന്ദ്രന്‍ എന്‍ ടി എഴുതിയ ചെറുകഥ. Asianet News Chilla literary space. malayalam Short Sotry by Jayachandran NT
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

മുള്ള്
അര്‍ദ്ധരാത്രി. കാട്ടുവഴിയില്‍ നിന്നൊരു പെണ്ണ് കാറിന് കൈകാണിക്കുക, നിര്‍ത്തരുതെന്ന് തീരുമാനിച്ചിട്ടും അറിയാതെ കാര്‍ നിന്നുപോകുക, പിന്നെ അവളുമായി യാത്ര തുടരുക.
ദുരൂഹതകള്‍, യാദൃശ്ചികം!
കാട്ടുവഴി! സമയം വൈകുന്നു, ഒരു രാത്രി മുഴുവന്‍ ഡ്രൈവുണ്ടാകും. എല്ലാം അറിഞ്ഞുതന്നെയാണ് പുറപ്പെട്ടത്. വീട്ടിലെത്തേണ്ടത് അത്യാവശ്യമാണ്.
ഇരുവശവും കാട്. സന്ധ്യാസമയം കഴിഞ്ഞതേയുള്ളു, കനത്ത രാത്രിയുടെ പ്രതീതി. ഇരുട്ടിലേക്ക് തുളച്ചുകയറി മുന്നിലേക്കോടുന്ന കാറിന്റെ വെളിച്ചം, അയാളെയും കെട്ടിവലിച്ച് കൊണ്ടുപോയി. റോഡ് മുറിച്ചോടുന്ന മുയലുകളും മ്ലാവുകളുമല്ലാതെ മറ്റ് ബുദ്ധിമുട്ടുകളൊന്നുമുണ്ടായില്ല. ദൂരെ ഏതോ നിഴല്‍! അതുകണ്ടാണ് ബ്രൈറ്റ് ലൈറ്റ് അടിച്ചത്.
റോഡരികില്‍ ഒരു സ്ത്രീരൂപം.
അവള്‍ കാര്‍ നിര്‍ത്താനായി കൈകാണിക്കുന്നു.
അര്‍ദ്ധരാത്രി! വിജനമായ കാട്ടുവഴി, ഒരു പെണ്ണ്! ആരാണത്?
സംശയങ്ങള്‍ ഉള്ളിലേക്കൊരു ഭയമായി കുടിയേറി. ശരീരം തണുത്തു. നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു. കാറിന്റെ വേഗത കൂട്ടി.
നിര്‍ത്തില്ലെന്ന് മനസ്സിലായതുകൊണ്ടാകാം അവള്‍ റോഡിന് നടുക്കായി കയറി നിന്നു. ഇപ്പോള്‍ കാഴ്ച വ്യക്തമാണ്. ചെമന്ന നിറമുള്ളൊരു സാരിയാണ് വേഷം. തോളിലൊരു ട്രാവല്‍ ബാഗുണ്ട്.
എന്തുവന്നാലും കാര്‍ നിര്‍ത്തരുത്, അവളെ ഇടിച്ചിട്ടാലും വേണ്ടില്ല. കാട്ടുവഴിയിലൊക്കെ പ്രേതങ്ങള്‍ പല രൂപത്തിലും വരും. കാറിന്റെ വേഗത കൂട്ടി.
വഴിയില്‍ നിന്നവള്‍ മാറിയില്ല.
ആരോ പിടിച്ചു നിര്‍ത്തിയതുപോലെ അവള്‍ക്കു മുന്നിലെത്തി ഇടിച്ചില്ലെന്ന അവസ്ഥയില്‍ കാര്‍ നിന്നു.
വലതുകാല്‍ സ്വയമറിയാതെ ബ്രേക്കില്‍ അമര്‍ന്നിരിക്കുന്നു. ഡ്രൈവിങ്ങ് സീറ്റിനരികിലേക്ക് അവള്‍ വന്നു.
യാന്ത്രികമായാണ് ഗ്ലാസ്സ് താഴ്ന്നത്.
'ഞാനും കൂടെ പോന്നോട്ടെ മാഷെ?'
അവളുടെ ചോദ്യത്തിന്, വരാനും വരണ്ടെന്നും പറയാന്‍ കഴിഞ്ഞില്ല. ഈ പാതിരാത്രിയില്‍ കാട്ടുവഴിയില്‍ ഒരു പെണ്ണ് എങ്ങനെയെത്തി എന്ന ചിന്തയിലായിരുന്നയാള്‍.
ഉറപ്പായും ദുരൂഹത തന്നെയാണ്.
മുന്‍വശത്തെ സീറ്റില്‍ ലാപ് ടോപ്പും ബാഗുമിരിക്കുന്നതിനാല്‍ പുറകിലെ ഡോര്‍ തുറന്നവള്‍ കയറി ഇരുന്നു. അവളുടെ ബാഗിനുള്ളില്‍ നിന്നും ഇരുമ്പു കഷണങ്ങള്‍ കിലുങ്ങി!
'പൊയ്‌ക്കോ മാഷെ പേടിക്കുകയൊന്നും വേണ്ട, ഞാന്‍ പ്രേതമൊന്നുമല്ല.' -അവള്‍ പറഞ്ഞു.
അനുവാദമില്ലാതെ കാറിനുള്ളില്‍ കയറിയിരുന്ന അവളുടെ പ്രവൃത്തിയില്‍ അസ്വസ്ഥത തോന്നിയെങ്കിലും മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല. ഒരു കൂട്ടാകുമല്ലോ എന്ന ന്യായീകരണം സ്വയം സ്വീകരിച്ചു.
യാത്ര തുടര്‍ന്നു.
രണ്ടുപേര്‍ക്കുമിടയില്‍ വേലികെട്ടി നിന്ന ഭയവും ആശങ്കകളെയും മുറിച്ചു കൊണ്ട് അവളില്‍ നിന്നൊരു
ആശ്വാസത്തിന്റെ ദീര്‍ഘനിശ്വാസമുയര്‍ന്നു. പിന്നെയാണവള്‍ സംസാരിക്കാന്‍ തുടങ്ങിയത്.
'രാത്രി ഈ വഴിയൊന്നും ആരും വരാത്തതാണ്, എന്റെ ഭാഗ്യമായിരുന്നു മാഷ് ഇതിലെ വന്നത്.'
അയാളുടെ ഭയവും മാറിത്തുടങ്ങിയിരുന്നു.
കൂട്ടായല്ലോ! പേടിക്കേണ്ട കാര്യമില്ല. ഒരു പെണ്ണല്ലേ! ഇവള്‍ എന്ത് ചെയ്യാനാണ്. ഞാന്‍ കരുത്തനാണ് കരുത്തുറ്റ ശരീരമുണ്ട്. അവളൊരു മെലിഞ്ഞ പെണ്‍കുട്ടി.
എങ്കിലും കാറിന്റെ പിന്‍സീറ്റില്‍ അവളിരിക്കുന്നത് സുരക്ഷിതബോധത്തിന് അല്‍പ്പം ഭീഷണിയായി തോന്നി.
അടുത്തെവിടെയെങ്കിലും നിര്‍ത്തണമെന്നും അവളെ മുന്നിലെ സീറ്റില്‍ കയറ്റണമെന്നും തീരുമാനിച്ചു.
അവളുടെ ബാഗിനുള്ളില്‍ ഇരുമ്പില്‍ നിര്‍മ്മിച്ചതെന്തോ ഉണ്ട്. ചങ്ങലയെന്നാണ് തോന്നുന്നത്. പുറകിലിരുന്ന് ചങ്ങലകൊണ്ടവള്‍ കഴുത്തില്‍ ചുറ്റി പുറകിലേക്ക് വലിച്ചാലോ!
എളുപ്പം എന്നെ കീഴ്‌പ്പെടുത്താന്‍ കഴിയില്ല, കാരണം ഞാന്‍ കരുത്തനും അവള്‍ ദുര്‍ബലയുമാണ്.
'കുട്ടി, ഈ രാത്രിയില്‍ എവിടെ പോയി വരുന്നതാണ്?'
അയാളുടെ ചോദ്യത്തിന് അവള്‍ ചെറിയൊരു ശബ്ദമുണ്ടാക്കി ചിരിച്ചു.
'കുട്ടിയോ! ആരുടെ?' പരുക്കന്‍ സ്വരത്തിലാണ് അവളില്‍ നിന്ന് മറുചോദ്യമുണ്ടായത്.
അയാള്‍ കാറിനുള്ളിലെ മിററിലേക്ക് നോക്കി. അവളുടെ മുഖം കാണാം. അനാവശ്യമായി വാരി പുരട്ടിയ മേക്കപ്പുകള്‍, തടിച്ച ചുണ്ടുകളില്‍ ചോര ചെമപ്പിന്റെ നിറം. ചെറിയ കണ്ണുകള്‍. വലിയ വളക്കമ്മലുകള്‍. രണ്ട് മൂക്കുത്തികളുണ്ട്. നെറ്റിയിലെ സിന്ദൂരം വിയര്‍പ്പില്‍ പടര്‍ന്നിരിക്കുന്നു.
ശരിയാണ്, അവള്‍ക്കൊരു മുപ്പത് വയസ്സെങ്കിലും ആയിട്ടുണ്ടാകും,
'കുട്ടിയെന്ന് ഉദ്ദേശിച്ചത് പേരറിയാഞ്ഞിട്ടാണ്.'
'വേഷവും അലങ്കാരങ്ങളും കണ്ടിട്ട് ഞാനൊരു പെണ്ണെന്നു കരുതിയാകും മാഷ് കുട്ടിയെന്ന് വിളിച്ചതല്ലേ? ഞാനൊരു പെണ്ണല്ല.'
'പിന്നെ?'
'ഞാന്‍ ആണുമല്ല പെണ്ണുമല്ല, അറവാണിയാണ്, ഹിജഡ, ശിഖണ്ഡി. ഒന്‍പത്. ചാന്ത്‌പൊട്ട്. കുണ്ടന്‍.'
പറഞ്ഞു നിര്‍ത്തി അവള്‍ വീണ്ടും ചിരിച്ചു.
ട്രാന്‍സ്‌ജെന്‍ഡറാണ്, അതു പറഞ്ഞാല്‍ മതിയല്ലോ. എന്തിനാണിങ്ങനെ സ്വയം പുച്ഛിക്കുന്നതെന്ന് അയാള്‍ക്ക് തോന്നി.
'അറവാന്റെ കഥ കേട്ടിട്ടില്ലേ? ഒരുദിവസത്തേക്ക് അറവാന്റെ വധുവായി വിധവയാകുന്ന അറവാണിയുടെ കഥ, കേട്ടിട്ടുണ്ടാകും വീണ്ടും പറഞ്ഞ് ബോറടിപ്പിക്കുന്നില്ല. ഇന്നായിരുന്നവിടത്തെ ചടങ്ങുകള്‍. എല്ലാം കഴിഞ്ഞിറങ്ങി. യാത്രയ്ക്കായി കൂട്ടത്തിലുള്ളവര്‍ ട്രെയിന്‍ പിടിച്ചു നിര്‍ത്തിയപ്പോള്‍ പോലീസ് വന്നു. എല്ലാവരും ഓടി. ഞാനും ഓടി കാട്ടുവഴിയിലകപ്പെട്ടു. റോഡ് കണ്ടു പിടിച്ച് ഏതെങ്കിലും വാഹനവും നോക്കി നിന്നപ്പോഴാണ് മാഷ് വന്നത്.'
'എനിക്കൊരു പേരുണ്ട്.'
'ഓ മാഷെന്നു വിളിച്ചതുകൊണ്ടാണോ? പോട്ടെ മാഷെ പ്രായക്കൂടുതല്‍ കൊണ്ട് വിളിച്ചതല്ലേ, പേരെനിക്കറിയണമെന്നില്ല.'
ട്രാന്‍സ്‌ജെന്‍ഡറാണെന്ന് മനസ്സിലായെങ്കിലും അവളെന്ന് വിശ്വസിക്കാന്‍ മാത്രമാണ് അയാളുടെ ധൈര്യം അനുവദിച്ചത്. പുതുവസ്ത്രത്തിന്റെയും ചെമപ്പു നിറമുള്ള കുങ്കുമത്തിന്റെയും മണം കാറിനുള്ളില്‍ പരന്നിരുന്നു.
'എനിക്കുമൊരു പേരുണ്ടായിരുന്നു. ഞാനതെന്നേ മറന്നു പോയി. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നതുവരെ ഓര്‍മ്മയുണ്ടായിരുന്നു. ശരിക്കുമുള്ള പേര്. അന്നൊരു ദിവസം ക്ലാസ്സ് മുറിയില്‍വച്ച് എന്റെ പേര് മാറി മാതാഹരിയെന്നായി. ഞാനുമത് സ്വയം സ്വീകരിച്ചു.'
അവള്‍ പറഞ്ഞു നിര്‍ത്തും മുന്‍പെ റോഡിനു നടുക്കു തന്നെ അയാള്‍ കാര്‍ നിര്‍ത്തി.
'എന്തുപറ്റി മാഷെ?'
'ഒന്നുമില്ല മുന്നിലേക്കെന്തോ ചാടിയതുപോലെ തോന്നി.' അയാള്‍ പറഞ്ഞു. കണ്ണുകള്‍ ഭയംകൊണ്ട് വിളറിയിരുന്നു.
'പുറത്തിറങ്ങി നോക്കാം.'
അവള്‍ തന്നെയാണ് ആദ്യം ഇറങ്ങിയത്. മുന്നില്‍ ചെന്ന് അവിടെയൊക്കെ നോക്കി. കാറിനടിയിലേക്ക് കുനിഞ്ഞപ്പോള്‍ പെട്ടെന്ന് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് അവളെ ഇടിച്ചിട്ട് പോകണമെന്നയാള്‍ക്ക് തോന്നി. അതിനായി ശ്രമിച്ചു. താക്കോല്‍ പലവട്ടം തിരിച്ചിട്ടും കാര്‍ സ്റ്റാര്‍ട്ടായില്ല.
'ഇവിടെങ്ങും ഒന്നുമില്ല മാഷെ' -അവള്‍ കാറിനടിയില്‍ നോക്കി പറഞ്ഞു.
നാലുചുറ്റും കൂരിരുട്ടാണ്. ഭയം കൊണ്ട് അയാള്‍ക്ക് മൂത്രം മുട്ടി.
കാറിനുള്ളില്‍ നിന്നു പുറത്തിറങ്ങാതിരിക്കാന്‍ ആഗ്രഹിച്ചെങ്കിലും ഇനിയതിന് കഴിയില്ലെന്ന് മനസ്സിലായി.
അയാളും പുറത്തിറങ്ങി. റോഡരികിലേക്ക് നടന്നു.
'അധികമങ്ങോട്ട് പോകണ്ട മാഷെ, കാട്ടുമൃഗങ്ങളൊക്കെ ഉള്ളതാണ്.'
അവള്‍ പുറകെ വന്നു പറഞ്ഞത് അയാളില്‍ അസ്വസ്ഥതയുണ്ടാക്കി.
'എന്താ മാഷെ പോകുന്നില്ലേ?' -അവള്‍ നിന്നു കൊണ്ട് തന്നെ ഉടുത്തിരുന്ന സാരി ഉയര്‍ത്തി കാര്യം സാധിക്കാനുള്ള പുറപ്പാടിലാണ്.
അയാള്‍ പാന്റിന്റെ സിബ്ബ് തുറന്ന് നിലത്തേക്കു കുത്തിയിരുന്നു.
അവള്‍ ഉറക്കെ ചിരിച്ചു. 'എന്താണ് മാഷ് പെണ്ണാണോ? കാറിന്റെ വെട്ടത്തിലേക്ക് ഇരുന്നെങ്കില്‍ കാണാമായിരുന്നു.'
അവള്‍ നാവ് നീട്ടി ചുണ്ടുകള്‍ നനച്ചിട്ടൊരു വഷളന്‍ ചിരി ചിരിച്ചു.
അയാള്‍ക്കവളെ അവിടെ ഉപേക്ഷിച്ചു പോകണമെന്ന് തോന്നി. അവളുടെ രീതികളൊന്നും ശരിയല്ല.
പക്ഷെ അവള്‍ തന്നെ കാറിന്റെ മുന്‍ഡോര്‍ തുറന്ന് ലാപ്‌ടോപ്പും മറ്റും പുറകിലേക്കെടുത്തുവച്ചു മുന്നില്‍ കയറിയിരുന്നു. 'പോകാം, ഞാന്‍ പുറകിലിരിക്കുന്നത് മാഷിന് പേടിയാണെന്ന് തോന്നുന്നു.' അവള്‍ പറഞ്ഞു.
യാത്ര തുടര്‍ന്നു.
അങ്ങനെ പേരറിയാത്ത മാഷും മാതാഹരിയും പരിചിതരായിരിക്കുന്നു. ഇനി മാഷിന്റെ പേര് അറവാനെന്നോ മറ്റോ ആണോ?' എന്നു പറഞ്ഞവള്‍ വീണ്ടും ചിരിച്ചു. അയാള്‍ക്കാ ചോദ്യം ഇഷ്ടമായില്ല. സ്വയം പേര് പറയാനും തയ്യാറായില്ല.
'മാതാഹരി അതൊരു നര്‍ത്തകിയായ ചാരസുന്ദരിയുടെ പേരല്ലേ?'-മറുപടി പറയാതെ അയാള്‍ ഇങ്ങനെ ചോദിച്ചു.
'അതെ, അതിനെന്താണ്? ഞാനും അങ്ങനെയാണെന്ന് കൂട്ടിക്കോളൂ. ചാരവനിതയെന്നോ വേശ്യയെന്നോ വേശ്യനെന്നോ മനസ്സിന് സന്തോഷം നല്‍കുന്ന എന്തുമാകാം'
സംസാരത്തിനിടയില്‍ തന്നെ പിന്‍സീറ്റിലുണ്ടായിരുന്ന ബാഗ് അവള്‍ മുന്നിലേക്കെടുത്തു. ബാഗിനുള്ളിലുണ്ടായ കിലുക്കത്തിന്റെ സംശയം അയാള്‍ മറച്ചു വച്ചില്ല.
'അതിനുള്ളിലെന്താണ്?'
'ഇതിനുള്ളിലോ? പലതരം കത്തികള്‍. ചെറിയ അരിവാള് മുതല്‍ പോത്തിന്റെ കഴുത്തറുക്കുന്ന മൂര്‍ച്ചയുള്ള ഇരുമ്പ് വരെയുണ്ട്.'
'എന്തിനാണിതൊക്കെ?'
''അതല്ലേ എന്റെ പണി.
കത്തിക്ക് മൂര്‍ച്ച കൂട്ടാനുണ്ടോ
പലതരം കത്തികള്‍
പിച്ചാത്തികള്‍ വെട്ടുകത്തികള്‍
കത്തിക്ക് മൂര്‍ച്ച കൂട്ടാനുണ്ടോ'
പ്രത്യേകതാളത്തിലൊരു പാട്ട് പോലെ അവള്‍ പറഞ്ഞു.
'ശരിക്കും ഇതുമാത്രമല്ല എന്റെ ജോലി. എന്നെപ്പോലെയുള്ളവരെ ആവശ്യമുള്ളവരുണ്ട്. അവരോടൊപ്പം പോകും. അക്കാര്യത്തില്‍ പുരുഷന്‍മാര്‍ മാത്രമായിരുന്നില്ല. സ്ത്രീകളുമുണ്ടായിരുന്നു. എല്ലാം കഴിയുംവരെ നല്ല സ്‌നേഹമായിരിക്കും, പ്രേമമായിരിക്കും. ഒടുവിലൊരു രണ്ടുതുള്ളിയില്‍ ആ പ്രേമം ഒലിച്ചുപോകും. പിന്നെ വെറുപ്പാണ്. അറപ്പോടെ നോക്കും. നോട്ടുകള്‍ വീശിയെറിഞ്ഞിട്ട് കാലുകള്‍ അകത്തിവച്ച് നടന്നു പോകും. തൂങ്ങിയാടുന്ന മാംസം സ്വയം സ്പര്‍ശിക്കുന്നത് അവര്‍ക്കപ്പോള്‍ അറപ്പാണ്. എനിക്കപ്പോഴും സങ്കടമുണ്ടാകില്ല ഇതൊക്കെ ശീലമായി കഴിഞ്ഞു. അല്ലെങ്കില്‍ ശീലമാക്കി തന്നു. അന്നതൊരു ക്ലാസ്സ് മുറിയില്‍ വച്ചായിരുന്നു. മൂന്ന് പേരുണ്ടായിരുന്നു. ഗുരുക്കന്‍മാരാണ്. വേണ്ടെന്നൊക്കെ പറഞ്ഞു നോക്കി.
ഒരാണ്‍കുട്ടിയുടെ സ്‌ത്രൈണഭാവം! അതവര്‍ക്ക് ആവേശമായിരുന്നു. ഊഴം വച്ച് മാറി മാറിയും, ഒരുമിച്ചുമൊക്കെ എന്തൊക്കൊയോ കാട്ടിക്കൂട്ടി. പെണ്‍കുട്ടികളെ കൂട്ടം ചേര്‍ന്ന് പീഡിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ഇതൊരു ആണ്‍കുട്ടിയെ അതും അദ്ധ്യാപകര്‍ തന്നെ... അങ്ങനെ ഞാന്‍ മാതാഹരിയായി മാറി.'
കാര്‍ പലവട്ടം അയാളുടെ കൈയ്യില്‍ നിന്നു വഴുതി പോയി. അയാള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു.
'എന്തുപറ്റി മാഷെ വിയര്‍ക്കുന്നുണ്ടല്ലോ. എ സി കൂട്ടി വയ്ക്കൂ.'
'ഏയ് ഒന്നുമില്ല, ആര് വിയര്‍ത്തു? ഞാനെന്തിന് വിയര്‍ക്കണം?'-അയാളുടെ ശബ്ദം വിറച്ചു. നെറ്റിയില്‍ നിന്ന് വിയര്‍പ്പൊലിച്ചിറങ്ങി.
'കേട്ടോ മാഷെ, വലുതായപ്പോള്‍ പിന്നീടെനിക്കവരെ കൊല്ലണമെന്ന് തോന്നിയിട്ടുണ്ട്. ഞാനവരെ അന്വേഷിച്ചിരുന്നു മൂന്നുപേരും കുടുബമായൊക്കെ കഴിയുകയായിരുന്നു. ഒരാള്‍ അപകടത്തില്‍ മരിച്ചു.
മറ്റൊരാളിന്റെ ഭാര്യ വേറൊരുത്തനോടൊപ്പം ഒളിച്ചോടിപ്പോയി അയാള്‍ കള്ളും കഞ്ചാവുമടിച്ച് നടക്കുന്നുണ്ട്.
ചത്തതിനൊക്കുമേ ജീവിക്കിലും എന്ന അവസ്ഥയാണ് അയാള്‍ക്ക്. അല്ലെങ്കിത്തന്നെ ശവത്തിനോടെന്ത് പക അല്ലേ മാഷെ? മൂന്നാമതൊരാളുണ്ടായിരുന്നു. അയാളായിരുന്നു അന്നെനിക്ക് മാതാഹരിയെന്ന് പേരിട്ടത്.
മലയാളം മാഷും വല്ല്യ കഥാകാരനുമൊക്കെയായിരുന്നു. എല്ലാം കഴിഞ്ഞു പോയപ്പോള്‍ ആരോടും പറയരുതെന്നും നീ ഇത് വച്ചോന്നും പറഞ്ഞ് അഞ്ചുരൂപ പോക്കറ്റില്‍ വച്ചു തന്നു. അയാളെവിടെയാണെന്ന് കണ്ടെത്താന്‍ പിന്നീട് കഴിഞ്ഞില്ല. പേരുമറിയില്ല. മറ്റ് രണ്ടുപേരോടൊപ്പം അന്നു വന്നതാണ്. എന്നെങ്കിലും ഇതുപോലെ നമ്മള്‍ കണ്ടതുപോലെ അയാളൊരു ദിവസം മുന്നിലെത്തുമായിരിക്കും അല്ലേ മാഷെ?'
അയാള്‍ മറുപടി ഒന്നും പറഞ്ഞില്ല. പകരം, മാതാഹരിയെന്ന മാര്‍ഗരീത്തയെ കുറിച്ചോര്‍ത്തു. അവളും പതിനൊന്നാം വയസ്സില്‍ ക്ലാസ്സ് മുറിയില്‍ വച്ച് പ്രിന്‍സിപ്പാളില്‍ നിന്ന് ബലാത്സംഗത്തിനിരയായി. പിന്നീടവള്‍ വിവാഹിതയും, അമ്മയും, നര്‍ത്തകിയും ചാരവനിതയുമായി. ഒടുവില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് രണ്ടു കണ്ണുകളും തുറന്നു പിടിച്ച് വെടിയുണ്ട തലച്ചോറിനുള്ളിലേക്കേറ്റുവാങ്ങി മരണപ്പെടുകയായിരുന്നു. മുന്‍പ് വായിച്ചിട്ടുണ്ട് അവളുടെ കഥ. ആരാധനയും പ്രണയവും കാമവും ഒക്കെ അവളോടന്നൊക്കെ തോന്നിയിരുന്നു.
പട്ടാളക്കാരനായ ഭര്‍ത്താവ് റുഡോള്‍ഫ് അവളെ പതിനൊന്നാം വയസ്സിലുള്ള സ്‌ക്കൂള്‍ യൂണിഫോം അണിയിച്ച് പഴയ കഥകള്‍ ആവര്‍ത്തിച്ച് പറയിപ്പിച്ച് സ്വയംഭോഗം നടത്തുമ്പോള്‍ പട്ടാളക്കാരനായും പ്രിന്‍സിപ്പാളായുമൊക്കെ ഭാവനയില്‍ ജീവിച്ചിട്ടുണ്ട്.
'മാഷേ' അവളുടെ ശബ്ദം മാതാഹരിയുടെ ചിന്തയില്‍ നിന്നയാളെ വിളിച്ചുണര്‍ത്തി.
'എന്താ പറഞ്ഞത്?'
'മാഷിത് ഏത് ലോകത്താണ്? ഞാന്‍ പറഞ്ഞതൊന്നും കേട്ടില്ലാരുന്നോ?' എന്നെ ഇതിന് മുന്‍പ് എപ്പൊഴെങ്കിലും കണ്ടിട്ടുണ്ടോ?'
'ഇല്ല.'
'ഒന്നോര്‍ത്തു നോക്കിയേ ഈ മുഖം!'
'ഇല്ലെന്നേ'
'പിന്നെന്താണ് ഒരു ഭയം പോലെ?'
'ആര് ഭയന്നു! ഞാനെന്തിന് ഭയക്കണം.'- കണ്ണുകള്‍ നിറഞ്ഞതു വന്നത് അവള്‍ കാണാതെ അയാള്‍ മറയ്ക്കാന്‍ ശ്രമിച്ചു.
'അതെയതെ താങ്കളെന്തിന് ഭയക്കണം?'
ദീര്‍ഘനേരം കാറിനുള്ളില്‍ മൗനം തളംകെട്ടി. ഇരുട്ട് നിറഞ്ഞ ഗുഹയിലേക്ക് വെളിച്ചവുമായെന്നതു പോലെ മുരള്‍ച്ചയോടെ ആ വാഹനം സഞ്ചരിച്ചു.
അയാള്‍ അസ്വസ്ഥതയോടെ സ്പീഡ് കൂട്ടുകയും കുറയ്ക്കുകയും ഗിയര്‍ മാറ്റുകയും ചെയ്തു കൊണ്ടിരുന്നു. നെഞ്ചിനുള്ളിലൊരു ഓര്‍മ്മമുള്ള് തറച്ചിരിക്കുന്നു.
സ്ത്രീയോ പുരുഷനോ ഈ മനുഷ്യന്‍ ആരാണ്! ഒരു പരിചയവുമില്ല. എന്നിട്ടും ഞാന്‍ അസ്വസ്ഥനാകുന്നു. അവള്‍ എന്നെ അപായപ്പെടുത്തുമെന്ന് ഭയക്കുന്നു. ആ ഭയം കൊണ്ട് തന്നെ ഞാനവളെ രണ്ടുവട്ടം കാര്‍ കയറ്റി കൊല്ലാനും ശ്രമിച്ചിരിക്കുന്നു. അപ്പൊഴൊക്കെ ഒരു അദൃശ്യ ശക്തി തടയുന്നതുപോലെ അതിനെല്ലാം തടസ്സം വന്നു.
രാത്രിയില്‍ യാത്ര പുറപ്പെടാനുണ്ടായ തീരുമാനം മണ്ടത്തരമായി തോന്നി. വീട്ടിലെത്തേണ്ടത് അത്യാവശ്യമാണ്. ഡോക്ടറുടെ കണക്ക് പ്രകാരം അവളുടെ പ്രസവത്തിനിനിയും ഒരു മാസം ബാക്കിയായിരുന്നു. അടുത്ത മാസമാണ് ഡേറ്റ് കുറിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവള്‍ ഗര്‍ഭിണിയായത്. ഇതിനിടയില്‍ പലവട്ടം കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ടുപോയെങ്കിലും ഇതു നഷ്ടപ്പെടാന്‍ പാടില്ല. കാരണം ഇതു കഴിഞ്ഞാല്‍ ഇനിയൊരു സാധ്യതയ്ക്ക് ആശയില്ല. വയസ്സ് അന്‍പത് കഴിയുകയാണ്.
യാത്ര പുറപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. കോളേജിലെത്തി അവധിയുടെ കാര്യങ്ങള്‍ ശരിയാക്കി. കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലെത്തണം. രാത്രി കാറില്‍ പുറപ്പെടാന്‍ തീരുമാനിച്ചു. ബസ്, ട്രെയിന്‍ യാത്രയൊക്കെ റിസ്‌ക്കാണ്. മഴ പെയ്യാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ ഡാം തുറന്നു വിട്ടതു കാരണം പല പ്രദേശങ്ങളും വെള്ളം കയറിയിട്ടുണ്ട്. കാറിലാകുമ്പോള്‍ സുരക്ഷിതമായ വഴികളിലൂടെ വീട്ടിലെത്താന്‍ കഴിയും. അല്ലെങ്കില്‍ ഇങ്ങനെ ഒരു സാഹസികത ചെയ്യില്ലായിരുന്നു.
'മാഷ് എന്താണ് ആലോചിക്കുന്നത്?'-അവളുടെ ചോദ്യം അയാളുടെ ഓര്‍മ്മകളെ മുറിച്ചു.
'രാത്രിയിലെന്താണ് കാട്ടുവഴിയൂടെ വന്നത്, എന്തെങ്കിലും അത്യാവശ്യമുണ്ടായിരുന്നോ?'
'ഉവ്വ്, ഭാര്യ പ്രസവിച്ചു, ഇന്നു രാവിലെ. മാസം തികഞ്ഞിട്ടില്ലായിരുന്നു. ആശുപത്രിയിലാണ്.'
'സന്തോഷമുള്ള കാര്യമാണല്ലോ? കുഞ്ഞ് ആണോ? പെണ്ണോ?'
അപ്പോഴാണ് അതിനൊരു ഉത്തരം കിട്ടിയിരുന്നില്ലല്ലോ എന്നയാള്‍ വീണ്ടും ഓര്‍മിച്ചത്.
'മോനെ, ഫാത്തി പ്രസവിച്ചു, നീ എത്രയും പെട്ടെന്ന് വരാന്‍ നോക്കണം.' -അവളുടെ അമ്മ ഫോണിലൂടെ അത്രയാണ് പറഞ്ഞത്.
'മകനോ? മകളോ?'-അതറിയാനുള്ള ആകാംക്ഷ!
കൃത്യമായൊരുത്തരത്തിനു പകരം നീ എത്രയും പെട്ടെന്ന് വരാന്‍ നോക്കൂ എന്ന മറുപടിയാണ് ലഭിച്ചത്.
പിന്നെ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല.
അയാള്‍ മറുപടി പറയാത്തത് കൊണ്ട് അവള്‍ പിന്നീടത് തുടര്‍ന്നില്ല. പകരം 'മാഷ്, അറവുമാടുകളുടെ കണ്ണുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?' എന്നു ചോദിച്ചു.
'അറക്കാന്‍ കൊണ്ടു പോകുമ്പോള്‍ അതിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കും. ഭയം ഉണ്ടാകില്ല. ജീവനറ്റു പോകുമ്പോള്‍ വേദനയുണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയാകും അതിന്റെ ഉള്ളില്‍. അതിനുതകുന്ന മൂര്‍ച്ചയേറിയ കത്തികളാണ് ഞങ്ങള്‍ ഉണ്ടാക്കുന്നതും, എന്റെ സഞ്ചിക്കുള്ളിലുള്ളതും. അറവുകാരന്‍ കഴുത്തറുക്കുന്നതിനു മുന്‍പായി മാടിന് അല്‍പ്പം വെള്ളം നല്‍കും. വെള്ളം ഉള്ളിലേക്കിറങ്ങുന്ന നിമിഷം താന്‍ കൊല്ലപ്പെടാന്‍ പോകുകയാണെന്ന് അര്‍ദ്ധശങ്കക്കിട നല്‍കാതെ കഴുത്ത് മുറിക്കും. മുടിനാരിഴ രണ്ടായി മുറിക്കാന്‍ തക്ക മൂര്‍ച്ചയുള്ള കത്തികളാണ് ഞങ്ങളുണ്ടാക്കുന്നത്. അറവുമാടിന്റെ ശിരസ്സ് പുറകിലേക്ക് വലിച്ച് പിടിക്കുമ്പോള്‍ കഴുത്തിലെ ഞരമ്പ് പിടഞ്ഞു വരും. ഇടതുവശത്ത് തെളിഞ്ഞു വരുന്ന വലിയ ഞരമ്പിലേക്ക് കത്തി ചേര്‍ത്തുവച്ച് ഒറ്റ വലിയാണ്. കരിമ്പിന്‍ തണ്ട് കിരുകിരാ മുറിയുന്നതു പോലെ കഴുത്ത് മുറിഞ്ഞ് ചോര ചീറ്റും. വേദനയുടെ സന്ദേശം തലച്ചോറിലെത്തും മുന്‍പത് പിടഞ്ഞ് ജീവന്‍ വെടിയും.'
ഇവളെന്തിനാണ് എന്നോടിതൊക്കെ പറയുന്നതെന്ന് അയാളോര്‍ത്തു.
കാല്‍പ്പാദങ്ങളില്‍ നിന്നൊരു അസ്വസ്ഥയുടെ തരിപ്പുണര്‍ന്നു. 'ഞാനിവളെ മുന്‍പ് എപ്പൊഴെങ്കിലും കണ്ടിട്ടുണ്ടോ?'
വീണ്ടും ഓര്‍മ്മയുടെ ആഴങ്ങളിലേക്കിറങ്ങി. കൗമാരവും യൗവനവും കടന്നു വന്നു. ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച മുഖങ്ങള്‍, പേരുകള്‍ എല്ലാത്തിലും സാദൃശ്യം പരീക്ഷിച്ചു. ഒന്നിനും ഉത്തരം കിട്ടിയില്ല. മാതാഹരിയെന്ന പേരു മാത്രം ഭീതിവാളായി തലയ്ക്ക് മുകളില്‍ ഓര്‍മ്മനൂലില്‍ തൂങ്ങിയാടി. അവളില്‍ നിന്നും വീണ്ടും ചില ചോദ്യങ്ങളും ഉത്തരങ്ങളുമൊക്കെ ഉണ്ടായിക്കൊണ്ടിരുന്നു.
'ഇങ്ങനെ ചില അനുഭവങ്ങള്‍ സ്ത്രീയോ പുരുഷനോ അന്‍പത് കഴിഞ്ഞൊരാളിനോട് മറ്റൊരാള്‍ ഓര്‍മ്മപ്പെടുത്തിയാല്‍ അയാളിലോ അവളിലോ അകാരണമായി ഭീതിയുണ്ടാകുമോ?'
'എന്തിന്?'
'അല്ല, മാഷ് വെറുതെ ഭയപ്പെടുന്ന പോലെ എനിക്ക് തോന്നുന്നു.'
റോഡിനിരുവശവും ആദിവാസി കുടിലുകള്‍ കണ്ടുതുടങ്ങിയപ്പോഴാണ് അയാള്‍ക്ക് ആശ്വാസമായത്.
'അടുത്ത വളവ് കഴിയുമ്പോള്‍ കാട്ടുവഴി അവസാനിക്കും. റോഡിന് നടുക്കൊരു മരം നില്‍ക്കുന്ന കവലയുണ്ട്. ഞാനവിടെ ഇറങ്ങിക്കോളാം'
ഇരുട്ടുമാറി, നേരം പുലര്‍ന്നു തുടങ്ങിയിരുന്നു. ബാഗുമായി അവള്‍ കവലയിലിറങ്ങി.
'ശരി മാഷെ നന്ദിയുണ്ട്, യാത്രയിലൊപ്പം കൂട്ടിയതിന്.'
അവള്‍ ബ്ലൗസിനിടയില്‍ നിന്ന് കുറച്ച് നോട്ടുകളെടുത്ത് അയാളുടെ കീശയില്‍ വച്ചു. 'വേണ്ടെന്ന് പറയരുത്, എന്റെ ഒരു സന്തോഷത്തിനാണ്. മകളോ മകനോ ആരുമായിക്കോട്ടെ ഈ പൈസ കൊണ്ട് മാഷിന്റെ കുഞ്ഞിന് എന്തെങ്കിലും വാങ്ങിച്ചു കൊടുക്കണം.'
കാര്‍ അകലേക്ക് മറയുന്നതുവരെ അവള്‍ നോക്കി നിന്നു.
ഇടയ്ക്കയാള്‍ കാര്‍ നിര്‍ത്തി.
പുറകിലേക്ക് വരണമെന്നും, അവളോടെന്തോ പറയാനുള്ളതുപോലെയും തോന്നിയതുകൊണ്ടാകണം യാത്ര പറയും പോലെ കൈവീശി കാട്ടിയവള്‍ പുറം തിരിഞ്ഞു നടന്നു.
വീണ്ടും തിരിഞ്ഞു നോക്കുമ്പോള്‍ കാര്‍ കണ്ണില്‍ നിന്നു മറഞ്ഞിരുന്നു.
അവളൊന്നു ചിരിച്ചു.
എന്നിട്ടുറക്കെ പാട്ട് പോലെ വിളിച്ചു പറഞ്ഞു.
'കത്തിക്ക് മൂര്‍ച്ച കൂട്ടാനുണ്ടോ?
മൂര്‍ച്ചയുള്ള നല്ലയിനം കത്തികള്‍
വെട്ടുകത്തി അരിവാളുകള്‍.'


