തിരുവനന്തപുരം: മണിക്കൂറുകൾക്ക് മുൻപ് ഓട്ടം കഴിഞ്ഞ് തിരിച്ചെത്തിയ 108 ആംബുലൻസ് വൃത്തിയാക്കിയില്ലെന്ന കാരണം പറഞ്ഞ് രോഗിയെ കൊണ്ട് പോകാൻ തയ്യാറായില്ല. ആംബുലൻസ് ലഭിക്കാതെ വന്നതോടെ ചിറയിൻകീഴിൽ ചികിത്സ വൈകി രോഗി മരിച്ചു. 108 ആംബുലൻസ് ഡ്രൈവറുടെ അനാസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു. 

ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. പള്ളിപ്പുറം സ്വദേശി ഇസ്മയിൽ (88) ആണ് മരിച്ചത്. വാക്കത്തുള്ള ബന്ധുവീട്ടിലെത്തിയ ഇസ്മയിലിനെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടാതിനെ തുടർന്ന് ബന്ധുക്കൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാല്‍ ഇയാളുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഡോക്ടർ 108 ആംബുലൻസിന്‍റെ സേവനം തേടുകയായിരുന്നു. 

പല തവണ വിളിച്ചിട്ടും, വാഹനത്തിൽ നേരത്തെ കൊണ്ട് പോയ രോഗി ഛര്‍ദ്ദിച്ചതിനാൽ അത് വൃത്തിയാക്കുകയാണെന്നും പോകാൻ കഴിയില്ലെന്നും ഡ്രൈവർ അറിയിച്ചതായി ബന്ധുക്കൾ ആരോപിച്ചു. സമീപത്ത് മറ്റ് ആംബുലൻസ് ലഭിക്കാതെ വന്നതോടെ അര മണിക്കൂറിന് ശേഷമാണ് ഇസ്മയിലിനെ സ്വകാര്യ ആംബുലൻസ് വരുത്തി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ കഴിഞ്ഞത്. 

എന്നാൽ രണ്ട് കിലോമീറ്റർ പിന്നിട്ടപ്പോൾ ഇസ്മയിൽ മരിക്കുകയായിരുന്നു. രാവിലെ 11 മണി മുതൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രി വളപ്പിൽ 108 ആംബുലൻസ് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നെന്നും ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് വാഹനത്തിന് പുറത്തേക്ക് വലിച്ചിട്ടിരുന്നെന്നും ഇസ്മയിലിന്‍റെ കൂടെ ആശുപത്രിയില്‍ പോയിരുന്ന ബന്ധു റാഫി പറഞ്ഞു. 'നേരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകാൻ കഴിഞ്ഞിരുന്നുയെങ്കിൽ അദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും പോകുംവഴി തന്‍റെ മടിയിൽ കിടന്നാണ്‌ അദ്ദേഹം മരിച്ചതെന്നും റാഫി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

ആദ്യ സര്‍വ്വീസ് കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടും വാഹനം വൃത്തിയാക്കാനെന്ന വ്യാജേന അത്യാഹിതത്തിലായ ഒരു രോഗിയുടെ ജീവൻ നഷ്ടപ്പെടുത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ പ്രാദേശിക  സി പി എം പ്രവർത്തകർ പരാതി നൽകി. അതേ സമയം 108 ആംബുലൻസ് ഡ്രൈവറുടെ രാഷ്ട്രീയ പിടിപാടിൽ സംഭവം ഒത്തുതീർപ്പാക്കാന്‍  ശ്രമിക്കുന്നതായും ആക്ഷേപം ഉയർന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് കെ എം എസ് സി എൽ അധികൃതർ അറിയിച്ചു.