മന്നത്ത് നിന്ന് ചെറായി വരെയുളള 110 കെവി ലൈനും സബ്സ്റ്റേഷനും മന്ത്രി എം എം മണി ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. 

കൊച്ചി: വിവാദങ്ങൾക്കൊടുവില്‍ ശാന്തിവനത്തിലൂടെയുളള വൈദ്യുതി ലൈനില്‍ വൈദ്യുതി പ്രവഹിച്ചു തുടങ്ങി. മന്നത്ത് നിന്ന് ചെറായി വരെയുളള 110 കെവി ലൈനും സബ്സ്റ്റേഷനും മന്ത്രി എം എം മണി ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. മന്നം, എടയാർ എന്നിവടങ്ങളിൽ നിന്നുള്ള രണ്ട് വൈദ്യുത ലൈനുകളാണ് ചെറായി സബ്ബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

എറണാകുളം ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ മുനമ്പം അടക്കമുള്ള മേഖല നേരിടുന്ന വൈദ്യുതി ക്ഷാമം പരിഗണിച്ചാണ് 1999 ൽ മന്നം മുതൽ ചെറായി വരെയുള്ള വൈദ്യുതി ലൈനും ചെറായി സബ്ബ് സ്റ്റേഷനും രൂപകൽപ്പന ചെയ്തത്. 2009 ൽ നിർമ്മാണം ആരംഭിച്ചെങ്കിലും ലൈൻ വലിക്കുന്നത് സംബന്ധിച്ചുള്ള അലൈൻമെന്റ് തർക്കം കോടതിയിലെത്തിയതോടെ പണികൾ വൈകി. മന്നത്തു നിന്നും ഏഴര കിലോമീറ്റർ ലൈൻ വലിച്ചാണ് സബ്സ്റ്റേഷനിൽ വൈദ്യുതി എത്തിച്ചത്. 30 ടവറുകൾ നിർമ്മിച്ചു. ഇതിൽ പതിനഞ്ചെണ്ണം ജനവാസ മേഖലയിൽ.

ഇതിനിടെ വടക്കൻ പറവൂറിലെ ശാന്തി വനത്തിൽ വൈദ്യുത ടവർ നിർമ്മിക്കുന്നതിനെതിരെ സ്ഥലമുടമ മീനാ മേനോന്റെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികളും ആരംഭിച്ചു. എന്നാൽ കോടതിയിൽ നിന്നും കെഎസ്ഇബിക്ക് അനുകൂലമായി വിധി വന്നതോടെ പണികൾ വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു. മുപ്പത് കോടി രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ പണികൾ പൂർത്തിയാക്കിയത്.