കല്‍പ്പറ്റ: മാനന്തവാടിയില്‍ സിപിഎം കാണിക്കുന്ന വല്ല്യേട്ടന്‍ മനോഭാവത്തില്‍ പ്രതിഷേധിച്ച് സിപിഐ നേതാക്കള്‍ അടക്കം 20 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗവും കിസാന്‍സഭ ജില്ല സെക്രട്ടറിയുമായ ജോണി മറ്റത്തിലാനിയാണ് രാജിവെച്ച കാര്യം അറിയിച്ചത്. തവിഞ്ഞാല്‍ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി പി റയീസും ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളടക്കം മറ്റു ഇരുപത് പേരും സിപിഐയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതായി ജോണി പറഞ്ഞു.

മാനന്തവാടി നഗരസഭയില്‍ അടക്കം സിപിഐയെ അപമാനിക്കുന്ന നയം സിപിഎം കാലങ്ങളായി തുടരുകയാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ പലതവണ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊണ്ടില്ലെന്നുമാണ് രാജിവെച്ചവര്‍ അവകാശപ്പെടുന്നത്. സിപിഎമ്മിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയുവെന്ന തിരിച്ചറിവാണ് രാജിക്ക് പിന്നിലെന്ന് ഇവര്‍ പറഞ്ഞു.

രാജിക്കത്തുകള്‍ ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് അയച്ചു. അതേസമയം പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ ജോണി മറ്റത്തിലാനിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഐ ജില്ല സെക്രട്ടറി വിജയന്‍ ചെറുകര അറിയിച്ചു.  

Read more: അനധികൃത സ്വത്ത് സമ്പാദനം: കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ സിപിഎം ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു