തിങ്കളാഴ്ച രാത്രി 8.15 ഓടെ നിമിഷയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. 

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ യുവതിക്ക് സുഖ പ്രസവം. അരുവിക്കര വട്ടകുളം വിനോദ് ഭവനിൽ വിനോദിന്‍റെ ഭാര്യ നിമിഷ(23) ആണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച രാത്രി 8.15 ഓടെ നിമിഷയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

കണ്ട്രോൾ റൂമിൽ നിന്നുള്ള സന്ദേശം ലഭിച്ചത് അനുസരിച്ച് ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അബിൻ ജെ.ആർ നായർ, പൈലറ്റ് ജിനോ റോയി എന്നിവർ സ്ഥലത്തെത്തി. നിമിഷയെ ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും ആറാംകല്ല് ഭാഗത്ത് എത്തിയപ്പോൾ നിമിഷയുടെ ആരോഗ്യസ്ഥിതി മോശമായി. 

തുടർന്ന് അബിന്‍റെ വൈദ്യസഹായത്തിൽ 8.45 ന് ആംബുലൻസിനുള്ളിൽവച്ച് നിമിഷ പ്രസവിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം നിമിഷയെ പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിലും കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.