Asianet News MalayalamAsianet News Malayalam

കച്ചമുറുക്കി ഇറങ്ങുന്നു! ഏകോപനത്തിന് വകുപ്പ് സെക്രട്ടറി, മാർച്ചിൽ പ്രവൃത്തി പൂർത്തിയാക്കാൻ 38 നഗര റോഡുകള്‍

പ്രവൃത്തി പരിശോധിക്കുന്നതിന് മന്ത്രിതലത്തില്‍ ഓരോ മാസവും യോഗം ചേരും

38 city roads under Smart City project ready for traffic by the end of March
Author
First Published Nov 4, 2023, 7:30 PM IST

തിരുവനന്തപുരം: സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് കീഴില്‍ കെആർഎഫ്ബി-ക്ക് നിര്‍മ്മാണ ചുമതലയുള്ള 38 നഗര റോഡുകള്‍ മാർച്ചിൽ പ്രവൃത്തി പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കാൻ തീരുമാനം. മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. പ്രത്യേക ഷെഡ്യൂള്‍ തയ്യാറാക്കി ഓരോ റോഡുകളുടെയും പ്രവൃത്തി ക്രമീകരിക്കും.

പ്രവൃത്തികളുടെ ഏകോപനത്തിന് വകുപ്പ് സെക്രട്ടറി കെബിജു ഐഎഎസ്-നെ യോഗം ചുമതലപ്പെടുത്തി. കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, ടെലികോം തുടങ്ങിയ  വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കേണ്ടതുണ്ട്. ആവശ്യമെങ്കില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ച്  പ്രവര്‍ത്തനം ഏകോപിപ്പിക്കും. പ്രവൃത്തി നടക്കുമ്പോള്‍ ഗതാഗത നിയന്ത്രണം ഉള്‍പ്പെടെയുള്ളവയും സെക്രട്ടറിതല യോഗം ചേര്‍ന്ന് തയ്യാറാക്കും. ട്രാഫിക് പ്ലാന്‍ ഉള്‍പ്പെടെ തയ്യാറാക്കി പ്രവൃത്തി പൂര്‍ത്തീകരിക്കും.

പ്രവൃത്തി പരിശോധിക്കുന്നതിന് മന്ത്രിതലത്തില്‍ ഓരോ മാസവും യോഗം ചേരും. 10 റോഡുകള്‍ സ്മാര്‍ട്ട് റോഡുകളായി വികസിപ്പിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. അതോടൊപ്പം 28 റോഡുകള്‍ നവീകരിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികളും പൂര്‍ത്തിയാക്കി. പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് വകുപ്പുകളുടെ എല്ലാം ഏകോപനം ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. കണ്‍സള്‍ട്ടന്റ്, കരാറുകാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. 

Read more: 80 കോടി ജനങ്ങൾക്ക് സന്തോഷവാർത്ത! പദ്ധതി നീട്ടും, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം, സൗജന്യറേഷൻ 5 വർഷത്തേക്ക് കൂടി

ഡ്രോയിംഗ് ഉള്‍പ്പെടെയുള്ളവയുടെ അനുമതി കൃത്യസമയത്ത് നല്‍കണമെന്നും മന്ത്രി കണ്‍സള്‍ട്ടന്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാനവീയം വീഥി മോഡലില്‍ കൂടുതല്‍ റോഡുകള്‍ നവീകരിക്കുന്നതിന് സ്മാര്‍ട്ട് സിറ്റിയുമായി ചര്‍ച്ച നടത്തും. മന്ത്രിക്ക് പുറമെ  പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു ഐ എ എസ്, കെആർഎഫ്ബി സിഇഓ എം അശോക് കുമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ ,കണ്‍സള്‍ട്ടന്റുമാര്‍, കരാറുകാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios