മേഘാലയയിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച കഞ്ചാവ് ചെങ്ങന്നൂർ കേന്ദ്രീകരിച്ച് വിപണനം നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം

ചെങ്ങന്നൂർ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടി. ആറ് ബാഗുകളിലായി കടത്താൻ ശ്രമിച്ച 50. 058 കിലോ കഞ്ചാവുമായി എറണാകുളം സ്വദേശി ജലീൽ ജോസിനെ (30) എക്സൈസും ആർപിഎഫും ചേർന്ന് പിടികൂടി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.

Add Asianetnews as a Preferred SourcegooglePreferred

മേഘാലയയിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച കഞ്ചാവ് ചെങ്ങന്നൂർ കേന്ദ്രീകരിച്ച് വിപണനം നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. നാല് ട്രോളി ബാഗുകളിലും രണ്ട് ട്രാവൽ ബാഗുകളിലുമായി അതീവ രഹസ്യമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. റെയിൽവേ പ്ലാറ്റ്ഫോമിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട പ്രതിയെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിക്കടത്ത് പുറത്തായത്.

ചെങ്ങന്നൂരിൽ ലഹരിക്കടത്ത് സംഘങ്ങൾ സജീവമാണെന്ന സൂചനയാണ് പുറത്തുവരുന്നത്. രണ്ട് ദിവസം മുൻപ് ഇതേ സ്റ്റേഷൻ പരിധിയിൽ നിന്ന് 20 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരിശോധനകൾ കർശനമാക്കിയതോടെയാണ് തുടർച്ചയായ ലഹരിവേട്ടകൾ നടക്കുന്നത്.

ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വി, ആർപിഎഫ് ഇൻസ്പെക്ടർമാരായ വിടി ദിലീപ്, ജിപിൻ എജെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് ഗ്രേഡ് ഇൻസ്പെക്ടർ ജോഷി ജോൺ, അസി. ഗ്രേഡ് ഇൻസ്പെക്ടർ ബിജു പ്രകാശ്, പ്രിവന്റീവ് ഓഫീസർമാരായ ബിനോയ് പി. ആർ, അശ്വിൻ എസ്കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സിജു പി ശശി, പ്രവീൺ, വിഷ്ണു വിജയൻ എന്നിവരും വനിതാ ഓഫീസർമാരായ വിജയലക്ഷ്മി, ആശ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗത്തിലെ ഫിലിപ്സ് ജോൺ, വിപിൻ ജി, ചെങ്ങന്നൂർ ആർപിഎഫ് ഉദ്യോഗസ്ഥരായ എസ് ഷാജി, ശ്രീകുമാർ, ഉണ്ണിമായ എന്നിവരും ലഹരിവേട്ടയിൽ പങ്കാളികളായി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.