ബാറിലുണ്ടായിരുന്ന ജോർജ് ആന്റണിയോട് പ്രതി മദ്യം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നൽകാൻ വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ പ്രതി കൈവശമുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് ജോർജിന്റെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു.

കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാളെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയതായും എളമക്കര പൊലീസ് അറിയിച്ചു. ഇടപ്പള്ളി നോർത്ത് ടപ്പാലോടത്ത് വീട്ടിൽ ജോർജ് ആന്റണിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. 15ന് രാത്രി 11 മണിയോടെ ഇടപ്പള്ളി കാർത്തിക ബാറിലായിരുന്നു സംഭവം.

ബാറിലുണ്ടായിരുന്ന ജോർജ് ആന്റണിയോട് പ്രതി മദ്യം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നൽകാൻ വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ പ്രതി കൈവശമുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് ജോർജിന്റെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. അടിയേറ്റ് ബോധരഹിതനായ ജോർജ് നിലത്ത് വീണു. ഗുരുതരമായി പരുക്കേറ്റ ജോർജ് നഗരത്തിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരിശോധനയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും സെൻട്രൽ എസിപി സിബി ടോം അറിയിച്ചു.