Asianet News MalayalamAsianet News Malayalam

ശിശുക്ഷേമ സമിതിയിലെത്തുമ്പോൾ 3 മാസം, 6വയസുകാരനെ ദത്തെടുത്ത് വിദേശ ദമ്പതികൾ, ജെറോം പറക്കുന്നു ഇറ്റലിയിലേക്ക്...

ഇടുക്കിയിലെ ഒരു ശിശുപരിചരണ കേന്ദ്രത്തിൽ നിന്ന് വിദഗ്ദ ചികിത്സയ്ക്കും പരിചരണത്തിനുമായി തിരുവനന്തപുരത്തെ ദത്തെടുക്കൽ കേന്ദ്രത്തിലെ അമ്മമാരുടെ കൈയ്യിലേക്ക് ജെറോം എത്തുന്നത്

6 year old boy from child welfare committee Trivandrum adopted by foreign couple Jerome all set to fly to Italy etj
Author
First Published Oct 25, 2023, 2:28 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ ആറ് വയസുകാരനെ ദത്തെടുത്ത് മിലാനില്‍ നിന്നുള്ള ദമ്പതികള്‍. അഞ്ച് വർഷം മുമ്പ് മൂന്നുമാസം പ്രായമുള്ളപ്പോൾ ഇടുക്കിയിലെ ഒരു ശിശുപരിചരണ കേന്ദ്രത്തിൽ നിന്ന് വിദഗ്ദ ചികിത്സയ്ക്കും പരിചരണത്തിനുമായി തിരുവനന്തപുരത്തെ ദത്തെടുക്കൽ കേന്ദ്രത്തിലെ അമ്മമാരുടെ കൈയ്യിലേക്ക് ജെറോം എത്തുന്നത്. നടപടികളെല്ലാം പൂർത്തിയാക്കിയാണ് ഇവർ കുട്ടിയെ ദത്തെടുത്തത്. ഈ വർഷം വിദേശത്തേക്കു ദത്ത് എടുക്കപ്പെടുത്ത പത്താമത്തെ കുട്ടിയാണ് ജെറോം.

നിലവിൽ തിരുവനന്തപുരം മോഡൽ എൽ.പി. സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ജെറോം. ഇറ്റലിയിൽ മിലാനു സമീപം സോവിക്കോയിലെ സെർജിയോ മരിനോ, ലൂസിയ കസാക് സിക്ക ദമ്പതികൾ ഒരു വർഷം മുമ്പാണ് ഇന്ത്യയിൽ നിന്ന് ദത്തെടുക്കാനായി കാര വഴി ഓൺലൈൻ അപേക്ഷ നൽകിയത്. മുൻഗണന പ്രകാരം ലഭിച്ചത് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വളർത്തു പുത്രൻ ജെറോമിനെയായിരുന്നു. വീഡിയോ കോളിലൂടെ കണ്ട മകനെ നിയമപരമായ നടപടിക്രമങ്ങളൊക്കെ കഴിഞ്ഞ് നേരിൽ കാണാൻ എത്തിയത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്.

സമിതി അങ്കണത്തിലെ പാർക്കിൽ ഊഞ്ഞാലാട്ടിയും കളിപ്പിച്ചും രണ്ടു ദിവസം കൊണ്ട് മൂവരും അടുത്തു. വിജയദശമി ദിനത്തിൽ സമിതി സംഘടിപ്പിച്ച അക്ഷര വെളിച്ചം ചടങ്ങിൽ വച്ചാണ് ജെറോമിനെ വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ഹരിത വി. കുമാറും എ.എ. റഹീം എം.പി.യും സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപിയും ചേർന്ന് ട്രഷറർ കെ. ജയപാൽ സമിതിയിലെ കുട്ടികൾ അമ്മമാർ എന്നിവരുടെ സാന്നിധ്യത്തിൽ മാതാപിതാക്കളോടൊപ്പം യാത്രയാക്കിയത്. നിലവിലെ പേര് മാറ്റില്ലെന്നും തങ്ങളുടെ കുടുംബം കുറേ നാളായി ജെറോമിനു വേണ്ടി കാത്തിരിക്കുകയാണെന്നും സെർജിയോ ലൂസിയ ദമ്പതികൾ പ്രതികരിക്കുന്നത്.

സെർജിയോ ഇറ്റലിയിലെ കോൺഫിൻസ്ട്രിയ എന്ന സ്ഥാപനത്തിലെ ജീവനക്കാരനും അമ്മ സ്വന്തമായി കോസ്മെറ്റിക് സ്ഥാപനം നടത്തുകയുമാണ്. വ്യാഴാഴ്ച മുംബൈയിലേക്ക് പോകുന്ന കുടുംബം വെള്ളിയാഴ്ച ജെറോമുമായി ഇറ്റലിയിലേക്ക് പറക്കും. ഈ വർഷം വിദേശത്തേക്കു കടൽ കടക്കുന്ന പത്താമത്തെ കുട്ടിയും ഇറ്റലിയിലേക്കു പോകുന്ന നാലാമത്തെ കുട്ടിയുമാണ് ജെറോം. ഇതിന് മുന്‍പ് നാല് കുട്ടികള്‍ ഇറ്റലിയിലേക്കും രണ്ട് കുട്ടികള്‍ യുഎഇയിലേക്കും ഡെന്‍മാര്‍ക്കിലേക്ക് ഒരു കുട്ടിയും സ്പെയിനിലേക്ക് രണ്ട് കുട്ടികളേയും യുഎസ്എയിലേക്ക് ഒരു കുട്ടിയേയുമാണ് ശിശുക്ഷേമ സമിതിയില്‍ നിന്ന് ദത്ത് എടുത്തിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios