2020-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മറ്റു രണ്ട് കേസുകള്‍ക്കൂടി പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു
കല്‍പ്പറ്റ: പോക്‌സോ കേസില്‍ വയോധികന് നാല്‍പ്പത് വര്‍ഷത്തെ കഠിന തടവും പിഴയും വിധിച്ച് കോടതി. തടവിന് പുറമെ 35000 രൂപ പിഴയും അടക്കണം. പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടന്‍ വീട്ടില്‍ മൊയ്തുട്ടി(60) ക്കെതിരെയാണ് ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി പ്രത്യേക ജഡ്ജ് വി. അനസ് ശിക്ഷ വിധിച്ചത്. പടിഞ്ഞാറത്ത പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി.
2020-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തുടര്‍ച്ചയായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഇതേ വര്‍ഷം മറ്റു രണ്ട് കേസുകള്‍ക്കൂടി പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. അന്നത്തെ പടിഞ്ഞാറത്തറ സ്റ്റേഷന്‍ എസ്.എച്ച്.ഒയും നിലവില്‍ വയനാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുമായ എന്‍.ഒ സിബി, സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പി. ഷമീര്‍, സിവില്‍ പോലീസ് ഓഫീസര്‍ ജംഷീര്‍ എന്നിവരടങ്ങിയ സംഘമാണ് ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ടി.ജി. മോഹന്‍ദാസ് ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സീനത്ത് ആണ് കേസില്‍ പ്രോസിക്യൂഷനെ സഹായിച്ചിരുന്നത്.
ഇക്കഴിഞ്ഞ ജൂണില്‍ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസില്‍ മധ്യവയസ്‌കന് 95 വര്‍ഷം തടവും 4,25,000രൂപ പിഴയും ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി വിധിച്ചിരുന്നു. പുത്തന്‍ചിറ കണ്ണിക്കുളം അറയ്ക്കല്‍ വീട്ടില്‍ എ.കെ. ഹൈദ്രോസി (66) നെയാണ് ശിക്ഷിച്ചത്. പലചരക്കുകടയില്‍ സാധനം വാങ്ങാന്‍ വന്ന 10 വയസുകാരനെ വളര്‍ത്തു പക്ഷികളേയും പക്ഷിക്കൂടും തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അലങ്കാര മത്സ്യങ്ങള്‍ വില്‍ക്കുന്ന പ്രതിയുടെ കടയുടെ പുറകിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം നടത്തുകയും പിന്നീട് ഒരു വര്‍ഷത്തോളം തുടരുകയും ചെയ്ത കേസിലായിരുന്നു വിധി.
