ഇടുക്കി:  കമ്പംമെട്ട് തണ്ണി പാറയില്‍ കോടാലികൊണ്ട് തലക്കടിച്ചു വയോധികനെ കൊലപ്പെടുത്തി. തണ്ണിപാറ ജാനകിമന്ദിരത്തിലെ 73കാരനായ രാമഭദ്രന്‍ ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ ജോര്‍ജുകുട്ടിയാണ് രാമഭദ്രനെ കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് 8. 30 ഓടെ പ്രതിയുടെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. 

ഒറ്റയ്ക്ക് താമസിക്കുന്ന രാമഭദ്രനും ജോര്‍ജുകുട്ടിയും ദിവസവും രാത്രികാലങ്ങളില്‍ ചീട്ടു കളിക്കുകയും മദ്യപിക്കുകയും ചെയ്യുമായിരുന്നു. ഇന്നലെ രാത്രിയില്‍ ചീട്ടുകളിക്കിടെ മദ്യപിച്ച ശേഷം ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും ഏറ്റുമുട്ടുകയായിരുന്നു. രാമഭദ്രനെ ജോര്‍ജ് കുട്ടി കോടാലികൊണ്ട് തലയ്ക്ക് അടിക്കുകയും ചവിട്ടി  വീഴ്ത്തുകയുമായിരുന്നു.

പരിക്കേറ്റ ജോര്‍ജ്ജുകുട്ടി ആശുപത്രിയില്‍ പോകുന്നതിനായി അനുജന്റെ സഹായം തേടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. രാത്രി പത്ത് മണിയോടെ സ്ഥലത്തെത്തിയ കമ്പംമെട്ട് പോലീസ് രാമഭദ്രനെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

വ്യാജ മദ്യം നിര്‍മിച്ച് കഴിച്ച ശേഷമാണ് ഇവര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ഇതില്‍ പ്രതിയ്ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കട്ടപ്പന ഡിവൈഎസ്പി, കമ്പംമെട്ട് സിഐ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി.