ഏതാനും ദിവസങ്ങൾക്കകം ആ കുരുന്ന് കരങ്ങളിലൂടെ കീബോർഡിൽ നിന്നും പുറത്തേക്ക് വന്നത് ദേശീയഗാനമായ ജനഗണമനയായിരുന്നു.

തിരുവനന്തപുരം: സംഗീതം പഠിക്കാത്ത മൂന്നാം ക്ലാസുകാരി അകക്കണ്ണിന്റെ വെളിച്ചത്തിൽ കീബോർഡിൽ വിസ്മയം തീർക്കുന്നു. തിരുവനന്തപുരം വെങ്ങാനൂർ വെണ്ണിയൂർ കൊടു മൂലമേലേ നടവീട്ടിൽ പ്രവീണിൻ്റെയും രമ്യയുടെയും ഏക മകൾ വൈഗ(8) ആണ് കാഴ്ചപരിമിതികൾ മറികടന്ന് കീബോർഡിൽ വിസ്മയം വിരിയിക്കുന്നത്. സംഗീതം പഠിക്കാത്ത വൈഗയുടെ കഴിവ് ആരെയും വിസ്മയിപ്പിക്കുന്നതാണ്. ആദ്യ ജന്മദിന സമ്മാനമായി ലഭിച്ച കളിപ്പാട്ട കീബോർഡ് സൂക്ഷിച്ച് വച്ച രക്ഷിതാക്കൾ നാലാം വയസിൽ വൈഗയ്ക്ക് കളിപ്പാട്ടമായി നൽകുകയായിരുന്നു.

ഏതാനും ദിവസങ്ങൾക്കകം ആ കുരുന്ന് കരങ്ങളിലൂടെ കീബോർഡിൽ നിന്നും പുറത്തേക്ക് വന്നത് ദേശീയഗാനമായ ജനഗണമനയായിരുന്നു. മൊബൈലിലൂടെ സംഗീതം കേൾപ്പിച്ചു കൊടുക്കുമായിരുന്നു. വീട്ടിലാർക്കും സംഗീതവുമായി യാതൊരു ബന്ധവുമില്ലന്നും വീട്ടുകാർക്കാർക്കും കീബോർഡ് വായിക്കാനറിയില്ലന്നും മാതാവ് രമ്യ പറഞ്ഞു. രണ്ടാം ക്ലാസിനിടയ്ക്ക് നിരവധി വേദികളിൽ തൻ്റെ കഴിവ് തെളിയിക്കാൻ വൈഗക്ക് അവസരം കിട്ടി. ഈ കഴിവ് തിരിച്ചറിഞ്ഞ വീട്ടുകാർ വലിയ കീബോർഡ് വാങ്ങി നൽകി ഒരധ്യാപകനെ കണ്ടെത്തി പരിശീലനം നൽകിയെങ്കിലും കുറച്ചു നാൾക്കു ശേഷം നിർത്തി.

Read More... ഫിജിയിലെ നാവികസേനയ്ക്ക് അപമാനം, കന്നിയാത്രയിൽ തകരാറിലായി പട്രോളിംഗ് കപ്പൽ, എൻജിൻ റൂമിലടക്കം വെള്ളം കയറി

കാഴ്ചയില്ലെങ്കിലും സംഗീത ഉപകരണത്തിൻ്റെ ശബ്ദ നിയന്ത്രണം ഉൾപ്പെടെയുള്ള എല്ലാം നിയന്ത്രിക്കാനറിയാം. നെല്ലിവിള ഗവ. എൽ.പി. സ്കൂളിലെ മൂന്നാ ക്ലാസിൽ പഠിക്കുകയാണ് വൈഗ. ജന്മനാ കാഴ്ചവൈകല്യമുണ്ടായിരുന്നു. നിരവധി സ്ഥലങ്ങളിൽ ചികിത്സ നടത്തിയെങ്കിലും ഞരമ്പ് സംബന്ധമായ തകരാർ കാരണം 10 വയസ് കഴിഞ്ഞാലേ ശസ്ത്രക്രിയയെക്കുറിച്ച് പറയാൻ കഴിയൂവെന്ന് ഡോക്ടർമാർ അറിയിച്ചതായി പ്രവീൺ പറഞ്ഞു.