കോളനിയിലെ 11 കുടുംബങ്ങളില്‍ ഒരാള്‍ക്ക് ഭൂമിയും വീടും സംബന്ധിച്ച രേഖകള്‍ കൈവശമുണ്ട്

കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ പുലപ്രക്കുന്ന് സാംബവ കോളനിയിലെ ഒമ്പത് കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നു. പട്ടയവിതരണവും കോളനിയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും ഇന്ന് വൈകീട്ട് ആറിന് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും.

കോളനിയിലെ 11 കുടുംബങ്ങളില്‍ ഒരാള്‍ക്ക് ഭൂമിയും വീടും സംബന്ധിച്ച രേഖകള്‍ കൈവശമുണ്ട്. ബാക്കിയുള്ള പത്തു കുടുംബങ്ങളില്‍ 9 പേരും തങ്ങളുടെ കൈവശമുള്ള നാല് സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതോടെ പുലപ്രക്കുന്ന് കോളനിയിലെ ഭൂമി പ്രശ്‌നത്തിന് പരിഹാരം ആവുകയാണ്.

1977 നു മുമ്പ് ഇവിടെ താമസമാക്കിയവരാണ് പുലപ്രക്കുന്ന് കോളനിയിലുളളവരുടെ പൂര്‍വികര്‍. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതിരുന്ന ഇവരുടെ ഭൂമിപ്രശ്‌നത്തില്‍ ജില്ലാഭരണകൂടവും പഞ്ചായത്തും പ്രത്യേക പരിഗണന എടുക്കുകയും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികളെടുക്കുകയും ചെയ്തു. പട്ടയം നല്‍കുന്നതോടെ ഭൂമിയുടെ അവകാശം അര്‍ഹരില്‍ എത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുകയാണ്. സമഗ്രവികസനത്തിന്‍റെ ഭാഗമായി കോളനിയിലെ വീട് നിര്‍മാണവും ആരംഭിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി ആണ് വീട് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.

വീടിനൊപ്പം റോഡ്, കുടിവെള്ളം തുടങ്ങി കോളനിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന പദ്ധതികളും നടപ്പാക്കും. വേനലില്‍ ജലദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാനുളള പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ പുലപ്രക്കുന്ന് കോളനി നിവാസികള്‍ അന്തിയുറങ്ങാന്‍ ഒരു കൂര പോലുമില്ലാത്ത അവസ്ഥയിലായിണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുടിവെള്ളം, റോഡുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തോടൊപ്പം ജാതീയമായ ഒറ്റപ്പെടുത്തലും കോളനി നിവാസികളെ ബുദ്ധിമുട്ടിലാക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. കടുത്ത അവഗണനയാണ് ഇവിടുത്തുകാര്‍ നേരിടുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളിലടക്കം ചര്‍ച്ച ചെയ്യപ്പെട്ടു.

ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരുമുള്‍പ്പെടെ ഇടപെട്ടതോടെ മന്ത്രി ടി പി രാമകൃഷ്ണന്റെയും ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെയും നേതൃത്വത്തിലാണ് അധികൃതര്‍ നേരിട്ട് ഇടപെട്ട് കോളനിയുടെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കിയത്. മേപ്പയ്യൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡിലാണ് പുലപ്രക്കുന്ന് സാംബവ കോളനി. 1974 ല്‍ പഞ്ചായത്ത് ഏറ്റെടുത്ത 74 സെന്റ് സ്ഥലത്താണ് കോളനി സ്ഥിതി ചെയ്യുന്നത്.