സിഗ്നല്‍ ലംഘിച്ച കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
ദേശീയ പാതയിൽ അമ്പലപ്പുഴ ജംഗ്ഷനിൽ ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം

അമ്പലപ്പുഴ: സിഗ്നൽ ലംഘിച്ച് മുന്നോട്ടെടുത്ത കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഗൃഹനാഥൻ മരിച്ചു. അമ്പലപ്പുഴ പോസ്റ്റ് ഓഫീസിന് പടിഞ്ഞാറ് ഗീതാ വിഹാറിൽ വിജയൻ പിള്ള (73)യാണ് മരിച്ചത്. ദേശീയ പാതയിൽ അമ്പലപ്പുഴ ജംഗ്ഷനിൽ ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം.
ആലപ്പുഴയിൽ നിന്ന് ഹരിപ്പാടേക്ക് പോയ ഓർഡിനറി ബസ് ജംഗ്ഷനിൽ റെഡ് സിഗ്നൽ കിടന്നിട്ടും മുന്നോട്ടെടുക്കുമ്പോൾ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞിട്ടു. കാലിനും തലക്കും ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇവിടെ വെച്ച് രാത്രി 10 ഓടെയാണ് മരണം സംഭവിച്ചത്. പോസ്റ്റു മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ഗീതാ ദേവി. മകൾ: അഞ്ജന. ജി. മരുമകൻ: സതീഷ് ചന്ദ്രൻ.
മാസങ്ങള്‍ക്ക് മുമ്പ് പാലക്കാട് കുഴൽമന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് 2 യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഡ്രൈവർ സി.എൽ ഔസേപ്പ് സർവീസിൽ തുടർന്നാൽ കൂടുതൽ മനുഷ്യ ജീവൻ നഷ്ടമാകുമെന്ന വിലയിരുത്തലിലായിരുന്നു കെഎസ്ആര്‍ടിസിയുടെ നടപടി.കഴിഞ്ഞ വർഷം ഫെബ്രുവരി 7 ന് രാത്രി 10 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പാലക്കാട് നിന്ന് വടക്കഞ്ചേരിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിടിച്ചാണ് ബൈക്ക് യാത്രക്കാർ മരിച്ചത്. റോഡിൻ്റെ ഇടതു വശത്ത് ബസിന് പോകാൻ ഇടം ഉണ്ടായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾ മരിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഡ്രൈവർ ബസ് വലത്തോട്ട് വെട്ടിച്ചു. ഇതാണ് അപകട കാരണം. അപകടത്തെ തുടർന്ന് ഔസേപ്പ് സസ്പെൻഷനിലായിരുന്നു.