Asianet News MalayalamAsianet News Malayalam

സമരക്കാ‍‍ർക്ക് മൂന്ന് സെന്‍റ് നൽകാമെന്ന് ഭൂവുടമ; ആറന്മുള വിമാനത്താവള ഭൂസമരം അവസാനിച്ചേക്കും

സമര ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കേസ് തീർപ്പാക്കാത്ത സാഹചര്യത്തിൽ മറ്റെവിടെയെങ്കിലും സ്ഥലം നൽകാമെന്നാണ് വാഗ്ദാനം

aaranmula airport land protest, land owner ready to give three scent land to protesters
Author
Aranmula, First Published Apr 26, 2019, 7:24 PM IST

പത്തനംതിട്ട: ആറന്മുള വിമാനത്താവള ഭൂമിയിൽ നടന്നുവരുന്ന ഭൂസമരം അവസാനിച്ചേക്കും. സമരം നടത്തുന്നവർക്ക് മൂന്ന് സെന്‍റ് ഭൂമി വീതം നൽകാമെന്ന് ഭൂവുടമ വ്യക്തമാക്കി. സമര ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കേസ് തീർപ്പാക്കാത്ത സാഹചര്യത്തിൽ മറ്റെവിടെയെങ്കിലും സ്ഥലം നൽകാമെന്നാണ് വാഗ്ദാനം.

ആറന്മുളയിലെ വിമാനത്താവള ഭൂമിയിൽ 35 ഓളം കുടുംബങ്ങളാണ് നിലവിൽ സമരം നടത്തുന്നത്. നേരത്തെ 500 ഓളം കുടുംബങ്ങളെ വിവിധ രാഷ്ട്രീയ കക്ഷികൾ ഇവിടെ കൊണ്ട് വന്ന് പാർപ്പിച്ചിരുന്നു. വിമാനത്താവള പദ്ധതിക്കെതിരെ സമരം ശക്തമാക്കാനായിരുന്നു ഭൂരഹിതരെ കൊണ്ടുവന്ന് താമസിപ്പിച്ചത്. വിമാനത്താവള ഭൂമിയിൽ കെജിഎസ് കമ്പനിക്ക് ഉണ്ടായിരുന്ന ഉടമസ്ഥാവകാശം സർക്കാർ റദ്ദു ചെയ്തതോടെ ഭൂമി മുൻ ഉടമയായിരുന്ന വ്യവസായി എബ്രഹാം കലമണ്ണിലിന്‍റെ പേരിലായി. 

നിയമം മറികടന്ന് 232 ഏക്കറോളം ഭൂമി ഇദ്ദേഹം സ്വന്തമാക്കിയെന്ന് തെളിഞ്ഞതിനാൽ സർക്കാർ സ്ഥലം മിച്ചഭൂമിയായി എറ്റെടുക്കാനുള്ള നടപടിയാരംഭിക്കുകയും ചെയ്തു. ഇതിനെതിരെ നൽകിയ കേസ് തീർപ്പായിട്ടില്ല. അതിനിടെ, ആറന്മുളയിൽ ഇപ്പോഴുള്ള കുടുംബങ്ങൾ വീണ്ടും സമരം ശക്തമാക്കുകയും ചെയ്തു. സമരം തീർപ്പാക്കാൻ ഭൂമി നൽകുമെന്നാണ് എബ്രഹാം കലമണ്ണിലിന്‍റെ വാഗ്ദാനം.

നേരത്തെ സമരത്തിന് നേതൃത്വം നൽകിയ രാഷ്ട്രീയ കക്ഷികൾ തിരിഞ്ഞ് നോക്കാത്തതിനാൽ ഭൂമി നൽകാമെന്ന ഉറപ്പിൽ സന്തുഷ്ടരാണ് സമരക്കാ‍ർ. എന്നാൽ കോടതി വിധി അനുകൂലമായാൽ എയർ സ്ട്രിപ്പ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് എബ്രഹാം കലമണ്ണിൽ വ്യക്തമാക്കുന്നത്.

Follow Us:
Download App:
  • android
  • ios