സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നിശ്ശേഷം തകര്‍ന്ന് ഓട്ടോ, 5 പേർ മരിച്ചു
പള്ളത്തടക്കം എന്ന സ്ഥലത്ത് വെച്ചാണ് ഓട്ടോയും സ്കൂൾ ബസും കൂട്ടിയിടിച്ചത്.

കാസർകോഡ്: കാസർകോട് ബദിയടുക്കയില്‍ സ്കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് സഹോദരിമാര്‍ അടക്കം അഞ്ച് പേര്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചവരാണ് മരിച്ചത്. സ്കൂൾ ബസ്ഡ്രൈവറുടെ അശ്രദ്ധയും റോഡ് നിര്‍മ്മാണത്തിലെ അപാകതയുമാണ് അപകടകാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ പ്രാഥമിക നിഗമനം. ബദിയടുക്ക പള്ളത്തടുക്കയില്‍ വൈകീട്ട് അഞ്ചരയോടെയാണ് അപകടം. മാന്യയിലെ ഗ്ലോബല്‍ പബ്ലിക് സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. മോഗ്രാല്‍പുത്തൂര്‍ സ്വദേശികളും സഹോദരിമാരുമായ നഫീസ, ഉമ്മു ഹലീമ, ബീഫാത്തിമ, ഇവരുടെ ബന്ധു മൊഗര്‍ സ്വദേശിനി ബീഫാത്തിമ, ഓട്ടോഡ്രൈവര്‍ തായലങ്ങാടി സ്വദേശി അബ്ദുല്‍ റഊഫ് എന്നിവരാണ് മരിച്ചത്.
വിദ്യാര്‍ത്ഥികളെ വീട്ടിലിറക്കിയ ശേഷം തിരിച്ച് പോകുമ്പോള്‍ പള്ളത്തടുക്കയിലെ വളവില്‍വച്ചാണ് സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും അപകടസ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൽ മരിച്ചവരുടെ ഖബറടക്കം നാളെ നടക്കും. കുട്ടികളെ വീട്ടിലെത്തിച്ചതിന് ശേഷം തിരികെ വരികയായിരുന്നു സ്കൂള്‍ബസ്, അതു കൊണ്ട് തന്നെ വന്‍അപകടമാണ് ഒഴിവായത്. അപകടത്തില്‍ പെട്ട 3 പേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലേക്ക് പോകുംവഴിയുമാണ് മരിച്ചത്.