റോഡിലെ അപകടത്തിൽ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിപക്ഷ കൗൺസിലർമാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് മേയർ എം.കെ.വർഗീസ്. കൗൺസിലർമാരോട് ചേമ്പറിലേക്ക് വരാൻ മേയർ ആവശ്യപ്പെട്ടു.

തൃശൂ‌‌ർ: റോഡിലെ അപകടത്തിൽ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിപക്ഷ കൗൺസിലർമാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് മേയർ എം.കെ.വർഗീസ്. കൗൺസിലർമാരോട് ചേമ്പറിലേക്ക് വരാൻ മേയർ ആവശ്യപ്പെട്ടു. അതേ സമയം ചർച്ച എന്ന ഉറപ്പ് ലഭിച്ചതോടെ താൽക്കാലികമായി പ്രതിഷേധം അവസാനിപ്പിച്ച് പ്രതിപക്ഷം. നേരത്തെ മേയറുടെ കസേരയ്ക്ക് ചുറ്റും കൂടി പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധം നടത്തിയിരുന്നു. മേയർ രാജി വെക്കണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം.

റോഡിലെ അപകടത്തിൽ മറുപടി പറഞ്ഞില്ലെങ്കിൽ മേയർ ഇരിക്കുന്ന കസേരയിൽ റീത്ത് വെക്കുമെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ അറിയിച്ചിരുന്നു. എന്നാൽ രാജൻ പല്ലൻ മാപ്പ് പറയണമെന്ന് ആവശ്യവുമായി ഭരണപക്ഷം രം​ഗത്തെത്തിയിരുന്നു.

നേരത്തെ മേശയുടെ മുകളിൽ കയറി പ്രതിഷേധം ഉയർത്തിയ പ്രതിപക്ഷ കൗൺസിലർമാരെ മേയർ സസ്പെൻഡ് ചെയ്തതായി പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന രണ്ട് യോഗത്തിൽ നിന്നുമാണ് മേയർ സസ്പെൻഡ് ചെയ്തതായി അറിയിച്ചത്. കൗൺസിൽ ഹാളിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയിരുന്നത്. കൗൺസിലർമാർ തമ്മിൽ സംഘർഷമുണ്ടായി. ഇരു പക്ഷങ്ങളും നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധം ആരംഭിച്ചതോടെ യോഗം നിർത്തി വെച്ചു.