കണ്ണൂർ: മുഖവും ജീവിതവും തകർത്ത ആസിഡാക്രമണത്തിലെ പ്രതിയെ നിയമപോരാട്ടത്തിലൂടെ അഴിക്കുള്ളിലാക്കിയ കണ്ണൂർ പരിയാരത്തെ റിൻസിക്ക് ദുരിതങ്ങളിൽ നിന്ന് ഇനിയും കരകയറാനായിട്ടില്ല. ചികിത്സയ്ക്ക് പോലും പണമില്ലാതെ വേദന കടിച്ചമർത്തി കഴിയുകയാണ് റിൻസിയും മാനസികാസ്വാസ്ഥ്യമുള്ള മകനും.

2015-ലെ ക്രിസ്മസ് രാത്രിയാണ് റിൻസിയുടെ നേർക്ക് ജെയിംസ് എന്നയാൾ ആസിഡാക്രമണം നടത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന മകനേയും തോളിലേറ്റി പാതിരക്കുർബാനയ്ക്ക് പോകുകയിരുന്നു റിൻസി. സാന്താക്ലോസിന്‍റെ വേഷമണിഞ്ഞെത്തിയ ജയിംസ് ആസിഡ് നിറച്ച കുപ്പിയുമായി പാഞ്ഞടുത്തു. രോഗിയായ കുട്ടിയെപ്പോലും വെറുതെ വിടാതെ ഇരുവർക്കും നേരെ ജെയിംസ് ആസിഡ് ഒഴിക്കുകയായിരുന്നു. 

ജെയിംസിന് തന്നോട് വ്യക്തി വിരോധമായിരുന്നുവെന്ന് റിൻസി പറഞ്ഞു. പ്രണയാഭ്യർത്ഥ നിരസിച്ചതിനാലാണ് തനിക്ക് നേരെ ജെയിംസ് ആസിഡാക്രമണം നടത്തിയത്. ആസിഡാക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ തന്റെ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. മുഖം വിക‍ൃതമാക്കി. തന്റെ മകനെപോലും അയാൾ വെറുതെവിട്ടില്ല. ജോലിക്ക് പോകാൻ കഴിയാത്തതിനാൽ വരുമാനമാർ​ഗം ഒന്നും തന്നെയില്ല.പരിയാരം മെഡിക്കൽ കോളേജിൽ ജോലി ഉണ്ട്. എന്നാൽ കൃത്യമായി ജോലിക്ക് പോകാൻ കഴിയുന്നില്ല. കൊടുത്ത് തീർക്കാൻ പറ്റാതത്രയും കടബാധ്യതയുണ്ടെന്നും റിൻസി കൂട്ടിച്ചേർത്തു.

കോൾസെന്‍റർ ജീവനക്കാരി, നൃത്താധ്യാപിക, ഡ്രൈവിംഗ് ട്രെയിനർ തുടങ്ങി പല ജോലികൾ ചെയ്ത് ജീവിതം കരുപ്പിടിപ്പിടിക്കാൻ പെടാപ്പാടുപെട്ടവളുടെ സ്വപ്നങ്ങളാണ് ഒരൊറ്റ നിമിഷം കൊണ്ട് കരിച്ചുകളഞ്ഞത്. അനാഥ ദമ്പതികളുടെ മകളാണ് റിൻസി. അതിനാൽ സഹായിക്കാൻ ബന്ധുക്കളാരും തന്നെയില്ല. രണ്ട് തവണ ഹൃദയാഘാതം വന്ന അച്ഛൻ റോബർട്ടിന് പണിക്ക് പോകാനാകില്ല.

ജെയിംസിന് കോടതി വിധിച്ച ശിക്ഷയൊന്നും തന്‍റെ മുറിവുകൾ ഉണക്കില്ല. തൂക്കിലേറ്റിയാലും മതിയാകില്ല. ഇനിയൊരു പെണ്ണിനും ഇത്തരമൊരു അവസ്ഥ ഉണ്ടാകാൻ പാടില്ലെന്നും റിൻസി പറ‍ഞ്ഞു. ഡിഗ്രിക്കു പഠിക്കുന്ന മകളേയും രോഗിയായ മകനേയും വളർത്താൻ ഇനിയെന്ത് എന്ന ചോദ്യമാണ് കരുത്തുറ്റ പോരാട്ടത്തിലൂടെ മാതൃകയായ റിൻസിക്ക് മുന്നിൽ ബാക്കിയുള്ളത്.