15 വർഷം മുൻപ് ആണ് മുഹ്‌സിനയും ഇബ്രാഹിമും വിവാഹിതരായത്. ഇതിനിടെ ഏഴു തവണ മുഹ്സിന പ്രസവിച്ചു

ചാവക്കാട്: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ തുടർച്ചയായ അശാസ്ത്രീയ ചികിത്സാ രീതി മൂലം മരിച്ച തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയുടെ കുഞ്ഞിന്റെ മരണകാരണം ഇനിയും അവ്യക്തം. പ്രസവത്തിനു ശേഷം മരിച്ച നവജാത ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ ശുപാർശ നൽകിയിരിക്കുകയാണ് അധികൃതർ. നവജാത ശിശുവിൻറെ മൃതദേഹം പുറത്തെടുക്കണമെന്ന് ഫോറൻസിക് വിഭാഗം നിർദ്ദേശം നൽകിയത്. കുഞ്ഞിൻറെ മരണകാരണം ഇപ്പോഴും അവ്യക്തമാണ്. മുഹ്സിനയുടെ ഏഴാമത്തെ പ്രസവം നടന്നത് ജനുവരി മാസത്തിൽ ആയിരുന്നു. ആറു ദിവസത്തിനു ശേഷം നവജാത ശിശു മരിക്കുകയായിരുന്നു. കുഞ്ഞിന് പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ നടത്തിയിരുന്നില്ല. 

മുഹ്സിനയുടെ മരണ കാരണം പ്രസവശേഷമുള്ള പരിചരണമില്ലായ്മയാണെന്നാണ് കണ്ടെത്തൽ. മുഹ്സിനിയുടെ ഗർഭപാത്രം മുതൽ എല്ലാ ഭാഗങ്ങളിലും അണുബാധ എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നത്. മുഹ്സിനയുടെ മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. മുഹ്സിനയ്ക്ക് അശാസ്ത്രീയ അക്യുപങ്ചർ ചികിത്സ നൽകിയത് മറ്റൊരു യുവതിയായിരുന്നു. ഇവരൊക്കെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹീം പൊലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ തിങ്കളാഴ്ച മുഹ്സിനയുടെ കുടുംബം നിർബന്ധിച്ചാണ് ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും അണുബാധ ഗുരുതരമായിരുന്നു. പിന്നാലെ ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം. 

ഒരു വർഷം മുൻപ് ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകളും മതിയായ ചികിത്സ ലഭിക്കാതെ മരിച്ചെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. മുൻപ് തിരൂരിൽ ഇബ്രാഹിം അക്യുപങ്ചർ ക്ലിനിക്ക് നടത്തിയിരുന്നു. 15 വർഷം മുൻപ് ആണ് മുഹ്‌സിനയും ഇബ്രാഹിമും വിവാഹിതരായത്. ഇതിനിടെ ഏഴു തവണ മുഹ്സിന പ്രസവിച്ചു. ആറു പ്രസവങ്ങൾ ആശുപത്രിയിൽ വച്ചായിരുന്നുവെങ്കിലും തുടർ ചികിത്സയോ കുട്ടികൾക്ക് രോഗപ്രതിരോധ കുത്തിവെപ്പുകളോ ഇബ്രാഹിം നൽകിയിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം