Asianet News MalayalamAsianet News Malayalam

പൊലീസ് ഡ്രൈവർ ഗവാസ്ക്കറെ എഡിജിപിയുടെ മകള്‍ മർദ്ദിച്ച കേസ്; കുറ്റപത്രം നൽകാതെ ക്രൈം ബ്രാഞ്ച്

പൊലീസ് ഡ്രൈവർ ഗവാസ്ക്കറെ എഡിജിപിയുടെ മകള്‍ മർദ്ദിച്ച കേസിൽ അന്വേഷണം പൂർത്തിയാക്കിയിട്ടും കുറ്റപത്രം നൽകാതെ ക്രൈം ബ്രാഞ്ച്. ഹൈക്കോടതിയിലുള്ള കേസ് മറയാക്കിയാണ് പൊലീസിൻറെ ഒത്തുകളി. മർദ്ദനം നടന്നിട്ട് എട്ടുമാസം കഴിഞ്ഞു. 

ADGPs daughter was beaten Police Driver Gavaskar Crime branch did not submit the charge sheet
Author
Thiruvananthapuram, First Published Feb 15, 2019, 1:57 AM IST

തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്ക്കറെ എഡിജിപിയുടെ മകള്‍ മർദ്ദിച്ച കേസിൽ അന്വേഷണം പൂർത്തിയാക്കിയിട്ടും കുറ്റപത്രം നൽകാതെ ക്രൈം ബ്രാഞ്ച്. ഹൈക്കോടതിയിലുള്ള കേസ് മറയാക്കിയാണ് പൊലീസിൻറെ ഒത്തുകളി. മർദ്ദനം നടന്നിട്ട് എട്ടുമാസം കഴിഞ്ഞു. 

ഔദ്യോഗിക വാഹനത്തിൽ കനകക്കുന്നിൽ നടക്കാനെത്തിയ എഡിജിപി സുദേഷ് കുമാറിൻറെ മകള്‍ ഡ്രൈവർ ഗവാ‍സക്കറെ മ‍ർദ്ദിച്ചുവെന്ന പരാതി ശരിവയ്ക്കുന്നതാണ് ക്രൈം ബ്രാഞ്ചിൻ റിപ്പോർട്ട്. ഗവാസ്ക്കർ അസഭ്യം പറഞ്ഞുവെന്നും കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമുള്ള എഡിജിപി മകളുടെ ആരോപണം സ്ഥിരീകരിക്കാൻ തെളിവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ട് അഞ്ചുമാസം കഴിഞ്ഞു. 

എന്നാല്‍ എഡിജിപയുടെ മകള്‍ക്കെതിരെ കുറ്റപത്രം നൽകാൻ ക്രൈം ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. എഫ്ഐആറുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവാസ്ക്കറും, എഡിജിപിയുടെ മകളും നൽകിയിട്ടുള്ള ഹർജികള്‍ ഹൈക്കോടതിയിലുണ്ട്. എന്നാൽ ഹൈകോടതി അന്വേഷണം സ്റ്റേ ചെയ്യുകയോ, കുറ്റപത്രം നൽകുന്നതിനെ വിലക്കുകയോ ചെയ്തിട്ടില്ല. ചുരുക്കത്തിൽ കുറ്റപത്രം നൽകാൻ പൊലീസിന് മുന്നിൽ ഒരു തടസ്സവുമില്ല. 

എന്നിട്ടും കോടതിയിൽ കേസുണ്ടെന്ന ന്യായം പറഞ്ഞാണ് എഡിപിയുടെ മകളെ രക്ഷിക്കാനുള്ള നീക്കം. അന്തിമ റിപ്പോർട്ട് നൽകാൻ ഹൈക്കോടതിയിലുള്ള ഹർജികള്‍ വേഗത്തിൽ തീ‍പ്പാക്കണമെന്ന് ഇതുവരെ ക്രൈം ബ്രാഞ്ചും ആവശ്യപ്പെട്ടിട്ടില്ല. മർ‍ദ്ദനമേറ്റപ്പോള്‍ ആവേശത്തോടെ ഗവാസ്ക്കറെ പിന്തുണച്ച പൊലീസ് സംഘടനകള്‍ക്ക് ഇപ്പോള്‍ കേസിൽ താല്പര്യവുമില്ല. ഗവാസ്ക്കറെ പിന്തുണച്ചെത്തിയ പൊലീസ് സംഘടനകള്‍ക്കും ഇപ്പോള്‍ മൗനമാണ്. 
 

Follow Us:
Download App:
  • android
  • ios