തോടുകളുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന അനധികൃത കൈയേറ്റം കണ്ടെത്തുവാനും തീരുമാനിച്ചു.

തിരുവനന്തപുരം: തലസ്ഥാനത്തെ തോടുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയുവാന്‍ ശക്തമായ നടപടികളാണ് നഗരസഭ സ്വീകരിച്ചു വരുന്നതെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. ഇത് പരിശോധിക്കുവാന്‍ നിലവില്‍ മൂന്ന് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. തോടുകളുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന അനധികൃത കൈയേറ്റം കണ്ടെത്തുവാനും തീരുമാനിച്ചു. തോടുകളില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കും. തോടിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാലുടന്‍ അലാറം ലഭിക്കുകയും മാലിന്യം വലിച്ചെറിഞ്ഞ വ്യക്തിയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു. 

തിരുവനന്തപുരം നഗരത്തില്‍ മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കാതിരിക്കുവാന്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കുവാനും നഗരസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് താഴ്ന്ന പ്രദേശങ്ങള്‍ സംരക്ഷിക്കുക എന്നതാണ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മാസ്റ്റര്‍ പ്ലാനില്‍ സംരക്ഷണ മേഖല രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയില്‍ ഇനിയും വെള്ളക്കെട്ട് രൂപപ്പെടാതിരിക്കുവാന്‍ യാതൊരു തരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. 

'നഗരത്തിലൂടെ ഒഴുകുന്ന തോടുകളില്‍ വെള്ളം ഉയരുന്നത് ജനങ്ങള്‍ക്ക് അറിയുവാന്‍ നിലവില്‍ സംവിധാനമില്ല. ഡാമുകളില്‍ വാട്ടര്‍ ലെവല്‍ രേഖപ്പെടുത്തുന്ന മാതൃകയില്‍ നഗരത്തിലൂടെ ഒഴുകുന്ന പട്ടം തോട്, ഉള്ളൂര്‍ തോട്, ആമയിഴഞ്ചാന്‍ തോട് ഉള്‍പ്പെടെയുള്ള തോടുകളില്‍ വെള്ളം ഉയരുന്നത് ജനങ്ങള്‍ക്ക് മനസിലാകുവാന്‍ വാട്ടര്‍ ലെവല്‍ മാര്‍ക്കിങ് സംവിധാനം നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കും. അമൃത്, സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ ഉള്‍പ്പെടുത്തി സക്കിങ് കം ജെറ്റിങ് പമ്പുകളും മെഷീനുകളും വാങ്ങുവാന്‍ തീരുമാനിച്ചു. മഴക്കാലങ്ങളില്‍ മാന്‍ഹോളുകള്‍ നിറഞ്ഞു വെള്ളം ഓവര്‍ഫ്‌ലോ ആവുന്നത് തടയുവാന്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പല വീടുകളും സ്വകാര്യ സ്ഥാപനങ്ങളും മഴവെള്ളം ഡ്രൈനേജിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു.' നഗരസഭയും വാട്ടര്‍ അതോറിറ്റിയും സംയുക്തമായി സര്‍വേ നടത്തുവാനും, ഡ്രൈനേജ് ബന്ധിപ്പിച്ചിരിക്കുന്നത് മാറ്റുവാന്‍ ആവശ്യമായ ബോധവത്കരണവും തുടര്‍ നടപടികളും സ്വീകരിക്കുവാനും തീരുമാനിച്ചിട്ടുണ്ടെന്ന് നഗരസഭാ അറിയിച്ചിട്ടുണ്ട്.

ജോലി വാഗ്ദാനം, ഒരു ലക്ഷം തട്ടി മനുഷ്യാവകാശ കമ്മീഷനിലെ 'വ്യാജന്‍'; അന്വേഷിക്കാന്‍ ഉത്തരവിട്ട് കമ്മീഷന്‍

YouTube video player