Asianet News Malayalam

മന്ത്രിമാരിടപെട്ടു, വാക്സിന്‍ ലഭിക്കും; ആദർശിന് സ്പെയിനിലെ ഫുട്ബോള്‍ ക്ലബ്ബിലേക്കുള്ള വഴിയൊരുങ്ങുന്നു

സ്പെയിനിലേക്ക് പോകുന്നതിന് 14 ദിവസം മുമ്പ് 2 ഡോസ് വാക്സിനും എടുക്കണം. അത് സാധ്യമാകാത്തതിനാൽ ആദർശ് ആകെ വിഷമത്തിലായിരുന്നു. 

alappuzha native adarsh got opportunity to join football club in spain
Author
Mannar, First Published Jun 13, 2021, 11:23 AM IST
  • Facebook
  • Twitter
  • Whatsapp

മാന്നാർ: ഫുട്ബോൾ താരങ്ങളുടെ പറുദീസയായ സ്പെയിനിൽ കളിക്കാനും പരിശീലിക്കാനുമുള്ള ആദർശിന്‍റെ മോഹം
സാക്ഷാത്കരിക്കാൻ സർക്കാർ തലത്തിൽ നടപടികൾ ആരംഭിച്ചു. മാന്നാർ കുട്ടമ്പേരൂർ പുതുപ്പള്ളിൽ പ്രകാശ് - രജനി ദമ്പതികളുടെ മകനായ പി. ആർ ആദർശ് (ഉണ്ണിക്കുട്ടൻ-21) സ്പെയ്നിലെ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബായ സിഡിലാവിർ ജെൻഡൽ കാമിനോയുടെ ക്ഷണം ലഭിച്ചപ്പോൾ അതിയായ ആഹ്ലാദത്തിലും അമ്പരപ്പിലുമായിരുന്നു. 

സ്പാനിഷ് ഫുട്ബോളിൽ ഗ്രൂപ്പ് എട്ടിൽ ഡിവിഷൻ 3 വിഭാഗത്തിൽ വരുന്ന ക്ലബ്ബാണിത്. കഴിഞ്ഞ മെയ് 8 മുതൽ 21 വരെ സ്പെയിനിൽ പരിശീലനത്തിനായാണ് ആദ്യം അറിയിപ്പ് ലഭിച്ചിരുന്നതെങ്കിലും കോവിഡിന്റെ രണ്ടാം തരംഗം മൂലം ഇത് മാറ്റിവച്ചു. പിന്നീട് ആഗസ്റ്റ് 16 മതൽ 30 വരെ നടക്കുന്ന പരിശീലനത്തിലും കളികളിലും പങ്കെടുക്കാനായി ക്ഷണം. സ്പെയിനിലേക്ക് പോകുന്നതിന് 14 ദിവസം മുമ്പ് 2 ഡോസ് വാക്സിനും എടുക്കണം. അത് സാധ്യമാകാത്തതിനാൽ ആദർശ് ആകെ വിഷമത്തിലായിരുന്നു. രജിസ്റ്റർ ചെയ്തിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും ആരോഗ്യവകുപ്പിൽ നിന്നും വാക്സിൻ എടുക്കാനുളള അനുമതി ലഭിക്കാത്തതാണ് ഈ യുവാവിനെ വിഷമത്തിലാക്കിയത്. 

സാഹചര്യങ്ങൾ മന്ത്രിമാരായ സജി ചെറിയാന്‍റെയും പി. പ്രസാദിന്‍റെറെയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആദര്‍ശിന്‍റെ  മോഹങ്ങൾക്ക് വീണ്ടും ചിറക് മുളച്ചത്. ആദര്‍ശിന് വാക്സിൻ എടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാന്‍ മന്ത്രിമാര്‍ നിർദേശം നല്‍കി. 2018ൽ ഷില്ലോംഗിൽ നടന്ന അണ്ടർ 18 ഇന്ത്യൻ ലീഗ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തിട്ടുളള ആദർശ് രണ്ട് ഗോളുകൾ നേടുകയും മൂന്ന് ഗോളുകൾക്ക് അവസരമൊരുക്കുകയുമുണ്ടായി. ഹൈദരബാദ് ഫതേഹ് ഫുട്ബോൾ ടീമിനു വേണ്ടിയാണ് അന്ന് കളിച്ചത്. 

ഇൻഡ്യൻലീഗ് ഡിവിഷൻ 2 സീനിയർ ടീമായ രാജസ്ഥാൻ ഫുട്ബോൾ ക്ലബ്ബ്, പഞ്ചാബ് മിനർവ എന്നിവയ്ക്കുവേണ്ടിയും ആദര്‍ശ് കളിച്ചിട്ടുണ്ട്. ഹൈദരാബാദ് ക്ലബ്ബിന്റെ അണ്ടർ 18 ടീം അംഗമായ സമയത്ത് പഞ്ചാബ്, ഹരിയാന, ഗോവ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി മത്സരങ്ങളിൽ ഈ താരം പങ്കെടുത്തിരുന്നു. തിരുവല്ല മാർത്തോമ കോളേജിലെ അവസാന വർഷ ധനതത്വശാസ്ത്ര ബിരുദ വിദ്യാർഥിയായ ആദർശ് അന്തർ സർവ്വകലാശാല മത്സരങ്ങലിലും പങ്കെടുത്തിട്ടുണ്ട്. ഫുട്ബോൾ രംഗത്ത് മികച്ചതാരമായി മാറാൻ ആഗ്രഹിക്കുന്ന ആദർശിന് സ്പെയിനിലെ പരിശീലനം സ്പ്നതുല്യമായ ആഗ്രഹമാണ്. 

ഇവിടെ പരിശീലനത്തോടൊപ്പെ 3 സ്പാനിഷ് ക്ലബ്ബുകളുമായി കളിക്കാനും അവസരം ലഭിക്കും. മറ്റ് മികച്ച സ്പാനിഷ് ക്ലബ്ബുകളും പ്രകടനം വിലയിരുത്തമെന്നും അതുമൂലം ഉയർന്ന അവസരങ്ങൾ കിട്ടുമെന്നുമാണ് ഈ യുവാവ് പറയുന്നത്. മൂന്നര ലക്ഷം രൂപയോളം ചെലവഴിച്ചാണ് സ്പെയിനിൽ പോകുന്നത്. സുമനസുകളുടെ സഹായത്തോടെയാണ് ഈതുക കണ്ടെത്തിയിരിക്കുന്നത്. ആദർശിന്റെ അച്ഛൻ പ്രകാശ് ഡ്രൈവറാണ്. അമ്മ രജനി വീട്ടമ്മയും. സഹോദരൻ ആകാശ് പത്താംക്ലാസ് വിദ്യാർഥിയായ ആകാശ് ആണ് സഹോദരൻ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios