തിരുവനന്തപുരം: കണ്ണൂര്‍ ഒരു പരിപാടിക്കായെത്തിയതായിരുന്നു ചെ ഗുവേരയുടെ മകള്‍ അലെയ്ദ ഗുവേര. തന്‍റെ സുഹൃത്ത് എം എ ബേബിയെ കാണാനായി അവര്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഒരു കുഞ്ഞ് ആരാധിക തന്നെ കാണാനായെത്തുന്നുണ്ടെന്നറിഞ്ഞത്. അതും തന്‍റെയും സഹോദരന്‍ കാമിലോ ഗുവേരയുടെയും  പേരുള്ളവള്‍. 

പിണറായിക്കാരനും ചെ ഗുവേരയുടെ ആരാധകനുമായ രുജീഷിന്‍റെയും ഭാര്യ സരിഗയുടെയും മകളാണ് അലെയ്ദ കാമിലോ. മകള്‍ക്ക് പേരിടാനായി സ്പാനിഷ് പേരുകള്‍ അന്വേഷിക്കുന്നതിനിടെയാണ് ഭാര്യ സരിഗ മകള്‍ക്ക് ചെ ഗുവേരയുടെ മക്കളുടെ പേരുകള്‍ ചേര്‍ത്ത് ' അലെയ്ദ കാമിലോ' എന്ന പേര് നിര്‍ദ്ദേശിക്കുന്നത്. പിന്നെ ആര്‍ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. മകളെ പേര് ചൊല്ലി വിളിച്ചു, ' അലെയ്ദ കാമിലോ'.

കേരളത്തിലേക്ക് അലെയ്ദ ഗുവേര എത്തുന്നുണ്ടെന്നറിഞ്ഞ രൂജീഷ്, എം എ ബേബിയുമായി ബന്ധപ്പെടുകയും തന്‍റെ ആഗ്രഹം പറയുകയുമായിരുന്നു. തുടര്‍ന്നാണ് അലെയ്ദ ഗുവേരയും അലെയ്ദ കാമിലോയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്. നാളെ, കുഞ്ഞ് അലെയ്ദ കാമിലോയുടെ പിറന്നാളാണ്. തന്‍റെ കുഞ്ഞാരാധികയ്ക്കായി അലെയ്ദ ഗുവേര പാടി... സ്പാനിഷ് താരാട്ട്. 

കൂടെയുണ്ടായിരുന്ന പരിഭാഷക മൊഴിമാറ്റം നടത്തി. "എന്തിനെക്കാളും വലുത് മുലപ്പാൽ തരുന്ന അമ്മയുടെ സ്നേഹമാണ്..."