ഒന്നര വര്‍ഷത്തെ ഓൺലൈൻ പരിശീലനത്തിന് പിന്നാലെ നേരിട്ട് കണ്ട് പഠിക്കാൻ പത്ത് ദിവസം മുമ്പ് ആലത്തൂരെത്തി...

പാലക്കാട്: പാപാലക്കാട് എത്തി കളരി പഠിച്ചു മടങ്ങുകയാണ് അമേരിക്കൻ സ്വദേശി പ്രതിഭ ഗോയൽ. വാൾ, പരിച, ഉറുമി തുടങ്ങി കളരിപ്പയറ്റിലെ അടവും ചുവടും അഭ്യസിച്ച ഈ 49 കാരിയുടെ ലക്ഷ്യം ഇനി അമേരിക്കക്കാരെ കളരി പഠിപ്പിക്കലാണ്. കൊവിഡ് അടച്ചിടൽ കാലത്താണ് പ്രതിഭയ്ക്ക് കളരിപ്പയറ്റ് അഭ്യസിച്ചാലോ എന്ന ചിന്ത ഉദിച്ചത്.

അമേരിക്കയിൽ കളരി പഠന ക്ലാസുകൾ കണ്ടെത്താൻ കഴിയാതായതോടെ ഇന്റർനെറ്റിൽ പരതി. ഒടുവിൽ ആലത്തൂരിലെ ബോധി കളരിപ്പയറ്റ് സംഘത്തെ കണ്ടെത്തി. ഒന്നര വര്‍ഷത്തെ ഓൺലൈൻ പരിശീലനത്തിന് പിന്നാലെ നേരിട്ട് കണ്ട് പഠിക്കാൻ പത്ത് ദിവസം മുന്പ് ആലത്തൂരെത്തി. പക്ഷെ പാലക്കാടൻ ചൂട് പ്രതിഭയെ ആദ്യമൊന്ന് വട്ടം കറക്കി. 

പ്രതിഭയുടെ പ്രതിഭയിൽ ആശാൻ ഹാപ്പി. ഓണ്‍ലൈനിൽ കളരി പഠിപ്പിക്കാൻ ആശാൻ പതിനെട്ടടവും പയറ്റി. പ്രതിഭയെക്കുറിച്ച് കൂടെ കളരി അഭ്യസിച്ച കുട്ടികൾക്കും നൂറ് നാവാണ്. ഇനിയും കേരളത്തിലെത്തും. കളരിയെക്കുറിച്ച് കൂടുതൽ അറിയാനുണ്ട്. വയസ് നാൽപ്പത്തൊന്പത് ആയാലും മനസിപ്പോഴും ചെറുപ്പമെന്നാണ് പ്രതിഭയുടെ പക്ഷം. അമേരിക്കക്കാരെ കളരി പഠിപ്പിക്കുകയാണ് ലക്ഷ്യമെന്നും പറയുകയാണ് കഥക് നൃത്ത അധ്യാപിക കൂടിയായ പ്രതിഭ.