തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലേക്കുള്ള വഴിമുടക്കി അനധികൃത വാഹന പാര്‍ക്കിങ്ങ് വ്യാപകമാകുന്നതായി പരാതി. മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തിയുള്ള അനധികൃത പാർക്കിങ് മൂലം പലപ്പോഴും അടിയന്തരഘട്ടങ്ങളിലെത്തുന്ന ആംബുലന്‍സുകള്‍ക്ക് പോലും കടന്നുപോകാന്‍ ബുദ്ധിമുട്ടു നേരിടുകയാണ്. എന്നാല്‍ ഈ അനധികൃത പാര്‍ക്കിങ്ങിനെതിരെ അധികാരികള്‍ നടപടിയെടുക്കുന്നില്ലെന്ന പരാതിയുണ്ട്.  

ആംബുലന്‍സ് അടക്കമുള്ള വലിയ വാഹനങ്ങൾക്ക് അത്യാഹിത വിഭാഗത്തിലേക്ക് രാത്രികാലങ്ങളിൽ എത്തിച്ചേരാന്‍‍ വാഹനത്തിന്റെ ഡ്രൈവർ തന്നെ ഇറങ്ങി അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകൾ മാറ്റിവെയ്ക്കേണ്ട അവസ്ഥയാണ്. അത്രയും നേരം സമയം ചെലവിടുന്നതോടെ രോഗിയുടെ ജീവന് തന്നെ പലപ്പോഴും അപകടം സംഭവിക്കാം. 

മെഡിക്കൽ കോളേജ് പോലീസ് നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന് മുന്നില്‍ തന്നെയാണ്  രാത്രിയില്‍ ബൈക്കുകൾ പാർക്ക് ചെയ്യുന്നത്. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരും മെഡിക്കൽ കോളേജ് പോലീസും ഈ സംഭവം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മെയിൻ ഗേറ്റ് മുതൽ അത്യാഹിത വിഭാഗത്തിലേക്കുള്ള വഴിവരെയുള്ള അനധികൃത പാർക്കിങ്ങ് മെഡിക്കൽ കോളേജിൽ പലപ്പോഴും ഗതാഗത കുരുക്കും ഉണ്ടാക്കുന്നുണ്ട്.