Asianet News MalayalamAsianet News Malayalam

അരവിന്ദിന്റെ അവയവങ്ങൾ നാലുപേർക്ക് ജീവിതമായി; 319-ാമത്തെ അവയവദാനം പൂർത്തിയാക്കി മൃതസഞ്ജീവനി

കന്യാകുമാരി സ്വദേശി അരവിന്ദിൻ്റെ ഹൃദയവും കരളും വൃക്കകളും നാലു പേർക്ക് ജീവിതമേകുമ്പോൾ    സംസ്ഥാന സർക്കാരിൻ്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ  നേതൃത്വത്തിൽ പൂർത്തിയാകുന്നത്  319-ാമത്തെ അവയവദാനം. 

Aravinds organs give life to four 319th Organ Donation Completed mruthasanjeevani
Author
Kerala, First Published Mar 18, 2021, 11:05 PM IST

തിരുവനന്തപുരം: കന്യാകുമാരി സ്വദേശി അരവിന്ദിൻ്റെ ഹൃദയവും കരളും വൃക്കകളും നാലു പേർക്ക് ജീവിതമേകുമ്പോൾ    സംസ്ഥാന സർക്കാരിൻ്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ  നേതൃത്വത്തിൽ പൂർത്തിയാകുന്നത്  319-ാമത്തെ അവയവദാനം. 

കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിലാണ് കന്യാകുമാരി അഗസ്തീശ്വരം വെസ്റ്റ് സ്ട്രീറ്റ് 12/219 എ-യിൽ ആദിലിംഗം -സുശീല ദമ്പതികളുടെ മകൻ അരവിന്ദിന് (24) ഗുരുതരമായി പരിക്കേൽക്കുന്നത്. തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. 

വ്യാഴാഴ്ച ബന്ധുക്കളുടെ ആഗ്രഹപ്രകാരം അവയവദാനവും നടന്നു. ഹൃദയം എറണാകുളം ലിസി ആശുപത്രിയിലും കരൾ ആസ്റ്റർ മെഡിസിറ്റിയിലും വൃക്കകൾ കിംസ് ആശുപതിയിലെ രോഗികൾക്കുമാണ് നൽകിയത്. യുവാവിൻ്റെ ബന്ധുക്കൾ അവയവദാനത്തിനുള്ള സന്നദ്ധത  മൃതസഞ്ജീവനിയുടെ നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസിനെ നേരിട്ട് അറിയിക്കുകയായിരുന്നു. അദ്ദേഹവും മൃതസഞ്ജീവനിയുടെ സംസ്ഥാന കൺവീനർ കൂടിയായ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ്, കിംസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്‍റ് പൊക്യുവര്‍മെന്‍റ് മാനേജര്‍ ഡോ മുരളീധരന്‍ എന്നിവർ ചേർന്ന് അവയവദാന പ്രകൃയ ഏകോപിപ്പിച്ചു. 

വ്യാഴാഴ്ച ഉച്ചയോടെ യുവാവിൽ നിന്നും അവയവങ്ങൾ നിന്നും ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുകയും അതാത് ആശുപത്രികളിലേക്ക് കൊണ്ടുപോവുകയും ചെയ്തു.  ഹൃദയം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ എയർ ആംബുലൻസിലാണ് കൊണ്ടുപോയത്. അടിയന്തരമായി അവയവം മാറ്റിവയ്ക്കേണ്ട മൃതസഞ്ജീവനിയുടെ ലിസ്റ്റിൽ ഉൾപ്പെട്ട രോഗിയ്ക്കാണ് ( സൂപ്പർ അർജൻ്റ് ലിസ്റ്റഡ് പേഷ്യൻ്റ്) കരൾ മാറ്റിവച്ചത്. 

വൃക്കകൾ കിംസ് ആശുപത്രിയിലെ തന്നെ രോഗികൾക്കും മാറ്റിവച്ചു. അങ്ങനെ ഈ വർഷത്തെ രണ്ടാമത്തെ അവയവദാനവും വിജയകരമായി പൂർത്തീകരിച്ചു. തുടർ നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കാരത്തിനായി നാട്ടിലേക്ക് കൊണ്ടുപോയി.ജഗൻ, ആനന്ദ്, മുരുഗേശ്വരി എന്നിവർ അരവിന്ദിൻ്റെ സഹോദരങ്ങളാണ്.

Follow Us:
Download App:
  • android
  • ios