ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ ആറുമണി വരെ ഭാഗികമായും ആറുമണി മുതൽ പുതുവത്സര ആഘോഷം കഴിയും വരെ പൂർണമായും ഗതാഗതം നിയന്ത്രിക്കും.

കോഴിക്കോട്: പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നാളെ ഗതാഗതനിയന്ത്രണം. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ ആറുമണി വരെ ഭാഗികമായും ആറുമണി മുതൽ പുതുവത്സര ആഘോഷം കഴിയും വരെ പൂർണമായും ഗതാഗതം നിയന്ത്രിക്കും. പുതുവർഷം ആഘോഷിക്കാൻ ഒരുങ്ങുന്നവർക്ക് കർശന മുന്നറിയിപ്പാണ് കേരള പൊലീസ് നല്‍കിയിരിക്കുന്നത്. മതിമറന്ന ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരെ ബോധവാരന്മാരാക്കാനായി ലഘുചിത്രവും പങ്കുവെച്ചാണ് കേരള പൊലീസ് രംഗത്ത് എത്തിയിരിക്കുന്നത്. എ ഡി ജി പി എം.ആർ അജിത് കുമാർ ഐ പി എസിന്‍റെ ഫേസ്ബുക് പേജിലൂടെയാണ് ബോധവത്കരണ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പോയ വർഷങ്ങളിൽ ഉണ്ടായ അപകടങ്ങളുടെ കണക്കും അപകട ദൃശ്യങ്ങളും അടക്കം പങ്കുവെച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ആഘോഷങ്ങളാകാം എന്നാൽ അതിരു വിടരുതെന്നാണ് വീഡിയോ നൽകുന്ന സന്ദേശം. അതിരുകടന്ന ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും വീഡിയോയിലൂടെ മുന്നറിയിപ്പും പൊലീസ് നൽകുന്നുണ്ട്. എല്ലാവർക്കും നല്ലൊരു പുതുവർഷം ആശംസിച്ചു കൊണ്ടാണ് പൊലീസിന്‍റെ ലഘുചിത്രം അവസാനിപ്പിച്ചിരിക്കുന്നത്.