Asianet News MalayalamAsianet News Malayalam

തൃശ്ശൂരില്‍ ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്ക് ഒരുങ്ങുന്നു

ഇതുവരെ കേട്ടുപഴകിയ വാഗ്ദാനമല്ല പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്‍റെ കാര്യത്തിലിപ്പോഴുള്ളത്. തൃശൂരുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ " ടപ ടപേന്നാ" പണി നടക്കുന്നത്.

Asia s largest zoological park is in thrissur
Author
Thrissur, First Published May 30, 2019, 10:09 PM IST


തൃശൂര്‍: പൂരം കഴിഞ്ഞ തൃശൂരില്‍ പുത്തൂരുകാരുടെ ഉത്സവമാണിനി. ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്ക് വരുന്നതിന്‍റെ ആവേശത്തിലാണിവരുടെ ആഘോഷം. ഇതുവരെ കേട്ടുപഴകിയ വാഗ്ദാനമല്ല പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്‍റെ കാര്യത്തിലിപ്പോഴുള്ളത്. തൃശൂരുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ " ടപ ടപേന്നാ" പണി നടക്കുന്നത്.

ഇനിയിപ്പോള്‍ ചൈനക്കാരെ കാത്തിരിക്കുകയാണ് പുത്തൂരുകാര്‍. ജൂണില്‍ അവരെത്തും. പക്ഷികള്‍ക്ക് വിശാലമായി പറക്കാനുള്ള ഇടമൊരുക്കാനാണ് ചൈനക്കാരെത്തുന്നത്. ഇങ്ങനെ, പക്ഷികള്‍ക്ക് പറക്കാനുള്ള വലിയ ഇടം മുഴുവന്‍ പ്രത്യേക നെറ്റിട്ട് മറയ്ക്കും. കാഴ്ചക്കാര്‍ക്ക് പക്ഷികളെ കാണുകയും ചെയ്യാം പക്ഷികള്‍ക്ക് പറക്കാന്‍ ഇഷ്ടംപോലെ സ്ഥലവും കിട്ടും. ചൈനയിലാണ് അതി വിശാലമായ ഈ കൂടിനുള്ള ഇരുമ്പ് നെറ്റ് നിര്‍മിക്കുന്നത്. നെറ്റിടാനുള്ള കൂറ്റന്‍ പോസ്റ്റുകള്‍ ഇതിനകം പുത്തൂരില്‍ എത്തിക്കഴിഞ്ഞു. നെറ്റിടാന്‍ ചൈനീസ് സംഘം തന്നെ വരണം. 

തൃശൂരിലെ ചെറുകൂടുകളില്‍ കഴിയുന്ന സിംഹവും പുലിയും കടുവയുമെല്ലാം പുത്തൂരിലെത്തിയാല്‍ കാട്ടിലെന്ന പോലെ ഓടിനടക്കും. ഇതെല്ലാം കാഴ്ച്ചക്കാര്‍ക്ക് അടുത്തുനിന്ന് കാണാം. എന്നാല്‍ സിംഹത്തിനും പുലിക്കും കടുവയ്ക്കും കാഴ്ചക്കാരുടെ അടുത്തേയ്ക്ക് വരാനുമാവില്ല. കാഴ്ചക്കാരുടെയും മൃഗങ്ങളുടെയും മധ്യേ അഞ്ച് മീറ്റര്‍ താഴ്ചയിലുള്ള വലിയ കിടങ്ങുകളുടെ നിര്‍മാണം പുരോഗമിക്കുകയാണിപ്പോള്‍. വ്യൂ പോയിന്‍റില്‍ പ്രത്യേക ഗ്ലാസിട്ട് സുരക്ഷയൊരുക്കും വിധമാണ് നിര്‍മാണം. ഇവിടെനിന്ന് മൃഗങ്ങളെ തൊട്ടടുത്ത് കാണാന്‍ സൗകര്യമുണ്ടാകും. രാത്രികാലങ്ങളില്‍ മൃഗങ്ങള്‍ക്ക് കയറി കിടക്കാന്‍ പ്രത്യേക കൂടും നിര്‍മിക്കുന്നുണ്ട്.

തൃശൂരില്‍ നിലവിലുള്ള മൃഗശാലയിലെ മൃഗങ്ങളെ ഒരു വര്‍ഷത്തിനകം പുത്തൂരിലേക്ക് മാറ്റും. ഇതിനായി നാല് വിശാലമായ പാര്‍പ്പിടങ്ങളുടെ അവസാന മിനുക്കുപണികള്‍ നടക്കുകയാണ്. സിംഹവാലന്‍ കുരങ്ങിനെയും കരിങ്കുരങ്ങിനെയും കാട്ടുപോത്തിനെയും പക്ഷികളെയും പാര്‍പ്പിക്കാനുള്ള സ്ഥലത്തിന്‍റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. രണ്ടാം ഘട്ടം ഉടന്‍ തുടങ്ങും. പുലിയും കടുവയും സിംഹവും മുതലയും മാനും പാര്‍ക്കേണ്ട ഇടങ്ങളാണ് രണ്ടാംഘട്ടത്തില്‍. ജിറാഫും കരടിയും കുരങ്ങുമെല്ലാം പാര്‍ക്കേണ്ട ഇടങ്ങള്‍ മൂന്നാം ഘട്ടത്തിലും നിര്‍മിക്കും. 

തൃശൂര്‍ വടൂക്കര സ്വദേശിനിയായ കെ എസ് ദീപ ഐഎഫ്എസ് ആണ് പ്രൊജക്ട് ഓഫീസര്‍. 2020 ഡിസംബറില്‍ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണ് സര്‍ക്കാരിന്‍റെ ആലോചനയെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അഡ്വ. കെ രാജന്‍ എംഎല്‍എ ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് പറഞ്ഞു.

ഇഷ്ടിക വിരിച്ച റോഡും അതിലൂടെ ചുറ്റിസഞ്ചരിച്ച് മൃഗങ്ങളെ കാണാനാവുന്ന ഇലക്ട്രിക് കാറും ഉണ്ടാവും. നാല് കിലോമീറ്റര്‍ ദൂരത്തോളം ചുറ്റിക്കറങ്ങി മൃഗങ്ങളെ കാണാന്‍ പാകത്തിലാണ് ഇപ്പോഴത്തെ നിര്‍മാണം. മുന്നൂറ് ഹെക്ടര്‍ വിസ്തൃതിയിലുള്ളതാണ് സുവോളജിക്കല്‍ പാര്‍ക്കിനുള്ള ഭൂമി. ഭാവിയില്‍ ഇത്രയും സ്ഥലത്ത് ട്രക്കിങ് നടത്താനും സഫാരി പോകാനും സൗകര്യമുണ്ടാകുമെന്ന് എംഎല്‍എ വ്യക്തമാക്കി. 

തൃശൂര്‍-കൊച്ചി ഹൈവേയില്‍ കുട്ടനെല്ലൂര്‍ മേല്‍പാലത്തിന് താഴെക്കൂടിയാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള റോഡ്. പാര്‍ക്കിന്‍റെ നിര്‍മാണം തീരുന്നതോടെ ഹൈവേയില്‍ നിന്ന് 15 മീറ്റര്‍ വീതിയുള്ള റോഡായി ഇത് മാറും. ഇതിനുള്ള സര്‍വേ തുടങ്ങിയിട്ടുണ്ട്. ഇതോടെ പുത്തൂരുകാരുടെ ജീവിതനിലവാരവും ഉയരുമെന്നാണ് പ്രതീക്ഷ. നിരവധി തൊഴില്‍-വരുമാന സാധ്യതകളാണ് സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രതീക്ഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios