ഹയർ സെക്കന്ററി സ്കൂളിന് കീഴിലെ തുല്യതാ പഠന ക്ലാസിലെ വിദ്യാർത്ഥിയായ കെ കെ  ബാലൻ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വിദ്യാർത്ഥി കൂടിയാണ്. ഹ്യൂമാനിറ്റീസ് വിഭാഗം ഒന്നാം വർഷം പഠിതാവാണ്.

കോഴിക്കോട്: പ്രായത്തെ തോല്‍പ്പിച്ച് പഠനം പൂര്‍ത്തിയാക്കി മുഴുവൻ പരീക്ഷയും എഴുതിയ ആത്മവിശ്വാസത്തിലാണ് 71 വയസ്സുള്ള തിരുവങ്ങൂർ സ്വദേശി കെ കെ ബാലൻ. കൊയിലാണ്ടി ഹയർ സെക്കന്ററി സ്കൂളിന് കീഴിലെ തുല്യതാ പഠന ക്ലാസിലെ വിദ്യാർത്ഥിയായ കെ കെ ബാലൻ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വിദ്യാർത്ഥി കൂടിയാണ്. ഹ്യൂമാനിറ്റീസ് വിഭാഗം ഒന്നാം വർഷം പഠിതാവാണ്.

എക്സൈസ് വകുപ്പിൽ നിന്ന് 31 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ബാലന് പിന്നീടാണ് സാക്ഷരതാ മിഷൻ്റെ തന്നെ തുല്യതാ കോഴ്‌സിലൂടെ 10-ാം തരം പാസ്സായത്. 2019ൽ പത്താം ക്ലാസ് തുല്യതാ പരീക്ഷ മികച്ച മാർക്കോടെയാണ് പാസായത്. അരിക്കുളം പഞ്ചായത്ത് ജനപ്രതിനിധിയും ആയിരുന്നു. സെന്റർ കോർഡിനേറ്റർമാരായ ദീപ. എം, സിന്ധു സുരേഷ് എന്നിവരാണ് പഠന ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.

സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷകൾ ജില്ലയിൽ പൂർത്തിയായി.