മലക്കപ്പാറ, വാല്‍പ്പാറ, നെല്ലിയാമ്പതി എന്നിവിടങ്ങളിലേക്കാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരുന്നത്. ടൂറിസം മേഖലയില്‍ സംസ്ഥാനത്തിന് മാതൃകയായിരുന്നു  തുമ്പൂർമുഴി ഡിഎംസി

തൃശൂർ: അതിരപ്പിള്ളി തുമ്പൂര്‍മുഴി ഡിഎംസിയുടെ പ്രവർത്തനം അവതാളത്തില്‍. ടൂറിസം മേഖലയില്‍ സംസ്ഥാനത്തിന് മാതൃകയായിരുന്ന തുമ്പൂർമുഴി ഡിഎംസിയുടെ ഉടമസ്ഥതയിലുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന മൂന്ന് വാഹനങ്ങള്‍ സംരക്ഷണമില്ലാതെ തുരുമ്പെടുത്ത് നശിക്കുകയാണ്. ടൂര്‍ പാക്കേജുകള്‍ക്കായി വാങ്ങിയ വാഹനങ്ങളാണ് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്. 2015ലാണ് ഡിഎംസിയുടെ ചെയര്‍മാനും അന്നത്തെ ചാലക്കുടി എംഎല്‍എയുമായിരുന്ന ബി ഡി ദേവസ്സി മുന്‍കൈയ്യെടുത്ത് തുമ്പൂര്‍മുഴി ഡിഎംസിയുടെ നേതൃത്വത്തില്‍ ടൂര്‍ പാക്കേജുകള്‍ ആരംഭിച്ചത്. 

ആദ്യം വാങ്ങിയ വാഹനം ഓടിച്ച് ലഭിച്ച ലാഭവിഹിതം കൊണ്ടാണ് പിന്നീട് രണ്ട് പുതിയ വാഹനങ്ങള്‍ കൂടി വാങ്ങിയത്. മലക്കപ്പാറ, വാല്‍പ്പാറ, നെല്ലിയാമ്പതി എന്നിവിടങ്ങളിലേക്കാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരുന്നത്. ഈ പാക്കേജുകള്‍ വഴി സ്ഥാപനത്തിന് വലിയ ലാഭവും പ്രദേശവാസികളായ നിരവധി പേര്‍ക്ക് തൊഴിലും ലഭിച്ചിരുന്നു. 2017ല്‍ മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായി ഷോളയാര്‍ വനമേഖലയിലേക്ക് ആരംഭിച്ച മഴയാത്ര എന്ന പാക്കേജില്‍ മാത്രമായി രണ്ട് മാസം കൊണ്ട് ഇരുനൂറോളം യാത്രകളാണ് നടത്തിയത്. 

അഞ്ച് മില്യണിലേറെ പേർ കണ്ടു ആ രക്ഷപ്പെടുത്തൽ; മലപ്പുറത്തു നിന്നൊരു ഹൃദയംതൊടും വീഡിയോ

പ്രളയവും കൊവിഡും പാക്കേജുകളെ കാര്യമായി ബാധിച്ചു. 2018ലെ പ്രളയകാലത്ത് തുമ്പൂര്‍മുഴി അടച്ചിട്ടപ്പോള്‍ 50 ലക്ഷത്തോളം രൂപ ടൂര്‍ പാക്കേജ് അക്കൗണ്ടിലുണ്ടായിരുന്നു. കൊവിഡ് - പ്രളയ കാലങ്ങളിൽ ഓഫീസ് അടച്ചിട്ടപ്പോഴും ക്ലീനിങ് ജീവനക്കാര്‍ക്ക് മുടങ്ങാതെ ശമ്പളം നല്കിയത് ഈ തുക ഉപയോഗിച്ചാണ്. എന്നാല്‍ ഇപ്പോഴത്തെ മാനേജുമെന്റ് ഇത്തരം കാര്യങ്ങളിലൊന്നും താത്പര്യമെടുക്കുന്നില്ലെന്നാണ് ആക്ഷേപം.

കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ വിരലിലെണ്ണാവുന്ന യാത്രകള്‍ മാത്രമാണ് നടത്തിയത്. വേനലവധി ആരംഭിച്ചിട്ടും ഒരു യാത്രപോലും സംഘടിപ്പിക്കാനായിട്ടില്ല. സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പാക്കേജുകള്‍ മുന്നോട്ടുവെയ്ക്കുന്നില്ലെന്നും പരാതിയുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം