Asianet News MalayalamAsianet News Malayalam

സിഗ്നല്‍ നല്‍കാന്‍ നിന്ന റെയില്‍വേ ജീവനക്കാരിയെ വെട്ടി പരിക്കേല്‍പ്പിച്ച് മാല കവര്‍ന്നു

ഗുരുവായൂര്‍ എക്സ്പ്രസിന് സിഗ്നല്‍ നല്‍കാനായി സ്റ്റേഷനു മറുവശത്തു നിൽക്കുമ്പോഴാണ് ജലജകുമാരിയെ ആക്രമിച്ചത്. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന അക്രമി ചാടി വീഴുകയായിരുന്നു. രക്ഷപ്പെടാനായി ജലജകുമാരി ട്രാക്കിലേക്ക് എടുത്ത് ചാടി. പിന്നാലെ ചാടിയ അക്രമി മാല വലിച്ചു പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു

attacked railway worker and snatched gold chain
Author
Thiruvananthapuram, First Published Aug 19, 2021, 11:35 AM IST

തിരുവനന്തപുരം: മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനില്‍ സിഗ്നല്‍ നല്‍കാന്‍ നില്‍ക്കുകയായിരുന്ന റെയില്‍വേ ജീവനക്കാരിയെ വെട്ടി പരിക്കേല്‍പ്പിച്ച് അക്രമി മാല കവര്‍ന്നു. രണ്ടു പവന്‍റെ മാലയാണ് വലിച്ചു പൊട്ടിച്ചത്. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പന്തുവിള കലാഗ്രാമം രാജ് നിവാസിൽ കെ ജലജകുമാരി (45)ക്ക് ആണ് പരിക്കേറ്റത്. ആക്രമണത്തിലും രക്ഷപ്പെടാനായി ട്രാക്കിലേക്ക് ചാടിയപ്പോഴുമാണ് ജലജകുമാരിക്ക് സാരമായി പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

11.35ന് കടന്നു പോകുന്ന ഗുരുവായൂര്‍ എക്സ്പ്രസിന് സിഗ്നല്‍ നല്‍കാനായി സ്റ്റേഷനു മറുവശത്തു നിൽക്കുമ്പോഴാണ്  ജലജകുമാരിയെ ആക്രമിച്ചത്. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന അക്രമി ചാടി വീഴുകയായിരുന്നു. രക്ഷപ്പെടാനായി ജലജകുമാരി ട്രാക്കിലേക്ക് എടുത്ത് ചാടി. പിന്നാലെ ചാടിയ അക്രമി മാല വലിച്ചു പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ചെറുത്തപ്പോഴാണ് കൈ മുറിഞ്ഞത്. ട്രാക്കിലേക്ക് ചാടിയപ്പോഴുള്ള വീഴ്ചയില്‍ കൈയ്ക്ക് പരിക്കേറ്റത്.

തലയ്ക്കും മുറിവേറ്റിട്ടുണ്ട്. ഈ സമയം തൊട്ടടുത്ത പാളത്തിലൂടെ ട്രെയിന്‍ കടന്നു പോയതിനാലാണ് ജീവഹാനി ഒഴിവായത്. ട്രെയിന്‍ പോയ ശേഷമാണ് സ്റ്റേഷന്‍ മാസ്റ്റര്‍ നിലവിളി കേട്ടത്. തുടര്‍ന്ന് ഓടി വന്നപ്പോഴേക്കും അക്രമി രക്ഷപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണെന്നും പൊലീസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios