പഴയ കൊലക്കേസിലെ വൈരാഗ്യത്തെ തുടർന്ന് വർക്കലയിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: ഇരട്ടക്കൊലപാതക കേസുകളുമായി ബന്ധപ്പെട്ട മുൻവൈരാഗ്യത്തിന്‍റെ പേരിൽ യുവാവിന്‍റെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വെന്നിക്കോട് സ്വദേശി 'പടക്കം പ്രദീപ്' എന്ന പ്രദീപ് (37), കാറാത്തല സ്വദേശി കിരൺദാസ് (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ വർക്കല കാറാത്തല ലക്ഷംവീട് കോളനിയിലെ അജീഷിന്‍റെ വീട്ടിലായിരുന്നു സംഭവം.വെട്ടുകത്തി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി വീട്ടിലെത്തിയ പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും യുവാവിനെതിരെ വധഭീഷണി മുഴക്കുകയുമായിരുന്നു. ബഹളം കേട്ട് പുറത്തിറങ്ങിയ ഇയാളെ പ്രതികൾ വെട്ടുകത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടാൻ ശ്രമിച്ചു. എന്നാൽ യുവാവ് സമയോചിതമായി മുൻവാതിൽ അടച്ചതിനാൽ വെട്ട് വാതിലിൽ പതിക്കുകയായിരുന്നു.തുടർന്ന് അടുക്കളവാതിൽ വഴി ഓടി രക്ഷപ്പെട്ട് സമീപത്തെ കുടുംബവീട്ടിലെ മുറിയിൽ കയറി വാതിലടച്ചാണ് ജീവൻ രക്ഷിച്ചത്.
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ വർഷങ്ങൾ നീണ്ട കുടിപ്പകയാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമായി. വർഷങ്ങൾക്ക് മുൻപ് പ്രതികളുടെ സുഹൃത്തായ ദീപു കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ അജീഷും അദ്ദേഹത്തിന്‍റെ സഹോദരൻ അജിത്തുമായിരുന്നു പ്രതികൾ. ഇതിന്‍റെ വൈരാഗ്യത്തിൽ പ്രതികൾ ഇരുവരെയും കൊലപ്പെടുത്താൻ അവസരം പാർത്തിരിക്കുകയായിരുന്നു.n
ഇതിനിടെ കഴിഞ്ഞവർഷം അജീഷ് സ്വന്തം ജ്യേഷ്ഠനും ദീപു വധക്കേസിലെ സഹപ്രതിയുമായ അജിത്തിനെ തേപ്പുകരണ്ടി കൊണ്ട് അടിച്ചു കൊലപ്പെടുത്തി. സഹോദരൻ അജിത്ത് കൊല്ലപ്പെട്ടതോടെ പ്രതികളുടെ പ്രതികാരചിന്ത അജീഷിലേക്ക് മാത്രമായി ചുരുങ്ങുകയും, ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം വീട്ടിൽക്കയറി വധശ്രമം നടത്തിയതെന്നും വർക്കല പൊലീസ് അറിയിച്ചു. അജീഷിന്‍റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ വേഗത്തിൽ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


