തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിനായി തലസ്ഥാന നഗരി ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് രാത്രി തോറ്റം പാട്ട് പാടി കാപ്പ് കെട്ടി ദേവിയെ കുടിയിരുത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ഫെബ്രുവരി 20 നാണ് പൊങ്കാല മഹോത്സവം.

കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പൊങ്കാലയ്ക്കായി ഒരുക്കിയിട്ടുള്ളത്. കൺട്രോൾ റൂമിന്‍റെ ഉദ്ഘാടനം എഡിജിപി മനോജ് എബ്രഹാം നിർവ്വഹിച്ചു. പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങൾ ഇന്ന് വൈകീട്ട് മുഖ്യമന്ത്രി നേരിട്ടെത്തി വിലയിരുത്തും. ഉത്സവം നടക്കുന്ന പത്ത് ദിവസവും ക്ഷേത്ര പരിസരത്ത് ഷാഡൊ പൊലീസും സിസി ടിവി നിരീക്ഷണവുമുണ്ടാകും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾ ഇന്ന് വൈകീട്ട് മമ്മൂട്ടി ഉദ്ഘാടനം ചെയ്യും.