കാളികാവ്: ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാർ തടഞ്ഞ് നിർത്തി ഡ്രൈവറെ മർദിച്ചതായി പരാതി. മർദ്ദനത്തിടെ കാർ ഡ്രൈവറുടെ രണ്ട് പല്ല് കൊഴിയുകയും താടിയെല്ല് പൊട്ടുകയും ചെയ്തു. കാളികാവ് അഞ്ചച്ചവിടി മൂച്ചിക്കലിലാണ് സംഭവം. മാഞ്ചേരി കുരിക്കൾ അബ്ദുറഷീദാണ് ആക്രമണത്തിരയായത്. 

റഷീദ് കൊച്ചിയിൽ യൂബർ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യന്നയാളാണ്. ഡ്രൈവറെ ആക്രമിച്ചതിന്റെ പേരിൽ അഞ്ചച്ചവിടി സ്വദേശി പുലിവെട്ടി സ്വാലിഹ് എന്നയാളുടെ പേരിൽ കാളികാവ് പൊലീസ് കേസ്സെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. 

വാണിയമ്പലത്ത് നിന്നും കാറിനെ പിന്തുടർന്ന ഓട്ടോറിക്ഷ കാർ ഡ്രൈവറോഡ് സൈഡ് ചോദിച്ചെങ്കിലും മുന്നിൽ വാഹനങ്ങളുള്ളതിനാൽ സൈഡ് കൊടുക്കാൻ കഴിഞ്ഞില്ല. പിന്നീട് ഓട്ടോ ഡ്രൈവർ നിർത്താതെ ഹോണടിച്ച് ഒരു കിലോമീറ്ററോളം കാറിന്റെ പിറകെ കൂടി. പിന്നീട് തച്ചങ്കോട് വെച്ച് സൈഡ് കൊടുത്തു ഓട്ടോറിക്ഷ മറികടന്ന് പോവുകയും ചെയ്തു. ശേഷം ഒരു കിലോമീറ്റർ കഴിഞ്ഞ് കറുത്തേനിയിൽ കയറ്റത്തിൽ വെച്ച് കാർ ഓട്ടോറിക്ഷയെ മറികടന്നു. 

പിന്നീട് ഒരു കിലോമീറ്റർ ഇപ്പുറത്ത് മൂച്ചിക്കൽ വെച്ച് കാർ കോളനി റോഡിലേക്ക് തിരിഞ്ഞു. ഇതിനിടയിൽ ഓട്ടോറിക്ഷ കാറിന്റെ മുന്നിൽ വിലങ്ങായി നിർത്തുകയും കാർ ഡ്രൈവരെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. നാട്ടുകാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയര്. അക്രമിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരായ അമ്പതോളം പേർ ഒപ്പിട്ട പരാതിയും പൊലീസിന് നൽകിയിട്ടുണ്ട്. പ്രതി ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു.