തിരുവനന്തപുരം: തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍റ് പ്രീപെയ്ഡ് കൗണ്ടറിന് സമീപത്ത് വെച്ച് യുവാവിനെ ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ച് സ്വര്‍ണ്ണം തട്ടിയെടുത്തു. മൂവാറ്റുപുഴ സ്വദേശി സജിത്ത് സജിയാണ് ഒരു സംഘം ഓട്ടോ ഡ്രൈവര്‍മാരുടെ ആക്രമണത്തിന് ഇരയായത് . ആക്രമണത്തില്‍ കണ്ണിന് പരിക്കേറ്റ സജിത്ത് ചികിത്സയിലാണ്. കഴിഞ്ഞ ജൂണില്‍ ഇതേ പ്രീപെയ്ഡ് കൗണ്ടറില്‍ നിന്നും ഓട്ടം സജിത്ത് വിളിച്ചിരുന്നു. 113 രൂപയായിരുന്നു ടോക്കണില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഡ്രൈവര്‍ 150 വേണമെന്ന് ആവശ്യപ്പെട്ടു. 120 നല്‍കാമെന്ന് സജിത്ത് പറഞ്ഞെങ്കിലും ഡ്രൈവര്‍ സമ്മതിച്ചില്ല. ഇതോടെ ഇരുവരം വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. മുന്‍പുണ്ടായ ദുരനഭവത്തിന്‍റെ ഓര്‍മ്മയില്‍ സജിത്ത് ഓട്ടം വിളിച്ചിരുന്നില്ല. 

എന്നാല്‍ ഓട്ടോ വേണോയെന്ന് ഡ്രൈവര്‍ ചോദിച്ചതോടെ സജിത്ത് മുന്‍പുണ്ടായ തന്‍റെ അനുഭവം വിവരിക്കുകയും ഓട്ടോയുടെ സ്ലിപ് കാണിക്കുകയും ചെയ്തു. തുടര്‍ന്നാണ് കഴിഞ്ഞ തവണ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഡ്രൈവറടക്കം ഒരു കൂട്ടം ഡ്രൈവര്‍മാര്‍ സജിത്തിനെ ആക്രമിച്ചത്. സജിത്തിന്‍റെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് വിട്ടുകൊടുത്തില്ല. ഇതോടെ സജിത്തിന്‍റെ കയ്യിലെ ചെയിന്‍ അക്രമി സംഘം പൊട്ടിച്ചെടുത്തു.  തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവാവ് പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച പ്രീപെയ്ഡ് കൗണ്ടറില്‍ നിന്നും ഓട്ടോ വിളിച്ച യുവതിക്കും ഓട്ടോ ഡ്രൈവറില്‍ നിന്നും മോശം അനുഭവം ഉണ്ടായി. മഴ ആയിരുന്നതിനാൽ ഓട്ടോയുടെ വശങ്ങൾ രണ്ടും മൂടിയിരുന്നു. ഓട്ടോ കാരയ്ക്കാമണ്ഡപം ഭാഗം എത്തിയതോടെ ഡ്രൈവർ യുവതിയോട് അശ്ലീലം കലർന്ന ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. യുവതി ഇത് വിലക്കിയതോടെ ഡ്രൈവര്‍ ആക്രമിക്കാന്‍ ശ്രമിച്ചതായും എന്നാല്‍ പ്രതികരിച്ചതോടെ ഇയാള്‍ പിന്‍വാങ്ങിയെന്നും യുവതി പറഞ്ഞു. യുവതി ഓട്ടോയിൽ കയറിയപ്പോൾ തന്നെ ഡ്രൈവർ കൗണ്ടറിൽ നിന്ന് ലഭിച്ച സ്ലിപ്പ് വാങ്ങിയിരുന്നു. യുവതി നല്‍കിയ ഓട്ടോ നമ്പര്‍ അന്വേഷിച്ചുള്ള പരിശോധനയില്‍ ഓട്ടോ സര്‍വീസ് സെന്‍ററിലാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തില്‍ ഒരേ നമ്പറില്‍ രണ്ട് ഓട്ടോറിക്ഷകള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും കണ്ടെത്തി.

സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചതിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ഓട്ടോറിക്ഷയെ കുറിച്ചോ അതിലെ ഡ്രൈവറെക്കുറിച്ചോ പൊലീസിന് വിവരങ്ങൾ ലഭിച്ചില്ല. കൗണ്ടറിലെ കരാർ ജീവനക്കാർ അറിയാതെ പുറത്ത് നിന്നുള്ള ഓട്ടോറിക്ഷകൾക്ക് അവിടെ സവാരി നടത്താൻ കഴിയില്ല എന്നാണ് മറ്റ് ഓട്ടോ ഡ്രൈവർമാര്‍ പറയുന്നത്. യാത്രക്കാർക്ക് നേരെയുള്ള ചില ഓട്ടോറിക്ഷ ഡ്രൈവർമാരുടെ അതിക്രമങ്ങളെ കുറിച്ച് നിരവധി പരാതികളാണ് ലഭിക്കുന്നതെന്ന് തമ്പാനൂർ പൊലീസ് പറഞ്ഞു.