നിസ്സാര തുകക്ക് ലഭിക്കുന്ന ഇത്തരം മോതിരങ്ങൾ ആളുകൾ കൈ വിരലിൽ വാങ്ങി ഇടും. പിന്നീട് ഇത് കയ്യിൽ നിന്ന് ഊരി മാറ്റാൻ ശ്രമിക്കുമ്പോൾ അതിന് കഴിയാതെ വരും. 

മലപ്പുറം : കൈവിരലിൽ കുടുങ്ങിയ ചൈനീസ് മോതിരങ്ങൾ ഊരിയെടുക്കുക സാധാരണയായി അഗ്നിരക്ഷാ സേനയുടെ കർതവ്യമാണ്. അത് അക്ഷരംപ്രതി അനുസരിച്ച് മാതൃകയായിരിക്കുകയാണ് മലപ്പുറം അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ. മോതിരങ്ങൾ കൊണ്ട് മനോഹരമായ മാലയും ഇവർ തീർത്തിട്ടുണ്ട്. 

ചൈനീസ് സ്റ്റീൽ മോതിരങ്ങൾ ധരിക്കുന്നതിനെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ മാല നിർമ്മിച്ചത്. ഈ അടുത്ത കാലത്തായി മലപ്പുറം ജില്ലാ ആസ്ഥാനത്തെ അഗ്‌നിശമനസേന ഓഫീസിൽ കൈ വിരലിൽ ചൈനീസ് മോതിരം കുടുങ്ങി എത്തിയവരുടെ വിരലിൽ നിന്ന് മുറിച്ചെടുത്ത മോതിരങ്ങൾ ഉപയോഗിച്ചാണ് ബോധവൽക്കരണത്തിന്റെ ഭാഗമായി മാല നിർമ്മിച്ചിരിക്കുന്നത്.

കുട്ടികളും മുതിർന്നവരും ഉൾപ്പടെ നിരവധി ആളുകളുടെ കൈവിരലിൽ നിന്നാണ് ഈ അടുത്ത കാലത്തായി ഇത്തരത്തിൽ ചൈനീസ് മോതിരങ്ങൾ മുറിച്ചെടുത്തത് എന്ന് മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ പറയുന്നു. നിസ്സാര തുകക്ക് ലഭിക്കുന്ന ഇത്തരം മോതിരങ്ങൾ ആളുകൾ കൈ വിരലിൽ വാങ്ങി ഇടും. പിന്നീട് ഇത് കയ്യിൽ നിന്ന് ഊരി മാറ്റാൻ ശ്രമിക്കുമ്പോൾ അതിന് കഴിയാതെ വരും. തുടർന്ന് വെളിച്ചെണ്ണയും സോപ്പും ഉൾപ്പെടെ ഉപയോഗിച്ച് മോതിരം കൈയിൽ നിന്ന് ഊരി മാറ്റാൻ ശ്രമം നടത്തുമെങ്കിലും പലപ്പോഴും പരാജയപ്പെടും. 

പിന്നീട് ആശുപത്രികളിലും, തട്ടാൻമാരെയും സമീപിക്കും. അവിടെ നിന്നും ഇത് ഊരിയെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഫയർ സ്റ്റേഷനെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസം ഇത്തരത്തിലുള്ള ഇരുപതോളം കേസുകളാണ് മലപ്പുറം ഫയർ സ്റ്റേഷനിൽ എത്തുന്നത്. കൈ വിരലിൽ കുടുങ്ങിയ മോതിരം എടുക്കാൻ പറ്റാത്ത വേദനയോടെ പുലർച്ചെ സമയങ്ങളിൽ പോലും കുട്ടികളും മുതിർന്നവരും മലപ്പുറം ഫയർ സ്റ്റേഷനിൽ എത്താറുണ്ട്. ഇതിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ മാല നിർമ്മിച്ച് ബോധവൽക്കരണം നടത്തുന്നത്.