ഇടുക്കി: മൂന്നാറിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എസ്ഐപിഡബ്ല്യു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ ടൗണില്‍ പായ വിരിച്ച് കിടപ്പ്  സമരം നടത്തി. രാവിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിലാണ് പ്രതിഷേധക സമരം സംഘടിപ്പിച്ചത്.

പ്രളയം കഴിഞ്ഞ് രണ്ടുവര്‍ഷം പിന്നിടുമ്പോഴും മൂന്നാറിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യറാകാത്തതില്‍ പ്രതിഷേധിച്ചാണ് എസ്ഐപിഡബ്ല്യു പ്രസിഡന്റ് എ കെ മണിയുടെ നേത്യത്വത്തില്‍ ടൗണില്‍ പായ വിരിച്ച് കിടപ്പ് സമരം നടത്തിയത്.  അര മണിക്കൂറോളം പ്രവര്‍ത്തകര്‍ അന്തര്‍സംസ്ഥാന പാത ഉപരോധിച്ച് സമരം ചെയ്തു. പൊലീസെത്തി പ്രവര്‍ത്തകരെ നീക്കം ചെയ്തശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയന്‍ സെക്രട്ടറി ജി മുനിയാണ്ടി, വൈസ് പ്രസിഡന്റ് ഡി കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം നെല്‍സന്‍, യുത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പീറ്റര്‍ തുടങ്ങിയവര്‍ കിടപ്പ് സമരത്തില്‍ പങ്കെടുത്തു.