മോയിൻകുട്ടി വൈദ്യരടക്കമുള്ള കവികള്‍ അറബി മലയാളത്തില്‍ രചിച്ച ഇശലുകളാണ് കിസ്സപ്പാട്ട്. പാട്ടിനൊപ്പം കഥയും ലളിതമായി പറഞ്ഞു പോകുന്നതാണ് കിസ്സപാടിപ്പറയലിന്റെ രീതി.
മലപ്പുറം: ബദര്‍ ഖൈബര്‍ സമര ചരിത്രം പാടിപ്പറഞ്ഞ് റമദാനിലെ ഒരു പകല്‍. മലപ്പുറം സ്വലാത്ത് നഗറിലാണ് പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന കിസ്സപാടിപ്പറയല്‍ പരിപാടി സംഘടിപ്പിച്ചത്. പ്രശസ്തരായ പതിനാറ് കാഥികരും പിന്നണിഗായകരും കിസ്സപ്പാട്ടുകള്‍ പാടിപ്പറഞ്ഞപ്പോൾ പുതുതലമുറക്ക് അത് വേറിട്ട കാഴ്ചയായി.
ബദർ സമരത്തിന് പ്രവാചകനും അനുയായികളും മദീനയിൽ നിന്നും പുറപ്പെട്ട റമദാന്‍ പന്ത്രിണ്ടിനാണ് സമര ചരിത്രങ്ങളുടെ ഓര്‍മ്മ പുതുക്കി ഒരു പകല്‍ മുഴുവന്‍ കിസ്സപാടിപ്പറഞ്ഞത്. മലപ്പുറം സ്വലാത്ത് നഗറിൽ കിസ്സപാടിപ്പറയൽ ആസ്വദിക്കാനെത്തിയവർക്ക് വേറിട്ട അനുഭവമായി മാറി ഈ പകൽ. മോയിൻകുട്ടി വൈദ്യരടക്കമുള്ള കവികള്‍ ഇസ്ലാമിക ചരിത്രത്തെയും പോരാട്ടങ്ങളേയുമൊക്കെ പ്രമേയമാക്കി അറബി മലയാളത്തില്‍ രചിച്ച ഇശലുകളാണ് കിസ്സപ്പാട്ട്. പാട്ടിനൊപ്പം കഥയും ലളിതമായി പറഞ്ഞു പോകുന്നതാണ് കിസ്സപാടിപ്പറയലിന്റെ രീതി.
പഴയ തലമുറയില്‍ നിന്നും പഴയ പോരാട്ടങ്ങളുടെ ചരിത്രമുൾപ്പെടെ പുതു തലമുറയിലേക്ക് കൈമാറിയിരുന്നതും ഇത്തരം കലാരൂപങ്ങളിലൂടെയായിരുന്നു. പതിനഞ്ച് ദിവസം വരെ നീണ്ടിരുന്ന കിസ്സപാടിപ്പറയിലിന് കാലത്തിനൊപ്പമുള്ള മാറ്റങ്ങളും വന്നിട്ടുണ്ട്. കിസ്സപ്പാട്ടുകളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മഅദിന് അക്കാദമിയും ഓള് കേരളാ കിസ്സപ്പാട്ട് അസോസിയേഷനും ചേർന്ന് പരിപാടി സംഘടിപ്പിച്ചത്.

