ഇടുക്കി: തൊടുപുഴയിലെ സ്വകാര്യ ബാർ ഹോട്ടലിൽ നാലംഗ സംഘത്തിന്റെ ആക്രമണം. ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയായിരുന്നു സംഭവം. അവധി ദിനമായതിനാലും ഒരു മണി കഴിഞ്ഞതിനാലും മദ്യം തരാനാവില്ലെന്ന് പറഞ്ഞതോടെ നാലംഗസംഘം തട്ടിക്കയറുകയും മർദ്ദിക്കുകയായിരുന്നുവെന്നാണ് ബാർ ജീവനക്കാർ പറയുന്നത്. 

കൗണ്ടറിൽ അതിക്രമിച്ച് കയറി പണം തട്ടിയെടുത്തതായും ബാർ ജീവനക്കാർ പറയുന്നു. അക്രമികൾക്കെതിരെ തൊടുപുഴ പൊലീസിൽ പരാതി നൽകി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും എന്നാൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. ബാർ ജീവനക്കാർക്ക് ആരെയും മുൻപരിചയമില്ലെന്നും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വിശദമായി അന്വേഷിച്ചാലേ അക്രമികളെ കണ്ടെത്താനാവൂ എന്നുമാണ് പൊലീസിന്‍റെ വിശദീകരണം.