കൊച്ചി: കൊവിഡ് വ്യാപനം കുറയ്ക്കാന്‍ മാസ്ക് സഹായിക്കുമെന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മിസൌറിയെ ഒരു പഠനത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്. മിസൌറിയെ സലൂണിലെ രണ്ട് സ്റ്റെലിസ്റ്റുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന 140 പേരെ ക്വാറന്‍റീന്‍ ചെയ്തിരുന്നു. പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ഇവരില്‍ ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതിന് കാരണമായി സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നത് സലൂണിലെ സ്റ്റൈലിസ്റ്റുമാര്‍ മാസ്ക് ധരിച്ചിരുന്നുവെന്നാണ്. 

സമാനമായ സംഭവങ്ങളാണ് ആലപ്പുഴയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന 2123 പേര്‍ക്ക് തുണയായത് മാസ്ക്. ആലപ്പുഴയിലെ ആര്യാട് ബ്ലോക്കിലെ ജനകീയ ലാബോട്ടറിയിലെ ജീവനക്കാരില്‍ നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യ പ്രവര്‍ത്തകരുംട ആര്യാട് ബ്ലോക്ക് പഞ്ചായത്തും ആശങ്കയിലുമായി. എന്നാല്‍ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്ന 2123 ആളുകള്‍ രണ്ടാഴ്ച നീളുന്ന ക്വാറന്‍റീന് ശേഷവും രോഗലക്ഷണം പ്രകടിപ്പിക്കാത്തത് ഈ ആശങ്കകള്‍ക്കാണ് അയവുവരുത്തിയത്.  ജൂലൈ 29നാണ് ലാബ് ജീവനക്കാരുമായി സമ്പര്‍ക്കത്തില്‍ വന്ന 2123 പേരുടെ നിരീക്ഷണം പൂര്‍ത്തിയായതെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്. 

സ്നേഹജാലകം പാലിയേറ്റീവ് കമ്മ്യൂണിറ്റിയാണ് ഈ ലാബ് നടത്തുന്നത്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി മെമ്പറും സ്നേഹജാലകം സജീവ പ്രവര്‍ത്തകനുമായ ജയന്‍ തോമസ് പറയുന്നതിന്‍റെ അടിസ്ഥാനത്തില്‍ ജൂലെ 16നാണ് ലാബ് ജീവനക്കാരിക്ക് ശസ്ത്രക്രിയയ്ക്ക് മുന്‍പ് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ ദിവസം തന്നെ ലാബിലെ മറ്റ് മൂന്നുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ലാബില്‍ വിവിധ ടെസ്റ്റുകള്‍ക്കായി എത്തിയ ആളുകളേയും പ്രത്യേകിച്ച് പ്രായമായവരേയും കുറിച്ചായിരുന്നു ആശങ്ക പടര്‍ന്നത്. ജൂലെ രണ്ടിനും ജൂലം 15നും ഇടയ്ക്ക് ലാബ് സന്ദര്‍ശിച്ചവരുടെ പട്ടികയിലുണ്ടായിരുന്നത് 2123 പേരായിരുന്നുവെന്ന് ജയന്‍ തോമസ് വ്യക്തമാക്കുന്നു. ഇവരില്‍ പത്ത് ശതമാനം പേര്‍ കൊവിഡ് പൊസിറ്റീവായാല്‍ തന്നെ വലിയ രീതിയിലേക്കുള്ള വ്യാപനത്തിനുള്ള സാഹചര്യമായിരുന്നു. 

ലാബ് അടച്ച്, ജീവനക്കാരോട് ക്വാറന്‍റീനില്‍ പോകാന്‍ ആവശ്യപ്പെട്ടു. ഇതിനോടൊപ്പം 2100 ആളുകളോടും അവരുമായി അടുത്ത് ഇടപഴകിയവരോടും നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദ്ദേശിച്ചു ആരോഗ്യ പ്രവര്‍ത്തകര്‍. ചെറിയ ലക്ഷണം ഉള്ളവര്‍ പോലും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണം എന്നും നിര്‍ദ്ദേശം നല്‍കി. ലാബ് നിത്യവും സന്ദര്‍ശിക്കുന്നവരുടെ റാപിഡ് ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവായിരുന്നു. ബുധനാഴ്ച നിരീക്ഷണ കാലം കഴിഞ്ഞ ശേഷവും ആര്‍ക്കും രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാസ്ക്, കയ്യുറ എന്നിവ ധരിച്ച് ജീവനക്കാരും മാസ്ക് ധരിച്ചല്ലാതെ ലാബിനകത്തേക്ക് ആളുകളെ പ്രവേശിപ്പിക്കാത്തതുമാണ് വലിയൊരു കമ്യൂണിറ്റി വ്യാപനം ഒഴിവായതിന് പിന്നിലെന്നാണ് ജയന്‍ തോമസ് വിശദമാക്കുന്നത്. കൊവിഡ് നിയന്ത്രണത്തിനായി നിര്‍ദ്ദേശിച്ചിരിക്കുന് കാര്യങ്ങള്‍ കൃ്ത്യമായി പിന്തുടരുന്നത് വ്യാപനത്തിന്‍റെ തോത് കുറക്കുമെന്നതിന് മാതൃകയാണ് ഈ സംഭവമെന്നാണ് നിരീക്ഷണം.