മാല മോഷ്ടിച്ചതിന് ശേഷം തന്നെ തള്ളിയിട്ടെന്നും സൗമ്യ പറഞ്ഞു. രക്ഷിക്കാനായി നിലവിളിച്ചെങ്കിലും ആരും എത്തിയില്ലെന്നും സൗമ്യ പറഞ്ഞു. 

ആര്യനാട്: ബൈക്കിലെത്തിയ മോഷ്ടാവ് യുവതിയുടെ കഴുത്തില്‍ നിന്ന് അഞ്ചരപവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പിടിച്ചുപറിച്ച് കടന്നുകളഞ്ഞു(Gold chain snatching). എലിയാവൂര്‍ കുണ്ടയത്തുകോണം കിഴക്കേക്കര പുത്തന്‍വീട്ടില്‍ ജി സൗമ്യയുടെ (Soumya) മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. കുളപ്പട എല്‍ പി സ്‌കൂളില്‍ നിന്ന് പിടിഎ യോഗം കഴിഞ്ഞ് മടങ്ങവെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. സൗമ്യയുടെ എതിര്‍ ദിശയില്‍ ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. മാല മോഷ്ടിച്ചതിന് ശേഷം തന്നെ തള്ളിയിട്ടെന്നും സൗമ്യ പറഞ്ഞു. രക്ഷിക്കാനായി നിലവിളിച്ചെങ്കിലും ആരും എത്തിയില്ലെന്നും സൗമ്യ പറഞ്ഞു. പിടിവലിയെ തുടര്‍ന്ന് കഴുത്തിന് വേദനയുള്ളതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കി. അന്വേഷണം ഊര്‍ജിതമാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയും സമാന സംഭവമുണ്ടായിരുന്നു. ശോഭന എന്ന സ്ത്രീയുടെ രണ്ട് പവന്‍ മാലയാണ് സ്‌കൂട്ടറില്‍ എത്തിയ സംഘം മോഷ്ടിച്ചത്. 

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം പൊലീസുകാരിക്കുള്‍പ്പെടെ പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കര ധനുവച്ചപുരത്താണ് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചത്. ആക്രണത്തില്‍ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥക്കുള്‍പ്പെടെ പരിക്കേറ്റു. ധനുവച്ചപ്പുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ബിജുവിനും ഭാര്യ ഷിജിക്കും മര്‍ദ്ദനമേറ്റു. ഈ സമയം വീട്ടിലുണ്ടായിരുന്ന പാറാശാല സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥയായ ബിജുവിന്റെ സഹോദരി ഷീജിക്കും മര്‍ദ്ദനമേറ്റു. കഴിഞ്ഞ ദിവസം ഇവരുടെ വീടിന് സമീപം വീടുകയറി ഗുണ്ടാ സംഘം ആക്രമണം നടത്തിയിരുന്നു. ഈ വിവരം പൊലീസിനോട് പറഞ്ഞുവെന്നാരോപിച്ചാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിലെ പ്രതികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തതിട്ടില്ല. ഇതേ കേസിലെ പ്രതികളാണ് ഇന്നലത്തെ ആക്രണത്തിനും പിന്നിലെന്നാണ് സംശയം.